പെരുമ്പാവൂർ: രാജ്യത്തെ ഞെട്ടിച്ച് നിയമ വിദ്യാർത്ഥിനി ജിഷയുടെ കൊലപാതകം ആസൂത്രിതമെന്ന് പൊലീസ് വിലയിരുത്തൽ. ഇന്ന് ഒരാളെ കുടി കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെങ്കിലും പ്രതിയെക്കുറിച്ച് ഇതുവരെ വ്യക്തമായ സൂചനയില്ല. ഇന്ന് കസ്റ്റഡിയിൽ എടുത്തയാളെ കുറുപ്പംപടി പൊലീസ് സ്‌റ്റേഷനിൽ ചോദ്യം ചെയ്തു വരികയാണ്. ഇതുവരെ 40ലധികം പേരെ പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്. അന്യസംസ്ഥാന തൊഴിലാളികളും ജിഷയുടെ അയൽവാസിയും അടക്കം ഇരുപത്തഞ്ചോളം പേരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ചോദ്യം ചെയ്തുവരികയാണ്. അതിനിടെ ജിഷ കൊലക്കേസുമായി ബന്ധപ്പെട്ടു ജിഷയുടെ ഏകസഹോദരി ദീപയുടെ സുഹൃത്തിനെ പൊലീസ് തിരയുകയാണ്. കഞ്ചാവു വിൽപനക്കാരനായ ഇയാളെ സംഭവത്തിനു ശേഷം കാണാതായിരുന്നു. പൊലീസ് തയാറാക്കിയ രേഖാചിത്രവുമായി ഇയാൾക്കു സാദൃശ്യമുണ്ടെന്നു നാട്ടുകാർ പൊലീസിനെ അറിയിച്ചു.

പെൺവാണിഭ സംഘവുമായും ഇയാൾക്കു ബന്ധമുണ്ടെന്നു പൊലീസിനു വിവരം ലഭിച്ചു. ഇയാളെ കണ്ടെത്താൻ പൊലീസ് പത്തംഗ സ്‌ക്വാഡ് രൂപീകരിച്ചു. അച്ഛൻ പാപ്പുവിന്റെ കുറുപ്പംപടി വായ്ക്കരയിലെ വീട്ടിൽ മൂന്നു മാസം മുൻപു ദീപ താമസിച്ചിരുന്നപ്പോൾ സുഹൃത്ത് അവിടെ ചെന്നിരുന്നു. ഭർത്താവുമായി പിരിഞ്ഞ ശേഷം ദീപ ഇടയ്ക്ക് അച്ഛനൊപ്പം താമസിക്കുമായിരുന്നു. അതിനിടയിലാണു സുഹൃത്തിന്റെ സന്ദർശനം. വട്ടോളിപ്പടി കനാൽ ബണ്ട് പുറമ്പോക്കിൽ അമ്മ രാജേശ്വരിയോടൊപ്പം താമസിക്കുന്ന ജിഷയെക്കുറിച്ച് ഇയാൾ ദീപയോടു ചോദിച്ചു മനസിലാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇയാൾക്കെതിരെ അന്വേഷണം നടക്കുന്നത്. മാസങ്ങൾക്കു മുൻപു പാപ്പു പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിയപ്പോൾ പരിചരിക്കാനെത്തിയ ജിഷയെ ഇയാൾ പരിചയപ്പെടുകയും ചെയ്തു. പാപ്പുവിനെ സന്ദർശിക്കാൻ ഇയാൾ ആശുപത്രിയിൽ എത്തുമ്പോൾ ജിഷ പുറത്തേക്കുപോവുമായിരുന്നു. ഈ സാഹചര്യത്തിലാണ് ഇയാളിലേക്ക് അന്വേഷണം എത്തുന്നത്. ഇയാളെ പൊലീസ് പിടികൂടിയെന്നും സൂചനയുണ്ട്. എന്നാൽ ശാസ്ത്രീയ വിശകലനത്തിന് ശേഷം മാത്രം ഇക്കാര്യം പുറത്തുവിട്ടാൽ മതിയെന്നാണ് പൊലീസിന് ഉന്നതങ്ങളിൽ നിന്ന് ലഭിച്ചിരിക്കുന്ന നിർദ്ദേശം.

ജിഷയുടെ വീടിനടുത്തു നിന്നു ലഭിച്ച ഒരു ജോടി ചെരുപ്പ് ഇന്നലെ പെരുമ്പാവൂർ കുറുപ്പുംപടി ഒന്നാം ക്‌ളാസ് മജിസ്‌ട്രേട്ട് കോടതിയിൽ നിന്ന് പൊലീസ് തിരികെ വാങ്ങി. പ്രതിയുടെ പാദങ്ങളുമായി ഒത്തുനോക്കുന്നതിനാണ് പൊലീസ് ഇവ തിരികെ വാങ്ങിയതെന്ന് സൂചനയുണ്ട്. പട്ടാപ്പകൽ ജിഷയുടെ ഒറ്റമുറി വീട്ടിലേക്ക് മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെടാതെ ഒന്നിലധികം പേർക്ക് കടന്നുചെല്ലാനുള്ള സാഹചര്യമില്ല. പ്രതിയുമായി ജിഷയ്ക്ക് മുൻപരിചയമുണ്ടായിരുന്നിരിക്കാം. കൊലയ്ക്ക് ഉപയോഗിച്ച ഒരായുധം പോലും വീട്ടിൽ നിന്ന് കിട്ടാത്തതാണ് കൃത്യം ആസൂത്രിതമാണെന്ന നിഗമനത്തിന് അടിസ്ഥാനം. മാനഭംഗശ്രമം അപ്രതീക്ഷിതമായി കൊലപാതകത്തിൽ കലാശിച്ചതാണെങ്കിൽ എന്തെങ്കിലും തെളിവുകൾ ശേഷിക്കേണ്ടതാണ്. എന്നാൽ, പ്രതിയുടേതെന്ന് കരുതുന്ന ഒരു സാധനവും അന്വേഷണ സംഘത്തിന് കണ്ടെത്താനായിട്ടില്ല. കത്തിയോ ലിവർ പോലുള്ള ആയുധമോ ഉപയോഗിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞിരുന്നു. വീടിന് പരിസരത്ത് നിന്ന് കിട്ടിയ കത്തിയും കമ്പിയും മറ്റും കുറ്റകൃത്യവുമായി ബന്ധപ്പെട്ടതല്ലെന്ന് പൊലീസ് പറയുന്നു.

ആശുപത്രിയുടെ പരിസരത്തുള്ള സ്വകാര്യ വ്യക്തികളുടെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങളും പരിശോധിച്ചു തുടങ്ങി. മുടക്കുഴ തൃക്കയിൽ ജിഷ പുതുതായി നിർമ്മിക്കുന്ന വീടിന്റെ പരിസരത്ത് ഒരിക്കൽ ഇയാളെ കണ്ടതായും സൂചനയുണ്ട്. കൊലയാളി വീട്ടിൽ കയറി ഒളിച്ചിരുന്നു കൊലപാതകം നടന്ന ഏപ്രിൽ 28നു വൈകിട്ട് അഞ്ചിനു പൊതുടാപ്പി!ൽനിന്നു വെള്ളമെടുക്കാൻ ജിഷ പോയിരുന്നു. കുടിവെള്ളവുമായി പോവുന്ന ജിഷയെ കണ്ടതായി അയൽക്കാരുടെ മൊഴിയുണ്ട്. ഈ സമയം അമ്മ രാജേശ്വരി വീട്ടിൽ ഉണ്ടായിരുന്നില്ല. വെള്ളമെടുക്കാൻ പോവുമ്പോൾ ജിഷ വീടു പൂട്ടുന്ന പതിവില്ലായിരുന്നു. അതായത്, വെള്ളമെടുക്കാൻ പോയ ജിഷ മടങ്ങിയെത്തുന്നതുവരെയുള്ള അരമണിക്കൂറിനിടയിൽ കൊലയാളിക്കു വീട്ടിൽ കയറി പതുങ്ങിയിരിക്കാൻ അവസരം ലഭിച്ചിരിക്കാമെന്ന അനുമാനത്തിലാണു പൊലീസ്. ജിഷയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയ ആയുധങ്ങളുൾപ്പെടെയുള്ള തെളിവുകൾ ശാസ്ത്രീയ പരിശോധനയ്ക്കയച്ചു. ജിഷയുടെ സഹപാഠികളെയും ട്രാഫിക് സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു.

ജിഷയെ മാനഭംഗപ്പെടുത്തുന്നതിനപ്പുറം കൊലപ്പെടുത്താൻ തന്നെ ആസൂത്രണം ചെയ്താണ് പ്രതി വീട്ടിൽ കടന്നുകയറിയതെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. അന്വേഷണസംഘത്തെ വഴിതെറ്റിക്കുന്നതിനാണോ ക്രൂരമായ മുറിവുകളുണ്ടാക്കിയതെന്നും സംശയമുണ്ട്. പ്രതി മൊബൈൽ ഫോൺ ഉപയോഗിക്കുന്നയാളാണെന്ന് വ്യക്തമായിട്ടുണ്ട്. അതിനിടെ, സമീപവാസികൾ മനഃപൂർവം കള്ളം പറയുകയാണെന്ന് അന്വേഷണസംഘത്തിന്റെ ഇന്നലത്തെ യോഗം വിലയിരുത്തി. അയൽവാസികളുടെ മൊഴികൾ മുഴുവൻ പരസ്പര വിരുദ്ധമാണ്. ഇത് എന്തിനുവേണ്ടിയാണെന്ന് കണ്ടെത്താൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. സംഭവത്തെക്കുറിച്ച് വ്യക്തമായ അറിവ് സമീപവാസികൾക്കുണ്ടെന്നാണ് പൊലീസ് നിഗമനം.

ജിഷയെ 'ബർക്കിങ്' രീതിയിൽ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയെന്നാണു ഫൊറൻസിക് നിഗമനം. ഇരകൾ ദുർബലരും കൊലയാളി കരുത്തനുമാവുമ്പോഴാണ് ഈ രീതി പ്രയോഗിക്കുന്നതെന്നു ഫൊറൻസിക് വിദഗ്ദ്ധർ പറയുന്നു. ഇരയെ കീഴ്‌പ്പെടുത്തിയ ശേഷം നെഞ്ചിൽ കയറി ഇരുന്ന് ഇരയുടെ കൈകൾ രണ്ടും കൊലയാളി കാലുകൾകൊണ്ടു ചവിട്ടിപ്പിടിച്ചു ചലനരഹിതമാക്കും. പിന്നീടു കഴുത്തു ഞെരിച്ചു കൊലപ്പെടുത്തും. ശ്വാസനാളിയിലെ അസ്ഥിയും (ഹയോയ്ഡ്) തൈറോയ്ഡ് ഗ്രന്ഥിയും തകരും. ജിഷയുടെ മൃതദേഹത്തിൽ ഈ പരുക്കുകൾ കണ്ടിരുന്നു.മരണം ഉറപ്പാക്കാൻ പ്രതി അക്രമം തുടർന്നതിനാലാണു ജിഷയുടെ ഷാൾ വീണ്ടും കഴുത്തിൽ മുറുക്കിയത്. പീഡനവും ക്രൂരമായ മുറിപ്പെടുത്തലും നടന്നത് ഇതിനു ശേഷമാണെന്നാണു ഫൊറൻസിക് നിഗമനം.

അതിനിടെ ജിഷയുടെ കൊലപാതകത്തിൽ പ്രതിയെ ഉടൻ പിടികൂടുമെന്ന് ഡിജിപി ടി.പി.സെൻകുമാർ അറിയിച്ചു. പൊലീസിനെതിരായ വിമർശനങ്ങളെ കാര്യമായെടുക്കുന്നില്ല. കേസിന്റെ കാര്യത്തിൽ പൊലീസിന് വീഴ്ച പറ്റിയിട്ടില്ല. നിയമം അറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്. അന്വേഷണം പൂർത്തിയായ ശേഷം ആരോപണങ്ങൾക്ക് മറുപടി നൽകും. എന്നാൽ, അന്വേഷണം എപ്പോൾ പൂർത്തിയാകുമെന്ന് പറയാനാകില്ലെന്നും ഡിജിപി വ്യക്തമാക്കി. പ്രതിയെ പിടികൂടാൻ തിരിച്ചറിയൽ പരേഡ് വേണ്ടിവരുമെന്നും ഡിജിപി അറിയിച്ചു. അന്വേഷണം ശരിയായ ദിശയിൽ തന്നെയാണ് മുന്നോട്ടു പോകുന്നതെന്നും ജിഷയുടെ വീട് സന്ദർശിച്ച ശേഷം അദ്ദേഹം പറഞ്ഞു.

പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ കൂടുതൽ വീഴ്ചകളും പുറത്തു വന്നു. റീപോസ്റ്റ്‌മോർട്ടത്തിന്റെ വഴിയടച്ച് ജിഷയുടെ മൃതദേഹം ദഹിപ്പിക്കാൻ അനുമതി നൽകിയതും പൊലീസാണെന്ന് തെളിയിക്കുന്ന രേഖകൾ പുറത്തുവന്നു. മൃതദേഹം ദഹിപ്പിക്കുന്നതിൽ നിയമതടസമില്ലെന്ന് ചൂണ്ടിക്കാട്ടി കുറുപ്പംപടി എസ്.ഐ മുനിസിപ്പാലിറ്റി സെക്രട്ടറിക്ക് നൽകിയ കത്താണ് പുറത്തുവന്നത്. വൈകിട്ട് ഏഴ് മണിക്ക് ശേഷം മൃതദേഹം ദഹിപ്പിക്കാൻ പാടില്ലെന്ന ചട്ടം പോലും മറികടന്ന് വൈകിട്ട് ഏഴരയ്ക്കാണ് ജിഷയുടെ മൃതദേഹം ദഹിപ്പിച്ചത്. ജിഷയുടെ മരണത്തിൽ സംസ്ഥാന സർക്കാരിന്റെ അന്വേഷണം ഫലപ്രദമല്ലെന്ന് ദേശീയ വനിതാ കമ്മീഷൻ അറിയിച്ചു. സിബിഐ അന്വേഷണം ആവശ്യമെങ്കിൽ കേന്ദ്രസർക്കാർ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗും വ്യക്തമാക്കിയിട്ടുണ്ട്.