ജറുസലേം: ജർമൻ തലസ്ഥാനമായ ബെർലിനിലെ ക്രിസ്മസ് ചന്തയിലേക്ക് ട്രക്ക് ഇടിച്ചുകയറ്റിയതിനു സമാനമായ ഭീകരാക്രമണം ഇസ്രയേലിലും. ജറുസലേമിൽ ജനങ്ങൾക്കിടയിലേക്കു ട്രക്കിടിച്ചു കയറിയ അപകടത്തിൽ നാലു പേർ മരിച്ചു. 15 പേർക്കു പരിക്കേറ്റു. ട്രക്ക് ഡ്രൈവറെ പട്ടാളക്കാർ വെടിവച്ചു കൊന്നു. ഭീകരാക്രമണമാണ് നടന്നതെന്ന് പൊലീസ് അറിയിച്ചു.

ജറുസലേമിലെ ഓൾഡ് സിറ്റിയിലുള്ള അർമോൺ ഹനാറ്റ്‌വിസിൽ ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. മൂന്നു സ്ത്രീകളും ഒരു പുരുഷനുമാണ് കൊല്ലപ്പെട്ടത്. എല്ലാവരും 20-30 പ്രായമുള്ളവരാണ്. പരിക്കേറ്റ 15 പേരിൽ രണ്ട് പേരുടെയെങ്കിലും നില ഗുരുതരമാണ്.

പട്ടാളക്കാർ അടക്കമുള്ളവർ ഒരു ബസിൽനിന്ന് ഇറങ്ങവേയാണ് ആക്രമണം നടന്നത്. വേഗതകൂട്ടിയെത്തിയ ട്രക്ക് ആളുകൾക്കിടയിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു.

കിഴക്കൻ ജറുസലേം സ്വദേശിയാണ് ആക്രമണം നടത്തിയതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇസ്രേലി ഡ്രൈവിങ് ലൈസൻസ് ഉള്ള ഇയാൾ ഇസ്രേലി നമ്പർ പ്ലേറ്റുള്ള ട്രക്ക് ഉപയോഗിച്ചാണ് ആക്രണം നടത്തിയത്.

സിഡംബർ 19 ന് ജർമൻ തലസ്ഥാനമായ ബർലിനിൽ ക്രിസ്മസ് ചന്തയിലേക്ക് ട്രക്കിടിച്ചു കയറ്റി നടത്തിയ ഭീകരാക്രമണത്തിൽ 12 പേരാണു കൊല്ലപ്പെട്ടത്. ആക്രമണത്തിനുശേഷം രക്ഷപ്പെട്ട ടുണീഷ്യൻ വംശജനായ ഭീകരൻ അനിസ് അംറിയെ ഡിസംബർ 23ന് ഇറ്റലിയിലെ മിലാനിൽ പൊലീസ് വെടിവച്ചുകൊന്നു.