പെരുമ്പാവൂർ: ജിഷ കേസിൽ ആദ്യ അന്വേഷക സംഘത്തിന്റെ ചോദ്യം ചെയ്യലിൽ നിന്നും വഴുതിമാറിയ ഏതാനുംപേരെ പേരെ പുതിയ അന്വേഷക സംഘം വിശദമായി ചോദ്യം ചെയ്യും. ജിഷയുടെ വീടിന് മുന്നിലെ കനാൽ റോഡിലൂടെ വ്യായാമത്തിനായി സ്ഥിരമായിമായി നടന്നിരുന്ന പ്രദേശവാസികളെ മൊഴിരേഖപ്പെടുത്തുന്നതിനായി അന്വേഷക സംഘം പെരുംമ്പാവൂർ ഡി വൈ എസ് പി ഓഫിസിലേക്ക് വിളിപ്പിച്ചിട്ടുണ്ടെന്നാണ് ലഭ്യമായ വിവരം. അതിനിടെ ജിഷ കേസന്വേഷണത്തിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പുരോഗതിയുടെ ക്രഡിറ്റ് തങ്ങൾക്കവകാശപ്പെട്ടതാണെന്ന നിലപാടിലാണ് മുൻ അന്വേഷകസംഘം. തങ്ങൾ സ്വീകരിച്ച നടപടികൾക്കെല്ലാം രേഖകളും സാക്ഷികളും ഉണ്ടെന്നും തെളിവുകൾ നശിപ്പിച്ചെന്ന് തങ്ങൾക്കെതിരെ ആരോപണമുന്നയിച്ചവർക്കുള്ള മറുപിടിയാണ് ഡി എൻ എ ടെസ്റ്റു വഴി പുറത്തുന്ന വിവരങ്ങൾ വ്യക്തമാക്കുന്നതെന്നുമാണ് ഇക്കൂട്ടരുടെ വാദം.

ആദ്യഘട്ട തെളിവെടുപ്പിൽ തങ്ങൾ കുറച്ചുകാലമായി ഇതിലെ നടക്കാറെ ഇല്ലന്നാണ് ഇവരിൽ ചിലർ പൊലീസിന് മൊഴി നൽകിയിരുന്നത്. എന്നാൽ സംഭവ ദിവസവും ഇവരിൽ ചിലർ ഈ റോഡിലൂടെ വൈകിട്ട് 4നും 5നുമിടയിൽ നടന്നതായുള്ള വിശ്വസനീയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവരിൽ നിന്നും മൊഴിയെടുക്കാൻ ഏ ഡി ജി പി ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള പുതിയ അന്വേഷക സംഘം നടപടികൾ സ്വീകരിച്ചിട്ടുള്ളതെന്നാണ് പുറത്തായ വിവരം.ജിഷയുടെ കൊലപാതകി വീടിന് പുറത്തിറങ്ങിയതായി പരിസരവാസികളിൽ നിന്നും മൊഴി ലഭിച്ചിരുന്നു.ഈ അസരത്തിൽ ഇവരിലാരെങ്കിലും ഇയാളെ കണ്ടിട്ടുണ്ടാവാമെന്ന കണക്കൂകൂട്ടലിന്റെ അടിസ്ഥാനത്തിലാണ് നടപ്പുകാരിൽ നിന്നും മൊഴിയെടുക്കാൻ അന്വേഷകസംഘം നടപടികൾ സ്വീകരിച്ചിട്ടുള്ളതെന്നാണ് സൂചന. അതിനിടെ ജിഷയുടെ പിതാവ് പാപ്പുവിനെ ഭീഷണിപ്പെടുത്തിയവരെ കണ്ടത്താൻ അന്വേഷണ സംഘം നീക്കം തുടങ്ങിയിട്ടുണ്ട്. ഇവരെ കണ്ടെത്തിയാൽ അന്വേഷണത്തിന് പുതു ജീവൻ ലഭിക്കുമെന്നാണ് സൂചന.

വാതിലിൽ നിന്നും കണ്ടെടുത്ത രക്തക്കറയിൽ നിന്നും ജിഷയുയെ നഖങ്ങൾക്കിടയിൽ നിന്നും കണ്ടെടുത്ത മംസഭാഗങ്ങളിൽ നിന്നും തിരിച്ചറിഞ്ഞ ഡി എൻ എക്ക് ജിഷയുടെ ചുരിദാറിൽ പറ്റിപ്പിടിച്ചിരുന്ന ഉമിനീരിൽ നിന്നും തിരിച്ചറിഞ്ഞ ഡി എൻ എ യുമായി സാമ്യമുണ്ടെന്നാണ് ഏറ്റവുമൊടുവിൽ പുറത്തുവന്നിട്ടുള്ള വിവരം. ചുരിദാറിലെ ഉമിനീരിന്റെ അംശം വിദഗ്ധ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ സംരക്ഷിച്ചതുമൂലമാണ് ലാബ് ടെസ്റ്റിൽ ഡി എൻ എ ലഭിക്കാൻ കാരണമെന്നും ഇതുമാത്രമാണ് ഈ കേസിൽ ഇതുവരെ നടന്ന അന്വേഷണത്തിൽ മുതൽകൂട്ടായിട്ടുള്ളതെന്നും സംഭവദിവസം കേസ് നടപടികളിൽ സജീവമായിരുന്ന പൊലീസുകാരിലൊരാൾ പേരുവെളിപ്പെടുത്തരുതെന്ന അഭ്യർത്ഥനയോടെ മറുനാടനോട് പറഞ്ഞു.

ജിഷ കേസിൽ തങ്ങളുടെഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലന്നാണ് രേഖകൾ നിരത്തി മുൻ അന്വേഷക സംഘം സമർത്ഥിക്കുന്നത്. തങ്ങൾക്ക് ബന്ധമുള്ള മാദ്ധ്യമപ്രവർത്തകരിൽ ചിലരോട് സൗഹൃദ സംഭാഷണങ്ങളിൽ ഇവർ ഇക്കാര്യം അക്കമിട്ട് നിരത്തുന്നുമുണ്ട് .ജിഷ കൊല്ലപ്പെട്ട ഏപ്രിൽ 28-ലെ കുറുപ്പംപടി പൊലീസിന്റെ കേസ് ഡയറിതന്നെ ഇക്കാര്യം ശരിവയ്ക്കുന്നതാണെന്നാണ് ഇവരുടെ പ്രചാരണം. കേസ് ഡയറിയിലെ വിവരങ്ങൾചുവടെ.

28-ന് രാത്രി 8.45-ടെ സംഭവം നടന്ന വട്ടോളിപ്പടിയിലെ ജിഷയുടെ വീടിന്റെ സമീപവാസിയായ ഗീവറുഗീസ് സ്റ്റേഷനിലേ ലാന്റ് ഫോണിലേക്ക് വിളിച്ച് സമീപത്തെ വീടിന്റെ വാതിൽ തുറക്കുന്നില്ലന്നും ഒരു സ്ത്രീ പുറത്തിരുന്ന് കരയുന്നതായും പറഞ്ഞു. സ്റ്റേഷനിൽ ജി ഡി ചാർജ്ജിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ ഉടൻ വിവരം സ്റ്റേഷനിൽ നിന്നും മീറ്ററുകൾ മാത്രം അകലെ കുറുപ്പംപടി കവലയിൽ ജീപ്പിലുണ്ടായിരുന്ന എസ് ഐ സണ്ണി മത്തായിയെ ആറിയച്ചു. എസ് ഐ പത്തുമിനിട്ടിനുള്ളിൽ വട്ടോളിപ്പടിയിലെ ജിഷയുടെ വീട്ടിലെത്തി.

ഈ സമയം പഞ്ചായത്ത് പ്രസിഡന്റ് സൗമിനി ബാബുവും വാർഡ് മെമ്പർ സിജി സാജുവും വീടിന് മുന്നിൽ ഉണ്ടായിരുന്നു. വിവരമറിഞ്ഞ് അമ്പതോളം പേരും ഈ സമയം ഇവിടെ തടിച്ച് കൂടിയിരുന്നു. എസ് ഐ യുടെ പരിശോധനയിൽ മുൻവശത്തെ വാതിൽ ഉള്ളിൽ നിന്നും കുറ്റിയിട്ടതായി ബോദ്ധ്യമായി. തുടർന്ന് പിൻവാതിൽ തുറക്കുന്നതിനായി എസ് ഐ വീടിന്റെ മറുപുറത്തെത്തി. പഞ്ചായത്തംഗമായ അനിലും ഏതാനും നാട്ടുകാരും ഒപ്പമുണ്ടായിരുന്നു. ചാരിയ നിലയാലായിരുന്ന വാതിൽ തെളിവുകൾ നശിക്കാനിടയുള്ള സാഹചര്യം മുന്നിൽ കണ്ട് ഏറെ ശ്രദ്ധപൂർവ്വമാണ് എസ് ഐ വാതിൽ തുറന്നത്.

ഒറ്റ നോട്ടത്തിൽ തന്നെ കൊലപാതകമെന്ന് വ്യക്തമാവുകയും കേസിന്റെ ആവശ്യത്തിലേക്കായി ജഡം കാണപ്പെട്ട മുറിയുടെ വാതിൽപ്പടിവരെത്തി എസ് ഐ മൊബൈലിൽ ചത്രം പകർത്തുകയും ചെയ്തു. നിമിഷങ്ങൾക്കുള്ളിൽ മുറി അടച്ച് പുറത്തിറങ്ങയ എസ് ഐ സ്റ്റേഷനിൽ വിളിച്ച് രണ്ട് പൊലീസുകാരോട് ഉടൻ സ്ഥലത്തെത്താൻ ആവശ്യപ്പെട്ടു. മിനിട്ടുകൾക്കുള്ളിൽ സ്ഥത്തെത്തിയ പൊലീസുകാരെ എസ് ഐ വീടിന്റെ കാവലിന് ചുമതലപ്പെടുത്തി. 9.15നുള്ളിൽ ഇത്രയും കാര്യങ്ങൾ പൂർത്തിയാക്കിയ എസ് ഐ സംഭവ സ്ഥലത്തുനിന്നുകൊണ്ടുതന്നെ ഡി വൈ എസ് പി യെയും എസ് പി യെയും വിവരം ധരിപ്പിച്ചു. 9.30 തോടെ സ്റ്റേഷനിലെത്തി കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.