- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2017ലും 2020ലും തോക്കു ചൂണ്ടി പൊലീസിനെ കബളിപ്പിച്ച കൊടുംക്രിമിനൽ; എൽടിടിഇ കബീറിന്റെ കൂട്ടുകാരന് വേണ്ടി പൊലീസ് ഇത്തവണ ഒരുക്കിയത് പൊട്ടാത്ത വല; മൂന്നാം നിലയിൽ നിന്ന് തെങ്ങുവഴി രക്ഷപ്പെടാൻ ശ്രമിച്ചിട്ടും കുടുങ്ങി; ജെറ്റ് സന്തോഷിനെ കീഴ്പ്പെടുത്തിയത് സാഹസികമായി; എ എസ് ഐയെ കൊന്ന പ്രതി വർഷങ്ങൾക്ക ശേഷം കുടുങ്ങുമ്പോൾ
തിരുവനന്തപുരം: പിടികിട്ടാപുള്ളി ജെറ്റ് സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്തത് സാഹസിക ഓപ്പറേഷനിലൂടെ. പിടികൂടാൻ ശ്രമിക്കുമ്പോഴൊക്കെയും പൊലീസിനെ തോക്ക് കാട്ടി വിരട്ടി രക്ഷപ്പെടുന്നതായിരുന്നു ജെറ്റ് സന്തോഷിന്റെ തന്ത്രം. എന്നാൽ ഇത്തവണ അത് വിലപ്പോയില്ല. തിരുവനന്തപുരത്തെ വിറപ്പിച്ചിരുന്നു ഗുണ്ടാ നേതാവ് എൽടിടിഇ കബീറിന്റെ സംഘാംഗമായിരുന്നു ജെറ്റ് സന്തോഷ്. അട്ടക്കുളങ്ങര സബ്ജയിലിനു മുന്നിൽ ബോംബേറിൽ കൊല്ലപ്പെട്ട ഗുണ്ടാത്തലവൻ എൽ.ടി.ടി.ഇ. കബീർ കൊടും ക്രിമിനലായിരുന്നു. ഭീകര ബന്ധങ്ങൾ പോലും ഇയാൾക്കുണ്ടെന്ന സംശയവും സജീവമായിരുന്നു തൊണ്ണൂറുകളിൽ. കരാട്ടെ ഫാറൂഖും എൽടിടിഇ കബീറുമായിരുന്നു ഒരു കാലത്ത് തിരുവനന്തപുരത്തെ പേടിസ്വപ്‌നം. കബീറിനെ കൊന്നത് ഫാറൂഖ് ആണെന്നതാണ് മറ്റൊരു വസ്തുത.
മാലിക് സിനിമയിൽ എൽടിടിഇ കബീർ ജയലിന് മുമ്പിൽ കൊല്ലപ്പെടുന്നതിന് സമാന രംഗമുണ്ടായിരുന്നു. ഈ സമയം കബീറിന്റെ കഥ ചർച്ചയായിരുന്നു. പിന്നീട് കരാട്ടെ ഫാറൂഖ് മരിക്കുകയും ചെയ്തു. പരോളിൽ കഴിയുമ്പോഴായിരുന്നു ബീമാപള്ളിയെ ഒരു കാലത്ത് വിറപ്പിച്ച ഫാറൂഖ് മരിച്ചത്. ഇതിന് ശേഷമാണ് കബീറിന്റെ വിശ്വസ്തനായ ജെറ്റ് സന്തോഷിനെ പിടിക്കാൻ പൊലീസിന് കഴിയുന്നത്. എപ്പോഴും തോക്കുമായി നടക്കുന്ന സന്തോഷ് കീഴടങ്ങില്ലെന്ന ശപഥം എടുത്തിരുന്നു. തീര മേഖല കേന്ദ്രീകരിച്ച് സ്വന്തം ഗുണ്ടാ സംഘവും ഇയാൾക്കുണ്ടായിരുന്നു.
എൽടിടിഇ കബീറിന്റെ അടുത്ത അനുയായി ആയിരുന്ന പള്ളിത്തുറ തിരുഹൃദയ ലെയ്‌നിലെ പുതുവൽ പുത്തൻവീട്ടിൽ സന്തോഷിനെ (ജെറ്റ് സന്തോഷ്-45) പൊലീസ് കുടുക്കിയത് ആഴ്ചകളോളം പിന്തുടർന്നുള്ള നിരീക്ഷണങ്ങൾക്കൊടുവിലാണ് ചെമ്പഴന്തി കീരിക്കുഴി ഇന്ദിരാജിനഗറിലെ വി.കെ.എസ്. നിലയത്തിൽ റിട്ട. എഎസ്ഐ. കൃഷ്ണൻകുട്ടിയെ 1998-ൽ വീട്ടിൽക്കയറി വെട്ടിക്കൊന്ന കേസിൽ പ്രതിയായ സന്തോഷ് കഴിഞ്ഞ ദിവസമാണ് പൊലീസ് പിടികൂടിയത്. എൽടിടിഇ കബീറായിരുന്നു ആ ഓപ്പറേഷന് പിന്നിലെ ബുദ്ധി കേന്ദ്രം. കൊല്ലപ്പെട്ട റിട്ട എഎസ്ഐ. കൃഷ്ണൻകുട്ടി കഴക്കൂട്ടം പൊലീസ് സ്റ്റേഷനിൽ ഉണ്ടായിരുന്നപ്പോൾ ക്രിമിനൽ കേസുകളിൽപ്പെട്ട സന്തോഷിനെയും കബീറിനേയും പിടികൂടിയിരുന്നു.
അതിലുള്ള പ്രതികാരമായാണ് കൊലപാതകമെന്നാണ് കേസ്. എ എസ് ഐ റിട്ടയർ ചെയ്യുന്ന ദിവസമായിരുന്നു കൊല. ആ കേസിൽ അറസ്റ്റിലായ സന്തോഷ് ജാമ്യത്തിലിറങ്ങി മുങ്ങി. പിന്നീട് കോടതി സന്തോഷിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. ഇതോടെ സന്തോഷിന് വേണ്ടി പൊലീസ് അന്വേഷണം തുടങ്ങി. ഇടയ്ക്കിടയ്ക്ക് തുമ്പ പള്ളിത്തുറയിലെ വീട്ടിലെത്തുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആഴ്ചകൾക്ക് മുൻപ് തന്നെ സന്തോഷിനെ ഷാഡോ പൊലീസ് പിന്തുടർന്നിരുന്നു. പല ദിവസങ്ങളിൽ ഇയാളെ കുടുക്കാൻ നോക്കിയെങ്കിലും കഴിഞ്ഞിരുന്നില്ല. ഒളിവിലായിരുന്ന സന്തോഷ് വീട്ടിലുണ്ടെന്ന് ഉറപ്പ് വരുത്തിയ ശേഷം കഴിഞ്ഞ വ്യാഴാഴ്ച അർദ്ധരാത്രിക്ക് ശേഷം മുപ്പതോളം വരുന്ന പൊലീസ് ഇയാളുടെ വീട് വളഞ്ഞു.
ഇത് മനസ്സിലാക്കിയ സന്തോഷ് വീടിന്റെ മൂന്നാം നിലയിൽ നിന്ന് തെങ്ങുവഴി രക്ഷപ്പെടാൻ ശ്രമിച്ചു. പിടികൂടുമെന്ന് ഉറപ്പായതോടെ പൊലീസുകാർക്ക് നേരെ തോക്കു ചൂണ്ടുകയും ആക്രമിക്കുകയും ചെയ്തു. തുടർന്ന് ബലപ്രയോഗത്തിലൂടെ ഇയാളെ കീഴടക്കുകയായിരുന്നു. തുമ്പ പൊലീസ് 2017-ലും 2020-ലും ഇതേ രീതിയിൽ പിടികൂടാൻ ശ്രമിച്ചപ്പോൾ തോക്കുചൂണ്ടി രക്ഷപ്പെട്ടിരുന്നു.
അട്ടകുളങ്ങര ജയിലിന് മുന്നിൽ ഗുണ്ടാ കുടിപ്പകയുടെ ഭാഗമായി കബീറിനെ ബോംബെറിഞ്ഞ് കൊന്ന കേസിലെ പ്രതി കരാട്ടെ ഫാറൂഖ് മരിച്ചത് ഈയിടെയാണ്. പ്രമാദമായ കേസിൽ തൂക്കികൊല്ലാൻ വിധിച്ച ഫറൂഖിന്റെ ശിക്ഷ ജീവപര്യന്തമാക്കി മാറ്റുകയായിരുന്നു. പരോളിലായിരുന്ന ഫറൂക്ക് ഹൃദയാഘാതം മൂലമാണ് മരിച്ചത്. കേരളത്തിലെ ഗുണ്ടാകുടിപ്പകയുടെ ചരിത്രത്തിൽ ഞെട്ടലുണ്ടാക്കിയ സംഭവമായിരുന്നു 1999 ജുലൈ 16ലെ എൽടിടിഇ കബീർ വധം. കോടതിയിൽ നിന്നും ജയിലെത്തിച്ച കബീർ ജയിൽ കവാടത്തിലേക്കു കയറുന്നതിനിടെയാണ് ബോബേറുകൊണ്ട് നിലത്തുവീണത്. പട്ടാപ്പകൽ കാറിലെത്തിയ ഫാറൂഖും സംഘവും ആയിരുന്നു കബീറിനെ ബോംബറിഞ്ഞ് കൊലപ്പെടുത്തിയത്.പുറത്തിറങ്ങിയ മാലിക് സിനിമയിലും സമാനരംഗമുണ്ട്.
ബീമാപള്ളിയുടെ പരിസരത്തെ കച്ചവടവും ഗുണ്ടാ ഇടപാടുകളുമായി അടുത്തു നിന്ന ഫാറൂഖ്. തിരുവനന്തപുരം സബ് ജയിൽ അന്ന് അട്ടക്കുളങ്ങരയിലായിരുന്നു. ഇതിന് മുമ്പിലായിരുന്നു എൽ ടി ടി ഇ കബീറിനെ കൊന്നത്. ഭീകരവാദത്തിന്റെ വേരുകൾ കേരളത്തിലും ഉണ്ടോ എന്ന് ഭയപ്പെടുത്തിയ സംഭവം. എൽ റ്റി റ്റി ഇ കബീറിനെ പൊലീസ് അകമ്പടിയിൽ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി തിരികെ കൊണ്ടുവരവേ അട്ടക്കുളങ്ങര ജയിലിന് മുൻവശം വെച്ച് കബീറിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു.
കരാട്ടെ ഫാറൂഖിന്റെ സംഘാംഗമായിരുന്നു എൽടിടിഇ കബീർ. എന്നാൽ പിന്നീട് ഇവർ തെറ്റി. തന്നെ സഹായിക്കുന്നില്ല ഫാറൂഖ് എന്ന തോന്നൽ കബീറിനുണ്ടായി. ഫാറൂഖിനെ വകവരുത്തുമെന്ന് പലരോടും കബീർ വീമ്പു പുറഞ്ഞു. ജയിലിൽ നിന്ന് പുറത്തിറങ്ങിയാൽ തന്നെ കബീർ കൊല്ലുമെന്ന് ഫാറൂഖ് വിലയിരുത്തി. ഈ സാഹചര്യത്തിലാണ് ഫാറൂഖ് കബീറിനെ കൊന്നതെന്നാണ് സൂചന. കണിയാപുരത്തെ സുലൈമാന്റെ ക്വട്ടേഷൻ ഏറ്റെടുക്കുകയും ചെയ്തു. ആറ്റിങ്ങൽ കോടതിയിലേക്ക് കബീറിനെ കൊണ്ടു പോയത് ബസിലാണ്. തമ്പാനൂരിലും ആറ്റിങ്ങൽ ജയിലിനു മുമ്പിലും ഓപ്പറേഷൻ പ്ലാൻ ചെയ്തു. അതു നടന്നില്ല. ഒടുവിൽ സെൻട്രൽ ജയിലിന് മുമ്പിൽ കൃത്യം നടപ്പാക്കിയെന്നാണ് പൊലീസ് കണ്ടെത്തൽ.
ഫാറൂഖിന് ബോംബ് നിർമ്മാണത്തിൽ പ്രാവീണ്യമുണ്ടായിരുന്നു. തീവ്രവാദികളിൽ നിന്ന് ഇക്കാര്യത്തിൽ പരിശീലനം കിട്ടിയിരുന്നുവെന്നും രഹസ്യാന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. നിലവിൽ ജയിലിലാണ് ഫാറൂഖ്. 1999ലെ ഫാറൂഖിന്റെ കബീർ കൊലയെയാണ് മാലിക് സിനിമയിൽ റമദാ പള്ളി കഥയുടെ പശ്ചാത്തലത്തിൽ പുനരാവിഷ്‌കരിച്ചിരിക്കുന്നതെന്നായിരുന്നു ഉയർന്ന വാദം.
മറുനാടന് മലയാളി ബ്യൂറോ