തിരുവനന്തപുരം: ജിഷയുടെ കൊലയാളി ആസാം സ്വദേശി ആണെന്നത് ഒരു തരത്തിൽ ഭീഷണിയായത് കേരളത്തിലുള്ള അന്യസംസ്ഥാന തൊഴിലാളികൾക്കാണ്. അനേകായിരം ഇതര സംസ്ഥാന തൊഴിലാളികളുള്ള കേരളത്തിൽ ഇക്കൂട്ടരെ മലയാളികൾ കൂടുതൽ അകറ്റി നിർത്തുന്ന സ്ഥിതിവിശേഷമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ജിഷയുടെ കൊലയാളിയായ അമിറുലിനെ ഇന്നലെ അറസ്റ്റു ചെയ്‌തെങ്കിലും ഇയാളുടെ അഡ്രസ് സംബന്ധിച്ച അവ്യക്തത ഇപ്പോഴും നിലനിൽക്കുന്നുണ്ട്.

ജിഷ വധക്കേസിൽ കേരളാ പൊലീസ് അറസ്റ്റ് ചെയ്ത  അമിയൂർ ഇസ്ലാമിനെപ്പറ്റി കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് അസം പൊലീസ് അറിയിച്ചുവെന്നാണ് റിപ്പോർട്ട്. ഇത് സംബന്ധിച്ച റിപ്പോർട്ട് മനോരമയുടെ അസം ലേഖകനാണ് വ്യക്തമാക്കിയത്. കേരള പൊലീസിൽ നിന്നു ലഭിച്ച വിലാസത്തിന്റെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം നടത്തിയെങ്കിലും പ്രതിയുടെ വീടു കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നു നൗഗാവ് എസ്‌പി വൈ.ടി.ഗ്യാറ്റ്‌സോ പറഞ്ഞതായി മനോരമ റിപ്പോർട്ട് ചെയത്ു. പുതിയ വിലാസം ലഭിച്ചിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഗുവാഹത്തിയിൽ നിന്നു 130 കിലോമീറ്റർ അകലെയുള്ള നൗഗാവിലെ ബർദ്വാ എന്ന സ്ഥലത്താണ് അമിയൂർ ഇസ്ലാമിന്റെ വീട് എന്നാണു വിവരം. ജനസാന്ദ്രതയേറിയ ഒട്ടേറെ ഗ്രാമങ്ങളാണ് ഇവിടെയുള്ളത്. ബംഗ്ലാദേശിൽ നിന്നുള്ള കുടിയേറ്റക്കാരും പൗരത്വം വ്യക്തമല്ലാത്ത വോട്ടർമാരും താമസിക്കുന്ന കേന്ദ്രങ്ങൾ ഇവിടെയുണ്ട്. അമിയൂർ ഇസ്ലാമിനെ കസ്റ്റഡിയിലെടുത്തയുടൻ അസം പൊലീസുമായി കേരള പൊലീസ് ബന്ധപ്പെട്ടിരുന്നു.

അതേസമയം പെരുമ്പാവൂർ ഇരിങ്ങോൾ വൈദ്യശാലപടിയിൽ നിന്നു അമിയൂർന്റെ ബന്ധുവും അറസ്റ്റിലായിട്ടുണ്ട്. തമിഴ്‌നാട്ടിലെ കാഞ്ചിപുരത്തെ ശിങ്കടിവാക്കത്തുനിന്നാണ് പ്രതി അമി ഉൽ ഇസ്ലാമിനെ പിടികൂടിയത്. ഡിഎൻഎ പരിശോധനാഫലത്തിൽനിന്നാണ് പ്രതി ഇയാളെന്ന് ഉറപ്പിച്ചത്. ഇയാളുടെ നാലു സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും സുഹൃത്തുക്കൾ വഴിയും നടത്തിയ അന്വേഷണമാണ് അമി ഉല്ലിലേക്ക് എത്തിച്ചത്. അറസ്റ്റിലായ അമിയൂർ ഇസ്ലാം ആദ്യമൊന്നും കുറ്റം സമ്മതിക്കാൻ തയാറായിരുന്നില്ല. തുടർന്നാണ് സുഹൃത്തുക്കളെ കൂടി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്.

കൊല നടത്തിയശേഷം ഇയാൾ അസമിലേക്ക് മുങ്ങി. പിന്നീട് ബംഗാളിൽ എത്തുകയും അവിടെനിന്ന് തമിഴ്‌നാട്ടിൽ വരുകയുമായിരുന്നു. തമിഴ്‌നാട്ടിൽ എത്തിയശേഷം ഇയാൾ പെരുമ്പാവൂരിലെ സുഹൃത്തുക്കളുമായി ഫോണിൽ ബന്ധപ്പെട്ടത് പൊലീസിന് കൂടുതൽ തുണയായി. മൂന്നുദിവസം മുമ്പാണ് ഇയാളെ കസ്റ്റഡിയിലെടുക്കുന്നത്. തുടർന്നുള്ള ചോദ്യംചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. പിന്നീട് ഡി.എൻ.എ പരിശോധിച്ച് ഉറപ്പുവരുത്തുകയും ചെയ്തു. തൃശൂർ പൊലീസ് ക്‌ളബിലും പൊലീസ് അക്കാദമിയിലുമായിട്ടായിരുന്നു ചോദ്യംചെയ്യൽ.

നേരത്തേ കണ്ടത്തെിയ പ്രതിയുടെ ഡി.എൻ.എ ഇയാളുടേതാണെന്ന് വ്യക്തമായതോടെ വ്യാഴാഴ്ച 4.45ഓടെ ആലുവ പൊലീസ് ക്‌ളബിലേക്ക് കൊണ്ടുവന്നു. മുഖം മറച്ചാണ് കൊണ്ടുവന്നത്. വെള്ളിയാഴ്ച പ്രതിയെ തിരിച്ചറിയൽ പരേഡിന് വിധേയമാക്കുമെന്ന് എ.ഡി.ജി.പി ബി. സന്ധ്യ വ്യക്തമാക്കി. വൈദ്യപരിശോധനയും മറ്റു തെളിവെടുപ്പുകളും പൂർത്തിയാക്കിയശേഷം വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും.