പാലക്കാട്: തൃശൂർ പാവറട്ടി സാൻജോസ് പാരിഷ് ആശുപത്രിയിലെ മൂന്നാംവർഷ ജനറൽ നഴ്‌സിങ് വിദ്യാർത്ഥിനിയായ ജിസമോളുടെ ദുരൂഹ മരണത്തെക്കുറിച്ചുള്ള അന്വേഷണം സിബിഐയും അവസാനിപ്പിക്കുന്നു. ജിസമോൾ ആത്മഹത്യ ചെയ്‌തെന്ന നിഗമനത്തിലാണ് സിബിഐയും. അതിനിടെ കേസ് അന്വേഷണത്തിൽ ബാഹ്യ ഇടപടെലുണ്ടെന്ന ആരോപണവും ശക്തമായി. ഇത് കാട്ടി ജിസമോളുടെ കുടുംബം കോടതിയെ സമീപിച്ചിട്ടുണ്ട്. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുംവരെ സമരം തുടരുമെന്ന് ജിസമോളുടെ അമ്മ ബിന്നി ദേവസ്യ ആവർത്തിച്ച് വ്യക്തമാക്കുന്നുണ്ട്.

കേസ് അന്വേഷണം അവസാനിപ്പിക്കാൻ കോടതിയിൽ സിബിഐ റിപ്പോർട്ട് നൽകി കഴിഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ വിശദീകരണം ആവശ്യപ്പെട്ട് കോടതി നോട്ടീസ് നൽകിയിട്ടും പ്രതികരിക്കാൻ സിബിഐ തയ്യാറായിട്ടില്ല. ആറുമാസമായി സിബിഐ ഒളിച്ചു കളി തുടരുകയാണ്. ഇതേ തുടർന്നാണ് അമ്മ കോടതിയിൽ ഹർജി നൽകിയത്. ഇതോടെ കേസ് വീണ്ടും സജീവമാവുകയാണ്. അടുത്ത മാസം 18ന് ഈ കേസ് എറണാകുളം സിജെഎം കോടതി വീണ്ടും പരിഗണിക്കും. മറ്റൊരു അഭയാക്കേസായി ജിസമോളുടെ മരണത്തിലെ അന്വേഷണവും മാറുമെന്നായിരുന്നു സിബിഐ എത്തിയപ്പോഴുണ്ടായിരുന്ന വിലയിരുത്തൽ. എന്നാൽ കാര്യമായ അന്വേഷണത്തിന് സിബിഐ ശ്രമിച്ചില്ലെന്നാണ് ആക്ഷേപം.

തൃശ്ശൂർ ചേറ്റുപുഴ സ്വദേശിനിയായ ജിസമോൾ പി. ദേവസ്സിയെ 2005 ഡിസംബർ 5ന് ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. പാവറട്ടി പൊലീസിൽ രജിസ്റ്റർ ചെയ്ത കേസ് പിന്നീട് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നൽകിയിരുന്നു. അന്വേഷണം വഴിതെറ്റുകയാണെന്ന് ആരോപിച്ചും സിബിഐ അന്വേഷണം ആവശ്യപ്പെട്ടും മാതാവ് ജിമ്മി ദേവസ്യ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹർജി പരിഗണിച്ച് ഹൈക്കോടതിയാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാൽ ഹൈക്കോടതിയും പൊലീസ് അന്വേഷണത്തിന്റെ നിഗമനത്തിൽ തന്നെ എത്തിച്ചേരുകയാണ്.

കേസിൽ പള്ളി വികാരി ഫാദർ പോൾ പയ്യപ്പിള്ളിക്കെതിരെയാണ് ആരോപണം നീളുന്നത്. ശക്തമായ തെളിവുകളുണ്ടായിട്ടും പൊലീസ് ഉദ്യോഗസ്ഥർ അദ്ദേഹത്തെ ചോദ്യംചെയ്തതുപോലുമില്ല. കേസന്വേഷണം ആദ്യം ഏറ്റെടുത്ത പാവറട്ടി എസ്.ഐ. ഇ എം വിജയകുമാർ അന്വേഷണം അട്ടിമറിച്ചു എന്നാണ് ആരോപണം. തുടർന്ന് കേസ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടും ഫലമുണ്ടായില്ല. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസിന്റെ ആദ്യഘട്ടം മുതൽ പൊലീസ് തെളിവുകൾ നശിപ്പിക്കുന്ന രീതിയിലായിരുന്നു അന്വേഷണം നടത്തിയിരുന്നതെന്ന് ജിസയുടെ ബന്ധുക്കൾ പറയുന്നു. എന്നാൽ സിബിഐ എത്തിയിട്ടും ഫാദറിനെതിരായ ആരോപണം പരിശോധിച്ചില്ല.

ജിസമോൾ കൈയിലെ ഞരമ്പു മുറിച്ച് തൂങ്ങിമരിച്ചെന്നാണ് ആശുപത്രി അധികൃതർ അമ്മ ബിന്നി ദേവസ്യയെ അറിയിച്ചത്. പൊലീസ് അസ്വാഭാവിക മരണമായി എഴുതിത്ത്തള്ളിയ കേസ് ഒരു വികാരി നടത്തിയ ക്രൂരമായ കൊലപാതകമായിരുന്നുവെന്ന് തെളിയിക്കാനാവശ്യമായ തെളിവുകളേറെയാണെന്ന് ബന്ധുക്കൾ പറയുന്നു. പോസ്റ്റ്‌മോർട്ടം റിപോർട്ടിലെയും പിന്നീട് നടത്തിയ വിദഗ്ധപരിശോധനയിലെയും കണ്ടെത്തലുകൾ മരണം ക്രൂരമായ മാനഭംഗത്തിനിടയിലെ കൊലപാതകമാണെന്നു വ്യക്തമാക്കുന്നതാണ്. ഒ പോസിറ്റീവ് രക്തവാഹകയായ പെൺകുട്ടിയുടെ ഉടുപ്പിൽനിന്ന് ബി പോസിറ്റീവ് രക്തം കണ്ടെത്തിയതും ദുരൂഹതയുണ്ടാക്കുന്നു.

മോഡൽ പരീക്ഷയിൽ കോപ്പിയടിച്ചതു പിടിച്ചതിൽ മനംനൊന്ത് ജിസമോൾ കൈയിലെ ഞരമ്പുമുറിച്ച് തൂങ്ങിമരിച്ചെന്നാണ് ആശുപത്രി അധികൃതർ ബിന്നി ദേവസ്യയെ അറിയിച്ചത്. സംഭവത്തിന് ഒരാഴ്ച മുമ്പാണ് മോഡൽ പരീക്ഷ നടന്നത്. എന്നാൽ, സംഭവത്തിന്റെ തലേന്നാണ് മോഡൽ പരീക്ഷ നടത്തിയതെന്നായിരുന്നു ആശുപത്രി അധികൃതർ പൊലീസിൽ അറിയിച്ചത്. കൈയിലെ ഞരമ്പിനു പകരം മാംസമാണ് മുറിഞ്ഞിട്ടുള്ളത്. നേഴ്‌സിങിനു പഠിക്കുന്ന കുട്ടിക്ക് ഞരമ്പ് തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നു പറയുന്നത് യാഥാർഥ്യത്തിനു നിരക്കാത്തതാണ്. മുറി മുഴുവൻ വെള്ളമൊഴിച്ച് കഴുകിയിരുന്നു.

ജിസയുടെ വസ്ത്രമെന്നു പറഞ്ഞ് പൊലീസിൽ ഹാജരാക്കിയ ചുരിദാറും അടിവസ്ത്രങ്ങളുമടക്കം വലിച്ചുകീറിയ നിലയിലായിരുന്നു. എന്നാൽ, മൃതദേഹത്തിൽ മറ്റാരുടേയൊ നൈറ്റിയും പുതിയ അടിവസ്ത്രവുമാണ് ഉണ്ടായിരുന്നത്. ജിസമോൾ എപ്പോഴും വാച്ച് ധരിക്കുന്ന പ്രകൃതക്കാരിയാണ്. എന്നാൽ, മൃതദേഹത്തിൽ വാച്ചുണ്ടായിരുന്നില്ല. വാച്ച് കിട്ടിയപ്പോൾ അതിന്റെ ചില്ലുകൾ ഉടഞ്ഞിട്ടുണ്ടായിരുന്നു. സ്ട്രാപ്പും പൊട്ടിയിരുന്നു. പോസ്റ്റ്‌മോർട്ടമക്കമുള്ള റിപോർട്ടുകളിൽ ജിസ മോളുടെ മരണം ക്രൂരമായ മാനഭംഗത്തിനിടയിലെയുള്ള കൊലപാതകമാണെന്നു വ്യക്തമാക്കുന്നതാണ്. പെൺകുട്ടിയുടെ രഹസ്യഭാഗത്തും അടിവസ്ത്രത്തിലും പുരുഷബീജം കണ്ടെത്തിയിരുന്നു.

സംഭവത്തെക്കുറിച്ച് പൊലീസ് സഹപാഠികളുടെ മൊഴിയെടുത്തിരുന്നില്ല. ഇതൊക്കെ ഉയർത്തിയാണ് ബന്ധുക്കൾ ഹൈക്കോടതിയെ സമീപിച്ച് സിബിഐ അന്വേഷണത്തിൽ അനുകൂല വിധി സമ്പാദിച്ചത്. അതും വെറുതെയാകുന്നുവെന്നാണ് സിബിഐയുടെ അന്വേഷണവും വ്യക്തമാക്കുന്നത്.