തിരുവനന്തപുരം: മരണത്തെ മുന്നിൽ കണ്ട 155 യാത്രക്കാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ട ജെറ്റ് എയർവെയ്‌സ് സംഭവത്തിൽ വിമാനകമ്പനിയുടെ അനാസ്ഥയാണെന്ന് ആരോപണം. മതിയായ ഇന്ധനമില്ലാതെയാണ് ദോഹ-കൊച്ചി വിമാനം പുറപ്പെട്ടതെന്ന് സൂചന. വിദേശത്ത് നിന്ന് കേരളത്തിലേക്ക് സർവീസ് നടത്തുന്ന വിമാനക്കമ്പനികൾ യാത്രക്കാർക്ക് തികഞ്ഞ അവഗണനയാണ് നൽകുന്നതെന്ന് ആരോപണം.

വിമാനം സുരക്ഷിതമായി ഇറക്കാൻ കഴിയാത്ത സാഹചര്യങ്ങളിൽ വിമാനത്താവളങ്ങളിൽ ഏർപ്പെടുത്തുന്ന സംവിധാനങ്ങളാണ് കഴിഞ്ഞ ചൊവ്വാഴ്ച തിരുവനന്തപുരം വിമാനത്താവളത്തിൽ ഒരുക്കിയത്. ഇത്തരം സാഹചര്യങ്ങളിൽ പൈലറ്റ,് എയർ ട്രാഫിക് കൺട്രോൾ വിഭാഗത്തെ ദുരന്തം മുൻകൂട്ടി കണ്ട് 'മേ ഡേ' എന്ന സന്ദേശം കൈമാറും. ഇങ്ങനെയൊരു സന്ദേശമാണ് ദോഹ-കൊച്ചി വിമാനത്തിന്റെ പൈലറ്റ് തൃശൂർ സ്വദേശി മനോജ് കുമാർ രാമവാര്യർ തിരുവനന്തപുരം എയർ ട്രാഫിക് കൺട്രോളിന് കൈമാറിയത്. തിരുവനന്തപുരം വിമാനത്താവളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇങ്ങനെയൊരു നിർണായക സന്ദേശം ലഭിക്കുന്നതും. പൈലറ്റായ മനോജ് കുമാർ രാമവാര്യർ അത്ഭുതകരമായി യാത്രക്കാരെ രക്ഷിക്കുകയായിരുന്നുവെന്ന് പിന്നീട് മാദ്ധ്യമങ്ങളിലൂടെയാണ് യാത്രക്കാർ അറിയുന്നത്.

ഇരുഭാഗത്തേക്കും ആവശ്യമായ ഇന്ധനം വിമാനത്തിലുണ്ടെന്ന് പൈലറ്റ് ഉറപ്പ് വരുത്തണമെന്നാണ് ചട്ടം. എന്നാൽ പല വിമാനക്കമ്പനികളും ഇത് പാലിക്കാറില്ലെന്നും സ്വകാര്യ എയർലൈൻസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ദോഹയിൽ നിന്ന് കൊച്ചി വരെ എത്താനുള്ള ഇന്ധനവുമായിട്ടാണ് ജെറ്റ് എയർവെയ്‌സ് യാത്ര ആരംഭിച്ചിത്. കൊച്ചിയിൽ എത്തിയപ്പോൾ കാലവസ്ഥ മോശമായതിനാൽ തിരുവനന്തപുരം വിമാനത്താവളത്തിൽ ലാന്റ് ചെയ്യാനാണ് നിർദ്ദേശം ലഭിച്ചത്. കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് എത്താനുള്ള ഇന്ധനമില്ലെന്ന് പൈലറ്റ് അറിയിക്കുകയും ചെയ്തു. വിമാനം തിരുവനന്തപുരത്ത് എത്തിയപ്പോഴേക്കും ഇന്ധനം പൂർണമായി തീർത്തിരുന്നു.

ഈ സാഹചര്യത്തിലാണ് പൈലറ്റ് അപകട സന്ദേശം നൽകിയതും ദുരന്തനിവാരണ സജ്ജീകരണങ്ങളും ഏർപ്പെടുത്തിയത്. തിരുവനന്തപുരത്തെ പ്രമുഖ ആശുപത്രികളിലും വിവരം അറിയിച്ച് ദുരന്തത്തെ നേരിടാനുള്ള ക്രമീകരണങ്ങൾ ചെയ്തിരുന്നു. ജനവാസപ്രദേശത്ത് തകർന്ന് വീഴുമ്പോൾ സംഭവിക്കാനിടയുള്ള വൻദുരന്തം കണക്കിലെടുത്ത് കടലിനോട് ചേർന്ന് പറന്നാണ് തിരുവനന്തപുരത്ത് ലാന്റ് ചെയ്തത്. വിദേശത്ത് നിന്ന് കേരളത്തിലേക്ക് സർവീസ് നടത്തുന്ന വിമാനക്കമ്പനികൾ യാത്രക്കാർക്ക് തികഞ്ഞ അവഗണനയാണ് നൽകുന്നതെന്ന് സ്ഥിരം യാത്രക്കാരുടെ ആരോപണം.

മോശം കാലാവസ്ഥ കാരണം മൂന്നു തവണ നെടുമ്പാശേരി വിമാനത്താവളത്തിൽ ഇറങ്ങാൻ പരാജയപ്പെട്ട വിമാനം അപകടാവസ്ഥയിലാണെന്ന് ഒരു സൂചന പോലും ലഭിച്ചില്ലെന്ന് വിമാനത്തിലെ യാത്രക്കാരനായ ജാസ്മിൻ ഷാ ഓർമിക്കുന്നു. 'ദോഹയിൽ നിന്ന് ഇന്ത്യൻ സമയം പുലർച്ചെ ഒരു മണിയോടെ 155 യാത്രക്കാരുമായി ജെറ്റ് വിമാനം പുറപ്പെട്ടത്. വെളുപ്പിന് 5.40നാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ വിമാനം എത്തേണ്ട സമയം. സമയകൃത്യത പാലിച്ച് വിമാനം നെടുമ്പാശേരിയിൽ എത്തിയെങ്കിലും മോശം കാലാവസ്ഥ കാരണം ഇറങ്ങാനായില്ല. മൂന്നു തവണയാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ ഇറങ്ങാനുള്ള ശ്രമം നടത്തി പരാജയപ്പെട്ടത്. തുടർന്ന് മോശം കാലാവസ്ഥ കാരണം തിരുവനന്തപുരത്താണ് വിമാനം ലാന്റ് ചെയ്യുന്നതെന്ന് എയർ ഹോസ്റ്റസുമാർ അറിയിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിൽ മുകളിൽ രണ്ടു തവണ വലം വച്ച ശേഷം രാവിലെ ഏഴേ കാലോടെ തിരുവനന്തപുരത്ത് ലാന്റ് ചെയ്തു.

പിന്നീട് ഒന്നര മണിക്കൂറിന് ശേഷമാണ് വിമാനം തിരച്ച്് കൊച്ചിയിലേക്ക് എത്തിയത്. വസ്തുതകൾ മറച്ചു വച്ചതോടെ ഞാനുൾപ്പെടെയുള്ളവർ വിമാന ജീവനക്കാരോട് ക്ഷുഭിതരായെങ്കിലും വിമാനജീവനക്കാർ സമാധാനിപ്പിക്കുകയായിരുന്നു. കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയിലാണ് ഇന്ധനം തീർന്നതായി അറിയിപ്പ് ലഭിക്കുന്നത്. ആകെ യാത്രക്കാർക്ക് ഉള്ള വിഷമം പുലർച്ചെ 5.40നു എത്തേണ്ട വിമാനം 7.15 ഓടെ തിരുവനന്തപുരത്ത് ഇങ്ങിയപ്പോൾ കൊച്ചിയിൽ തങ്ങളെ സ്വീകരിക്കാൻ വന്ന ബന്ധുക്കളുടെയും, സുഹൃത്തുക്കൾക്കും ഉണ്ടാകുന്ന പ്രയാസങ്ങൾ ഓർത്തായിരുന്നു. 8:30 ഓടെ തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട് 9:30 ഓടെ കൊച്ചിയിൽ എത്തിയെങ്കിലും ലഗേജ് കയ്യിൽ കിട്ടുന്നത് വീണ്ടും 1:30 മണിക്കൂറോളം വൈകിയാണ്. എന്നാൽ പിറ്റെന്ന് പത്രത്തങ്ങളിലൂടെയാണ് സംഭവത്തിന്റെ യാഥാർഥ്യം അറിയുന്നത്'