കൊച്ചി: ജിഷ ഉറങ്ങിയിരുന്നത് ആക്രമണം പ്രതീക്ഷിച്ചു തന്നെയെന്നു പൊലീസിന്റെ മഹസർ. തലയിണയ്ക്കരികിൽ വാക്കത്തി സൂക്ഷിച്ചശേഷമാണ് ജിഷ ഉറങ്ങിയിരുന്നതെന്നു പൊലീസ് മഹസർ വ്യക്തമാക്കുന്നു.

മുമ്പു ജിഷയ്ക്കു ഭീഷണിയുണ്ടായിരുന്നുവെന്നു വ്യക്തമാക്കുന്നതാണ് പൊലീസിന്റെ മഹസർ. തലയണയ്ക്കടിയിൽ സൂക്ഷിച്ചിരുന്ന വാക്കത്തി പൊലീസ് കണ്ടെടുത്തിരുന്നു.

അതേസമയം, പ്രധാന തെളിവായ ചെരുപ്പ് കണ്ടെടുത്തത് വൈകിയെന്നും മഹസറിൽ പറയുന്നു. സംഭവസ്ഥലത്തിന് സമീപത്തുനിന്നും കണ്ടെത്തിയ ചെരുപ്പ് കോടതിയിൽ ഹാജരാക്കിയത് രണ്ടുദിവസം കഴിഞ്ഞാണ്.

ജിഷ മരിച്ചതിനുശേഷം രക്തംപുരണ്ട സാധനങ്ങളുടെ ഒരു ലിസ്റ്റാണ് മഹസറിൽ പ്രധാനമായും പറയുന്നത്. ജിഷയുടെ മൃതദേഹം കിടന്നിരുന്ന സ്ഥലത്തിന്റെ കിഴക്കുവശത്ത് പകുതി മടക്കിയ ഒരു പുൽപായ ഉണ്ടായിരുന്നുവെന്നും അതിനകത്ത് തലയണയ്ക്കുള്ളിൽ ഒരു വാക്കത്തി ഉണ്ടായിരുന്നുവെന്നും മഹസറിൽ പറയുന്നു. 48 സെന്റിമീറ്റർ നീളമുള്ള വാക്കത്തിയാണ് കണ്ടെത്തിയത്. ജിഷയുടെ ചോരക്കറ രണ്ടുമീറ്ററോളം ഉയരത്തിൽ തെറിച്ചുവെന്നും പൊലീസ് രേഖകളിൽ വ്യക്തമാക്കുന്നു.

നേരത്തെ, കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ജിഷയുടെ വീടിന് സമീപം മുൻപ് താമസിച്ചിരുന്ന വ്യക്തിയാണ് പിടിയിലായത്. ബെംഗളൂരുവിൽ വച്ചാണ് ഇയാളെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. മൊബൈൽ ടവർ തെളിവിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്. കൊലപാതകസമയം ഇയാൾ പരിസരത്തുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

ഇതരസംസ്ഥാനക്കാരന്റേത് എന്നു തോന്നിക്കുംവിധമുള്ള പുതിയ രേഖാചിത്രം പൊലീസ് തയാറാക്കിയിട്ടുണ്ട്. എന്നാൽ, സുരക്ഷാ കാരണങ്ങളാൽ രേഖാചിത്രം പൊലീസ് പരസ്യപ്പെടുത്തില്ല. ജിഷയുടെ വീടിനടുത്തെ ഇരിങ്ങോൾക്കാവിൽ തിരച്ചിൽ നടത്തി. കൊലയാളിയുടെ വസ്ത്രങ്ങളും ആയുധങ്ങളും കണ്ടെത്താനും പൊലീസ് ശ്രമം നടത്തി. കൊലനടന്ന ദിവസം ഒരാളെ കാവിൽ കണ്ടതായുള്ള മൊഴിയെ തുടർന്നാണ് പരിശോധന. കൊലയാളിയെന്നു സംശയിക്കുന്ന യുവാവ് ഒരു മാസം മുൻപുവരെ പെരുമ്പാവൂർ മലമുറിയിൽ വാടകയ്ക്കു താമസിച്ചിരുന്നതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിരുന്നു. കൊലയ്ക്കു ശേഷം പീഡിപ്പിച്ചതും മൃതദേഹത്തിൽ ക്രൂരമായി പരുക്കേൽപ്പിച്ചതും ഇതരസംസ്ഥാന തൊഴിലാളികളിലേക്ക് അന്വേഷണം വഴിതിരിക്കാനാണെന്നാണു പൊലീസ് കരുതുന്നത്.