കൊച്ചി: കാഞ്ഞിരപ്പള്ളി എസ്.ഡി. കോളജിലെ രണ്ടാംവർഷ വിദ്യാർത്ഥിനിയായിരുന്ന ജസ്ന മറിയ ജയിംസ് തിരോധാന കേസിന്റെ അന്വേഷണത്തിൽ ഇപ്പോഴും കാര്യമായ മുന്നേറ്റമില്ല. ക്രൈംബ്രാഞ്ചിൽ നിന്നും കേസ് അന്വേഷണം ഏറ്റെടുത്ത സിബിഐ രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിൽ ജെസ്‌നയെ കുറിച്ചു അന്വേഷിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഒടുവിൽ അവർ എത്തിച്ചേർന്നിരിക്കുന്ന അനുമാനം ജെസ്‌ന വിദേശത്തേക്ക് കടന്നിരിക്കാം എന്നതാണ്. തീവ്രസ്വഭാവമുള്ള സംഘടനകളുടെ കൈയിൽ അകപ്പെട്ടോ എന്നത് അടക്കം സിബിഐ പരിശോധിക്കുന്നുണ്ട്.

അഫ്ഗാനിസ്ഥാനിലേക്കും സിറിയയിലേക്കുമെല്ലാം മലയാളി പെൺകുട്ടികൾ നാടുവിട്ട സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇത്തരക്കാർക്കൊപ്പം ജെസ്‌നയും അകപ്പെട്ടിട്ടുണ്ടോ എന്ന കാര്യമാണ് സിബിഐ ഇപ്പോൾ പരിശോധിക്കുന്നത്. ഇതോടെ വിദേശത്തേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് സിബിഐ ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി യെല്ലോ കോർണർ നോട്ടീസ് പുറപ്പെടുവിക്കും. ഇത് കൂടാതെ ഇന്റർപോളിന് വിവരം നൽകി യെല്ലോ നോട്ടീസ് പുറപ്പെടുവിച്ച് അന്വേഷണം വിദേശത്തേക്ക് വ്യാപിപ്പിക്കാനുമാണ് ശ്രമം.

ജസ്നയെ കാണാതായ ദിവസങ്ങളിലെ വിമാന ടിക്കറ്റുകൾ പരിശോധിച്ചപ്പോൾ ചില സൂചനകൾ ലഭിച്ചിരുന്നു. എന്നാൽ, സംശയമുള്ള ചില യാത്രക്കാരെ തോന്നിയവരെ ചോദ്യംചെയ്തെങ്കിലും തുമ്പൊന്നും കിട്ടിയില്ല. ജസ്ന മറ്റൊരു സംസ്ഥാനത്തു ജീവിക്കുന്നുണ്ടെന്നും രണ്ടു കുട്ടികളുണ്ടെന്നുമുള്ള വിവരങ്ങളിലും സ്ഥിരീകരരണം ലഭിച്ചതുമില്ല. മനുഷ്യക്കടത്തായി രാജ്യംവിട്ടുവെന്നാണു മറ്റൊരു വിവരം. ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ വിദേശത്തേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് ഒരുങ്ങുന്നത്. നേരത്തെ ജസ്നയ്ക്കായി സിബിഐ. ലുക്കൗട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു.

ബംഗ്‌ളുരു, പുന, ഗോവ, ചൈന്നെ എന്നിവിടങ്ങളിലെല്ലാം അന്വേഷണം നടത്തി. സഹപാഠികളെയും ചോദ്യംചെയ്തു. സൈബർ പൊലീസുമായി സഹകരിച്ചു പതിനായിരത്തോളം ഫോൺകോളുകളും പരിശോധിച്ചിരുന്നു. വിവരങ്ങൾ ശേഖരിക്കാൻ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ പൊലീസ് വിവരശേഖരണപ്പെട്ടി സ്ഥാപിച്ചും കാത്തിരുന്നു. ജസ്നയെക്കുറിച്ചു വിവരം നൽകുന്നവർക്കു ഡി.ജി.പി. അഞ്ചു ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചതാണ്. തുടർന്നാണു കേസ് സിബിഐക്കു വിടുന്നത്. 2020 മേയിൽ ക്രൈംബ്രാഞ്ച് ഡി.ജി.പി. ടോമിൻ തച്ചങ്കരി ജസ്നയെക്കുറിച്ചു വ്യക്തമായ ചില വിവരങ്ങൾ കിട്ടിയെന്ന സൂചന നൽകിയിരുന്നു. എന്നാൽ പിന്നീടു പുരോഗതിയുണ്ടായില്ല.

അന്വേഷണ ഏജൻസികൾ പലതും മാറി വന്നിട്ടും ജസ്നയെ കണ്ടെത്താൻ സാധിക്കാത്ത സാഹചര്യത്തിലാണു 2021 ഫെബ്രുവരിയിൽ ഹൈക്കോടതി സിബിഐക്കു വിട്ടത്. 2018 മാർച്ച് 22 നാണു വെച്ചൂച്ചിറ സ്വദേശി ജെയിംസ് ജോസഫിന്റെ മകൾ ജസ്നയെ (20) കാണാതാകുന്നത്. ജെസ്നയെ തട്ടിക്കൊണ്ടു പോയതാണ്. അവൾ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടെന്നാണ് ഞങ്ങളുടെ വിശ്വാസമെന്നാണ് അവളുടെ കുടുംബം പറയുന്നത്.

പിതൃ സഹോദരിയുടെ വീട്ടിലേക്കെന്നു പറഞ്ഞാണ് ജെസ്ന കൊല്ലമുളയിൽ നിന്നും അന്ന് പുറപ്പെട്ടിരുന്നത്. ഇതിന് ശേഷം എരുമേലി ബസിൽ കയറി. എരുമേലി ബസ് സ്റ്റാൻഡിൽനിന്നു മുണ്ടക്കയത്തേക്കുള്ള്‌ള ബസിൽ കയറിയതായാണു വിവരം. മൊബൈൽ ഫോൺ വീട്ടിൽ വച്ച ശേഷമാണ് ജെസ്ന പുറത്തു പോയത്. ജെഫി ജയിംസ് പറയുന്നു. ജെസ്ന മടങ്ങിയെത്താത്തതിനെ തുടർന്ന് എരുമേലി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും മോശം അനുഭവമാണ് ഉണ്ടയതെന്നുമാണ് അവരുടെ പരാതി. വെച്ചൂച്ചിറ സ്റ്റേഷനിൽ പരാതി നൽകാനായിരുന്നു നിർദ്ദേശം. പരാതി ഫോർവേഡ് ചെയ്യാമെന്നു പൊലീസ് അറിയിച്ചെങ്കിലും ചെയ്തില്ല. പരാതിയെക്കുറിച്ച് അന്വേഷിക്കാൻ വെച്ചൂച്ചിറ പൊലീസ് താൽപര്യം കാട്ടിയതുമില്ല. പെൺകുട്ടി ആരുടെയെങ്കിലും കൂടെ പോയതായിരിക്കും, കുറച്ചു ദിവസം കഴിയുമ്പോൾ തിരിച്ചു വരുമെന്നുമായിരുന്നു പൊലീസിന്റെ മറുപടി. പരാതി ലഭിച്ചിട്ടും രണ്ടാഴ്ചയോളം കാര്യമായ അന്വേഷണം നടന്നില്ല.

ജെസ്നയുടെ അഞ്ച് സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് അന്വേഷണം നടന്നെങ്കിലും അതും എങ്ങുമെത്തിയില്ല. ജെസ്നയ്ക്ക് 5 സുഹൃത്തുക്കളാണുള്ളത്. ഇതിലൊരാൾ ആൺകുട്ടിയാണ്. മുണ്ടക്കയം പുഞ്ചവയലിലെ സുഹൃത്തിനൊപ്പം ജെസ്ന പോയതാണെന്നുള്ള പ്രചാരണത്തെ തുടർന്നു സഹപാഠിയായ ആൺകുട്ടിയെ പല തവണ ചോദ്യം ചെയ്‌തെങ്കിലും സംഭവത്തിൽ കാര്യമില്ലെന്നു ബോധ്യപ്പെട്ടു. ഇയാളുടെ എസ്എംഎസുകളും സൈബർ സെൽ പരിശോധിച്ചിരുന്നു. 5 സുഹൃത്തുക്കളും ജെസ്നയെ എല്ലാ ദിവസവും വിളിക്കുമായിരുന്നു. ജെസ്നയുടെ സഹോദരി ജെഫിക്കും ഇതേക്കുറിച്ച് അറിയാമായിരുന്നു. ഈ വിധത്തിലുള്ള അന്വേഷണങ്ങളും എങ്ങുമെത്താതെ പോകുകയായിരുന്നു.