കോതമംഗലം: ജിഷകൊലക്കേസ്സിൽ പ്രതി അമിറുൾ ഇസ്ലാം മാത്രമെന്ന് പൊലീസ് സ്ഥിരീകരണം. സുഹൃത്ത് അനാറിന് കൊലയിൽ പങ്കില്ലന്ന് അന്വേഷക സംഘത്തിന് വ്യക്തമായി. കൊലക്കുഷേഷം അമിറുൾ നടത്തിയ ഫോൺവിളിയുടെ അടിസ്ഥാനത്തിലാണ് അനാറിലേക്ക് അന്വേഷണമെത്തിയത്. അനാറിന്റെ മൊബൈൽ ഫോണിൽ നിന്നാണ് അമിറുൾ നാട്ടിലെ സുഹൃത്തുക്കളെ വിളിച്ചതെന്നായിരുന്നു അന്വേഷക സംഘത്തിന്റെ പ്രാഥമീക നിഗമനം.

കഴിഞ്ഞ ദിവസങ്ങളിൽ അന്വേഷകസംഘം നടത്തിയ ചോദ്യം ചെയ്യലിൽ വല്ലത്തുനിന്നും സഹോദരൻ വാങ്ങി നൽകിയ ഫോണാണ് താൻ ഉപയോഗിച്ചതെന്ന് അമിറുൾ വെളിപ്പെടുത്തി.ഇത് സംമ്പന്ധിച്ച് നടത്തിയ വിശദമായ തെളിവെടുപ്പിൽ അമിറുളിന്റെ മൊഴി ശരിയാണെന്ന് വ്യകതമാവുകയും ചെയ്തു. ഇതേത്തുടർന്നാണ് സംഭവവുമായി ബന്ധപ്പെട്ട് അനാറിനെ ചുറ്റിപ്പറ്റി നടത്തിവന്നിരുന്ന അന്വേഷണം അവസാനിപ്പിക്കാൻ ഉദ്യോഗസ്ഥ സംഘം തത്വത്തിൽ തീരുമാനിച്ചിട്ടുള്ളത്. ഇതോടെ യുഡിഎഫ് കൺവീനർ പിപി തങ്കച്ചനെതിരെ ഉയർന്ന ആരോപണങ്ങളും തെറ്റാണെന്ന് കൂടി സമ്മതിക്കുകയാണ് പൊലീസ്. തങ്കച്ചനെതിരെ ഗൂഢാലോചനക്കുറ്റം ആരോപിക്കാൻ തെളിവുകളൊന്നും പൊലീസിന് കിട്ടിയില്ലെന്നാണ് വിശദീകരണം.

അനാറിനെ കണ്ടെത്താൻ അന്വേഷകസംഘം ആസ്സാമിലുൾപ്പെടെ നടത്തി വന്നിരുന്ന അന്വേഷണം വിഫലമായ സാഹചര്യത്തിൽ ഫോൺകോൾ വിഷയത്തിൽ അമിറുൾ പുതിയവെളിപ്പടുത്തലിന് തയ്യാറായത് അന്വേഷക സംഘത്തിന് ആശ്വാസമായിരിക്കുകയാണ്. ചോദ്യം ചെയ്യൽ സമയത്തെല്ലാം ശാന്തസ്വഭാവക്കാരനായി കാണപ്പെട്ട അമിറുൾ വല്ലത്ത് താമസിച്ചിരുന്ന സഹോദരനിലേക്ക് അന്വേഷണമെത്താതിരിക്കാൻ ബോധപൂർവ്വം വിവരങ്ങൾ മറച്ചുവച്ചതായും അന്വേഷക സംഘം കണ്ടെത്തി. കൊലക്കുശേഷം ആലുവ വരെ ബസ്സിൽ പോയെന്നും ഇവിടെ നിന്നും ട്രയിൻ മാർഗ്ഗം നാട്ടിലെത്തിയെന്നുമായിരുന്നു അമിറുൾ അന്വേഷക സംഘത്തിന് നൽകിയ മൊഴി.

ഫോൺകോളിന്റെ നിജസ്ഥിതി അന്വേഷിച്ചിറങ്ങിയ പൊലീസ് സംഘം വല്ലത്തെത്തി സഹോദരൻ ബദറുൾ ഇസ്ലാമിനെ കസ്റ്റയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ഇവിടെ നിന്നും ഓട്ടോയിലാണ് അമിറുൾ ആലുവ റെയിൽവേ സ്‌റ്റേഷനിലെത്തിയതെന്ന് പൊലീസിന് വ്യക്തമായത്. ഓട്ടോ ഡ്രൈവർ അമിറുളിനെ തിരിച്ചറിയുകയും ചെയ്തിരുന്നു. ജിഷയുടെ മൃതദ്ദേഹത്തിലെ മുറിവുകൾ സംബന്ധിച്ച് അമിറുൾ നടത്തിയ വെളപ്പെടുത്തലിലും കഴമ്പില്ലന്ന് ശാസ്ത്രീയ തെളിവെടുപ്പിൽ വ്യക്തമായിട്ടുണ്ട്. മൃതദ്ദേഹത്തിലുണ്ടായിരുന്ന മുറിവുകളെല്ലാം പൊലീസ് കണ്ടെടുത്ത കറിക്കത്തിയിൽ നിന്നും ഏറ്റിട്ടുള്ളതാണെന്ന് ഫോറൻസിക് പരിശോധനയിൽ വ്യക്തമായിട്ടുണ്ട് .

പത്തിൽ താഴെ മുറുവുകളെ താൻ ഏൽപ്പിച്ചിട്ടുള്ളെന്നായിരുന്നു പൊലീസ് ചോദ്യം ചെയ്യലിൽ അമിറിന്റെ വെളിപ്പെടുത്തൽ. പിടിവലിക്കിടയിൽ ജിഷയുടെ ശരീരത്തിലേറ്റ മുറിവുകളെ കുറിച്ചുള്ള അജ്ഞത മൂലമായിരിക്കാം അമിറുൾ ഇക്കാര്യത്തിൽ സംശയം പ്രകടിപ്പിച്ചതെന്നാണ് അന്വേഷക സംഘത്തിന്റെ കണക്കുകൂട്ടൽ. കൊലനടത്തിയത് തന്നെ കളിയാക്കിയതിലുള്ള വിരോധത്താലാണെന്ന വെളിപ്പെടുത്തലിൽ അമിറുൾ ഇപ്പോഴും ഉറച്ചുനിൽക്കുന്നതായി അന്വേഷക സംഘം വെളിപ്പെടുത്തി. ദൂരെ നിന്ന് നേരിൽ കാണുമ്പോഴും ചെരുപ്പൂരി അടിക്കുമെന്ന തരത്തിൽ ജിഷ ആംഗ്യവിക്ഷേപം കാണിച്ചിരുന്നത് തന്നെ വല്ലാതെ രോക്ഷാകൂലനാക്കിയിരുന്നെന്നും ഇതേത്തുടർന്നാണ് കൊലനടത്താൻ കരുക്കൾ നീക്കിയതെന്നും അമിറുൾ അന്വേഷസംഘത്തോട് വെളിപ്പെടുത്തിയതായിട്ടാണ് ലഭ്യമായ വിവരം.

കൊല നടത്തിയതു മുതൽ കസ്റ്റഡിയിലായതുവരെയുള്ള സമയത്തെ കാര്യങ്ങളിൽ അമിറുൾ നടത്തിയ വെളിപ്പെടുത്തലിൽ വസ്ത്രമുപേക്ഷിച്ചത് സംമ്പന്ധിച്ച കാര്യത്തിൽ മാത്രമാണ് ഇപ്പോൾ അവ്യക്തത നിലനിൽക്കുന്നത്.വട്ടോളിപ്പടിയിലെ താമസ്ഥലത്ത് വസ്്ത്രമുപേക്ഷിച്ചെന്നാണ് അമിറുൾ അന്വേഷക സംഘത്തെ ധരിപ്പിച്ചിട്ടുള്ളത്.ഇതുപ്രകാരം ഇവിടെ പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും വസ്ത്രങ്ങൾ കണ്ടുകിട്ടിയില്ല. പിടിയിലായ ഉടൻതന്നെ കത്തിവലിച്ചെറിഞ്ഞ സ്ഥത്തെക്കുറിച്ചും കൊല നടത്തിയ ദിവസം ധരിച്ചിരുന്ന വസ്ത്രങ്ങൾ ഉപേക്ഷിച്ച സ്ഥലത്തേക്കുറിച്ചും അമിറുൾ അന്വേഷക സംഘത്തിന് വിവരം നൽകിയിരുന്നു. കൊലക്ക് മൂന്നുദിവസത്തിന് ശേഷം ജിഷയുടെ വീടിനടുത്തുള്ള കനാലിന്റെ കരയിൽ നിന്നും അമിറുൾ കത്തിവലിച്ചെറിഞ്ഞതായി വെളിപ്പെടുത്തിയ സ്ഥലത്തുനിന്നും ഒരു കറിക്കത്തി പൊലീസ് കണ്ടെടുത്തിരുന്നു.ഈ കത്തിയാണ് കൊലക്ക് അമിറുൾ ഉപയോഗിച്ചതെന്ന് വ്യക്തമായിട്ടുണ്ട്.

നിലവിലെ സാഹചര്യത്തിൽ വസ്ത്രം ഉപേക്ഷിച്ച സ്ഥലത്തേ സംമ്പന്ധിച്ചുള്ള അമിറുളിന്റെ വെളിപ്പെടുത്തൽ അവിശ്വസിക്കേണ്ട കാര്യമില്ലന്നും ഇയാളെ പിടികൂടിയതായുള്ള വാർത്തകൾ പുറത്തുവന്നതിനെത്തുടർന്ന് വട്ടോളിപ്പടിയിലെ താമസസ്ഥലത്തുനിന്നും മുങ്ങിയ ഇയാളുടെ കൂടെയുണ്ടായിരുന്ന താമസക്കാർ വസ്ത്രങ്ങൾ നശിപ്പിച്ചിരിക്കാനാണ് സാദ്ധ്യതയെന്നുമാണ് അന്വേഷക സംഘത്തിന്റെ കണക്കുകൂട്ടൽ. കേസ്സിലെ സുപ്രധാന തെളിവായി കോടതിയിലെത്തേണ്ട വസ്ത്രങ്ങൾ കണ്ടെടുക്കാൻ അന്വേഷക സംഘം അന്വേഷണം തുടരകയാണെന്നാണ് ലഭ്യമായ വിവരം. അമിറുളിനെ തമിഴ്‌നാട്ടിലെ കാഞ്ചീപുരത്തെത്തിച്ച് തെളിവെടുക്കുന്നതിനുള്ള നീക്കങ്ങൾ ഇന്നലെ രാത്രി തന്നെ ആരംഭിച്ചിരുന്നു.കൊലപാതകത്തിന് ശേഷം നാടുവിട്ട അമിറുളിനെ കാഞ്ചീപുരത്തുനിന്നുമാണ് അന്വേഷക സംഘം പിടികൂടിയത്.

ഇവിടെ ഒരുമാസത്തോളം ജോലി ചെയ്തിരുന്ന കൊറിയർ സർവ്വീസ് സ്ഥാപനത്തിലും താമസസ്ഥലത്തുംഅമിറുളിനെ എത്തിച്ച് തെളിവെടുക്കും. കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനാൽ അമിറുളിനെ നാളെ പൊലീസ് പെരുംമ്പാവൂർ കോടതിയിൽ ഹാജരാക്കും.