കൊച്ചി: ജിഷ വധക്കേസ് അന്വേഷണത്തിലെ ദുരൂഹതകൾ മാറുന്നില്ല. പുതിയ പുകമറകൾ ഉയരുകയാണ്. പൊലീസിനെതിരേയും ആരോപണം സജീവമാകുന്നു. മറ്റൊരു ഗൂഢാലോചനയും ഇല്ലെന്നും കാമാസക്തിയിലുള്ള കൊലയാണ് നടന്നതെന്നും വരുന്നാനുള്ള അന്വേഷണമാണ് നടക്കുന്നതെന്നാണ് ആക്ഷേപം. എന്നാൽ ഗൂഢാലോചന വാദം സജീവമാകുന്ന തരത്തിലേക്കാണ് വിവാദങ്ങൾ എത്തുന്നത്. പ്രതി അമീറുൾ ഇസ്ലാമിന്റെ സുഹൃത്ത് അനറും കഴിഞ്ഞ വർഷം നവംബർ 18നു രാത്രി ജിഷയുടെ മാതാവ് രാജേശ്വരിയെ ഇടിച്ചു തെറിപ്പിച്ച ബൈക്ക് ഓടിച്ചിരുന്ന അനർ ഹസനെന്ന ഇതര സംസ്ഥാന തൊഴിലാളിയും ഒരാൾ തന്നെയാണോ എന്നു കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി. ഇരുവരും ഒരാളാണെങ്കിൽ അന്വേഷണം പുതിയ തലത്തിലെത്തും. ഇതിനൊപ്പം ജിഷ മരിച്ച ശേഷം അവനുമായുള്ള ചങ്ങാത്തം വേണ്ടെന്ന് പറഞ്ഞ് രാജേശ്വരി അലമുറയിട്ട് കരഞ്ഞിരുന്നു. ഇതിലെ സാഹചര്യവും പൊലീസ് അന്വേഷിക്കും. 

ജിഷയുടെ കൊലപാതകത്തിനു ശേഷം കുറുപ്പംപടി വിട്ടുപോയ അമീറുള്ളിന്റെ സുഹൃത്ത് അനറിനെ കണ്ടെത്തിയാലെ ഇക്കാര്യങ്ങളിൽ വ്യക്തത വരുത്താൻ പൊലീസിന് കഴിയൂ. ബൈക്ക് ഇടിപ്പിച്ച കേസിൽ രാജേശ്വരിയുടെ പരാതിയിൽ കുറുപ്പംപടി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. അമീറിന്റെ സുഹൃത്തായ അനർ കേരളാ പൊലീസിന്റെ അന്വേഷണം ആസമിലെത്തിയതോടെ അവിടെ നിന്നു കടന്നു. കേസിൽ അനറിനെ കണ്ടെത്തുക നിർണ്ണായകമാവുകയാണ്. 2015 നവംബർ 18നു രാത്രി ഏഴുമണിക്കായിരുന്നു കുറുപ്പംപടി വട്ടോളിപ്പടിയിലെ കനാൽബണ്ടു റോഡിൽ രാജേശ്വരിയെ ബൈക്കിടിച്ചത്. സംഭവത്തിൽ അസാം നൗഗാവ് സ്വദേശി അനർ ഹസനെതിരെ പൊലീസ് കേസെടുത്തു. അന്നു ജിഷയായിരുന്നു അമ്മയുടെ അടുത്തേക്ക് ഓടിയെത്തി ബൈക്ക് തടഞ്ഞു നി!ർത്തി താക്കോൽ പിടിച്ചുവാങ്ങിയത്. അനർ ഹസനെ തടഞ്ഞു വച്ചു പൊലീസിനു കൈമാറാൻ നേതൃത്വം നൽകിയതും ജിഷയായായിരുന്നു.

പിന്നീട് പ്രതികാര നടപടികളൊന്നും അനറിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ലെങ്കിലും ജിഷയോടു വൈരാഗ്യം തോന്നാൻ ഇതു മതിയായ കാരണമാണെന്നു പൊലീസ് കരുതുന്നു. എന്നാൽ ജിഷയുടെ അമ്മയെ ബൈക്കിടിച്ച് കൊല്ലാൻ ശ്രമിച്ചതിന് പിന്നിലെ കാരണമാണ് പൊലീസിന് ദുരൂഹമായി തോന്നുന്നത്. മറ്റെന്തെങ്കിലും കാരണം ഇതിന് പിന്നിലുണ്ടോയെന്നും പരിശോധിക്കുന്നു. ജിഷയുടെ കൊലനടന്ന 2016 ഏപ്രിൽ 28 നു പ്രതി അമീർ സുഹൃത്തായ അസാം സ്വദേശി അനറിന്റെ മുറിയിലെത്തി മദ്യപിച്ചതായി മൊഴി നൽകിയിട്ടുണ്ട്. ലൈംഗിക താൽപര്യത്തോടെ അമീർ സമീപിച്ചപ്പോൾ ജിഷ പല തവണ ആട്ടിയോടിച്ചിരുന്നു. സംഭവദിവസം ചെരിപ്പൂരി അടിക്കുമെന്നു കാണിച്ചതിനും ശകാരിച്ചതിനും ദൃക്‌സാക്ഷിയുണ്ട്. അതിനു ശേഷം അനറിന്റെ മുറിയിലെത്തി അമീർ ഇക്കാര്യം സുഹൃത്തിനെ അറിയിച്ചു.

തിരികെ ചെന്നു ജിഷയെ ചീത്ത പറയാൻ അനറിനെ കൂട്ടുവിളിച്ചു. 'നീയൊരു ആണല്ലേ, ഒറ്റയ്ക്കു പോയി ചോദിച്ചിട്ടുവാ' എന്നു പറഞ്ഞ സുഹൃത്ത് അമീറിനു മദ്യം പകർന്നു. ഇതാണു കൊലപാതകത്തിനു വഴിയൊരുക്കിയ സംഭവത്തെ കുറിച്ചു പൊലീസിനു ലഭിച്ച വിവരം. അനറിനെ കണ്ടെത്തി ചോദ്യം ചെയ്താലെ കേസിൽ അതീവപ്രാധാന്യമുള്ള ഇക്കാര്യം സ്ഥിരീകരിക്കാൻ അന്വേഷണ സംഘത്തിനു കഴിയൂ. രണ്ട് അനർമാരും ഒരാളാണെന്നു തെളിഞ്ഞാൽ അതു ജിഷ വധക്കേസിന്റെ ഗതിതന്നെ മാറ്റും. അതിനിടെ അമീറിന്റെ സഹോ!ദരൻ ബദറുൽ ഇസ്‌ലാമിനെ പൊലീസ് പെരുമ്പാവൂരിൽ കണ്ടെത്തിയതായും സൂചനയുണ്ട്. ഇതുവരെയുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജിഷ കൊലക്കേസിലോ പിന്നീടു തെളിവു നശിപ്പിക്കുന്നതിലോ ഇയാൾക്കു പങ്കില്ലെന്നാണു പൊലീസ് പറയുന്നത്.

അതിനിടെ അമീറുൾ ഇസ്ലാമിന്റെ ഫോട്ടോയും വീഡിയോയും തിരിച്ചറിയൽ പരേഡിനു മുമ്പ് അയൽവാസികളെ കാണിച്ചിരുന്നതായി വിവരവും പുറത്തുവരുന്നു. ദൃക്‌സാക്ഷിയായ വീട്ടമ്മ സംഭവദിവസം പ്രതിയെ കണ്ട് 50 മീറ്ററിലേറെ ദൂരെ നിന്നാണ്. സംഭവസമയത്തു വട്ടോളിപ്പടിയിൽ മഴ പെയ്തത് ഇവരുടെ കാഴ്ചയെ ബാധിച്ചതായാണു വിവരം. പ്രതി തന്നെയാണെന്ന് മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിൽ സ്ഥിരീകരിക്കുന്നതിനാണു ഫോട്ടോയും വീഡിയോയും മുൻകൂട്ടി കാണിച്ചതെന്നാണ് സൂചന. ജിഷയുടെ ഫോണിലേക്കു വിളിച്ച ഫോൺ കോളുകളാണ് പ്രതിയെ കുടുക്കിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. കോൺട്രാക്ടറുടേയും സുഹൃത്തുക്കളുടേയും ഫോണിൽനിന്ന് ഒമ്പതു കോളുകളാണ് ഇയാൾ വിളിച്ചത്. ഇക്കാര്യം കോൺട്രാക്ടർ അടക്കമുള്ളവരുടെ മൊഴിയിലുണ്ട്. അതേസമയം ജിഷയ്ക്ക് മറ്റൊരു ഫോൺ ഉണ്ടായിരുന്നെന്ന വിശ്വാസത്തിൽ തന്നെയാണ് അന്വേഷണസംഘം മുന്നോട്ടുപോകുന്നത്. പ്രതിയെ ജിഷയുടെ അമ്മ രാജേശ്വരിക്ക് മുൻ പരിചയമുണ്ടായിരുന്നതായും ഇവർ പറയുന്നു. ജിഷ കൊല്ലപ്പെട്ടതറിഞ്ഞ് മോഹാലസ്യപ്പെട്ടു വീണ രാജേശ്വരി ആശുപത്രിയിലേക്ക് പോകുന്നതിനിടെ അവനുമായി ചങ്ങാത്തം വേണ്ടെന്ന് ആവർത്തിച്ചു പറഞ്ഞെന്നാണ് വിശ്വസനീയകേന്ദ്രങ്ങൾ നൽകുന്ന വിവരം. ഇതുസംബന്ധിച്ച് രാജേശ്വരിയിൽ നിന്നു മൊഴിയെടുക്കും. പ്രതിയുമായി മുൻപരിചയമുണ്ടെന്നു തെളിഞ്ഞാൽ കലക്ടറുടെ ജോയിന്റ് അക്കൗണ്ടിൽ സമാഹരിച്ച തുക ഇവർക്ക് കൈമാറാൻ സാധ്യതയില്ലെന്നും അറിയുന്നു. ക

ഴിഞ്ഞ ഫെബ്രുവരിയിൽ രാത്രി ഏഴിന് ഇയാൾ ജിഷയുടെ വീട്ടിൽനിന്ന് ഇറങ്ങി പിറകു വശത്തെ ആളൊഴിഞ്ഞ പറമ്പിലൂടെ ഓടിയത് കണ്ടവരുടെ മൊഴിയും മുൻപരിചയത്തിലേക്കാണ് വഴിതെളിക്കുന്നത്. സംഭവദിവസം രാവിലെ പതിനൊന്നിന് പ്രതിയെ ജിഷയുടെ വീടിനു സമീപം കണ്ടെന്ന അയൽവാസിയുടെ മൊഴിയും നിർണായകമാവും. കേസുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ അയൽവാസിയുടെ പിതാവാണ് ഇയാളെ കണ്ടതായി മൊഴി നൽകിയത്. തനിക്ക് ഇന്ന് ജോലിയില്ലേ എന്നാണ് അയൽവാസി പ്രതിയോട് ചോദിച്ചത്. എന്നാൽ വ്യക്തമായ മറുപടി നൽകാതെയാണ് അമീർ ഉൾ അവിടെനിന്നു പോയത്. പിന്നീടു ജിഷ പുറത്തുപോയി ഉച്ചയ്ക്ക് 1.30നാണ് തിരിച്ചെത്തിയത്. പുറത്തുപോകുന്ന സമയത്ത് ഇയാളെ സംഭവസ്ഥലത്തു കണ്ടതിനു പിന്നിലെ ദുരൂഹതയും നിലനിൽക്കുന്നു. ജിഷ എവിടേക്കാണ് പോയതെന്നു കണ്ടെത്താൻ അന്വേഷണസംഘത്തിനു സാധിച്ചിട്ടില്ല. പിന്നീട് വൈകിട്ട് ഇയാൾ കൃത്യം നിർവഹിച്ചശേഷം രക്തം പുരണ്ട വസ്ത്രങ്ങളും കത്തിയും കുറുപ്പംപടി വൈദ്യശാലപ്പടിയിലുള്ള മുറിയിലെ കിടക്കയ്ക്ക് അടിയിലാണ് ഒളിപ്പിച്ചത്. പിന്നീട് ഇതു മറ്റാരോ എടുത്തുമാറ്റി തെളിവു നശിപ്പിച്ചതായാണ് സൂചന. ഇതെല്ലാം ബാഹ്യശക്തിയുടെ ഇടപെടലിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

ദ്വിഭാഷിയെ പൊലീസ് ഒഴിവാക്കി

ജിഷവധക്കേസിലെ ദ്വിഭാഷിയെ പൊലീസ് ഒഴിവാക്കി. പ്രതി അമീറുൽ ഇസ്ലാമുമായി ആശയ വിനിമയം നടത്താൻ പൊലീസിനെ സഹായിച്ചിരുന്ന ലിപ്‌സൺ വിശ്വാസിനെയാണ് മൊഴിയുടെ വിശദാംശങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്ന് ചൂണ്ടിക്കാട്ടി ഒഴിവാക്കിയിരിക്കുന്നത്.

നിലവിൽ ഒരു ഹിന്ദി ദ്വിഭാഷിയും ഹിന്ദി ഭാഷ അറിയുന്ന ഒരു പൊലീസുകാരനുമാണ് പ്രതിയോട് ആശയവിനിമയം നടത്തുന്നത്. അമീറുളിന് അസാമീസിന് പുറമേ ഹിന്ദിയും അറിയാമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കോടതിയിൽ ഹാജരാക്കവേ അസാമീസ് ഭാഷയിൽ ചോദിച്ച ചോദ്യങ്ങളോട് പ്രതി ഹിന്ദിയിലായിരുന്നു പ്രതികരിച്ചിരുന്നത്.

കഴിഞ്ഞ 15 വർഷങ്ങളായി പൊലീസിന്റെ ദ്വിഭാഷി ആയിരുന്നു നിലവിൽ ഒഴിവാക്കപ്പെട്ട ലിപ്‌സൻ വിശ്വാസ്.

വീട്ടുപകരണങ്ങൾ: കളക്ടറും വിവാദത്തിൽ

ജിഷയുടെ മാതാവ് രാജേശ്വരിക്കായി സർക്കാർ നിർമ്മിച്ചുനൽകുന്ന വീട്ടിലേക്ക് ഉപകരണങ്ങൾ നൽകണമെന്ന് എറണാകുളം ജില്ലാ കളക്ടർ വ്യാപാരികൾക്കു നൽകിയ നിർദ്ദേശം വിവാദമാകുന്നു.

നിർമ്മാണം പുരോഗമിക്കുന്ന വീട്ടിലേക്ക് ഫ്രിഡ്ജ്, വാഷിങ് മെഷീൻ, മിക്‌സി എന്നിവ നൽകണമെന്ന കലക്ടറുടെ നിർദ്ദേശമാണ് വ്യാപാരികൾക്കിടയിൽ പ്രതിഷേധത്തിനിടയാക്കിയത്. കഴിഞ്ഞ ദിവസം ജില്ലാ കലക്ടർ വിളിച്ചുചേർത്ത യോഗത്തിലായിരുന്നു ഇത്. മഴക്കാലപൂർവ ശുചീകരണ പരിപാടികൾക്കു സഹകരണം തേടിയാണ് യോഗം വിളിച്ചതെന്നും അതിനാലാണ് യോഗത്തിൽ പങ്കെടുത്തതെന്നും വ്യാപാരികൾ പറഞ്ഞു.