- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എപ്പോൾ വേണമെങ്കിലും പിരിച്ചുവിടാം; ജോലിയിൽ കടുത്ത സമ്മർദ്ദം; തുച്ഛമായ വരുമാനം; തട്ടിപ്പുകാർ മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ ആത്മഹത്യയും; കമ്മീഷൻ വർദ്ധനവോ ആനുകൂല്യങ്ങളോ ഇല്ലാതെ കേരള ഗ്രാമീൺ ബാങ്കിലെ ജൂവൽ അപ്രൈസർമാർ ദുരിതത്തിൽ
തിരുവനന്തപുരം: സമ്മർദ്ദമേറിയ ജോലിയും തുച്ഛമായ വരുമാനവും. കേരള ഗ്രാമീൺ ബാങ്കിലെ ജുവൽ അപ്രൈസർമാരുടെ കാര്യം ഇങ്ങനെയൊക്കെയാണ്. കേരള ഗ്രാമീൺ ബാങ്കിന്റെ 634 ശാഖകളിലായി ജോലി ചെയ്യുന്ന ജുവൽ അപ്രൈസർമാർക്ക് കഴിഞ്ഞ പത്തുവർഷമായി കമ്മീഷൻ വർദ്ധനവോ മറ്റ് തൊഴിൽ ആനുകൂല്യങ്ങളോ ലഭിക്കുന്നില്ലെന്നാണ് പരാതി.
ബാങ്കുകളിൽ പണയം വെക്കുന്ന സ്വർണാഭരണങ്ങളുടെ അളവും തൂക്കവും പരിശുദ്ധിയും പരിശോധിച്ച് ഉറപ്പുവരുത്തുക എന്നതാണ് ജുവൽ അപ്രൈസർമാരുടെ ചുമതല. കമ്മീഷൻ വ്യവസ്ഥയിലാണ് ജോലി. ഇവർക്ക് പത്ത് വർഷം മുമ്പ് നിശ്ചയിച്ച കമ്മീഷൻ നിരക്കാണ് ഇപ്പോഴും ലഭിക്കുന്നത്. കെ.സി.സി ലോണിൽ 4.20 ലക്ഷം രൂപ വിലവരുന്ന സ്വർണം പരിശോധിച്ചാൽ ഇവർക്ക് ലഭിക്കുന്നത് 30 രൂപയാണ്. ഇത് വർദ്ധിപ്പിച്ച് മിനിമം ചാർജ് 50 രൂപയാക്കണമെന്നാണ് ഇവരുടെ ആവശ്യം.
വീഴ്ച വന്നാൽ പൊടുന്നനെ പിരിച്ചുവിടൽ; ആത്മഹത്യാ സംഭവങ്ങളും
വീഴ്‌ച്ച സംഭവിച്ചാൽ കൃത്യമായ അന്വേഷണം പോലും നടത്താതെ ഉടനടി പിരിച്ചുവിടപ്പെടാറുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ഇങ്ങനെ നടപടിക്ക് വിധേയനായ ഒരാൾ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത് ഏറെ വാർത്തയായിരുന്നു. കോൺഗ്രസ് നേതാവടക്കം ഉൾപ്പെട്ട നാലംഗസംഘം മുക്കുപണ്ടം പണയംവെച്ച് ലക്ഷങ്ങൾ തട്ടിയതിനെ തുടർന്നാണ് ജുവൽ അപ്രൈസറായിരുന്ന മോഹൻദാസ് ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്. കൊടിയത്തൂർ ഗ്രാമീൺ ബാങ്ക് ശാഖയിലെ അപ്രൈസർ തട്ടാൻ മോഹനനാണ് മരിച്ചത്. കൊടിയത്തൂർ ഗ്രാമീൺ ബാങ്കിലെ മുക്കുപണ്ട പണയതട്ടിപ്പിൽ അപ്രൈസർക്കെതിരേയും ആരോപണമുയർന്നിരുന്നു.
മുക്കുപണ്ടയം പണയംവെച്ച് കൊടിയത്തൂർ ഗ്രാമീൺ ബാങ്ക് ശാഖയിൽനിന്ന് 24.26 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. ദളിത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയായിരുന്ന വിഷ്ണു കയ്യൂണുമ്മൽ, മാട്ടുമുറിക്കൽ സന്തോഷ്‌കുമാർ, സന്തോഷിന്റെ ഭാര്യ ഷൈനി, കൊടിയത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന ബാബു പൊലുകുന്നത് തുടങ്ങിയവരായിരുന്നു കേസിലെ പ്രതികൾ. ഈ കേസിലാണ് ബാങ്കിലെ അപ്രൈസറായ മോഹനനെതിരേയും ആരോപണമുയർന്നിരുന്നത്.
പെരുമണ്ണ സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയംവെക്കുന്നതിനിടെയാണ് വിഷ്ണുവും സന്തോഷ്‌കുമാറും പിടിയിലായത്. ഇതിനുപിന്നാലെയാണ് നാലംഗസംഘം മുക്കുപണ്ടം പണയംവെച്ച് 32 ലക്ഷം രൂപയോളം തട്ടിയെടുത്തതായി കണ്ടെത്തിയത്. കൊടിയത്തൂർ ഗ്രാമീൺ ബാങ്ക് ശാഖയിൽ നിന്ന് 24.26 ലക്ഷം രൂപയും കാർഷിക-ഗ്രാമവികസന ബാങ്കിന്റെ അഗസ്ത്യന്മുഴി ശാഖയിൽനിന്ന് 7.2 ലക്ഷം രൂപയുമാണ് മുക്കുപണ്ടം പണയപ്പെടുത്തി ഇവർ കൈക്കലാക്കിയത്.
ഇങ്ങനെ കടുത്ത സമ്മർദ്ദത്തിലാണ് ജൂവൽ അപ്രൈസർമാരുടെ തൊഴിൽ. പത്ത് വർഷം മുമ്പ് നിശ്ചയിച്ച് ജുവൽ അപ്രൈസർ കമ്മീഷൻ പുനഃപരിശോധിക്കുക, മിനിമം കമ്മീഷൻ 50 രൂപയാക്കുക, വീഴ്‌ച്ചകളുടെ പേരിൽ ഉടനടി പിരിച്ചുവിടുന്നതിന് പകരം കൃത്യമായ പരിശോധനകൾ നടത്തിയിട്ട് നടപടികൾ സ്വീകരിക്കുക, പാനൽ റീ അപ്രൈസിങ് സംവിധാനം പുനഃപരിശോധിക്കുക, തൊഴിൽഭദ്രത, സാമ്പത്തിക ഭദ്രത എന്നിവ ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗ്രാമീൺ ബാങ്ക് ചെയർമാന് പലതവണ അഭ്യർത്ഥിച്ചും അനുഭാവപൂർവ്വമായ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.