- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എംസി കമറുദ്ദീൻ ഗുണ്ടകളുമായെത്തി ജൂവലറിയിൽ നിന്നും കവർന്നത് 25 കിലോ സ്വർണം; അന്ന് മൂന്നര കോടി രൂപയുടെ സ്വർണത്തിന് ഇന്ന് വില പന്ത്രണ്ടര കോടി രൂപയോളം; കേസ് ഒതുക്കാൻ മഞ്ചേശ്വരം എംഎൽഎ ശ്രമിക്കുന്നത് പൊലീസിനെ സ്വാധീനിച്ചെന്നും തലശ്ശേരി മർജാൻ ജൂവലറി ഉടമ; മുസ്ലിം ലീഗ് എംഎൽഎ എംസി കമറുദ്ദീനെതിരെ ഗുരുതര ആരോപണവുമായി കെകെ ഹനീഫ
കാസർകോട്: മുസ്ലിം ലീഗ് എംഎൽഎ എംസി കമറുദ്ദീനെതിരെ കൂടുതൽ പരാതികൾ. കമറുദ്ദീൻ 2007-ൽ ഗുണ്ടകളുമായി എത്തി 25 കിലോ സ്വർണം കവർന്നെന്ന് ആരോപിച്ച് ജൂവലറി ഉടമ രംഗത്തെത്തി. തലശ്ശേരി മർജാൻ ജൂവലറി ഉടമ കെകെ ഹനീഫയാണ് കമറുദ്ദീനെതിരെ പരാതിയുമായി രംഗത്തെത്തിയത്. അന്ന് മൂന്നര കോടി രൂപ വില വരുന്ന സ്വർണ്ണമാണ് എംഎൽഎയുടെ തേതൃത്വത്തിൽ കവർന്നതെന്നും നഷ്ടപ്പെട്ട സ്വർണ്ണത്തിന് ഇന്നത്തെ നിരക്ക് അനുസരിച്ച് പന്ത്രണ്ടര കോടിയോളം വില വരുമെന്നും ഹനീഫ വ്യക്തമാക്കി. കമറുദ്ദീനെതിരെ തലശ്ശേരി, കൊയിലാണ്ടി കോടതികളിൽ കേസുണ്ട്. പൊലീസിനെ സ്വാധീനിച്ച് കേസ് ഒതുക്കാൻ കമറുദ്ദീൻ ശ്രമിച്ചിരുന്നുവെന്നും ഹനീഫ പറയുന്നു. കേസിൽ കൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മഞ്ചേശ്വരം എംഎൽഎ എം സി ഖമറൂദ്ദീന്റെ നേതൃത്വത്തിൽ ലീഗ് നേതാക്കൾ നടത്തിയ ജൂവലറി നിക്ഷേപ തട്ടിപ്പ് ഞെട്ടിപ്പിക്കുന്നതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് പ്രസ്താവനയിൽ പറഞ്ഞു. ഇതിന്റെ മുഴുവൻ വിവരങ്ങളും പുറത്തുകൊണ്ടുവരാൻ ഉന്നതതല അന്വേഷണം സർക്കാർ നടത്തണമെന്നും പാർട്ടി ആവശ്യപ്പെട്ടു.നിക്ഷേപ തട്ടിപ്പിൽ 33 കേസാണ് ഇതുവരെ രജിസ്റ്റർ ചെയ്തത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു എംഎൽഎക്കെതിരെ ഇത്രയധികം കേസ്ര ജിസ്റ്റർ ചെയ്യപ്പെടുന്നത്. വ്യാജ സർട്ടിഫിക്കറ്റാണ് നിക്ഷേപകർക്ക് നൽകിയത്. ഓരോ ദിവസവും നിരവധി ആളുകളാണ് പുതുതായി പരാതിയുമായി മുന്നോട്ടു വരുന്നതെന്നും പാർട്ടി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
150 കോടിയോളം രൂപയാണ് സമാഹരിച്ചതായി വാർത്തകൾ പുറത്തുവന്നിരിക്കുന്നത്. നിക്ഷേപകരെ കമ്പളിപ്പിക്കാനായി അഞ്ച് കമ്പനികളാണ് ഫാഷൻ ഗോൾഡ് ചെയ്ർമാനായ എം.സി ഖമറൂദ്ദീനും എം.ഡിയായ പൂക്കോയതങ്ങളും രജിസ്റ്റർ ചെയ്തത്. 2006 ൽ ഫാഷൻ ഗോൾഡ് ഇന്റെർനാഷണൽ എന്ന പേരിൽ ചന്തേര മാണിയാട്ട് തവക്കൽ കോംപ്ലക്സിലാണ് ആദ്യകമ്പനി രജിസ്റ്റർ ചെയ്തത്. പിന്നീട് 2007 ലും 2008 ലും 2012 ലും 2016 ലുമായാണ് മറ്റുകമ്പനികൾ രജിസ്റ്റർ ചെയ്തത്. ഒരേ മേൽവിലാസത്തിലാണ് കമ്പനികൾ രജിസ്റ്റർ ചെയ്തതെങ്കിലും ഫാഷൻ ഗോൾഡ് ഇന്റെർനാഷണൽ എന്ന സ്ഥാപനമല്ലാതെ മറ്റൊന്നും മാണിയാട്ട് ഉണ്ടായിരുന്നില്ല.
മുസ്ലിം ലീഗിന്റെ ഭാരവാഹികളും ലീഗുമായി അടുത്ത ബന്ധമുള്ളവരും ചേർന്ന് നടത്തുന്ന സ്ഥാപനമെന്ന് പറഞ്ഞ് ജനവിശ്വാസം ആർജ്ജിച്ചാണ് ലീഗ് അണികളായ സമ്പന്നരെയും പാവങ്ങളെയും വലയിൽ വീഴ്‌ത്തിയത്. ലീഗ് നേതാക്കളുടെ സമ്മർദ്ദം കാരണമാണ് ആദ്യം ആരും പരാതി നൽകാൻ തയ്യാറാവാതിരുന്നത്. നേതാക്കൾ ഉറപ്പ് പാലിക്കാത്തതിലാണ് നിക്ഷേപകർ പൊലീസിൽ പരാതി നൽകിയതെന്നും സിപിഎം ചൂണ്ടിക്കാട്ടി.
അതേ സമയം കാസർകോട്ടെ ജൂവലറി തട്ടിപ്പിൽ എംസി കമറുദ്ദീൻ എംഎൽഎക്കെതിരെ മുസ്ലിം ലീഗ് അച്ചടക്ക നടപടിയെടുത്തു. യുഡിഎഫ് ജില്ലാ ചെയർമാൻ സ്ഥാനത്തു നിന്നും കമറുദ്ദീനെ ലീഗ് നേതൃത്വം നീക്കി. ഏറെ പരാതികൾക്കും സമ്മർദ്ദങ്ങൾക്കും പിന്നാലെയാണ് അദ്ദേഹത്തിനെതിരെ നടപടിയെടുക്കാൻ ലീഗ് നേതൃത്വം നിർബന്ധിതമായത്. കാസർകോട്ടെ ജില്ലാ നേതാക്കളെ പാണക്കാട്ടേക്ക് വിളിച്ചു വരുത്തിയാണ് കമറുദ്ദീന് എതിരെ മുസ്ലിം ലീഗ് നടപടി പ്രഖ്യാപിച്ചത്. ജൂവലറി തട്ടിപ്പ് പാർട്ടിയുമായി ബന്ധമുള്ളതല്ലെന്നും വ്യക്തിപരമായ കാര്യമാണെന്നുമുള്ള കമറുദ്ദീന്റെ വാദം പൂർണമായും തള്ളാതെയാണ് അദ്ദേഹത്തിനെതിരെ ലീഗ് നടപടിയെടുത്തത്. കമറുദ്ദീനെതിരെയുള്ള പരാതികൾ കൂടിവരുകയും പരാതിക്കാർ ഭൂരിഭാഗവും മുസ്ലിം ലീഗന്റെ അനുഭാവികളാവുകയും ചെയ്തതോടെയാണ് നടപടിയിലേക്ക് നേതൃത്വം എത്തിയത്.
മറുനാടന് ഡെസ്ക്