കൊച്ചി: ഒറ്റനോട്ടത്തിൽ ജിഷ കൊലക്കേസിലെ പ്രതി അമീർ ഉളിനെ സമീപവാസിയായ ശ്രീലേഖ എന്ന വീട്ടമ്മ തിരിച്ചറിഞ്ഞു. മൂന്നു തവണ ഓരോരുത്തരെയും സ്ഥാനം മാറ്റിനിർത്തി നടത്തിയ തിരിച്ചറിയൽ പരേഡിൽ പ്രതിയെ തിരിച്ചറിയാനുള്ള അടയാളം ശ്രീലേഖ മജിസ്‌ട്രേറ്റിനെ അറിയിച്ചു. ശ്രീലേഖ മാത്രമാണ് ഇന്നലത്തെ തിരിച്ചറിയൽ പരേഡിൽ പങ്കെടുത്തത്. ജിഷയുടെ തൊട്ട് അയൽവാസിയായ സുരേഷിന്റെ ഭാര്യയാണ് ശ്രീലേഖ. അഞ്ചോളം പേരെ തിരിച്ചറിയൽ പരേഡിൽ പങ്കെടുപ്പിക്കുമെന്നായിരുന്നു സൂചന. പ്രതിയെ കണ്ടുവെന്ന് മൊഴി നൽകിയ മറ്റൊരു അയൽവാസി, പ്രതി ചെരുപ്പ് വാങ്ങിയ ചെരിപ്പുകടക്കാരൻ തുടങ്ങിയവരെയും തിരിച്ചറിയൽ പരേഡിനായി എത്തിക്കേണ്ടതായിരുന്നു. എന്നാൽ ശ്രീലേഖ മാത്രമാണ് തിരിച്ചറിയിൽ പരേഡിന് എത്തിയത്. ഭർത്താവിനോടൊപ്പമാണ് അവർ തിരിച്ചറിയൽ പരേഡിനെത്തിയത്.

കുന്നുംപുറം മജിസ്‌ട്രേറ്റ് ഷിബു ഡൊമിനിക്കിന്റെ മേൽനോട്ടത്തിൽ കാക്കനാട് ജില്ലാ ജയിലിലായിരുന്നു തിരിച്ചറിയൽ പരേഡ്. ക്രൈം ബ്രാഞ്ച് എസ്‌പി: പി.കെ. മധുവിന്റെ നേതൃത്വത്തിൽ അന്വേഷണ ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്നു. തിരിച്ചറിയിൽ പരേഡ് വിജയിച്ചെങ്കിലവും പൊലീസിനെ കുഴക്കുന്ന അനേകം പ്രശ്‌നങ്ങൾ കേസ് അന്വേഷണത്തിൽ ഇപ്പോഴുമുണ്ട്. ഡിഎൻഎ പരിശോധനാ തെളിവിന് അപ്പുറം ഒന്നും തെളിവായി കിട്ടിയിട്ടില്ല. കൊലയ്ക്കുപയോഗിച്ച യഥാർത്ഥ ആയുധവും കണ്ടെത്തിയിട്ടില്ല. അമീറുൾ നാട്ടിലെത്തിയതിനെപ്പറ്റി അസമിലുള്ള ബന്ധുക്കൾ നൽകിയ മൊഴികളും പ്രതിയുടെ മൊഴികളും തമ്മിലുള്ള വൈരുധ്യവും പൊലീസിനെ കുഴക്കുന്നുണ്ട്. സാഹചര്യ തെളിവുകൾ കൂട്ടിയോജിക്കാനും പൊലീസിന് കഴിയുന്നില്ല.

കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്താൻ പൊലീസ് വ്യാപകമായ തിരച്ചിലാണ് നടത്തുന്നത്. ജിഷയുടെ വീടിന്റെ പരിസരവും സമീപ പ്രദേശങ്ങളും അരിച്ചുപെറുക്കിയിരുന്നു. ആയുധം കണ്ടെത്താനായില്ലെങ്കിൽ പ്രോസിക്യൂഷൻ ദുർബലമാകും. ആയുധം കണ്ടെത്തുന്നതിലാണ് ഇപ്പോൾ അന്വേഷണ സംഘത്തിലെ പകുതിയിലേറെപ്പേരും ശ്രമിക്കുന്നതെന്നാണ് സൂചനകൾ. കേസിലെ പ്രധാന തെളിവായിരുന്ന രക്തം പുരണ്ട കത്തിയും മഞ്ഞ ടീഷർട്ടും അമീറുൾ താമസിച്ച മുറിയിൽ നിന്ന് കടത്തിയതായാണ് പൊലീസിന് വിവരം ലഭിച്ചിരിക്കുന്നത്. അമീറുൾ അറസ്റ്റിലായതിന് ശേഷം അന്വേഷണ സംഘം കണ്ടെത്തിയ കത്തി ഉപയോഗിച്ചല്ല കൊലപാതകം നടത്തിയതെന്ന് ഫോറൻസിക് പരിശോധനയിൽ വ്യക്തമായിരുന്നു.

കത്തിയുടെ നീളവും ആകൃതിയും ജിഷയുടെ ശരീരത്തിലെ മുറിവുകളുമായി യോജിക്കുന്നതല്ല. ജിഷയെ കൊല്ലാൻ അമീറുൾ കത്തിയെടുത്തത് സുഹൃത്ത് അനാറുളിന്റെ കൈയിൽ നിന്നാണെന്ന സൂചനയും പൊലീസ് തള്ളിക്കളയുന്നില്ല. ഒരുമിച്ചിരുന്ന് മദ്യപിച്ച ശേഷം അമീറുൾ അനാറുളിന്റെ മുറിയിൽ നിന്ന് കത്തിയെടുത്ത് പുറത്തിറങ്ങിയെന്നാണ് സൂചനകൾ. ജിഷയുടെ കാര്യം പറഞ്ഞ് അനാറുൾ കളിയാക്കിയതും അമീറുളിനെ പ്രകോപിപ്പിച്ചിട്ടുണ്ടെന്നും പൊലീസ് കരുതുന്നുണ്ട്. അമീറുൾ താമസിച്ചിരുന്ന മുറിയിൽ നിന്ന് വസ്ത്രങ്ങളടങ്ങിയ ബാഗ് കൊണ്ടുപോയത് അമീറുളിന്റെ രണ്ടാം ഭാര്യയുടെ ആദ്യ വിവാഹത്തിലെ മകനായിരുന്നു എന്ന് മൊഴിയുണ്ടായിരുന്നു. എന്നാൽ ബാഗിൽ കത്തിയുണ്ടായിരുന്നില്ലെന്നാണ് ഇയാൾ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്.

മുഷിഞ്ഞ വസ്ത്രങ്ങൾ ചവറുകൂനയിൽ ഉപേക്ഷിച്ചതായും മൊഴിയുണ്ടായിരുന്നു. എന്നാൽ ഇവിടെ പരിശോധന നടത്തിയ പൊലീസിന് മഞ്ഞ ടീഷർട്ട് കണ്ടെത്താൻ കഴിഞ്ഞിട്ടുമില്ല. കത്തി ഉപേക്ഷിച്ചത് കനാലിലാണെന്ന് ആദ്യം പറഞ്ഞ അമീറുൾ പിന്നീട് ഇരിങ്ങോൾ കാവിലാണ് കത്തി ഉപേക്ഷിച്ചതെന്ന് മൊഴി മാറ്റിയതും പൊലീസിനെ കുഴക്കുന്നുണ്ട്. അമീറുളിന്റെ വിവരങ്ങൾ തിരക്കി അസമിലെത്തിയ അന്വേഷണ സംഘത്തിനും ചില മൊഴികളുടെ വൈരുധ്യം പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട്. കൊലപാതകത്തിനു ശേഷം അസമിലേക്ക് പോയെന്നാണ് അമീറുളിന്റെ മൊഴി. എന്നാൽ തിരഞ്ഞെടുപ്പിനു മുമ്പ് അമീറുൾ വീട്ടിലെത്തിയെന്നാണ് പിതാവ് പൊലീസിനോട് പറഞ്ഞത്. ഏപ്രിൽ 11നായിരുന്നു അസമിലെ വോട്ടെടുപ്പ്. ജിഷ കൊല്ലപ്പെടുന്നത് ഏപ്രിൽ 28നായിരുന്നു.

അമീറുള്ളിനെ കസ്റ്റഡിയിൽ എടുത്ത് പൊലീസ് വിശദമായി ചോദ്യം ചെയ്യും. ഇതോടെ അഭ്യൂഹങ്ങൾ മാറുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. തിരിച്ചറിയിൽ പരേഡ് പൂർത്തിയായതിനാൽ അമൂറുള്ളിനെ കസ്റ്റഡിയിൽ വാങ്ങാനുള്ള നടപടികൾ പൊലീസ് ഉടൻ തുടങ്ങും.