- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലക്കിടിയിൽ പ്രണയാഭ്യർത്ഥന നിരസിച്ച വിദ്യാർത്ഥിനിക്ക് കുത്തേറ്റു; പെൺകുട്ടിയെ ആക്രമിച്ച ശേഷം ജീവനൊടുക്കാൻ ശ്രമിച്ച് മണ്ണാർക്കാട് സ്വദേശിയായ യുവാവ്; ഇരുവരും ആശുപത്രിയിൽ; പെൺകുട്ടിയും യുവാവും പരിചയപ്പെട്ടത് ഫേസബുക്ക് വഴി; ആക്രമണം വാക്ക് തർക്കത്തെ തുടർന്ന്
വയനാട്: ലക്കിടിയിൽ വിദ്യാർത്ഥിനിയെ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു. പാലക്കാട് മണ്ണാർക്കാട് സ്വദേശി ദീപുവാണ് വിദ്യാർത്ഥിനിയെ അക്രമിച്ചത്. വയനാട് സ്വദേശിയായ ബിരുദ വിദ്യാർത്ഥിനിക്കാണ് കുത്തേറ്റത്. പ്രണയ അഭ്യർത്ഥന നിരസിച്ചതിനെ തുടർന്നാണ് ദീപു വിദ്യാർത്ഥിനിയെ ആക്രമിച്ചത്.സുഹൃത്തിന്റെ ബൈക്കിലെത്തിയ ദീപു വിദ്യാർത്ഥിനിയുടെ മുഖത്ത് കുത്തി പരുക്കേൽപ്പിക്കുകയായിരുന്നു.മുഖത്തും കൈയ്ക്കും കുത്തേറ്റ പെൺകുട്ടിയെ ഓടിക്കൂടിയ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.
പെൺകുട്ടിയെ ആക്രമിച്ചശേഷം ഇയാൾ ജീവനൊടുക്കാൻ ശ്രമിച്ചു. കൈ ഞരമ്പ് മുറിച്ചാണ് ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ലക്കിടി കോളജിന് സമീപത്തുവച്ചായിരുന്നു അക്രമം. സുഹൃത്തിനോപ്പം ബൈക്കിലാണ് ദീപു ലക്കിടിയിൽ എത്തിയത്.വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റും.
വയനാട് പുൽപ്പള്ളി സ്വദേശിയായ പെൺകുട്ടി രണ്ടാം വർഷ ഫാഷൻ ഡിസൈനിങ് വിദ്യാർത്ഥിയാണ്. ദീപുവും പെൺകുട്ടിയും തമ്മിൽ ഫേസ്‌ബുക്കിലൂടെയാണ് പരിചയം. പ്രവാസിയായ ദീപു അവധിക്ക് നാട്ടിലെത്തിയതായിരുന്നു. ഇന്നലെ ഇയാൾ വയനാട്ടിലേക്ക് കുട്ടിയെ കാണാനായി എത്തിയതാണെന്നാണ് വിവരം.
ഇന്നലെ പെൺകുട്ടിയും ദീപുവും തമ്മിൽ വാക്ക്തർക്കമുണ്ടായിരുന്നു. തുടർന്നാണ് ഇന്ന് കുട്ടിയെ കുത്തിപ്പരിക്കേൽപ്പിച്ചത്. കുട്ടിയെ ആക്രമിച്ചതിന് ശേഷം ദീപു ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൈ ഞരമ്പ് മുറിക്കാൻ ശ്രമിച്ച ദീപുവിനെ വൈത്തിരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
പൊലീസ് വിശദ വിവരങ്ങൾ അന്വേഷിച്ച് വരികയാണ്. യുവാവിനോടോപ്പം മറ്റൊരു സുഹൃത്തും ഉണ്ടായിരുന്നു. ഇയാളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ