കൊച്ചി: നിക്ഷേപകരെയും ഉപഭോക്താക്കളെയും പറ്റിച്ച് കോടികൾ തട്ടിയ എൻ സി പി സംസ്ഥാന സെക്രട്ടറി ജയൻ പുത്തൻപുരയ്ക്കലിനെതിരെ കൂടുതൽ

ഇടപാടുക്കാർ പരാതിയുമായി രംഗത്ത്. ജയന്റെ തട്ടിപ്പിന് ഇരയായി മൂന്നു പേർ ആത്മഹത്യ ചെയ്‌തെന്നും നിക്ഷേപകർ പറയുന്നു.

തട്ടിപ്പിന് കൂട്ടുനിന്നത് ഏറെയും പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെ പൊലീസുകാരെന്ന് ഇടപാടുക്കാർ ആരോപിക്കുന്നു. വൻ തട്ടിപ്പുകൾക്ക് ജയന് കൂട്ടുനിന്നത് സീന ജോൺസൺ എന്ന പാലാരിവട്ടം സ്വദേശിയായ സ്ത്രീയാണെന്നും നിക്ഷേപകർ പറയുന്നു. ഇവരെ അറസ്റ്റു ചെയ്യാൻ പൊലീസ് അമാന്തം കാട്ടുകയാണ്. ഈ സ്ത്രീയെ പിടിക്കൂടിയാൽ തട്ടിപ്പിന്റെ പൂർണ്ണരൂപം ലഭിക്കുമെന്നാണ് അറിയുന്നത്.

പൊലീസിന് മുന്നിൽ വിലസി നടക്കുന്ന സ്ത്രീയെ കുറിച്ച് വിവരങ്ങൾ നൽകിയിട്ടും പൊലീസ് കണ്ടില്ലെന്നു നടിക്കുന്നുവെന്നാണ് ആക്ഷേപം. തങ്ങളുടെ
കൈയിൽനിന്നും തന്ത്രത്തിൽ പണവും വസ്തു വകകളും തട്ടിയെടുക്കാൻ കൂട്ടുനിന്നത് സീന ജോൺസണാണെന്ന് നിക്ഷേപകർ ഒന്നടങ്കം പറയുന്നു. പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെ സലീം എന്ന പൊലീസുക്കാരൻ പരാതിയുമായി എത്തുന്നവരെ നിരുൽസാഹപ്പെടുത്തുകയാണെന്നാണ് നിക്ഷേപകർ പറയുന്നത്. പരാതിക്കാരുടെ പരാതിയുടെ വിശദവിവരങ്ങൾ പ്രതിക്കും അനുചരന്മാർക്കും ചോർത്തിക്കൊടുക്കുകയാണ് ഇയ്യാൾ ചെയ്യുന്നത്. മാത്രമല്ല പ്രതിയെ സംബന്ധിച്ചുള്ള പൊലീസിന്റെ നീക്കങ്ങളും ചോർത്തിക്കൊടുക്കുന്നുണ്ട്.

നിക്ഷേപകരെയും ഇടപാടുകാരെയും കാണാനും പരാതി സ്വീകരിക്കാനും സ്റ്റേഷൻ എസ് ഐ ഷഫീക്കിന്റെ നീക്കങ്ങളും ദുരൂഹമാണ്. ജയന്റെ തട്ടിപ്പിൽ കുരുങ്ങി ജീവൻ വെടിഞ്ഞത് ഏലൂർ സ്വദേശികളായ സ്വർണ്ണപണിക്കാരായ ദമ്പതികളാണ്. ഇവരുടെ പരിചയപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ സ്വർണ്ണാഭരണങ്ങൾ വിൽക്കാൻ എത്തുന്ന ബോംബ സ്വദേശിയായ മാർവാടിയെ ജയൻ പറ്റിച്ചിരുന്നു. പുതിതായി താൻ ആരംഭിക്കുന്ന ജുവലറിയിലേക്ക് പ്രദർശനത്തിനായി കുറച്ച് സ്വർണ്ണാഭരണങ്ങൾ എത്തിക്കണമെന്നായിരുന്നു ജയൻ മാർവാടിയോട് പറഞ്ഞത്. ദമ്പതികൾ പരിചയപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ ഇയ്യാൾ ജയന് താൻ വിൽക്കാനായെത്തിയ സ്വർണ്ണാഭരണങ്ങൾ പ്രദർശനത്തിനായി നൽകി. ഒരു മണിക്കൂറിനുശേഷം തിരിച്ച് നൽകാമെന്നായിരുന്നു ഉടമ്പടി. ഇയ്യാളുടെ പക്കൽ നിന്നും സ്വർണ്ണാഭരണങ്ങൾ വാങ്ങി കടയിൽ പ്രദർശിപ്പിച്ചശേഷം വ്യാപാരിയെ ഊണു കഴിക്കാൻ പറഞ്ഞയച്ചു. ഉണ്ടു തിരിച്ചെത്തിയ മാർവാടിക്ക് കാണാൻ കഴിഞ്ഞത് അടഞ്ഞു കിടക്കുന്ന കടയാണ്. ഇതോടെ സർവ്വവും നഷ്ടപ്പെട്ട മാർവാടി ഭ്രാന്തനെ പോലായി. പിന്നീട് ഇയാളെ പിറ്റേദിവസം മരിച്ച നിലയിലാണ് കണ്ടെത്തിയത്. മാർവാടിയെ പരിചയപ്പെടുത്തിയതിന്റെ പേരിൽ സ്വർണ്ണപണിക്കാരനായ നടരാജനും കുടുംബത്തിനും ഏറെ കഷ്ടതകളാണ് നേരിടേണ്ടി വന്നത്. ഇടപാടുക്കാർ കലഹം വച്ചപ്പോൾ നടരാജനും ഭാര്യയയും ആത്മഹത്യചെയ്യുകയും ചെയ്തു. ഇതും അന്വേഷണത്തിന്റെ പരിധിയിൽ കൊണ്ടുവരണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

അതേസമയം ഏലൂർ വയൽവാരം ചൊവ്വ ഭഗവതി കുടുംബക്ഷേത്രത്തിന്റെ പുനുരദ്ധാരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടും ദളിത് കുടുംബങ്ങളെ ജയൻ പറ്റിച്ചിരുന്നു. നിർമ്മാണ പ്രവർത്തനങ്ങളുടെ പേരുപറഞ്ഞ് ഇവരുടെ കയ്യിൽനിന്നും ഭൂമിയുടെ രേഖകൾ വാങ്ങി ധനകാര്യ സ്ഥാപനങ്ങളിൽനിന്നും കോടികൾ വായ്പയെടുത്തിരുന്നു. ക്ഷേത്ര പുനരുദ്ധാരണ കമ്മിറ്റിയുടെ രക്ഷാധികാരിയായാണ് ജയൻ 2007 ൽ രംഗത്തെത്തിയത്. ക്ഷേത്രം പൊളിച്ചു പണിയാനുള്ള സാമ്പത്തികം സംഘടിപ്പിക്കാനാണ് ഇവർ സ്വത്തുവകകൾ പണയപ്പെടുത്താൻ ജയനെ ഏൽപ്പിച്ചത്. ഇപ്രകാരം എടുത്ത തുക പൂർണ്ണമായും ഇയാൾ അടിച്ചുമാറ്റുകയായിരുന്നു. ക്ഷേത്ര നിർമ്മാണത്തിൽ തട്ടിപ്പ് നടത്തിയ ജയനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ക്ഷേത്രം ട്രസ്റ്റികൾ എൻ സി പി പ്രസിഡന്റ് പീതാംബരൻ മാസ്റ്ററെ സമീപിച്ചപ്പോൾ മോശമായാണ് പെരുമാറിയതെന്ന് ഇടപാടുകാർ പറയുന്നു. ജയന്റെ തട്ടിപ്പിന് പിന്നിൽ പീതാംബരൻ മാസ്റ്ററും ഒളിച്ചു കളി നടത്തുന്നതായും ഇടപാടുക്കാർ പരാതിപ്പെട്ടിട്ടുണ്ട്. തട്ടിപ്പിൽ ജയൻ നടത്തിയ വിരുതാണ് രാഷ്ട്രീയത്തിലേക്ക് കടക്കാൻ അവസരം ഒരുക്കിയത്. ഇതിന് ഒത്താശ ചെയ്തത് പീതാംബരൻ മാസ്റ്ററായിരുന്നെന്നും ഇടപാടുകാർ പറയുന്നു. ഇപ്പോൾ പീതാംബരൻ മാസ്റ്റർക്കെതിരെയും അന്വേഷണം വേണമെന്നാണ് നിക്ഷേപകർ പറയുന്നത്.

ജയനെതിരെ കർശന നടപടിയെടുക്കാതിരുന്നാൽ വരുദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കുമെന്നും ആക്ഷൻ കൗൺസിൽ ഭാരവാഹികളായ ആന്റോ മുത്തേടനും കെ ആർ അനിലും പറഞ്ഞു.