തിരുവനന്തപുരം: ' പ്രശസ്തിക്ക് വേണ്ടി എന്തും ചെയ്യുക...കുടുംബത്ത് ചോദിക്കാനും പറയാനും ആരും ഇല്ലാത്തതിന്റെ കുഴപ്പമാ ഇതൊക്കെ. പല വിമർശനങ്ങളും അതിരുവിട്ടതാണ്. ഗൃഹലക്ഷ്മിയുടെ കവർപേജിൽ മുലയൂട്ടുന്ന അമ്മയായി പ്രത്യക്ഷപ്പെട്ടതിന്റെ പേരിൽ ജിലു ജോസഫിനെതിരെ സോഷ്യൽ മീഡിയയിൽ വാളെടുത്തവരെല്ലാം വെളിച്ചപാടുമാരാകുകയാണ്. എന്നാൽ, താൻ ഇതൊന്നും കേട്ട് കൂസുന്ന ആളല്ല ജിലു. തന്റെ നിലപാടിൽ ഉറച്ച് നിൽക്കുന്ന കാര്യങ്ങൾ വെട്ടിത്തുറന്നുപറയുന്ന പ്രകൃതം. മറ്റുള്ളവർ എന്തുചിന്തിക്കുന്നു എന്ന് വിചാരിച്ച് വിഷമിക്കുന്ന ശീലവുമില്ല. അതുകൊണ്ട് അമ്മയും സഹോദരിയും വിമർശിക്കുമ്പോഴും തെല്ലും കുലുങ്ങുന്നില്ല ഈ മോഡൽ.

അവിവാഹിതയ്ക്ക് മുലയൂട്ടുന്ന ചിത്രത്തിൽ പ്രത്യക്ഷപ്പെടാൻ പാടില്ലെന്ന വിമർശനമൊന്നും ജിലു കാര്യമാക്കുന്നില്ല.താൻ വിവാഹിതയല്ല എന്നതുശരിയാണ്. എന്നാൽ വിവാഹിതയല്ലാത്തതിനാൽ അതേ കുറിച്ച് സംസാരിക്കാൻ അവകാശമില്ല എന്നുപറയുന്നത് തെറ്റാണ്.തനിക്ക് 27 വയസായെന്നും നിരവധി സ്ത്രീകളെയും അമ്മമാരെയും ദിവസവും കാണുന്നതാണെന്നും പറയുന്നു ജിലു.

തന്റെ അമ്മയും ചേച്ചിമാരും വിശ്വസിക്കുന്നത് താൻ പണത്തിനോ പ്രശസ്തിക്കോ വേണ്ടി ചെയ്തതാണെന്നാണ്. ഒരിക്കലുമല്ല. പ്രശസ്തി എന്ന് പറയുന്നത് ഒരിക്കലും ഒരു തെറ്റല്ല. നമ്മളൊരു പാട്ട് പാടുന്നതോ, കവിത എഴുതുന്നതോ, എന്തിന് ഒരു പൊട്ട് തൊടുന്നതോ പോലും മറ്റുള്ളവർ കാണണം നല്ലത് പറയണം എന്ന് ആഗ്രഹിച്ചിട്ടല്ലേ, ജിലു ചോദിക്കുന്നു.

നെറ്റിയിലെ സിന്ദൂരം എന്തിനായിരുന്നുവെന്നും വിവാഹിതരല്ലാത്ത അമ്മമാർക്കും തുറിച്ചുനോട്ടങ്ങളില്ലാതെ മുലയൂട്ടേണ്ടേ എന്ന ചോദ്യത്തിനും മറുപടിയുണ്ട്.

ഇത് താൻ വനിതാ പ്രസിദ്ധീകരണത്തിന് വേണ്ടി ഏറ്റെടുത്ത അസൈന്മെന്റാണ്.ഇതിൽ അവർക്ക് വേണ്ട രീതിയിലാണ് ഞാൻ ചെയ്യേണ്ടത്. തന്റെ വ്യക്തിപരമായ ക്യാമ്പൈൻ അല്ല ഇത്. ഇന്ന് ഈ നിമിഷം തന്റെ കുഞ്ഞിനെ മാറോടടക്കിപ്പിടിച്ച് സ്വതന്ത്രയായി മറ്റൊന്നും പേടിക്കാതെ മുലയൂട്ടിക്കൊണ്ടിരിക്കുന്ന ലക്ഷക്കണക്കിന് അമ്മമാർക്ക് വേണ്ടിയുള്ളതാണ്, ഭാര്യമാർക്ക് വേണ്ടിയുള്ളതാണ്.'എനിക്ക് താൽപര്യമുണ്ട് എന്ന് പറഞ്ഞ് ഞാനായിട്ട് തുടങ്ങിയ ക്യാമ്പയിനല്ല ഇത്. ഒരു കൂട്ടം ആളുകൾ വർഷങ്ങളായി ചെയ്യുന്ന ക്യാമ്പയിനാണിത്. അതിന്റെ ഒരു മുഖമായിട്ടാണ് എന്നെ തിരഞ്ഞെടുത്തത്. അപ്പോൾ മുലയൂട്ടുന്ന അമ്മമാരെയാണ് നമ്മൾ ലക്ഷ്യം വെയ്ക്കുന്നത്. അമ്മമാരെ നിങ്ങൾ ചെയ്യുന്നത് വലിയൊരു കാര്യമാണെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു.'

ശരീരം വിപണനത്തിനായി ഉപയോഗിച്ചുവെന്ന വിമർശനത്തിനും കഴമ്പില്ല

തന്റെ ശരീരം നല്ല കാര്യത്തിനായി ഉപയോഗിച്ചുവെന്നാണ് കരുതുന്നത്.ആകെയുള്ള ഒരുജീവിതത്തിൽ ശരീരം മാത്രമാണ് തനിക്ക് ഉറപ്പുള്ളത്.
അത് തന്റെ ഭാഗം തന്നെയാണ്. അതിനാൽ ഇതിനെകുറിച്ച് തനിക്ക് ഒരു നാണക്കേടുമില്ല. സമൂഹമോ തള്ളിപ്പറയുന്ന ആളുകളോ ഒന്നും തന്നതല്ല ഈ ശരീരം. അത് തന്റേതാണ് അതിനാൽ ഇത് ഒരു നല്ല കാര്യത്തിന് വേണ്ടി ഉപയോഗിക്കുന്നതിൽ എന്താണ് പ്രശ്നമെന്ന് ജിലു ചോദിക്കുന്നു.

മന:സാക്ഷിയുടെ വിളി കേട്ടു

തന്റെ മനസാക്ഷിക്ക് ശരി എന്നു പൂർണ ബോധ്യമുള്ള കാര്യങ്ങളേ ചെയ്യാറുള്ളൂ. ഇതും അങ്ങനെ തന്നെയായിരുന്നു. എന്തിന്റെയും പോസിറ്റീവ് വശം കാണാൻ ആഗ്രഹിക്കുന്ന ആളാണ് താൻ. ഇതിനെ 'പണത്തിനും പ്രശസ്തിക്കും വേണ്ടി ശരീരപ്രദർശനം നടത്തി' എന്ന പറഞ്ഞു പഴകിയ രീതിയിൽ ചിന്തിക്കുമ്പോഴേ തെറ്റായി തോന്നൂ. എന്തിനു വേണ്ടിയാണ് താൻ ഇത് ചെയ്തത് എന്നറിയാം. പിന്നെ എന്തിനാണ് ടെൻഷൻ? ഇതിന്റെ പേരിൽ എന്തുണ്ടായാലും വരുന്നിടത്തുവച്ചു കാണാം എന്നേ ഉള്ളൂ. എല്ലാ ദിവസവും രാവിലെ എണീറ്റ് ബാത്ത്റൂമിൽ കയറി കണ്ണാടിക്കു മുന്നിൽ നിന്ന് സ്വന്തം നഗ്‌നത കണ്ടാൽ തീരുന്ന പ്രശ്നമേ മലയാളിക്ക് ഉള്ളൂ. തന്റെ ശരീരത്തെക്കുറിച്ച് വളരെ അഭിമാനിക്കുന്ന ആളാണ് താൻ. തന്റെ ശരീരം തന്റെ മാത്രം അവകാശമാണ്.

നല്ല കാര്യത്തെ എതിർക്കുന്നത് എന്തിന്?

ഇത് ഒരു നല്ല കാര്യമല്ലേ. നമ്മൾ എന്തിനാണ് ഇത്ര ബുദ്ധിമുട്ടുന്നത്. എന്തിനാണ് ഇത്ര പേടിക്കുന്നത്. ഇപ്പോൾ നമുക്ക് എന്തും വൾഗാരിറ്റിയാണ്. ഒരു ബ്രായുടെ വള്ളി പുറത്ത് കണ്ടാൽ പെണ്ണുങ്ങൾ തന്നെയാണ് പ്രശ്നം ഉണ്ടാക്കുന്നത്. എത്രയൊക്കെ ആദർശം പറഞ്ഞാലും മെഡിക്കൽ ഷോപ്പിൽ പോയിട്ട് ചേട്ടാ ഒരു സ്റ്റേഫ്രീ എന്നു പറഞ്ഞ് മേടിക്കാൽ എത്ര പേർക്ക് ധൈര്യമുണ്ട്. നമുക്കില്ല. അതുകൊണ്ടാണ് ഇന്നും നമ്മൾ ഫൈറ്റ് ചെയ്യേണ്ടി വരുന്നത്. ഇത് പേരു ദോഷത്തിന് വേണ്ടി ചെയ്തതല്ല. മരിക്കുന്നതിന് മുമ്പ ജീവിച്ചെന്ന് തോന്നാൻ ചെയ്തതാണ് ജിലു ജോസഫ് പറഞ്ഞു.

കടപ്പാട് :ഗൃഹലക്ഷ്മി