പെരുമ്പാവൂർ: ജിഷ വധക്കേസ് പ്രതി അമീറുൾ ഇസഌമിനെ പ്രതിചേർക്കാനുള്ള സുപ്രധാന തെളിവെല്ലാം കിട്ടിയെന്ന് പൊലീസ്. ഡിജിപിയായിരുന്ന സെൻകുമാർ നിയോഗിച്ച അന്വേഷണ സംഘം കണ്ടെത്തിയ വസ്തുക്കൾ തന്നെയാണ് നിർണ്ണായകമായത്. ചെരുപ്പും പിന്നെ കത്തിയും. ജിഷയുടെ പറമ്പിൽ നിന്ന് കിട്ടിയ ചെരുപ്പിനെ പിന്തുടർന്നാണ് അമീറുൾ വരെ രണ്ടാമത്തെ അന്വേഷണ സംഘം എത്തിയത്. കൊലയ്ക്ക് ഉപയോഗിച്ച ആയുധത്തെ കുറിച്ച് സംശയമുണ്ടായിരുന്നു. അതും മാറി. സെൻകുമാറിന്റെ പൊലീസ് കണ്ടെത്തിയ കത്തിയിൽ അത് ഉറപ്പിക്കാനുള്ള തെളിവും ഉണ്ടായിരുന്നു.

കൊലപാതകത്തിനു ശേഷം സമീപത്തെ ഒഴിഞ്ഞ പറമ്പിലേക്കു വലിച്ചെറിഞ്ഞ കത്തിയുടെ പിടിക്കുള്ളിൽ കണ്ടെത്തിയ രക്തം ജിഷയുടേതാണെന്നു ഫൊറൻസിക് പരിശോധനയിൽ തെളിഞ്ഞു. ഇതോടെ കേസിൽ അമീറിനെതിരെ ശക്തമായ മറ്റൊരു ശാസ്ത്രീയ തെളിവു കൂടി പൊലീസിനു ലഭിച്ചു. കൊല നടന്നു രണ്ടു ദിവസം കഴിഞ്ഞപ്പോഴാണു സമീപത്തെ പറമ്പിൽ പൊലീസ് നടത്തിയ പരിശോധനയിൽ കറിക്കത്തി കണ്ടെത്തിയത്. അന്നു നടത്തിയ പരിശോധനയിൽ കത്തിയിൽ രക്തക്കറ കണ്ടെത്താൻ കഴിഞ്ഞില്ല. അതുകൊണ്ട് തന്നെ ഈ കത്തിയെ വെറുമൊരു വസ്തുവായി പൊലീസ് കണ്ടു. എന്നാൽ ഡിജിപിയായി ലോക്‌നാഥ് ബെഹ്‌റയെത്തിയപ്പോൾ കത്തി ഫോറൻസിക് പരിശോധനയ്ക്ക് എത്തി. അതിലെ സത്യം പുറത്തുവരുകയും ചെയ്തു.

അമീർ പിടിയിലായതിനു ശേഷം നടത്തിയ തെളിവെടുപ്പിൽ കൊലപാതകത്തിനു ശേഷം കത്തി വലിച്ചെറിഞ്ഞതായി പറഞ്ഞ അതേ സ്ഥലത്തു നിന്നാണു പൊലീസ് നേരത്തെ കത്തി കണ്ടെടുത്തത്. തുടർന്നു കത്തിയുടെ പിടി അഴിച്ചു പരിശോധിച്ചപ്പോൾ ലഭിച്ച രക്തസാംപിൾ ജിഷയുടെ രക്തവുമായി പൊരുത്തപ്പെടുകയായിരുന്നു. കൊലനടത്താൻ ഉപയോഗിച്ച കത്തിയിലും അമീർ സംഭവ സ്ഥലത്തിനു സമീപം ഉപേക്ഷിച്ച ചെരുപ്പിലും ജിഷയുടെ രക്തവും കൊലനടന്ന വീടിന്റെ വാതിലിൽ പ്രതി അമീറിന്റെ രക്തവും കണ്ടെത്തിയത് ഈ കേസിലെ ശക്തമായ തെളിവുകളാണ്. ഇവയ്ക്കു പുറമെയാണു പ്രതിയുടെ ഡിഎൻഎ സാംപിളുകൾ മൃതദേഹത്തിലെ കടിയുടെ പാടുകളിൽ തിരിച്ചറിഞ്ഞത്. ഇതോടെ കൊലപാതകി അമീറുൾ തന്നെയെന്ന് ഏത് കോടതിയിലും സ്ഥാപനിക്കാൻ കഴിയും.

പ്രതിഭാഗം അഭിഭാഷകൻ പി.രാജനു ജയിലിനുള്ളിൽ അമീറിനെ നേരിൽ കണ്ടു സംസാരിക്കാൻ കോടതി അനുവദിച്ച സമയം ഇന്നു വൈകിട്ടു നാലിനാണ്. ഇതിനായി ദ്വിഭാഷിയുടെ സഹായം അഭിഭാഷകൻ തേടിയിട്ടുണ്ട്. പ്രതി അമീറിനെതിരായ മൃഗപീഡന കേസ് എട്ടിനു പരിഗണിക്കുമ്പോൾ കുറുപ്പംപടി മജിസ്‌ട്രേട്ട് കോടതിയിൽ ഇയാളെ ഹാജരാക്കും. ഈ കേസിലും പ്രതിയെ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടും. കാക്കനാട് ജില്ലാ ജയിലിലെത്തിയാണു അമീറിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്.

ജിഷയുടെ കൊലപാതകത്തിനു ശേഷം പെരുമ്പാവൂരിൽ നിന്നു കടന്നുകളഞ്ഞ അനറുൽ ഇസ്‌ലാം, ഹർഷദ് ബറുവ എന്നിവരെ ഇതുവരെ പിടികൂടാൻ ഇനിയും കഴിഞ്ഞിട്ടില്ല. അമീറിന്റെ സുഹൃത്തുക്കളാണ് ഇവർ. ഇവർക്ക് കൊലയിൽ പങ്കുണ്ടെന്നാണ് അമീറുൾ നൽകുന്ന മൊഴി.