പെരുമ്പാവൂർ: കൊല്ലപ്പെട്ട നിയമ വിദ്യാർത്ഥിനി ജിഷയുടെ കുടുമ്പത്തിന് ലഭിച്ച സഹായധനം വിനിയോഗിക്കുന്നത് സംബന്ധിച്ച് ഗവൺമെന്റ് തലത്തിൽ തീരുമാനമായിട്ടില്ലന്ന് സൂചന. ഇതേക്കുറിച്ച് തനിക്കോ അമ്മക്കോ യാതൊരുവിവരവും ലഭിച്ചിട്ടില്ലന്നും ഇക്കാര്യത്തിൽ ബന്ധപ്പെട്ട അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കുന്നതിനാണ് ലക്ഷ്യമിട്ടിട്ടുള്ളതെന്നും ജിഷയുടെ സഹോദരി ദീപ പറഞ്ഞു. രാജ്യത്തെ നടുക്കിയ കൊലപാതകത്തിന് പിന്നാലെ കുടുംബത്തിന്റെ ദുഃസ്ഥിയറിഞ്ഞ് സഹായഹസ്തവുമായി എത്തിയവരിൽ പലരും ഇക്കാര്യത്തിലെ സർക്കാർ നടപടികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണിപ്പോൾ.

കുടുംബത്തെ സഹായിക്കാൻ കളക്ടർ രാജമാണിക്യം മുൻകൈ എടുത്ത് തുടങ്ങിയ ബാങ്ക് അക്കൗണ്ടിൽ ഇതുവരെ പലവകയിൽ അരകോടിയിലെറെ രൂപ എത്തിയിട്ടുണ്ടെന്നാണ് ഏകദേശകണക്ക്. നടൻ ജയറാം രണ്ടുലക്ഷം രൂപയും കുടുംബശ്രീ പ്രവർത്തകർ നൽകിയ രണ്ടരലക്ഷം രൂപയും സർക്കാർ അനുവദിച്ച പത്തുലക്ഷം രൂപയുമാണ്് ഈ അക്കൗണ്ടിൽ നിക്ഷേപിക്കപ്പെട്ട വലിയ തുകൾ. വിവിധ സംഘടനകളുടെയു വ്യക്തികളുടെയും സംഭാവനയായി ലഭിച്ച തുകയും അക്കൗണ്ടിലേക്ക് എത്തിയിട്ടുണ്ട്. കെ പി സി സി പതിനഞ്ചുലക്ഷം രൂപ രാജേശ്വരിക്ക് കൈമാറിയിട്ടുണ്ട്. ഈ തുക പെരുമ്പാവൂർ അർബൻ ബാങ്ക് ശാഖയിലാണ് നിക്ഷേപിച്ചിട്ടുള്ളത്. രണ്ട് അക്കൗണ്ടുകളിലും നോമിനിയായി ദീപയുടെ പേരാണ് ചേർത്തിട്ടുള്ളത്. ഇതിന് പുറമേ പ്രമുഖ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സാമ്പത്തിക സഹായവും ഇവർക്ക് ലഭിച്ചിട്ടുണ്ടെന്നാണ് പുറത്തായ വിവരം. ഇതേക്കുറിച്ചുള്ള കൃത്യമായ കണക്കുകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.

കെ പി സി സി സമാഹരിച്ച 15 ലക്ഷം രൂപയുടെ ചെക്ക് കെ പി സി സി പ്രസിഡന്റ് വി എം സുധീരൻ ആശുപത്രിയിലെത്തി നൽകിരുന്നു. ഈ തുക ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട് മകൾ ദീപയുമായി രാജേശ്വരി വഴക്കിട്ടിരുന്നെന്നും ഇവർ തമ്മിൽ തർക്കം നിലനിന്നിരുന്നതായും അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. അക്കൗണ്ടിൽ നോമിനിയായി തന്റെ പേര് ചേർക്കണമെന്ന ദീപയുടെ ആവശ്യം രാജേശ്വരി അംഗീകരിക്കാൻ തയ്യാറായില്ലെന്നും ഇതേത്തുടർന്ന് ഇവർ തമ്മിൽ ശക്തമായ വാക്കേറ്റമുണ്ടായെന്നും ഇതിൽ സഹികെട്ട് രാജേശ്വരിയുടെ മുറിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിത കോൺസ്റ്റബിളുമാർ മുറിവിട്ട് പുറത്തിറങ്ങിയെന്നും മറ്റുമായിരുന്നു ഇത് സംമ്പന്ധിച്ചുള്ള പ്രധാന പ്രചാരണം. എന്നാൽ ഇക്കാര്യത്തിൽ കഴമ്പില്ലന്നും പുറേയുള്ള പ്രചാരണങ്ങളിൽ പലതും വാസ്തവ വിരുദ്ധമാണെന്നുമാണ് ദീപയുടെ നിലപാട്.

ജിഷകൊല്ലപ്പെട്ടതിന് അടുത്ത ദിവസങ്ങളിൽ ആശുപത്രിയിൽ തന്നെ സന്ദർശിച്ച അടുത്ത ബന്ധുക്കളിൽ ചിലരെ ഇനി തന്നെ കാണാൻ വരേണ്ടെന്നും തന്റെ കാര്യങ്ങളിൽ ഇടപെടേണ്ടെന്നുംപറഞ്ഞ് മടക്കി അയച്ചതായും വാർത്ത പ്രചരിച്ചിരുന്നു. തന്റെ കൈവ ശം പണമുണ്ടെന്ന് അറിഞ്ഞാണ് ഇതുവരെ തിരിഞ്ഞുനോക്കാത്ത ബന്ധുക്കൾ ഇപ്പോൾ തന്നെ കാണാൻ വരുന്നതെന്നായിരുന്നു അന്ന് രാജേശ്വരിയുടെ പക്ഷം. സംഭവത്തിന് ഏതാനും ദിവസങ്ങൾക്ക് ശേഷം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലെത്തി രാജേശ്വരിയെ കണ്ടശേഷം പുറത്തിറങ്ങിയ അടുത്ത ബന്ധുക്കളിൽ ചിലർ ,തങ്ങളോട് രാജേശ്വരി കയർത്ത് സംസാരിച്ചെന്നും ആട്ടിയിറക്കിയെന്നും മറ്റും മാദ്ധ്യമ പ്രവർത്തകരോട് വെളിപ്പെടുത്തിയിരുന്നു.ജിഷയുടെ മരണത്തെത്തുടർന്നുള്ള മാനസീകാഘതത്താലാണ് അമ്മ ഇത്തരത്തിൽ പെരുമാറുന്നതെന്നും ഇപ്പോൾ ബന്ധുക്കളുമായി അമ്മ സൗഹൃദത്തിലാണെന്നും ദീപ വ്യക്തമാക്കി.

മകൾ ദീപയും മകനും രാജേശ്വരിയ്‌ക്കൊപ്പം ആശുപത്രിയിലുണ്ട്. ഇവർക്കായി സർക്കാർ നിർമ്മിക്കുന്ന വീട് ഈ മാസം അവസാനത്തോടെ പൂർത്തിയാവുമെന്ന് പെരുംമ്പാവൂർ വില്ലേജ് ഓഫീസർ അറിയിച്ചു.