നാസിക്: നാസിക്കിലെ ദേവലാലിയിൽ കരസേന ക്യാമ്പിൽ മലയാളി ജവാൻ മരിച്ച സംഭവത്തിൽ ഇംഗ്ലീഷ് പോർട്ടലായ ക്വന്റിലെ മാധ്യമ പ്രവർത്തക പൂനം അഗർവാളിനെതിരെ ആർമിയുടെ നിർദ്ദേശ പ്രകാരം പൊലീസ് കേസെടുത്തു. ഔദ്യോഗിക രഹസ്യ നിയമ പ്രകാരമാണ് കേസ്. സൈനിക ആസ്ഥാനത്ത് നുഴഞ്ഞു കയറിയതിനും മലയാളി സൈനികന്റെ ആത്മഹത്യാ പ്രേരണക്കുറ്റവുമാണ് ചുമത്തിയിരിക്കുന്നത്.

നാസിക് പൊലീസിന് ഇതു സംബന്ധിച്ച് കരസേന പരാതി നൽകുകയായിരുന്നു. അനധികൃതമായി സേനാ ക്യാമ്പിൽ കടന്നു കയറിയെന്നാണ് ആരോപണം. മലയാളി സൈനികനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്ന തരത്തിലെ ചോദ്യങ്ങൾ ചോദിച്ച് ഉത്തരം പറയിച്ചുവെന്ന ആരോപണവും വനിതാ റിപ്പോർട്ടറിനെതിരെ കരസേന ഉയർത്തിയിട്ടുണ്ട്. പരാതിയായി പരിഗണിച്ച് നിയമനടപി സ്വീകരിക്കണമെന്നും പൊലീസിനോട് സൈന്യം ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് എഫ് ഐ ആർ ഇട്ട് കേസ് അന്വേഷണം തുടങ്ങുന്നത്. ഐപിസിയിലേയും ഓഫീഷ്യൽ സീക്രട് ആക്ടിലേയും വിവിധ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. സംഭവത്തിൽ അഗർവാളിന്റെ മൊഴിയും നേരത്തെ പൊലീസ് രേഖപ്പെടുത്തിയിരുന്നു.

ചാരക്യാമറയുമായി നിരോധിത മേഖലയിൽ നുഴഞ്ഞു കയറിയെന്ന കുറ്റമാണ് പ്രധാനമായും ക്വന്റിന്റെ ലേഖികയ്‌ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇത് അനുവദനീയമല്ലെന്ന് പൊലീസിന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടു. ഇതേ തുടർന്നാണ് കേസെടുത്തത്. ഇതു സംബന്ധിച്ച വിശദാംശങ്ങൾ മാധ്യമ പ്രവർത്തക പൊലീസിന് നൽകിയിട്ടുണ്ട്. സൈനിക മേഖലയിലേക്ക് കടക്കാൻ സഹായിച്ചവരുടെ വിവരങ്ങളും ഇതിലുണ്ട്. യഥാർത്ഥ വിഡിയോ ഫുട്ടേജും പിടിച്ചെടുത്തു. സൈനിക ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് നിരോധിത മേഖലയിലേക്ക് എത്തിയതെന്നാണ് നിലപാട്. ഇതു സംബന്ധിച്ച വിവിധ സൈനികരുമായി നടത്തിയ ചാറ്റും മറ്റ് വിവരങ്ങളും ന ൽകിയിട്ടുണ്ട്.

എന്നാൽ താൻ വാർത്ത നൽകിയതുകൊണ്ടാണ് മലയാളി ജവാൻ ആത്മഹത്യ ചെയ്തതെന്ന വാദം പൂനം അഗർവാൾ നിഷേധിക്കുന്നു. ഈ വിഡിയോ ഫുട്ടേജ് വാർത്തയായി നൽകിയപ്പോൾ ആരോപണത്തെ കുറിച്ച് അന്വേഷിക്കുമെന്നാണ് സൈന്യം പറഞ്ഞത്. എന്നാൽ ഇപ്പോൾ രണ്ടാമതൊരു ചിന്ത പോലും തനിക്കെതിരെ പരാതി നൽകുന്നു. ക്വാർട്ട് മാർഷൽ നടപടി തുടങ്ങിയതാണ് മലയാളി സൈനികന്റെ ആത്മഹത്യയുടെ കാരണം. അതിന് തനിക്ക് പങ്കില്ലെന്നും പൂനം ദേശീയ മാധ്യമങ്ങളോട് കുറ്റപ്പെടുത്തി.

മലയാളി സൈനികനെ ആത്മഹത്യയിലേക്ക് നയിച്ചത് വെബ്‌സൈറ്റിന്റെ ഒളിക്യാമറ പ്രയോഗമാണെന്ന് സൈന്യം കുറ്റപ്പെടുത്തിയിരുന്നു. ക്വിന്റിന്റെ സിറ്റിങ് ഓപ്പറേഷനാണ് പ്രശ്നത്തിന് കാരണമെന്നാണ് സൈന്യം പറഞ്ഞിരുന്നു. കൊല്ലം പവിത്രേശ്വരം കാരുവേലിൽ ചെറുകുളത്തു വീട്ടിൽ റോയ് മാത്യു (33)വിന്റെ മരണം ദേശീയ ചർച്ചയാവുകയാണ്. ഫെബ്രുവരി 25ന് സൈനികനെ കാണാതാകുന്നതിന് മുമ്പ് അദ്ദേഹത്തിനെതിരെ ഏതെങ്കിലും വിധത്തിലുള്ള അന്വേഷണമോ ചോദ്യം ചെയ്യലോ ഉണ്ടായിട്ടില്ലെന്നും എല്ലാത്തിനും കാരണം ഒളിക്യാമറ ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്നുള്ള മാനസിക സമ്മർദ്ദം മൂലമാണെന്നും കരസേന വിശദീകരിച്ചിരുന്നു. ഇതിന് ശേഷമാണ് പൊലീസിൽ പരാതി നൽകിയത്.

കരസേന ക്യാമ്പിലെ പീഡനങ്ങൾ വിവരിക്കുന്ന വീഡിയോദൃശ്യങ്ങളിൽ റോയ് മാത്യു ആണെന്നാണ് സേനയുടെ കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട് കോർട്ട് മാർഷ്യലിന് സൈന്യം തുടക്കം കുറിച്ചിരുന്നു. കോർട്ട് മാർഷ്യലിനേക്കാൾ നൽല്ലത് ആത്മഹത്യയാണെന്ന് റോയ് ചില സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. ഈ പ്രശ്നമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പട്ടാളക്കാർ നൽകുന്ന സൂചന. അതിനിടെയാണ് സംഭവത്തിൽ ദുരൂഹതയുണ്ടന്ന് ബന്ധുക്കൾ ആരോപിക്കുമ്പോൾ റോയ് മാത്യു ആത്മഹത്യ ചെയ്തതാണെന്ന് കരസേന വിശദീകരിക്കുന്നു. റോയ്മാത്യുവിന് മാനസികവിഷമങ്ങൾ ഉണ്ടായിരുന്നതായും സേന വ്യക്തമാക്കുന്നു. ക്വിന്റിന്റെ വീഡിയോ ദൃശ്യങ്ങളിൽ കരസേനയിലെ തൊഴിൽപീഡനങ്ങളെക്കുറിച്ച് റോയ് മാത്യു വിവരിച്ചതിനെത്തുടർന്ന് റോയ് മാത്യുവിനെക്കുറിച്ച് വീട്ടുകാർക്ക് വിവരമില്ലായിരുന്നു. റോയ് മാത്യു ക്യാമ്പിൽ എത്തുന്നില്ലെന്നായിരുന്നു കരസേന നൽകിയിരുന്ന വിശദീകരണം. പിന്നീട് മരണവിവരം വീട്ടുകാരെ അറിയിക്കുകയായിരുന്നു.

കരസേനയിലെ റോക്കെറ്റ് റജിമെന്റിലെ ലാന്റ് നായിക്കായിരുന്നു റോയ്. 13 വർഷമായി കരസേനയിൽ ജോലി നോക്കുന്നുണ്ട്. രണ്ട് വർഷം മുമ്പാണ് റോയ് നാസിക്കിലെത്തിയത്. നാസിക്കിലെ സൈനീക കേന്ദ്രത്തിൽ മേലുദ്യോഗസ്ഥൻ കീഴ്ജീവനക്കാരെ പീഡിപ്പിക്കുന്നുതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇതുസംബന്ധിച്ച പരിപാടിയിൽ റോയ് സംസാരിച്ചിരുന്നുവെന്നാണ് കരസേനയുടെ നിഗമനം. മുഖം മറച്ചായിരുന്നു ജവാന്മാർ ക്യാമറയ്ക്ക് മുമ്പിൽ നിന്നിരുന്നത്.

മേലുദ്യോഗസ്ഥന്മാർ കീഴുഉദ്യോഗസ്ഥന്മാരോട് അടിമകളെ പോലെയായിരുന്നു സംസാരിച്ചുക്കൊണ്ടിരുന്നത്. വീട്ടു ജോലി ചെയ്തിരുന്നു. ഷൂ പോളിഷ് ചെയ്തിരുന്നത് മുതൽ അടക്കള ജോലി വരെ വളരെ കഷ്ടപാടായിരുന്നുവെന്നാണ് ചാനലിന് നൽകിയ അഭിമുഖത്തിൽ സൈനികർ പറഞ്ഞത്.