പെരുമ്പാവൂർ: ജിഷയുടെ കൊലപാതകത്തിൽ സുഹൃത്ത് അനാറുൾ ഇസ്ലാമിനും പങ്കുണ്ടെന്ന്, അറസ്റ്റിലായ പ്രതി അമീറുൾ ഇസ്ലാം പറയുന്നു. എന്നാൽ അമീറിന്റെ മൊഴി അന്വേഷണസംഘം മുഖവിലയ്‌ക്കെടുത്തിട്ടില്ല. അനാറിനെത്തേടി അന്വേഷണസംഘം അസമിൽ തമ്പടിച്ചിട്ട് ദിവസങ്ങളായി. ഇയാളുടെ വിലാസമോ മറ്റു വിവരങ്ങളോ അറിയില്ല. ഈ സാഹചര്യത്തിൽ അന്വേഷണം വഴിമുട്ടുകയാണ്. അനാറിനെ കണ്ടെത്തിയാലേ അമീറുള്ളിന്റെ മൊഴി സ്ഥിരീകരിക്കാൻ പൊലീസിന് കഴിയൂ. കസ്റ്റഡിയിൽ കിട്ടി ദിവസങ്ങളായിട്ടും കൊലപാതകത്തിനുപയോഗിച്ച ആയുധവും സംഭവസമയം ധരിച്ചിരുന്ന വസ്ത്രവും എവിടെയെന്ന സൂചന പോലും കിട്ടിയിട്ടില്ല. ഇതും അന്വേഷണ ഉദ്യോഗസ്ഥർക്ക് തലവേദനയാണ്.

ജിഷയുടെ ശരീരത്തിൽ കൂടുതൽ മുറിവുകളേല്പിച്ചത് അനാറാണെന്നാണ് മൊഴി. തന്റെ നാട്ടുകാരനാണെന്നാണ് അമീർ പറയുന്നത്. ഇവർ ഒന്നിച്ചു താമസിച്ചിരുന്നുവെന്നും അമീർ വെളിപ്പെടുത്തി. ജിഷയുടെ മരണം നടക്കുന്നതിന് ആറുമാസം മുൻപ് ഇവരുടെ വീടിനു മുന്നിൽവച്ച് ബൈക്കിടിച്ച് അമ്മ രാജേശ്വരിക്ക് പരിക്കേറ്റിരുന്നു. സംഭവമറിഞ്ഞെത്തിയ ജിഷ അന്യസംസ്ഥാനക്കാർ ഓടിച്ചിരുന്ന ബൈക്കിന്റെ താക്കോൽ ഊരിയെടുത്തു. പൊലീസ് ഇതുസംബന്ധിച്ച് കേസെടുത്തിരുന്നു. പൊലീസിന്റെ മധ്യസ്ഥതയെത്തുടർന്നാണ് അന്ന് ബൈക്കിന്റെ താക്കോൽ ജിഷ തിരികെ നൽകിയത്. അനാർ ഹസ്സൻ എന്നയാൾക്കെതിരെയാണ് അന്ന് കുറുപ്പംപടി പൊലീസ് കേസെടുത്തത്. ഇയാൾതന്നെയാണ് അനാറുൾ ഇസ്ലാമെന്ന് അന്വേഷണസംഘം സംശയിക്കുന്നു.

അനാറിനെ ചോദ്യംചെയ്‌തെങ്കിൽ മാത്രമേ ഇക്കാര്യങ്ങൾ വ്യക്തമാകൂ. ജിഷയെ ആക്രമിക്കുന്ന കാര്യം അനാറിന് മുൻകൂട്ടി അറിയാമായിരുന്നോ എന്നകാര്യമാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്. അതിനിടെ അമീറുള്ളിന് തീവ്രവാദ ബന്ധമുണ്ടോ എന്നറിയാൻ പ്രത്യേക അന്വേഷണസംഘം അസം തീവ്രവാദ വിരുദ്ധ സേനയുടെ സഹായം തേടി. അസമിൽ അമീറിന്റെ വീട്ടിലെത്തിയ സംഘമാണ് ഇയാൾക്ക് ഉൾഫ, ബോഡോ തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടോ എന്ന് അന്വേഷിച്ചത്. ഇത്തരം സംഘടനകളിൽപ്പെട്ട പലരും കേരളത്തിൽ ഒളിവിൽ കഴിയുന്ന പശ്ചാത്തലത്തിലാണ് അന്വേഷണം. ഇയാളുടെ തീവ്രവാദ ബന്ധം സംബന്ധിച്ച വ്യക്തമായ വിവരങ്ങളൊന്നും അസം പൊലീസിൽ നിന്നു ലഭിച്ചില്ല. തീവ്രവാദികളായ നിരവധി ആളുകൾ കേരളത്തിലേക്ക് ചേക്കേറിയിട്ടുണ്ടെന്നും ഇവരുടെ പൂർണ വിവരങ്ങൾ ലഭ്യമല്ലെന്നും മറുപടി ലഭിച്ചതായാണ് വിവരം.

പത്താം വയസിൽ വീടുവിട്ടിറങ്ങിയ ഇയാൾ കേരളത്തിൽ എത്തുന്നതിനു മുമ്പ് എവിടെയായിരുന്നു എന്ന് വ്യക്തമല്ല. വീടു വിട്ടിറങ്ങിയ ശേഷം വീട്ടുകാരുമായി ബന്ധമില്ലായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ തുടരുന്ന നിസഹകരണം പരിശീലനം ലഭിച്ച തീവ്രവാദികൾക്കു സമാനമാണ്. ഇയാൾ ലൈംഗിക വൈകൃതത്തിന് അടിമയാണെന്നു പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.