ജെറുസലേമിലെ യേശുവിന്റെ വിശുദ്ധ കല്ലറ പുതുക്കി പണിത് സന്ദർശകർക്കായി തുറന്ന് കൊടുത്തു. യേശു പാറമാറ്റി ഉയിർത്തെഴുന്നേറ്റിരുന്ന കല്ലറയാണിത്. വിശുദ്ധ നഗരത്തിലെത്തുന്ന തീർത്ഥാടകർ കല്ലറ കാണാൻ പ്രവഹിക്കാൻ തുടങ്ങിയെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. പഴയ പ്രൗഢിയിലേക്ക് ഉയർത്തുന്ന വിധത്തിലാണിപ്പോൾ ഇത് പുതുക്കിപ്പണിതിരിക്കുന്നത്. പുരാതന ഗുഹയിലെ ശില തീർത്ഥാടകർക്ക് കാണത്തക്കവിധത്തിൽ ഇപ്പോൾ ശവകുടീരത്തിന്റെ മാർബിൾ ചുമരിൽ ഒരു ജനാല പുതുതായി ഉണ്ടാക്കിയിട്ടുണ്ട്. ശവക്കല്ലറ ഇത്തരത്തിൽ പുതുക്കിപ്പണിഞ്ഞില്ലെങ്കിൽ അത് തകരുമെന്ന ഭീഷണി ശക്തമായിരുന്നുവെന്നാണ് വേൾഡ് മോണുമെന്റ്‌സ് ഫണ്ടിലെ ബോണി ബേൺഹാം പറയുന്നത്.

കഴിഞ്ഞ 200 വർഷങ്ങളായി ഈ ശവക്കല്ലറെ തീരെ പുതുക്കിപ്പണിയാത്ത അവസ്ഥയിലായിരുന്നതിനാൽ ഇത് നാശത്തിന്റെ വക്കിലെത്തിയിരുന്നു. ഇതിന്റെ പൂർണമായ പുനരുത്ഥാനത്തിന് നാല് മില്യൺ ഡോളറാണ് വേണ്ടി വരുന്നത്. ഇതിന്റെ ആദ്യഘഡുവായ 1.4 മില്യൺഡോളർ പ്രദാനം ചെയ്തിട്ടുണ്ട്. അറ്റ്‌ലാന്റിക് റെക്കോർഡ്‌സിന്റെ സ്ഥാപകന്റെ വിധവയാണീ ഫണ്ട് നൽകിയിരിക്കുന്നത്. ജോർദാൻ രാജാവ് അബ്ദുള്ള രണ്ടാമനും ഫലസ്തീനിയൻ പ്രസിഡന്റായ മഹമ്മൂദ് അബ്ബാസും 150,000 യൂറോ വീതം ഇതിനായി സംഭാവന ചെയ്തിട്ടുണ്ട്. ഇതിന് പുറമെ മറ്റ് സ്വകാര്യ വ്യക്തികളും ചർച്ചുകളും ഇതിലേക്ക് സംഭാവന നൽകിയിട്ടുണ്ടെന്ന് ബേൺഹാം വെളിപ്പെടുത്തുന്നു.

ജെറുസലേമിലെ ഹോളി സെപുൽചെർ ചർച്ചിന് നടുവിലാണീ ശവക്കല്ലറ സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ തന്നെ ഏറ്റവും പഴക്കമേറിയ ചർച്ചുകളിലൊന്നായി ഇത് 12ാം നൂറ്റാണിലാണിപ്പോഴത്തെ കെട്ടിടം നിർമ്മിച്ചത്. എന്നാൽ നാലാം നൂറ്റാണ്ടിലെഅവശിഷ്ടങ്ങൾക് മുകളിലാണിത് പണിതതെന്നും സൂചനയുണ്ട്. പ്രകൃതിപരമായ കാരണങ്ങൾ , മെഴുകുതിരിയുടെ കാലങ്ങളായുള്ള പുക എന്നിവയേറ്റ് ഈ ചർച്ചിന് ഏറെ കേടുപാടുകളുണ്ടായിട്ടുണ്ട്. അതിനാൽ ഇതിന് ഉടൻ അറ്റകുറ്റപ്പണി നടത്തുകയെന്നത് അനിവാര്യമായിരുന്നു. മൂന്ന് ക്രിസ്ത്യൻ വിഭാഗങ്ങൾ മത്സരബുദ്ധിയോടെ ഈ പള്ളിയിൽ ആരാധന നടത്തുന്നുണ്ട്. എന്നാൽ വർഷങ്ങളുടെ പഴക്കമുള്ള തങ്ങളുടെ വൈരം മാറ്റി വച്ചാണ് ശവക്കല്ലറ പുതുക്കിപ്പണിയാൻ അവർ യോജിച്ചിരിക്കുന്നത്.

ഈ കെട്ടിടം സുരക്ഷിതമല്ലെന്ന് ഇസ്രയേലിന്റെ ആന്റിക്യുറ്റീസ് അഥോറിറ്റി മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് ഈ കെട്ടിടം ഇസ്രയേലി പൊലീസ് 2015ൽ അടച്ച് പൂട്ടിയിരുന്നു. തുടർന്ന് കഴിഞ്ഞ വർഷം ജൂണിലാണ് അറ്റകുറ്റപ്പണികൾ ആരംഭിച്ചിരുന്നത്. നാഷണൽ ടെക്ക്‌നിക്കൽ യൂണിവേഴ്‌സിറ്റി ഓഫ് ഏഥൻസിൽ നിന്നുമുള്ള റിസ്റ്റോറേഷൻ ടീമാണ് അറ്റകുറ്റപ്പണികൾ നിർവഹിച്ചിരിക്കുന്നത്. മെഴുകുതിരിയുടെ അവശിഷ്ടങ്ങളും പ്രാവിൻ കാഷ്ടവും നിറഞ്ഞിരുന്ന ശവക്കല്ലറയുടെ മുകളിലുണ്ടായിരുന്ന ഓരോ സ്ലാബും വൃത്തിയാക്കി യഥാസ്ഥാനത്ത് സ്ഥാപിച്ചിട്ടുണ്ട്. ശവക്കല്ലറ പുതുക്കിപ്പണിതതിന്റെ ഭാഗമായി ടൈറ്റാനിയം ബോൾട്ടുകൾ ഘടിപ്പിച്ച് ബലപ്പെടുത്തിയിട്ടുമുണ്ട്.

ലൈം സ്റ്റോണിൽ നിന്നും മുറിച്ചെടുത്തുണ്ടാക്കിയ സ്ലാബിന് മുകളിലാണ് കുരിശിലേറ്റി വധിച്ച യേശുവിന്റെ മൃതദേഹം റോമാക്കാർ കിടത്തിയതെന്നാണ് ക്രിസ്ത്യുമതക്കാർ വിശ്വസിക്കുന്നത്. എഡിക്യൂൾ എന്നറിയപ്പെടുന്ന ഒരു സ്ട്രക്ചറിനകത്താണ് ഈ സ്ലാബ് അടച്ചിരുന്നതെന്നും സൂചനയുണ്ട്. ചെറിയ വീടെന്ന ലാറ്റിൽ പദത്തിൽ നിന്നാണ് എഡിക്യൂൾ എന്ന പദം ഉരിത്തിരിഞ്ഞ് വന്നത്. അലംകൃതമാണീ ശവക്കല്ലറ.അതായത് ഇവിടെ എണ്ണ വിളക്കുകളും വലിയ കാൻഡിൽ സ്റ്റിക്കുകളും കാണാം.