കൊച്ചി : ജിഷ വധക്കേസിൽ പൊലീസ് പുറത്തുവിട്ട രേഖാചിത്രവുമായി സാമ്യമുള്ളയാൾ പത്തനംതിട്ട കോഴഞ്ചേരിയിൽ പിടിയിൽ. പെരുമ്പാവൂർ സ്വദേശി റെജി (40) ആണ് സംശയത്തിന്റെ പേരിൽ പിടിയിലായത്. ജിഷയുടെ ഘാതകന്റെ രേഖാചിത്രവുമായി ഇയാൾക്ക് സാമ്യമുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ കണ്ണും മീശയും രേഖാചിത്രത്തിലേതുപോലെ ആണെന്ന് പൊലീസ് അറിയിച്ചു. ജോലിക്കായി ഇവിടെയെത്തിയതാണ് ഇയാൾ. റെജി മദ്യപാനിയാണെന്നും മദ്യപിച്ച് ബഹമുണ്ടാക്കിയ സംഭവത്തിൽ ഇയാൾക്കെതിരെ നേരെത്തെയും കേസെടുത്തിട്ടുണ്ടെന്നും പൊലീസ് പറയുന്നു. പിടിയിലായ ഇയാളുടെ ഡിഎൻഎ ഉൾപ്പെടെ പരിശോധിക്കാനാണ് പൊലീസ് തീരുമാനം. ഇതിനിടെ, ജിഷയുടെ വീട്ടിൽ ഇടയ്ക്കിടെ സന്ദർശിച്ചിരുന്ന അജ്ഞാത യുവതിയെ കണ്ടെത്താനുള്ള ശ്രമവും പൊലീസിന്റെ ഭാഗത്തു നിന്നും നടന്നുകൊണ്ടിരിക്കുകയാണ്.

ജിഷയുടെ മരണ സ്ഥലത്ത് നിന്ന് പല നിർണ്ണായക വിവരങ്ങളും കിട്ടിയിരുന്നു. എന്നാൽ അതി നിർണ്ണായകമായ തെളിവ് കഴിഞ്ഞ ദിവസം ശാസ്ത്രീയ പരിശോധനയ്ക്ക് ഒടുവിൽ കിട്ടി. ജിഷയുടെ വീടിന്റെ പരിസരത്തു നിന്നു ലഭിച്ച ചെരുപ്പിൽ ജിഷയുടെ രക്തകോശങ്ങൾ കണ്ടെത്തി. പ്രതിയെ ഉറപ്പിക്കാൻ ഏറ്റവും നിർണ്ണായകമാണ് ഇത്. തിരുവനന്തപുരം ഫൊറൻസിക് സയൻസ് ലാബിൽ നടത്തിയ പരിശോധനയിലാണ് ഇത് മനസ്സിലായത്. കൊലയാളിയിലേക്കുള്ള പൊലീസിന്റെ അന്വേഷണം ഇതോടെ ഈ ചെരുപ്പിന്റെ ഉടമയിലേക്കു മാത്രമായി കേന്ദ്രീകരിച്ചേക്കും. എന്നാൽ എങ്ങനെ കണ്ടെത്തുമെന്നത് പ്രതിസന്ധിയാണ്. ജിഷയിൽ നിന്ന് കടിയേറ്റ ആളിനേയും വിരൽ അടയാളം കണ്ടെത്താനും പെരുമ്പാവൂരിലെ എല്ലാവരേയും പൊലീസ് പരിശോധിച്ചിരുന്നു. ചെരുപ്പിന്റെ കാര്യത്തിൽ ഇത് പ്രയാസവുമാകും.

ചെരുപ്പ് ഉപേക്ഷിച്ചു കൊലയാളി കടന്നത് അന്വേഷണം ഇതരസംസ്ഥാന തൊഴിലാളികളിലേക്കു തിരിക്കാനാണെന്ന് ആദ്യഘട്ടത്തിൽ സംശയിച്ചിരുന്നു. എന്നാൽ രക്തകോശം കണ്ടെത്തിയതോടെ ഈ സംശയമാണ് അകലുന്നത്. ചെരുപ്പു ധരിച്ചു കനാലിലേക്കു കുത്തനെ ഇറങ്ങാൻ ബുദ്ധിമുട്ടായതിനാൽ കൊലയാളി ചെരുപ്പ് ഉപേക്ഷിച്ചതാവാനുള്ള സാധ്യതയാണു പൊലീസ് സംശയയിക്കുന്നത്. കൊലയാളിയുടെ രക്തം വീടിന്റെ വാതിൽ കൊളുത്തിൽ പുരണ്ടതും ജിഷയുടെ വസ്ത്രത്തിൽ ഉമിനീർ കണ്ടെത്തിയതും നഖത്തിൽ കൊലയാളിയുടെ ചർമ്മ കോശങ്ങൾ കണ്ടെത്തിയതും പിടിയിലാവുന്ന പ്രതി യഥാർഥ കൊലയാളി തന്നെയാണോ എന്നു സ്ഥിരീകരിക്കാൻ പൊലീസിനു സഹായകരമാണ്.

ഏപ്രിൽ 28 നു കൊലപാതകം നടക്കുമ്പോൾ കൊലയാളി ധരിച്ചിരുന്ന ചെരുപ്പുകൾ ഇതു തന്നെയാണെന്നു സ്ഥിരീകരിക്കുന്ന രീതിയിലാണു ഫൊറൻസിക് പരിശോധനാ ഫലം. ജിഷയുടെ വീടിന്റെ പരിസരത്തു കണ്ടെത്തിയ ചെരുപ്പുകൾ ആ ദിവസങ്ങളിൽ തന്നെ സമീപവാസികൾക്കു തിരിച്ചറിയാനായി പ്രദർശിപ്പിച്ചിരുന്നെങ്കിലും ഉടമയെ കണ്ടെത്താൻ കഴിഞ്ഞില്ല. ചെരുപ്പിൽ സിമന്റ് പറ്റിയിരുന്നതിനാൽ ആ ദിവസങ്ങളിൽ നിർമ്മാണമേഖലയിൽ കടന്നിട്ടുള്ളയാളാണു കൊലയാളിയെന്നു വ്യക്തമായിരുന്നു. പെരുമ്പാവൂർ മേഖലയിൽ ഇത്തരം കറുത്ത റബ്ബർ ചെരുപ്പുകൾ ധരിക്കാറുള്ളത് ഇതരസംസ്ഥാന തൊഴിലാളികളാണെന്നാണു പ്രാഥമിക നിഗമനം. ഉമിനീർ, രക്തം, ചർമ്മ കോശം എന്നിവയിൽ നിന്നു കൊലയാളിയുടെ ഡിഎൻഎ വേർതിരിച്ചെടുത്തിട്ടുണ്ട്. കൊല നടന്നതിനു മുൻപുള്ള ദിവസങ്ങളിൽ സമീപത്തെ ഇതരസംസ്ഥാന തൊഴിലാളി ക്യാപുകൾ, വീടുകൾ എന്നിവിടങ്ങളിൽ നിന്ന് ഇത്തരം കറുത്ത റബ്ബർ ചെരുപ്പുകൾ മോഷണം പോയിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.

അതിനിടെ ജിഷ കൊല്ലപ്പെട്ട ഏപ്രിൽ 28 നും തലേന്നും പിറ്റേന്നും പെരുമ്പാവൂർ കുറുപ്പംപടി മേഖലയിലെ വിവിധ സെൽഫോൺ ടവറുകളിലൂടെ കടന്നു പോയ മൊബൈൽ ഫോൺ സിഗ്‌നലുകളുടെ പരിശോധന സൈബർ സെൽ പൂർത്തിയാക്കി. 27 ലക്ഷം നമ്പറുകളുടെ പരിശോധനയാണു പൂർത്തിയാക്കിയത്. ഇതിൽ 150 നമ്പറുകളുടെ കഴിഞ്ഞ ആറുമാസത്തെ ഫോൺവിളികളുടെ വിശദാംശങ്ങൾ ഇനി പരിശോധിക്കും. ഇതിൽ നൂറിൽ അധികം നമ്പറുകൾ ഇതരസംസ്ഥാന തൊഴിലാളികളുടേതാണ്. പരിശോധിച്ചതിൽ 20 നമ്പറുകൾ ഏപ്രിൽ 28 നു ശേഷം പ്രവർത്തിച്ചിട്ടില്ല. യഥാർഥ തിരിച്ചറിയിൽ രേഖകൾ ഇല്ലാതെയാണ് ഈ നമ്പറുകൾ ഉപയോഗിച്ചിരുന്നത്. ഇവയുടെ ഉപയോക്താക്കളെ കണ്ടെത്തുക എളുപ്പമല്ല.

ജിഷയുടെ നമ്പറിലേക്കോ തിരിച്ചോ വിളിച്ച നമ്പറുകൾ കണ്ടെത്താനാണ് ശ്രമം. ജിഷയുമായി നിരന്തര ബന്ധം പുലർത്തിയവരെ കണ്ടെത്തുകയാണ് ഇതിന്റെ ലക്ഷ്യം.