സൗജന്യ ഇന്റർനെറ്റ് വാഗ്ദാനവുമായി രംഗത്തെത്തിയ റിലയൻസിന് പിഴച്ചില്ല. നാലുമാസം കൊണ്ട് ജിയോ സിം എടുത്തത് ഏഴേകാൽക്കോടിയാളുകൾ. നോട്ട് പിൻവലിക്കലും സാമ്പത്തിക പ്രതിസന്ധിയുമൊന്നും അംബാനിയുടെ പദ്ധതികളെ തകിടം മറിച്ചില്ലെന്നാണ് സൂചന. ലോകത്തുതന്നെ ഒരു ടെലിക്കോം ദാതാക്കൾ ഇത്രവേഗം ഇത്രയും വളർച്ച കൈവരിക്കുന്നതും ആദ്യമായാണെന്ന് വിലയിരുത്തപ്പെടുന്നു.

ഫോൺവിളികളുടെ കാര്യത്തിൽ ജിയോ ഇപ്പോഴും പൂർണമായും വിജയിച്ചിട്ടില്ലെന്നാണ് കണക്കാക്കുന്നത്. 1000 വിളികളിൽ 175 എണ്ണം പരാജയപ്പെടുന്നു. 1000 വിളികളിൽ അഞ്ചെണ്ണത്തിൽക്കൂടുതൽ പരാജയപ്പെടരുതെന്നാമ് ടെലിക്കോം റെഗുലേഷൻ നിയമത്തിലുള്ളത്. ഈ പ്രശ്‌നം കൂടി പരിഹരിച്ചുകഴിഞ്ഞാൽ ഇന്ത്യയിലെ ഒന്നാമത്തെ ടെലിക്കോം ദാതാക്കളായി റിലയൻസ് മാറുമെന്നും വിലയിരുത്തപ്പെടുന്നു.

ഭാവിയെക്കൂടി മുന്നിൽക്കണ്ട് അത്യാധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാണ് റിലയൻസ് ജിയോയെ ഒരുക്കിയിരിക്കുന്നത്. 5ജിയും അതിനപ്പുറവും വന്നാലും താങ്ങാൻ ജിയോയ്ക്കാവും. എന്നാൽ, ഫോൺവിളികളിലെ തകരാർ പരിഹരിക്കാതെ കിടക്കുന്നതാണ് വെല്ലുവിളി. മറ്റ് ടെലിക്കോം ദാതാക്കൾ ഇക്കാര്യത്തിൽ വരുത്തുന്ന വീഴ്ചകളാണ് ഇതിന് കാരണമെന്ന് റിലയൻസ് ആരോപിക്കുന്നു. ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് സൂപ്പർ വോയ്‌സ് ടെക്‌നോളജിയുടെ സേവനം ലഭിക്കുന്നതിനാണ് ഇത് തടസ്സമാകുന്നതെന്നും റിലയൻസ് ആരോപിക്കുന്നു.

വെറും 83 ദിവസത്തിനുള്ളിൽ റിലയൻസ് അഞ്ച് കോടി ഉപഭോക്താക്കളെ സ്വന്തമാക്കിയിരുന്നു. ദിവസം ആറുലക്ഷം പേരെന്ന കണക്കിലാണ് ജിയോ സിം എടുത്തത്. പുതിയ ഉപഭോക്താക്കൾ വരുന്ന കണക്കിൽ ഫേസ്‌ബുക്കിനെയും വാട്‌സാപ്പിനെയും സ്‌കൈപ്പിനെയും പോലും ജിയോ പിന്നിലാക്കി. ഇത്തരമൊരു നേട്ടത്തിലേക്ക് ജിയോയെ എത്തിച്ചതിന് എല്ലാ ഉപഭോക്താക്കളോടും റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ മുകേഷ് അംബാനി നന്ദി പറയുകയും ചെയ്തു.