- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമലയ്ക്ക് പൊലീസ് പോയപ്പോൾ കടത്തുകാർ വീണ്ടുമെത്തി; തലച്ചുമടായി മണൽകൊണ്ടു പോകുന്നവരെ തടഞ്ഞപ്പോൾ ആക്രമണം; മാഫിയയ്ക്കെതിരെ വീണ്ടും സമരവുമായി മാടായി ജസീറ
കണ്ണൂർ: കടൽ മണൽകടത്ത് തടയണമെന്നാവശ്യപ്പെട്ട് മാടായിയിലെ വി. ജസീറ വീണ്ടും സമരമാരംഭിച്ചു. ഓർമ്മയില്ലേ ജസീറയെ? കടൽ മണൽ ഖനനത്തിനെതിരെ കണ്ണൂർ മുതൽ ഡൽഹി വരെ സമരം നയിച്ചു വാർത്ത സൃഷ്ടിച്ചയാളാണ് ജസീറ. മാടായി കടപ്പുറത്തു മണൽഖനനം പൂർവാധികം ശക്തമായി നടക്കുന്നതിൽ പ്രതിഷേധിച്ചാണു സമരം. പഴയങ്ങാടി പൊലീസ് സ്‌റ്റേഷനുമുമ്പിലാണ് ഇക്കുറി ജസീറയുട
കണ്ണൂർ: കടൽ മണൽകടത്ത് തടയണമെന്നാവശ്യപ്പെട്ട് മാടായിയിലെ വി. ജസീറ വീണ്ടും സമരമാരംഭിച്ചു. ഓർമ്മയില്ലേ ജസീറയെ? കടൽ മണൽ ഖനനത്തിനെതിരെ കണ്ണൂർ മുതൽ ഡൽഹി വരെ സമരം നയിച്ചു വാർത്ത സൃഷ്ടിച്ചയാളാണ് ജസീറ. മാടായി കടപ്പുറത്തു മണൽഖനനം പൂർവാധികം ശക്തമായി നടക്കുന്നതിൽ പ്രതിഷേധിച്ചാണു സമരം. പഴയങ്ങാടി പൊലീസ് സ്‌റ്റേഷനുമുമ്പിലാണ് ഇക്കുറി ജസീറയുടെ സമരം.
ശബരിമല ഡ്യൂട്ടിക്ക് പൊലീസുകാർ പോയ അവസരം മുതലെടുത്താണ് വീണ്ടും മാടായി കടപ്പുറത്ത് വ്യാപകമായി മണൽഖനനമാരംഭിച്ചതെന്ന് ജസീറ പറയുന്നു. തലച്ചുമടായി മണൽ കടത്തുന്ന സ്ത്രീകളെ ജസീറ നിരവധി തവണ ചോദ്യം ചെയ്തിരുന്നു. അതേ തുടർന്ന് ഒരു സംഘം പേർ ജസീറയെ അക്രമിച്ചു. ഇതു സംബന്ധിച്ച് പഴയങ്ങാടി പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിട്ടുമുണ്ട്.
ഡൽഹി ജന്ദർ മന്ദിറിനു സമീപം രണ്ടു പെൺമക്കൾക്കൊപ്പം സമരം നടത്തിയ ജസീറയെ അന്നത്തെ കേന്ദ്ര ഗ്രാമവികസന മന്ത്രി ജയറാം രമേഷ് ഇടപെട്ടു സമരം നിർത്താൻ ആവശ്യപ്പെട്ടിരുന്നു. ജസീറ ഉന്നയിക്കുന്ന കാര്യങ്ങൾ സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ജയറാം രമേഷ് കത്തയയ്ക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ വർഷം ആദ്യം പഴയങ്ങാടി പൊലീസ് സ്‌റ്റേഷനു മുന്നിലായിരുന്നു തീരദേശ മണൽ മാഫിയക്കെതിരെ ജസീറ സമരമാരംഭിച്ചത്. താൻ ഉന്നയിച്ച ആവശ്യങ്ങൾക്ക് പരിഹാരമില്ലാത്തതിനാൽ സമരം കണ്ണൂർ കലക്ട്രറേറ്റിന്്് മുന്നിലേക്ക് മാറ്റി. തുടർന്ന് തിരുവനന്തപുരം സെക്രട്ടേറിയേറ്റിനു മുന്നിലേക്കും ഒടുവിൽ ഡൽഹി ജന്ദർ മന്ദിറിനു മുന്നിലേക്കും സമരമെത്തി. ഇതോടെ ജസീറയുടെ കടൽ മണൽഖനന സമരം ദേശീയപ്രാധാന്യം നേടുകയായിരുന്നു.
സംസ്ഥാനത്തെ തീരദേശ മേഖലയിലെ കടൽ മണൽ ഖനനം നടത്തുന്ന മാഫിയകളെ നിയന്ത്രിക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് ജസീറ വീണ്ടും സമര രംഗത്തെത്തിയിട്ടുള്ളത്. ജസീറയുടെ സമരത്തെ തുടർന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷനും പ്രശ്‌നത്തിൽ ഇടപെട്ടിരുന്നു. തിരുവനന്തപുരം സെക്രട്ടറിയേറ്റിനുമുന്നിൽ 64 ദിവസം മക്കളോടൊപ്പം ഇരുന്ന് സമരം നടത്തിയ ജസീറ ഡൽഹിയിലേക്ക് സമരം വ്യാപിപ്പിക്കുകയായിരുന്നു. ഡൽഹി ജന്ദർ മന്ദിറിനു സമീപം സമരത്തിനിറങ്ങിയ ജസീറ പന്ത്രണ്ടു വയസ്സുകാരി റിസ്വാനയേയും പത്തു വയസ്സുള്ള ഷിഫാനയേയും പോരാട്ടത്തിൽ പങ്കാളികളാക്കി.
ദേശീയ മാദ്ധ്യമങ്ങൾ ജസീറയുടെ സമരം പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുകയുണ്ടായി. ഡൽഹി സർവ്വകലാശാലയിലേയും ജവഹർലാൽ നെഹ്‌റു സർവ്വകലാശാലയിലേയും വിദ്യാർത്ഥികളും ജസീറക്ക് പിൻതുണ വാഗ്ദാനം ചെയ്ത് പ്രകടനം നടത്തുകയുണ്ടായി.