കൊച്ചി: ജെസ്‌ന മരിയയെ കണ്ടെത്താൻ സിബിഐ ഇന്റർപോൾ മുഖേന 191 രാജ്യങ്ങളിൽ യെലോ നോട്ടിസ് പുറപ്പെടുവിച്ചു. ഇതിൽ സിറിയയും ഉൾപ്പെടും. ഇതോടെ ഏത് രാജ്യാത്താണ് ജെസ്‌നയുള്ളതെന്ന് സിബിഐയ്ക്ക് ഉറപ്പിക്കാനായില്ലെന്ന് കൂടി വ്യക്തമാകുകയാണ്. വ്യാജ പാസ്‌പോർട്ടിൽ ജെസ്‌നയെ എവിടെ വേണമെങ്കിലും കൊണ്ടു പോയിട്ടുണ്ടാകാമെന്നാണ് സിബിഐയുടെ വിലയിരുത്തൽ. 2018 മാർച്ച് 22നു കാണാതായ ജെസ്‌ന എവിടെയാണെന്ന കാര്യത്തിൽ സൂചനകളൊന്നും കിട്ടാത്ത സാഹചര്യത്തിലാണു യെലോ നോട്ടിസ്. ജെസ്‌നയുടെ ഫോട്ടോ, കേസിനെ സംബന്ധിച്ച വിവരങ്ങൾ, തിരിച്ചറിയാനുള്ള അടയാളങ്ങൾ തുടങ്ങിയവ ഇതര രാജ്യങ്ങളിലെ ഇന്റർപോളിനു കൈമാറി.

ജെസ്നയെ കണ്ടെത്താൻ സഹോദരൻ ജെയ്‌സ് ജോൺ ജയിംസ് ഉൾപ്പെടെ നൽകിയ ഹർജിയിൽ 2021 ഫെബ്രുവരി 19നാണു കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാൽ ഇതുവരെ ജെസ്നയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നും അന്വേഷണം വേഗത്തിലാക്കാൻ കോടതി ഇടപെടണമെന്നും ആവശ്യപ്പെട്ട് ക്രിസ്ത്യൻ അസോസിയേഷൻ ആൻഡ് അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ (കാസ) എന്ന സംഘടന ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ച പ്രകാരം സിബിഐ മുദ്ര വച്ച കവറിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഇതിൽ ജെസ്‌ന ജീവനോടെയുണ്ടെന്നും ഇന്ത്യയ്ക്ക് പുറത്താണ് കഴിയുന്നതെന്നും വ്യക്തമാക്കിയിട്ടുണ്ട്. മുസ്ലിം രാജ്യത്താണുള്ളതെന്ന സംശയവും ഈ റിപ്പോർട്ടിലുണ്ട്,

മുൻകൂട്ടി തയാറാക്കിയ പദ്ധതി അനുസരിച്ച്, കൃത്യമായ ആസൂത്രണത്തോടെയാണ് പത്തനംതിട്ടയിൽനിന്ന് കാണാതായ ജെസ്‌ന മരിയ വീട്ടിൽനിന്ന് പോയതെന്ന് കേരള പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പരിചയക്കാരെ കണ്ടപ്പോൾ ഒളിച്ചുമാറി നിന്നതിനു ശേഷമായിരുന്നു ജെസ്‌നയുടെ യാത്ര. ജെസ്‌നയുടെ ആൺസുഹൃത്തിനു തിരോധാനവുമായി ബന്ധമില്ലെന്നും കണ്ടെത്തിയിരുന്നു. ജെസ്‌ന സിറിയയിലുണ്ടെന്ന പ്രചാരണം ശക്തമായ സാഹചര്യത്തിലാണ് ഇതു സംബന്ധിച്ച പൊലീസിന്റെ വെളിപ്പെടുത്തൽ.

പത്തനംതിട്ട കൊല്ലമുള സന്തോഷ്‌കവല കുന്നത്തു വീട്ടിൽ ജയിംസ് ജോസഫ്-ഫാൻസി ജയിംസ് ദമ്പതികളുടെ മൂന്നു മക്കളിൽ ഏറ്റവും ഇളയവളായ ജെസ്‌ന മരിയ ജയിംസിനെ 2018 മാർച്ച് 22നാണ് കാണാതാകുന്നത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളജ് രണ്ടാം വർഷ ബികോം വിദ്യാർത്ഥിനിയായിരുന്ന ജെസ്‌നയ്ക്ക്, കാണാതാകുമ്പോൾ 21 വയസ്സായിരുന്നു. കുപ്രസിദ്ധമായ കൂടത്തായി കേസ് അന്വേഷണത്തിനുശേഷം പത്തനംതിട്ട എസ്‌പിയായി കെ.ജി.സൈമൺ ഐപിഎസ് ചുമതലയേറ്റപ്പോഴാണ് കേസിൽ പ്രധാന കണ്ടെത്തലുകളുണ്ടായത്.

കോവിഡ് വ്യാപനം മൂലം ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ഇതര സംസ്ഥാനങ്ങളിലെ അന്വേഷണം നിലച്ചു. 2020 ഡിസംബർ 31ന് കെ.ജി.സൈമൺ വിരമിച്ചതോടെ അന്വേഷണം മുന്നോട്ടു പോയതുമില്ല. സിബിഐയും ഇത് സ്ഥിരീകരിക്കുന്നുണ്ട്. ജെസ്‌നയുടെ സഞ്ചാരവഴി അവലോകനം ചെയ്തപ്പോഴാണ് മുൻകൂട്ടി തയാറാക്കിയ പദ്ധതി അനുസരിച്ചാണ് ജെസ്‌ന വീടുവിട്ടതെന്ന് പൊലീസിനു മനസിലായത്. വീട്ടിൽനിന്ന് ഇറങ്ങിയ ജെസ്‌ന യാത്രാമധ്യേ ഒരു ബന്ധുവിനെ കണ്ടപ്പോൾ അവർ കാണാതെ മാറിനിന്ന ശേഷമാണ് യാത്ര തുടർന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി.

മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവിന്റെ വീട്ടിലേക്കു പോകാനായാണ് ജെസ്‌ന വീട്ടിൽനിന്ന് ഇറങ്ങുന്നത്. കൊല്ലമുളയിൽനിന്ന് രാവിലെ 9ന് ഓട്ടോയിൽ കയറി. പിന്നെ എരുമേലി ബസിൽ കയറി. എരുമേലി ബസ് സ്റ്റാൻഡിൽനിന്നു മുണ്ടക്കയത്തേക്കുള്ള്ള ബസിൽ കയറിയതായാണു വിവരം. പിന്നീട് ജെസ്‌നയെ ആരും കണ്ടിട്ടില്ല. പരാതി ലഭിച്ചിട്ടും രണ്ടാഴ്ചയോളം കാര്യമായ അന്വേഷണം നടന്നില്ലെന്നും ബന്ധുക്കൾ പരാതിപ്പെട്ടിരുന്നു. ഇതും കേസ് അന്വേഷണത്തെ അട്ടിമറിച്ചു.

മുണ്ടക്കയം സ്റ്റാൻഡിൽനിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ ജെസ്‌നയോടു സാമ്യമുള്ള ഒരു പെൺകുട്ടിയെ കണ്ടതായും പ്രചാരണമുണ്ടായി. ഇതേക്കുറിച്ചുള്ള അന്വേഷണവും ഫലം കണ്ടില്ല. ജെസ്‌നയോടു സാമ്യമുള്ള പെൺകുട്ടി നടന്നു വരുന്ന ദൃശ്യങ്ങളിൽ സംശയാസ്പദമായി മറ്റു രണ്ടു പേർ കൂടി ഉണ്ടെന്നതു വ്യക്തമാണ്. ഈ ദൃശ്യങ്ങൾ ആരുടേതെന്ന് ഇപ്പോഴും വ്യക്തമല്ല. ആ പെൺകുട്ടി ആരാണെന്നും തിരിച്ചറിഞ്ഞിട്ടില്ല.

കാണാതായതിന്റെ തൊട്ടടുത്ത ദിവസം ജെസ്‌നയെ ചെന്നൈയിൽ കണ്ടെത്തിയെന്ന അവകാശവുമായി ഒരാളെത്തി. എന്നാൽ, ആ മൊഴിയിലും കാര്യമായ മുന്നേറ്റമുണ്ടായില്ല. പിന്നീച് ചെന്നൈയിലും ബെംഗളൂരുവിലും കോയമ്പത്തൂരിലും ജെസ്‌നയെ കണ്ടതായി പ്രചാരണമുണ്ടായി. അതും ശരിയല്ലെന്നായിരുന്നു കണ്ടെത്തൽ. ഒടുവിൽ ജെസ്‌ന ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്ന കാര്യത്തിൽ ധാരണയായിരുന്നു. എന്നാൽ, കോവിഡ് വന്നതോടെ ഇതര സംസ്ഥാനങ്ങളിൽ അന്വേഷണത്തിനു പോകാൻ കഴിയാതെ വന്നു. അതിനിടെ നിലവിൽ സിബിഐ അന്വേഷണം നടക്കുന്നതിനാൽ ഇതു സംബന്ധിച്ചു പ്രതികരിക്കുന്നില്ലെന്ന് കെ.ജി.സൈമൺ ഐപിഎസ് പറഞ്ഞു.

2018 മാർച്ച് 22 നാണ് കാഞ്ഞിരപ്പള്ളി എസ്ഡി കോളേജിലെ രണ്ടാംവർഷ വിദ്യാർത്ഥിനി ആയിരുന്ന ജെസ്ന മരിയ ജയിംസിനെ കാണാതായത്. ജെസ്ന ജീവനോടെയുണ്ടെന്നും രാജ്യം വിട്ടുവെന്നും തന്നെയാണ് സിബിഐയുടെ നിഗമനം. ജെസ്നാ അന്വേഷണത്തിലെ കണ്ടെത്തലുകൾ മറുനാടൻ വാർത്തയാക്കിയിരുന്നു. സിറിയിലുണ്ടാകാനുള്ള സാധ്യതയും ചർച്ചയാക്കി. മറുനാടൻ വാർത്തയിലെ സിറിയാ സാധ്യത മാത്രമാണ് സിബിഐ കണ്ടെത്തിയിട്ടില്ലെന്ന് സ്ഥിരീകരിക്കുന്നത്. ഇതോടെ ജെസ്ന ജീവനോടെയുണ്ടെന്ന് സമ്മതിക്കുക കൂടിയാണ് സിബിഐ. രണ്ടു വർഷം മുമ്പ് വരെ ജെസ്ന രാജ്യം വിട്ടിട്ടില്ലെന്നും മറ്റൊരു സംസ്ഥാനത്തു വിവാഹിതയായി കഴിയുന്നുണ്ടായിരുന്നുവെന്നുള്ള വിവരം സിബിഐയ്ക്ക് ലഭിച്ചിട്ടുണ്ട്. കേരളാ പൊലീസ് ജെസ്‌നയെ കണ്ടെത്തിയതോടെയാണ് രാജ്യം വിട്ടത്. ഇക്കാര്യം വിമാന ടിക്കറ്റ് പരിശോധനയിലൂടെ സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് സൂചന.

ജെസ്ന നേരത്തെ താമസിച്ചിരുന്ന വീടിന്റെ സമീപത്തുള്ളവരാണ് ഇക്കാര്യം സിബിഐയെ അറിയിച്ചിരിക്കുന്നത്. ജെസ്ന രണ്ടു കുട്ടികളുടെ അമ്മയാണെന്നും കേരളാ പൊലീസ് സംഘം അന്വേഷിച്ച് എത്തിയതോടെ ഇവർ അവിടുന്ന് മുങ്ങുകയായിരുന്നുവെന്നാണ് സിബിഐയ്ക്ക് ലഭിച്ച വിവരം. പത്തനംതിട്ട എസ് പിയായിരുന്ന കെജി സൈമണിന്റെ നേതൃത്വത്തിലായിരുന്നു ജെസ്‌നയെ കണ്ടെത്തിയതെന്നാണ് സൂചന. ഇതിന് പിന്നാലെ കോവിഡ് ആളികത്തി. ഇതോടെ അന്തർ സംസ്ഥാന യാത്രകൾ പോലും തടസ്സപ്പെട്ടു. ഈ സാഹചര്യം മുതലെടുത്ത് ജെസ്‌ന മുങ്ങി.

കേരളാ പൊലീസിന്റെ ക്രൈംബ്രാഞ്ചാണ് ജെസ്നയുടെ തിരോധാനം അന്വേഷിച്ചിരുന്നത്. പെൺകുട്ടി എവിടെയുണ്ടെന്ന് അറിയാമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ എ.ഡി.ജി.പി: ടോമിൻ ജെ. തച്ചങ്കരി വെളിപ്പെടുത്തിയിരുന്നു. എന്നാൽ, വെളിപ്പെടുത്താനാകില്ലെന്നും ഇദേഹം പറഞ്ഞിരുന്നു. ഇതേകാര്യം പത്തനംതിട്ട എസ്‌പിയായിരുന്ന കെ.ജി. സൈമൺ പറഞ്ഞിരുന്നു. പൊലീസിന്റെ അനാസ്ഥയാണ് ജെസ്നയെ വീണ്ടും കാണാതായതിന് പിന്നിലെന്ന് സിബിഐ സംശയിക്കുന്നുണ്ട്.

ജെസ്‌നയെ രാജ്യത്തിനു പുറത്തേക്കു കടത്തിയെന്നാണു സിബിഐയുടെ നിഗമനം. സംഭവം തീവ്രവാദപ്രവർത്തനത്തിന്റെ ഭാഗമല്ലെന്നും മനുഷ്യക്കടത്താണെന്നുമുള്ള നിഗമനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇസ്ലാമിക രാജ്യത്ത് ജെസ്നയുണ്ടെന്നാണ് സിബിഐയുടെ കണ്ടെത്തൽ. ഇക്കാര്യം ഹൈക്കോടതിയേയും അറിയിച്ചിട്ടുണ്ട്. ജെസ്‌ന സ്വന്തം താത്പര്യപ്രകാരമാണു വിദേശത്തേക്കു കടന്നതെന്നും രണ്ട് കുഞ്ഞുങ്ങളുടെ മാതാവായെന്നുമുള്ള സ്ഥിരീകരിക്കാത്ത വിവരം ക്രൈംബ്രാഞ്ചിനു ലഭിച്ചിരുന്നു. വിദേശത്തേക്കു കൊണ്ടുപോയവരെ സിബിഐ. തിരിച്ചറിഞ്ഞിട്ടുണ്ട്. വീട്ടിൽനിന്നു കണ്ണിമലയിലെ ബാങ്ക് കെട്ടിടത്തിൽ ജെസ്‌ന എത്തിയതിന്റെ സി.സി. ടിവി ദൃശ്യങ്ങളുണ്ട്. ഇവിടെനിന്നു സ്വകാര്യ ബസിൽ കയറി. ബസിൽ തീവ്രവാദബന്ധമുള്ളവർ ഉണ്ടായിരുന്നോയെന്നു സിബിഐ. പരിശോധിച്ചിരുന്നു.

അന്ന് ബസിൽ യാത്രചെയ്ത രണ്ടുപേരെ തിരിച്ചറിഞ്ഞു. മംഗലാപുരം, ചെന്നൈ, ഗോവ, പുനെ എന്നിവിടങ്ങളിലേക്കും അന്വേഷണം നീണ്ടു. ദൃക്‌സാക്ഷികളില്ലാത്ത കേസിൽ സാഹചര്യത്തെളിവുകൾ മാത്രമാണുള്ളത്. അതീവരഹസ്യമായി അന്വേഷണം പുരോഗമിക്കുന്നതിനാലാണ് പുരോഗതി റിപ്പോർട്ട് മുദ്രവച്ച കവറിൽ ഹൈക്കോടതിയിൽ സമർപ്പിച്ചത്. തുർക്കി, സിറിയ, അഫ്ഗാൻ തുടങ്ങിയ രാജ്യങ്ങളിൽ ഒന്നിൽ ജെസ്നയുണ്ടെന്നാണ് സൂചന. ഇതിൽ സിറിയയിലാണ് കൂടുതൽ സാധ്യത. ഇതെല്ലാം സിബിഐ പരിശോധിക്കുന്നുണ്ട്.