പൈലറ്റുമാരുടെ മനസ്സാന്നിധ്യവും മികവുമാണ് പലപ്പോഴും ആകാശദുരന്തങ്ങളെ അതിജീവിക്കാൻ സഹായിക്കുന്നത്. ജർമൻ പ്രൈവറ്റ് ജെറ്റിനെയും അറബിക്കടലിന് മുകളിൽ അപകടത്തിൽനിന്ന് രക്ഷിച്ചത് ആ മനസ്സാന്നിദ്ധ്യമാണ്. മുകളിലൂടെ പറന്ന എമിറേറ്റ്‌സ് സൂപ്പർ ജംബോയുടെ ശക്തിയാണ് കൊച്ചുവിമാനത്തെ കുരുക്കിയത്.. ആകാശത്ത് നിയന്ത്രണം വിട്ട് മൂന്നുതവണ മലക്കം മറിയുകയും ഒറ്റയടിക്ക് പതിനായിരം അടിയോളം താഴേക്ക് പതിക്കുകയും ചെയ്ത പ്രൈവറ്റ് ജെറ്റിനെ പൈലറ്റ് എമർജൻസി ലാൻഡിങ്ങിലൂടെ ദുരന്തത്തിൽനിന്ന് രക്ഷിച്ചു.

ഒമ്പത് യാത്രക്കാരും വിമാനജോലിക്കാരുമായി പറന്ന പ്രൈവറ്റ് ജെറ്റ് അറബിക്കടലിന് മുകളിൽവച്ചാണ് സൂപ്പർജംബോയുടെ ശക്തിയിൽപ്പെടുലഞ്ഞത്. ജനുവരി ഏഴിനാണ് സംഭവം. മസ്‌കറ്റിൽനിന്ന് 630 നോട്ടിക്കൽ മൈൽ അകലെക്കൂടി പറക്കുകയായിരുന്നു ബൊംബാർഡിയർ ചാലഞ്ചർ ജെറ്റ്. ദുബായിൽനിന്ന് സിഡ്‌നിയേലേക്കുള്ള എമിറേറ്റ്‌സ് എയർബസ് ഇതേസമയം എതിർദിശയിൽ പറക്കുന്നുണ്ടായിരുന്നു.

വലിയ വിമാനത്തിൽനിന്ന് ആയിരം അടി താഴെയാണ് പ്രൈവറ്റ് ജെറ്റ് പറന്നിരുന്നതെങ്കിലും, ആകാശപാതയിലുണ്ടായ ഉലച്ചിൽ വിമാനത്തെ വട്ടംകറക്കുകയായിരുന്നു. വായുവിലുണ്ടായ ശക്തമായ ചലനത്തെ അതിജീവിക്കാനാകാതെ മലക്കംമറിഞ്ഞ പ്രൈവറ്റ് ജെറ്റ് തകരുമെന്നുതന്നെയാണ് ഏവരും പ്രതീക്ഷിച്ചത്. 34,000 അടി മുകളിലൂടെ പറക്കുകയായിരുന്ന വിമാനം ഒറ്റയടിക്ക് പതിനായിരം അടി താഴ്ചയിലേക്ക് വന്നു..

ലോകത്തേറ്റവും വലിയ യാത്രാവിമാനമാണ് എയർബസ് 380. അത് വായുവിലുണ്ടാക്കുന്ന ഓളമാണ് ചെറുവിമാനത്തെ കുടുക്കിയത്. എയർബസിന്റെ ചിറകുകൾ വായുവിനെ കീറിമുറിച്ച് പറക്കുമ്പോഴുണ്ടാകുന്ന മർദം താഴെപ്പറന്ന ചെറുവിമാനത്തെ എടുത്തെറിയുകയായിരുന്നു. 73 മീറ്റർ നീളവും 386 മുതൽ 560 ടൺവരെ ഭാരവുമുള്ളതാണ് എയർബസ്. ചാലഞ്ചറാകട്ടെ, 21 മീറ്റർ നീളവും 21 ടണ്ണോളം ഭാരവുമുള്ള കുഞ്ഞൻ വിമാനവും.

ഒരുവേള വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത പൈലറ്റുമാർ, വിമാനം നേരെ മസ്‌കറ്റ് എയർപോർട്ടിലേക്ക് തിരിച്ചുവിട്ടു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാർക്കും ജീവനക്കാർക്കും സാരമായ പരിക്കുകളേറ്റു. വിമാനം ലാൻഡ് ചെയ്തയുടൻ ഇവരെ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരിൽ ഒരാളുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണെന്ന് വാർത്ത പുറത്തുവിട്ട എവിയേഷൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നു.