ആലപ്പുഴ : അങ്ങാടിക്കൽ വട്ടയുഴത്തിൽ വീട്ടിൽ ആഹ്ലാദത്തിന്റെ തിരി അണഞ്ഞിട്ട് അഞ്ചു വർഷം. മാതാവ് പൊന്നമ്മയും, സഹോദരി നിഷയും, മുത്തച്ഛൻ കുട്ടപ്പനും ഉണ്ണിമോന്റെ വേർപാടിന്റെ ദുഃഖത്തിലാണ്. തിരിച്ചു വന്നിരുന്നുവെന്ന ആഗ്രഹം അവരുടെ മനസ്സിലുണ്ട്. എന്നാൽ ബംഗാൾ ഉൾക്കടിൽ രാക്ഷസ തിരമാലകൊണ്ടു പോയ ഉണ്ണി ഇനി വരില്ലെന്ന് അവർക്കറിയാം. ഈ ദുഃഖത്തിനൊപ്പമാണ് തീര കടത്തിലേക്ക് ഈ കുടുംബം പോകുന്നത്. ഉണ്ണിയുടെ ആനുകൂല്യങ്ങൾ കിട്ടിയിരുന്നുവെങ്കിൽ ഈ കുടുംബത്തിന്റെ ആകലുതകൾ അകലുമായിരുന്നു. പക്ഷേ ആരും ഇതൊന്നും കണ്ടഭാവം നടിക്കുന്നില്ല.

കപ്പലിലെ ജോലിക്കിടെ ബംഗാൾ ഉൾക്കടലിലെ തിരയിൽപെട്ട് കാണാതായ ചെങ്ങന്നൂർ പുത്തൻകാവ് അങ്ങാടിക്കൽ വട്ടയുഴത്തിൽ വീട്ടിൽ പരേതനായ വി.കെ. വിജയന്റെ മകൻ വി.വി. ജയപ്രകാശിന്റെ (24) വിളിപ്പേരാണ് ഉണ്ണിമോൻ. ദുബായ് കേന്ദ്രമായുള്ള സ്റ്റെല്ലാ സ്റ്റാർ ഷിപ്പിങ് കമ്പനിയുടെ പ്ലാറ്റിനം സ്റ്റാർ എന്ന കപ്പലിലെ ജീവനക്കാരനായിരുന്നു. മറൈൻ എഞ്ചിനീയറിങ് ബിരുദം പൂർത്തിയാക്കിയ ഉണ്ണി 2006 ലാണ് മർച്ചന്റ് നേവിയിൽ ചേർന്നത്. പിന്നീടുള്ള നാലു വർഷത്തിനിടെ ഒരിക്കൽ മാത്രമാണ് നാട്ടിൽ വന്നുപോയത്. വീണ്ടും അവധിയിൽ നാട്ടിലേക്ക് രണ്ടാമത്തെ യാത്രയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കുന്നതിനിടെ 2010 ജൂലൈ 25 നായിരുന്നു അപകടം.

കൊൽക്കത്തയിൽനിന്ന് ഒഡീഷയിലേക്ക് കൽക്കരി കൊണ്ടുപോകാൻ ബംഗാൾ ഉൾക്കടലിൽ നിന്നും ഹൽദിയാ തുറമുഖത്തേക്ക് കപ്പൽ അടുപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു ജീവനക്കാർ. ഈ സമയം അന്നേദിവസം ഡ്യൂട്ടി ഓഫായിരുന്ന ഉണ്ണി ഉച്ചയൂണ് കഴിഞ്ഞ് കപ്പലിൽ വിശ്രമിക്കുകയായിരുന്നു. അപ്രതീക്ഷമായാണു കടൽ ക്ഷോഭിച്ച് തിരമാല ആകാശത്തോളം ഉയർന്നത്. 13 ജീവനക്കാർ അപ്പോൾ കപ്പലിൽ ഉണ്ടായിരുന്നു. ക്യാപ്റ്റന്റെ നിർദ്ദേശപ്രകാരം ഉണ്ണി അടക്കം മുഴുവൻ ജീവനക്കാരും ഡക്കിലേക്കിറങ്ങി. കടലിലുണ്ടായിരുന്ന വടം വലിച്ച് കപ്പലിലാക്കാൻ ശ്രമിക്കുമ്പോൾ മൂന്നാമത് ഉയർന്നുപൊങ്ങിയ തിരമാലയിൽ 5 പേർ അകപ്പെട്ടു. മൂന്ന് പേർ ഡക്കിലെ കൈവരിയിൽ പിടിച്ചുകിടന്ന് ജീവൻ രക്ഷിച്ചു. എന്നാൽ ജയപ്രകാശിനും എഞ്ചിനീയറായ മഹാരാഷ്ട്ര സ്വദേശി പതൻകാർ മുസ്തഫ ദാവൂദിനും (44) രക്ഷപ്പെടാൻ സാധിച്ചില്ല. തിരമാലയുടെ അടിയിൽപെട്ട് അവർ ഒഴുകിപ്പോയി.

അഞ്ചു ദിവസം തുടർച്ചയായി കടലിൽ തിരച്ചിൽ നടത്തിയെങ്കിലും അവരെ കണ്ടെത്താൻ കഴിഞ്ഞില്ല. കടലിൽ കാണാതാകുന്നതിന് ഒരാഴ്ച മുൻപ് സഹോദരി നിഷയെ ഫോണിൽ വിളിച്ച് അക്കൊല്ലത്തെ ഓണത്തിന് വീട്ടിൽ ഉണ്ടാകുമെന്നും അതിനായി ജൂലൈ 30 ന് നാട്ടിലേക്ക് തിരിക്കുമെന്നും ഉണ്ണി ഉറപ്പ് നൽകിയിരുന്നു. ഏറ്റവും അടുത്ത കൂട്ടുകാരായ സനലിനേയും വിനയനേയും അപകടം നടക്കുന്നതിന്റെ രണ്ടു ദിവസം മുൻപ് ഫോണിൽ വിളിച്ചിരുന്നു. ഓണത്തിന് നാട്ടിൽ ഒന്നിച്ചു കൂടുന്നതിനെക്കുറിച്ചായിരുന്നു സംഭാഷണം. അങ്ങനെ നാട്ടിലെ സുഹൃത്തുക്കളും ഉണ്ണിയുടെ കൂടെ ഓണം അടിച്ചുപൊളിക്കാൻ ദിവസമെണ്ണി കാത്തിരിക്കുകയായിരുന്നു.

അതിനിടെയാണ് തനിക്കുവേണ്ടി കാത്തിരുന്ന പ്രിയപ്പെട്ടവരെയെല്ലാം സങ്കടക്കണ്ണീരിലാഴ്‌ത്തി ആ ദുരന്ത വാർത്ത എത്തിയത്. 2010 ജൂലൈ 26 ന് രാവിലെ കമ്പനിയുടെ മുംബൈ ഓഫീസിൽ നിന്ന് ഫോണിൽ വിളിച്ചായിരുന്നു അപകടവിവരം വീട്ടുകാരെ അറിയിച്ചത്. തുടർന്ന് ജയപ്രകാശിന്റെ ബന്ധുക്കൾ കമ്പനിയുടെ കൊൽക്കത്തയിലെയും മുംബൈയിലെയും ഓഫീസുകളിൽ പോയി വിവരം അന്വേഷിച്ചെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ല. പാസ്‌പോർട്ടും മറ്റ് ചില രേഖകളും ഏതാനും വസ്ത്രങ്ങളുമടങ്ങിയ ഉണ്ണിയുടെ ബാഗ് മാത്രം അവർ ബന്ധുക്കളെ ഏല്പിച്ചു. ഇൻഷുറൻസ് തുകയും മറ്റും കുടുംബത്തിന് ലഭിക്കുന്നതിനു വേണ്ടിയുള്ള നടപടി ഉടൻ സ്വീകരിക്കുമെന്നും അന്ന് കമ്പനി അധികൃതർ അറിയിച്ചെങ്കിലും അപകടം നടന്ന് അഞ്ചു വർഷം തികഞ്ഞിട്ടും യാതൊരു ആനുകൂല്യങ്ങളും ലഭിച്ചിട്ടില്ല. കൂടാതെ ദുരൂഹസാഹചര്യത്തിലുള്ള ഉണ്ണിയുടെ തിരോധാനം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ ഉന്നത സ്ഥാനങ്ങളിൽ നിവേദനം നൽകിയെങ്കിലും അതിന്മേൽ ശ്വാസം മുട്ടിക്കുന്ന കടങ്ങളാണ് കുടുംബത്തിന് ഇന്നുള്ളത്.

ബാങ്ക് വായ്പ എടുത്താണ് ഉണ്ണിയേയും സഹോദരിയേയും ഉപരിപഠനത്തിന് വിട്ടത്. സഹോദരി നിഷ നേഴ്‌സിങ് പഠനം പൂർത്തിയാക്കിയെങ്കിലും സ്ഥിരം ജോലിയൊന്നും ആയിട്ടില്ല. ശാരീരിക പ്രശ്‌നങ്ങൾ നിരവധി ഉണ്ടെങ്കിലും കൂലിപ്പണി ചെയ്ത് ലഭിക്കുന്ന മാതാവിന്റെ വരുമാനമാണ് കുടുംബത്തിന്റെ ആശ്രയം. ഉണ്ണിയുടെ പിതാവ് വിജയൻ 2004 ൽ മസ്‌കറ്റിൽ വച്ച് ഹൃദയാഘാതം മൂലം മരണപ്പെടുകയായിരുന്നു. പിന്നീട് കുടുംബത്തിന്റെ ഏക പ്രതീക്ഷ ഉണ്ണിയിലായിരുന്നു. 24 -ാം വയസിൽ കടലിൽ നഷ്ടപ്പെട്ട മകനെ ഓർത്ത് തേങ്ങുന്ന മാതാവിന്റെ കണ്ണീരൊപ്പാൻ ആർക്കും ആകുന്നില്ല.