- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മണൽ മാഫിയക്കെതിരെ പോരാട്ടം തുടരാൻ ഉറച്ച് ജസീറ; കുഞ്ഞുങ്ങളെ മഹിളാ മന്ദിരത്തിലാക്കി പൂർണ്ണ ഗർഭിണിയായ ജസീറ സെക്രട്ടറിയേറ്റ് പടിക്കൽ വീണ്ടും സമരത്തിൽ
തിരുവനന്തപുരം: പറക്കമുറ്റാത്ത തന്റെ കുഞ്ഞുങ്ങളെയും കൊണ്ട് കൊടും തണുപ്പിൽ ഡൽഹിയിലെ ജന്തർമന്ദറിൽ തണുപ്പിൽ സമരം ചെയ്ത് ജസീറയെ മലയാളികൾ മറന്നിട്ടുണ്ടാവില്ല. ജസീറ സമരം നടത്തിയത് സ്വന്തം ആവശ്യത്തിനായിരുന്നില്ല. കണ്ണൂർ മാടായി കടപ്പുറത്തെ അനധികൃത മണൽ വാരലിനെതിരെ ആയിരുന്നു ഈ വീട്ടമ്മയുടെ ഒറ്റയാൾ സമരം. അധികൃതരോട് പരാതി പറഞ്ഞിട്ടും തി
തിരുവനന്തപുരം: പറക്കമുറ്റാത്ത തന്റെ കുഞ്ഞുങ്ങളെയും കൊണ്ട് കൊടും തണുപ്പിൽ ഡൽഹിയിലെ ജന്തർമന്ദറിൽ തണുപ്പിൽ സമരം ചെയ്ത് ജസീറയെ മലയാളികൾ മറന്നിട്ടുണ്ടാവില്ല. ജസീറ സമരം നടത്തിയത് സ്വന്തം ആവശ്യത്തിനായിരുന്നില്ല. കണ്ണൂർ മാടായി കടപ്പുറത്തെ അനധികൃത മണൽ വാരലിനെതിരെ ആയിരുന്നു ഈ വീട്ടമ്മയുടെ ഒറ്റയാൾ സമരം. അധികൃതരോട് പരാതി പറഞ്ഞിട്ടും തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുമ്പിൽ സമരം നടത്തിയിട്ടും ഫലമില്ലാതായതോടെയാണ് അന്ന് ജസീറ ഡൽഹിക്ക് വണ്ടി കയറിയത്.
മണൽ മാഫിയക്കെതിരെ ശക്തമായ നടപടി എടുക്കും എന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതിനാൽ ജസീറ അന്ന് സമരം അവസാനിപ്പിച്ചിരുന്നു. ഇതേ ആവശ്യവുമായി ജസീറ വീണ്ടും സെക്രട്ടറിയേറ്റിനു മുന്നിൽ എത്തിയിരിക്കുന്നൂ അനിശ്ചിതകാല സമരവുമായി. ഇത്തവണ ജസീറയ്ക്ക് കൂട്ടിന് മക്കളില്ല. അവരെ പൂജപ്പുര മഹിളാമന്ദിരത്തിലാക്കിയിട്ടാണ് ജസീറ സമരത്തിനിറങ്ങിയിരിക്കുന്നത്.
ഇത്തവണത്തെ സമരത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. പൂർണ്ണഗർഭിണിയായിട്ടാണ് ജസീറ മണൽമാഫിയക്കെതിരെ സമരത്തിനിറങ്ങിയിരിക്കുന്നത്. താൻ ഗർഭിണി ആയതിനാൽ എപ്പോഴും കടപ്പുറത്ത് നോക്കി മണൽവാരൽ നടക്കുന്നുണ്ടെങ്കിൽ പൊലീസിനെ അറിയിക്കാൻ കഴിയുന്നില്ല എന്ന് ജസീറ പറയുന്നു. ശക്തമായ നടപടിയെടുക്കാമെന്ന് മുഖ്യമന്ത്രി വാക്കു നൽകിയിരുന്നെങ്കിലും അത് പാലിക്കപ്പെട്ടിരുന്നില്ല. ആദ്യം അവിടെയൊരു പൊലീസ് എയ്ഡ്‌പോസ്റ്റ് സ്ഥാപിച്ചു.
ഇപ്പോൾ പൊലീസുകാർ അങ്ങോട്ട് തിരിഞ്ഞ് നോക്കാറേയില്ല എന്നാണ് ജസീറയുടെ അഭിപ്രായം. എത്രനാൾ താൻ കടപ്പുറത്ത് പോയി നോക്കി മണൽവാരൽ നടക്കുന്നുണ്ടെങ്കിൽ പൊലീസിനെ വിളിച്ചു പറയും എന്നാണ് ജസീറ ചോദിക്കുന്നത്. എന്നാൽ താൻ വിളിച്ചു പറഞ്ഞാലും എന്തെങ്കിലും ഒഴിവ് പറഞ്ഞ് പൊലീസുകാർ നടപടി എടുക്കില്ല.
ജസീറയുടെ അഭിപ്രായത്തിൽ നിയമം നടപ്പിലാക്കേണ്ട പൊലീസുകാർ തന്നെയാണ് മണൽമാഫിയയ്ക്ക് വേണ്ട ഒത്താശകൾ ചെയ്തുകൊടുക്കുന്നത്. താൻ പ്രസവം കഴിഞ്ഞ് തിരിച്ചു ചെല്ലുമ്പോൾ ഒരുപക്ഷേ കടൽത്തീരം തന്നെ കാണില്ല എന്ന് ജസീറ ഭയപ്പെടുന്നു. എന്തായാലും മണൽമാഫിയക്കെതിരെ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകാൻ തന്നെയാണ് ജസീറയുടെ തിരുമാനം. ശാരീരിക അസ്വസ്ഥതകൾ ഉള്ളതിനാൽ ഭർത്താവ് എപ്പോഴും കൂടെ ഉള്ളതാണ് ജസീറയ്ക്ക് ഏക ആശ്വാസം. സർക്കാരിന്റെ ഭാഗത്ത് നിന്ന് ശക്തമായ നടപടികൾ ഉണ്ടായില്ലെങ്കിൽ പ്രസവം കഴിഞ്ഞ് ആ കൈക്കുഞ്ഞുമായി സമരം തുടരാനാണ് ജസീറ തീരുമാനിച്ചിരിക്കുന്നത്.