കൊച്ചി: സാങ്കേതികവിദ്യയുടെ സഹായത്തോടെ ജിഷാ വധക്കേസിലെ പ്രതികളെ കണ്ടെത്താമെന്ന പ്രതീക്ഷയിൽ എഡിജിപി സന്ധ്യയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം. ഡിജിപി ലോക്‌നാഥ് ബെഹ്‌റയും ഇതിനുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്. എത്രയും വേഗം കേസിൽ തുമ്പുണ്ടാക്കാനാണ് നീക്കം. അല്ലാത്ത പക്ഷം സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന വിലയിരുത്തൽ സജീവമായ സാഹചര്യത്തിലാണ് ഇത്. അതിനിടെ പുതിയ അന്വേഷണ സംഘം പെരുമ്പാവൂർ ട്രാഫിക്ക് പൊലീസ് സ്റ്റേഷൻ കേന്ദ്രീകരിച്ചു ഓഫിസ് തുറന്നു. പൊതുജനങ്ങൾക്ക് അന്വേഷണ സംഘത്തിനു വിവരങ്ങൾ കൈമാറുന്നതിന് 0484-2595009 എന്ന ഫോൺ നമ്പർ നൽകിയിട്ടുണ്ട്.

അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ തെറ്റായ മൊഴികൾ നൽകിയതായി ബോധ്യപ്പെട്ട മൂന്നു പേരിലേക്ക് അന്വേഷണം കേന്ദ്രീകരിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കൊലയാളിയെക്കുറിച്ച് ഇവരിലാർക്കോ വ്യക്തമായ അറിവുണ്ടാവാമെന്നാണു പൊലീസിന്റെ നിഗമനം. നുണപരിശോധന അടക്കമുള്ള ഫൊറൻസിക് പരിശോധനകൾക്ക് ഇവരെ വിധേയരാക്കും. ആദ്യ അന്വേഷണ സംഘം വിശദമായ മൊഴി രേഖപ്പെടുത്തിയ പലരുടേയും മൊഴികൾ രണ്ടാമതു രേഖപ്പെടുത്തിയപ്പോഴാണു മൂന്നു പേരുടെ മൊഴികളിലെ വൈരുധ്യം ശ്രദ്ധിച്ചത്. ഇവരുടെ ഓരോ നീക്കവും നിരീക്ഷണത്തിലാണ്. ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ആദ്യം കേസ് അന്വേഷിച്ച പൊലീസ് സംഘത്തെ വഴിതെറ്റിക്കുന്ന മൊഴികളാണ് ഇവർ നൽകിയതെന്നു ബോധ്യപ്പെട്ടിട്ടുണ്ട്.

അതിനിടെ ജിഷയുടെ അച്ഛൻ പാപ്പുവിനെ ഭീഷണിപ്പെടുത്തിയവരെ കണ്ടെത്താനും ശ്രമം തുടങ്ങിയിട്ടുണ്ട്. ഇവരെ കണ്ടെത്തുന്നതും കേസിൽ നിർണ്ണായക വഴിത്തിരുവുണ്ടാക്കും. അടുത്ത ദിവസം ഡിജിപി ലോക്‌നാഥ് ബെഹ്‌റ പെരുമ്പാവൂരിലെത്തിയ ശേഷം ഇവരെ ഫൊറൻസിക് പരിശോധനകൾക്കു വിധേയമാക്കുന്നതു സംബന്ധിച്ചു തീരുമാനമെടുക്കും. അടുത്ത ബന്ധുക്കൾ, സമീപവാസികൾ എന്നിവരുടെ മൊഴികൾ കേന്ദ്രീകരിച്ചു പൊലീസ് നടത്തിയ അന്വേഷണങ്ങളൊന്നും കൊലയാളിയിലേക്ക് എത്തിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് മൊഴി മാറ്റി പറഞ്ഞവരേയും പാപ്പുവിനെ ഭീഷണിപ്പെടുത്തിയവരേയും സംശയ നിഴലിലേക്ക് കൊണ്ടു വരുന്നത്.

പൊലീസിന്റെ നേരിട്ടുള്ള ചോദ്യങ്ങൾക്കു ജിഷയുടെ അടുത്തബന്ധു നൽകുന്ന പരസ്പര ബന്ധമില്ലാത്ത ഉത്തരങ്ങളും അന്വേഷണ സംഘത്തെ കുഴക്കുന്നുണ്ട്. ജിഷയുടെ കൊലപാതകം സംബന്ധിച്ചു വിവാദ പരാമർശങ്ങൾ അടങ്ങിയ പരാതി മുഖ്യമന്ത്രി പിണറായി വിജയനു സമർപ്പിച്ച ജോമോൻ പുത്തൻപുരയ്ക്കലിന്റെ മൊഴികളും പ്രത്യേക അന്വേഷണ സംഘം ഇന്നു രേഖപ്പെടുത്തും. ഇതും കേസ് അന്വേഷണത്തിൽ നിർണ്ണായകമാകും. പെരുമ്പാവൂരിലെ മുതിർന്ന കോൺഗ്രസ് നേതാവിനെതിരെയാണ് ആരോപണം. വിവാദപരാമർശങ്ങൾക്കുള്ള തെളിവുകൾ ഹാജരാക്കാനും പരാതിക്കാരനോടു പൊലീസ് ആവശ്യപ്പെട്ടു. ഈ തെളിവുകൾ വിലയിരുത്തിയാകും ഏത് ദിശയിലേക്ക് അന്വേഷണം നീളേണ്ടതെന്ന് പൊലീസ് തീരുമാനിക്കുക.

ജിഷ കൊല്ലപ്പെട്ട ഏപ്രിൽ 28 നു ശേഷം പെരുമ്പാവൂർ വിട്ടുപോയി മടങ്ങിയെത്തിയവരെ പൊലീസ് വിളിച്ചുവരുത്തുന്നുണ്ട്. ഈ ദിവസങ്ങളിൽ പെരുമ്പാവൂരിലെ വിവിധ മൊബൈൽ ഫോ!ൺ സിഗ്‌നൽ ടവറുകൾ വഴി കടന്നു പോയ 27 ലക്ഷം ഫോൺവിളികളാണ് അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കുന്നത്. അഞ്ചു ലക്ഷത്തോളം നമ്പറുകളുടെ പരിശോധനയാണ് ഇതുവരെ പൂർത്തിയാക്കിയത്. ഈ കോളുകളുടെ സൂക്ഷ്മ വിശകലനമാണ് നടക്കുന്നത്. ഇതും പ്രതിയിലേക്കെത്താനുള്ള തെളിവു നൽകുമെന്നാണ് പ്രതീക്ഷ. വ്യക്തമായ ഗൂഢാലോചനയും ആസൂത്രണവും കൊലയിൽ നടന്നുവെന്ന് തന്നെയാണ് നിരീക്ഷണം.

നിർഭയ കേസിൽ തെളിവുണ്ടാക്കിയ ഡോക്ടറുടെ ശ്രമവും പാളി

ഡൽഹി കൂട്ടമാനഭംഗക്കേസിൽ പ്രതികളെ ശിക്ഷിക്കാൻ ഉതകുന്ന നിർണായക തെളിവ് കണ്ടെത്തിയ ദന്തഡോക്ടറുടെ സേവനം ജിഷ കൊലക്കേസ് അന്വേഷണ സംഘം ഉപയോഗപ്പെടുത്തി. മൈസൂരിലെ ശ്രീധർമസ്ഥല മഞ്ജുനാഥേശ്വര കോളജ് ഓഫ് ഡെന്റൽ ടെക്‌നോളജിയിലെ ആഷിത് ബി. ആചാര്യയുടെ സേവനമാണ് പഴയ അന്വേഷണ സംഘം ഉപയോഗപ്പെടുത്തിയത്. അദ്ദേഹത്തിന്റെ കണ്ടെത്തൽ പ്രതിയെ തിരിച്ചറിയാൻ പ്രയോജനപ്പെടുമെന്നു കരുതിയെങ്കിലും ഡി.എൻ.എ. പരിശോധനാ ഫലം തിരിച്ചടിയായി.

പെരുമ്പാവൂരിൽ കൊല്ലപ്പെട്ട ജിഷയുടെ ശരീരത്തിലും നിർഭയ സംഭവത്തിലേതുപോലെ പ്രതി കടിച്ച പാടുകൾ കണ്ടെത്തിയിരുന്നു. അന്ന് കസ്റ്റഡിയിലുണ്ടായിരുന്ന ബംഗാൾ സ്വദേശിയുടെ ദന്തഘടന ജിഷയുടെ ശരീരത്തിൽ കണ്ടെത്തിയ കടിയേറ്റ മുറിവുമായി യോജിക്കുകയും ചെയ്തു. ഇത് പഴയ അന്വേഷണ സംഘത്തെ സഹായിച്ച ഫോറൻസിക് വിദഗ്ധൻ ഡോ. ബി. ഉമാദത്തൻ സ്ഥിരീകരിച്ചിരുന്നു. സാഹചര്യത്തെളിവുകളും അനുകൂലമായിരുന്നു. ജിഷ കൊല്ലപ്പെട്ട ദിവസം ഇയാൾ ജിഷയുടെ വീടിനു സമീപം ഉണ്ടായിരുന്നതായി മൊബൈൽ ടവർ കേന്ദ്രീകരിച്ചു നടന്ന അന്വേഷണത്തിൽ വ്യക്തമായിരുന്നു. എന്നാൽ ഡി.എൻ.എ പരിശോധനാ ഫലം നെഗറ്റീവ് ആയതാണു വിനയായത്.

നിർഭയ കേസിലും പ്രതികളുടെ കടിയേറ്റ പാട് കൊല്ലപ്പെട്ട പെൺകുട്ടിയുടെ ദേഹത്തുണ്ടായിരുന്നു. ഇതിനെ ചുറ്റിപ്പറ്റി ആഷിത് നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. പ്രതികളുടെ ദന്തഘടന തിരിച്ചറിഞ്ഞ് ഇതു കസ്റ്റഡിയിലുള്ള പ്രതികളുടേതെന്ന് ശാസ്ത്രീയ പരിശോധനയിലൂടെ തെളിയിക്കുകയായിരുന്നു.