കൊച്ചി : പൾസർ സുനിയുടെ അറിവില്ലാതെ സഹതടവുകാരനാണ് ദിലീപിനുള്ള കത്തെഴുതിയെന്ന മുൻ ജയിൽ ഡിജിപി ആർ ശ്രീലേഖയുടെ ആരോപണങ്ങൾ തള്ളി പൾസർ സുനിയുടെ സഹതടവുകാരനായിരുന്ന കേസിലെ സാക്ഷി ജിൻസൺ. ദിലീപിനോടുള്ള ആരാധന മൂത്ത് ശ്രീലേഖ ഐപിഎസ് ഇല്ലാത്ത കാര്യങ്ങൾ പറയുകയാണെന്നാണ് കേസിലെ സാക്ഷി കൂടിയായ ജിൻസൺ പറയുന്നത്. സുനി കാര്യങ്ങൾ പറഞ്ഞ് കൊടുക്കുന്നതും തൊട്ടടുത്ത് ഇരുന്ന് സഹതടവുകാരൻ വിപിൻ ലാൽ എഴുതുന്നതിനും താൻ സാക്ഷിയാണെന്നും ജയിലിലെ സിസിടിവിയിൽ ഇക്കാര്യങ്ങളെല്ലാം വ്യക്തമാണെന്നും അത് കോടതിയുടെ പരിഗണനയിലുണ്ടെന്നും ജിൻസൺ വിശദീകരിച്ചു.

കത്തെഴുതുന്നത് ഞാനും കൂടി ഇരിക്കുമ്പോഴാണ്. ജയിൽ എനിക്ക് ജോലിയുണ്ടായിരുന്നു. ചായ കുടിക്കുന്നതിന് വേണ്ടി സെല്ലിലേക്ക് വരുന്ന സമയത്താണ് കത്ത് എഴുതുന്നത് കണ്ടത്. ആദ്യം ഒരു പേപ്പറിലേക്ക് എഴുതുന്നതും പിന്നീട് മറ്റൊരു പേപ്പറിലേക്ക് മാറ്റി എഴുതുന്നതും കണ്ടതാണ്. ഇതിനെല്ലാം സിസിടിവി തെളിവുമുണ്ട്. അത് വിചാരണഘത്തത്തിൽ കാണിച്ചതാണെന്നും സാക്ഷി കൂടിയായ ജിൻസൺ വിശദീകരിച്ചു.

ജയിലിൽ ഫോൺ ഉപയോഗിച്ചിരുന്നുവെന്ന് വ്യക്തമാണ്. 300 രൂപയുടെ മണിയോഡർ എന്ന കത്തിലെ പരാമർശം ഒരു സൂചന മാത്രമാണ്. ദിലീപ് തനിക്ക് ഒപ്പമുണ്ടെന്ന് സുനിക്ക് ഉറപ്പിക്കാനുള്ള തെളിവായാണ് ആ 300 രൂപ മണിയോഡർ സൂചിപ്പിച്ചത്. ജയിലിൽ വെച്ച് ഫോൺ നാലോ അഞ്ചോ ദിവസം കയ്യിലുണ്ടായിരുന്നു. മറ്റൊരു തടവുകാരൻ വഴി ചെരിപ്പിനുള്ളിൽ ഒളിപ്പിച്ചാണ് ഫോൺ സുനിക്ക് ലഭിച്ചതെന്നും ജിൻസൺ പറഞ്ഞു.

ആർ ശ്രീലേഖ ശുദ്ധ അസംബന്ധമാണ് വിളിച്ചുപറയുന്നത്. അവരിതൊന്നും കണ്ടിട്ടും കേട്ടിട്ടുമില്ല.മാധ്യമങ്ങളിലും മറ്റും കണ്ടും വായിച്ചുമുള്ള അറിവേ ഇക്കാര്യത്തിൽ ശ്രീലേഖയ്ക്കുള്ളൂ. ദിലീപിനെതിരായ തെളിവുകളിൽ പലതും കോടതിക്ക് ബോധ്യപ്പെട്ടതാണ്. ഞാൻ പറഞ്ഞ കാര്യങ്ങളും തെളിയിക്കപ്പെട്ടതാണ്. എന്തുകൊണ്ടാണ് ശ്രീലേഖ ഇപ്പോഴീ വെളിപ്പെടുത്തലുകൾ നടത്തിയതെന്ന് പച്ചവെള്ളം കുടിക്കുന്ന എല്ലാവർക്കും അറിയാം. വെറുതെ ഇങ്ങനെ ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് ശരിക്കും മറുപടി പറയേണ്ട കാര്യമില്ലെന്നും ജിൻസൺ പറയുന്നു.

ഒന്നുകിൽ ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കണം.അല്ലെങ്കിൽ സിസിടിവി ദൃശ്യങ്ങളെല്ലാം പുറത്ത് വിടണം. ദിലീപ് കുറ്റക്കാരനാണെന്നാണ് നൂറുശതമാനവും ഞാൻ വിശ്വസിക്കുന്നത്.കോടതിയകലക്ഷ്യമാകുമെന്നതിനാൽ കൂടുതലൊന്നും ഞാൻ പറയുന്നില്ല. ഇവർക്ക് പരസ്പരം ആരാധന മൂത്ത് ഭ്രാന്തായതാണ്. അതിനൊന്നും മറുപടി പറയേണ്ടതില്ലെങ്കിലും ഇതെല്ലാം കണ്ട ഒരു സാക്ഷി എന്ന നിലയിൽ ഇതൊക്കെ പറഞ്ഞേ പറ്റൂ' ജിൻസൺ പ്രതികരിച്ചു.