പെരുമ്പാവൂർ: ജിഷ കൊലക്കേസുമായി ബന്ധപ്പെട്ട് ഇതുവരെ നടന്ന സിസി ടി വി ദൃശ്യങ്ങളുടെ പരിശോധനയിൽ കാര്യമായ പുരോഗതിയില്ലെന്ന് അന്വേഷകസംഘം. കൃത്യമായി കൊലപാതകിയെ നിർണ്ണയിക്കുന്നതിന് പര്യാപ്തമായ വീഡിയോ ദൃശ്യങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും ദൃശ്യങ്ങളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായിട്ടില്ലെന്നും ഇതു പൂർത്തിയായാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ കഴിയു എന്നും അന്വേഷക സംഘത്തിലെ ഉന്നത ഉദ്യോഗസ്ഥൻ അറിയിച്ചു.

ജിഷ കൊല്ലപ്പെട്ട ദിവസം, ജിഷയോട് സാമ്യമുള്ള പെൺകുട്ടി മഞ്ഞഷർട്ടിട്ട ആൾക്കു മുന്നിലായി നടന്നുനീങ്ങുന്ന വീഡിയോ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം അന്വേഷകസംഘത്തിന് ലഭിച്ചിരുന്നു. ജിഷയുടെ വീടിനു സമീപത്തെ വളം വിൽപ്പനശാലയിലെ സിസി ടി വി യിൽനിന്നാണ് ദ്യശ്യം ലഭിച്ചത്. ഇതുസംബന്ധിച്ച് മാദ്ധ്യമങ്ങൾ വഴി പുറത്തുവന്ന കാര്യങ്ങൾ സ്ഥിരീകരിക്കാൻ അന്വേഷകസംഘത്തിലെ പ്രമുഖർ ഇപ്പോഴും തയ്യാറായിട്ടില്ല. നിരവധി ദ്യശ്യങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഇവ വിശദമായി പരിശോധിച്ചുവരികയാണെന്നുമാണ് അന്വേഷകസംഘത്തിന്റെ വെളിപ്പെടുത്തൽ. വീഡിയോ ദൃശ്യത്തിലെ പെൺകുട്ടിയുടെയും കൂടെയുള്ള യുവാവിന്റെയും മുഖം ഏറെ മങ്ങിയ നിലയിലുള്ളതാണെന്നാണ് പുറത്തായ വിവരം.

ഇതുമൂലം കൈവശമുള്ള സിസി ടി വി കാമറദൃശ്യം അന്വേഷണത്തിൽ വഴിത്തിരിവാകുമെന്നുള്ള അന്വേഷക സംഘത്തിന്റെ പ്രതീക്ഷയും ഏതാണ്ട് അവസാനിച്ച മട്ടാണ്. നിമിഷങ്ങൾ മാത്രം ദൈർഘ്യമുള്ള ഈ ദൃശ്യത്തിൽ ഇരുവരുടെയും മുഖം വ്യക്തമല്ലെന്നതാണ് അന്വേഷകസംഘത്തെ കുഴയ്ക്കുന്ന പ്രധാന പ്രശ്‌നം. വീഡിയോ ദൃശ്യം കൂടുതതൽ മികവുറ്റതാക്കിയാൽ ഇതു സംബന്ധിച്ചുയർന്ന സംശയം പരിഹരിക്കാൻ കഴിയുമെന്നും ഇതിനുള്ള മികച്ച സാങ്കേതികവിദ്യ ഇപ്പോൾ ലഭ്യമാണെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഇതിനായി അന്വേഷകസംഘം വിദഗ്ധരുടെ സേവനം ലഭ്യമാക്കാൻ നടപടികൾ സ്വീകരിച്ചുവരുന്നതായും അറിയുന്നു.

എഡിറ്റിംഗിൽ കളർ കറക്ഷൻ ആൻഡ് ഗ്രേഡിങ് വിഭാഗത്തിലെ ഫൈനൽ കട്ട് പ്രൊ, പ്രീമിയർ ഫൈനൽ കട്ട് പ്രോ തുടങ്ങിയ സാധാരണ കമ്പ്യൂട്ടറുകളിലെ പ്രോഗ്രാമുകൾ കൊണ്ട് ഇത്തരം ദൃശ്യങ്ങളിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയില്ലെന്നും സിനിമക്കും മറ്റുമുപയോഗിക്കുന്ന ഡാവങ്കി റിസോൾവ് പോലുള്ള പ്രോഗ്രാമുകൾ ഉപയോഗിച്ചാൽ ഇത്തരം ദൃശ്യങ്ങൾ പരമാവധി കൃത്യതയോടെ ലഭിക്കുമെന്നുമാണ് ഈ രംഗത്തെ സാങ്കേതിക വിദഗ്ധരുടെ വിലയിരുത്തൽ. ദൃശ്യങ്ങൾക്ക് യഥാർത്ഥ കളറുകൾ നൽകുന്നതിനും കൃത്യത വരുത്തുന്നതിനും ഈ പ്രോഗ്രാം വഴി സാധിക്കും.

ഡാവങ്കി റിസോൾവ് പോലുള്ള പ്രോഗ്രാമുകൾ പ്രവർത്തിപ്പിക്കുന്നതിനുള്ള കമ്പ്യൂട്ടർ സിസ്റ്റം സജ്ജമാക്കാൻ 60 ലക്ഷവും ഇതിനു മുകളിലും മുടക്കുവരും.കൊച്ചിയിലെ സിനിമ എഡിറ്റിങ് കേന്ദ്രങ്ങളിൽ ഇത്തരം സാങ്കേതികവിദ്യ സർവസാധാരണമായി ഉപയോഗിക്കുന്നുണ്ടെന്നും ഇവിടങ്ങളിലെ എഡിറ്റിങ് വിദഗ്ദ്ധർക്ക് ചുരുങ്ങിയ സമയത്തിനുള്ളിൽ മങ്ങിയതും കൃത്യതയില്ലാത്തതുമായ വീഡിയോ ദൃശ്യങ്ങൾ മികവുറ്റതാക്കാൻ കഴിയുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇത്തരത്തിൽപ്പെട്ട എഡിറ്റിങ് ജോലികൾ ചെയ്യുന്ന പ്രൊഫഷണലുകൾക്ക് മണിക്കൂറിൽ ആയിരം മുതൽ രണ്ടായിരം രൂപവരെ നൽകണം. ഈ സാഹചര്യത്തിൽ ദൃശ്യങ്ങളുടെ പരിശോധനയ്ക്കായി പുറമേനിന്നുള്ള വിദഗ്ധന്റെ സേവനം പ്രയോജനപ്പെടുത്തിയാൽ അത്് കനത്ത സാമ്പത്തിക ബാദ്ധ്യത വരുത്തിവയ്ക്കുന്നതാണ് അന്വേഷകസംഘത്തിന്റെ വിലയിരുത്തൽ. അതിനാൽ ഇക്കാര്യത്തിൽ ഉന്നതങ്ങളിൽനിന്നും അനുമതി ലഭിക്കുന്ന മുറക്ക് തുടർനടപടികളുമായി മുന്നോട്ടുപോകുന്നതിനാണ് അന്വേഷകസംഘം ലക്ഷ്യമിട്ടിട്ടുള്ളത്.

ഇതിനിടെ, കൊലപാതകം സംബന്ധിച്ച് പൊതുജനങ്ങളിൽനിന്നും വിവരങ്ങൾ ശേഖരിക്കാൻ ലക്ഷ്യമിട്ട് കുറുപ്പുംപടി, പെരുമ്പാവൂർ പൊലീസ് സ്‌റ്റേഷൻ പരിധിയിൽ സ്ഥാപിച്ച ഇൻഫർമേഷൻ ബോക്‌സുകളിൽ നിന്നും ഇതുവരെ അന്വേഷകസംഘത്തിന് ഒരു വിവരവും ലഭിച്ചിട്ടില്ല. ബോക്‌സ് സ്ഥാപിക്കുന്നത് സംബന്ധിച്ച് പൊലീസ് ചാനൽ പ്രവർത്തകർക്ക് അറിയിപ്പ് നൽകിയില്ലെന്ന് ആക്ഷേപമുയർന്നിരുന്നു. പത്രങ്ങളും ഇക്കാര്യം വേണ്ട പ്രാധാന്യത്തിലെടുത്തില്ലെന്നാണ് ഇതുസംബന്ധിച്ച് പുറത്തുവന്ന വാർത്തകളിൽ നിന്നും വ്യക്തമായിട്ടുള്ളത്. വിവരം പൊതുജനങ്ങളിലേക്ക് എത്തിയിട്ടില്ലെന്നും ഇതിനായി അന്വേഷകസംഘം കർമ്മപദ്ധതി ആവിഷ്‌കരിച്ചു നടപ്പിലാക്കിയാൽ മാത്രമേ ഇൻഫർമേഷൻ ബോക്‌സുകളിൽ നാമമാത്രമായിട്ടാണെങ്കിലും വിവരങ്ങളെത്താൻ സാധ്യതയുള്ളു എന്നുമാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഇതിനിടെ ഇൻഫർമേഷൻ ബോക്‌സുകൾക്ക് രഹസ്യപൊലീസിന്റെ നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ടെന്നുള്ള പ്രചാരണം വ്യാപകമായിക്കഴിഞ്ഞു. ഇതു മൂലം വിവരം നൽകുന്നതിൽ നാട്ടുകാർ മടികാട്ടുന്നതായാണു പൊതുവെയുള്ള വിലയിരുത്തൽ.