തിരുവനന്തപുരം: പെരുമ്പാവൂരിൽ കൊല്ലപ്പെട്ട ജിഷയുടെ അച്ഛൻ പാപ്പുവിനെ ഡിഎൻഎ ടെസ്റ്റ് നടത്തിയതിലൂടെ അച്ഛൻ പാപ്പുവല്ലെന്ന് തെളിഞ്ഞതായി ജനം ടിവിയിലെ മറുപടി എന്ന പരിപാടിയിൽ ജോമോൻ പുത്തൻപുരയ്ക്കൽ ആരോപിച്ചു. എന്നാൽ ഇക്കാര്യത്തിൽ വ്യക്തമായ ഉത്തരം നൽകാൻ പൊലീസ് തയ്യാറുമല്ല. ഇതോടെ ജിഷയുടെ മരണവുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലെത്തുകയാണ്. 'ജിഷ കൊലക്കേസിൽ തങ്കച്ചന് മാനം പോയി, സാജുപോളിന് സ്ഥാനം പോയി. രാജേശ്വരി കോടീശ്വരിയായി............ജനം ടിവിയിലെ മറുപടി എന്ന പരിപാടിയിൽ ജോമോൻ പുത്തൻപുരയ്ക്കൽ പറഞ്ഞു. ഈ വിഷയം ഉയർത്തി ഡിജിപിക്ക് ജോമോൻ പുത്തൻപുരയ്ക്കൽ പരാതി നൽകുമെന്നാണ് സൂചന. നേരത്തെ നൽകിയ പരാതിയിൽ വ്യക്തമായ അന്വേഷണം നടന്നിരുന്നില്ല.

കൊല്ലപ്പെട്ട നിയമവിദ്യാർത്ഥിനി ജിഷ സ്ഥലത്തെ ഒരു ഉന്നത കോൺഗ്രസ്സ് നേതാവിന്റെ മകളാണെന്നും സ്വത്തിൽ അവകാശം ചോദിച്ചതിനെ തുടർന്ന് ഇയാളാണ് ജിഷയെ കൊലപ്പെടുത്താൻ കൂട്ട് നിന്നതെന്നും കാണിച്ച് ജോമോൻ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയിരുന്നു. ഈ ആരോപണങ്ങൾ വലിയ വിവാദങ്ങൾക്ക് വഴിവെയ്ക്കുകയുണ്ടായി. ജിഷയുടെ പിതൃത്വം ഉറപ്പിക്കാൻ ഡിഎൻഎ പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് പൊലീസ് നടത്തി എന്നതിന് യാതൊരു സൂചനയും പുറത്തുവന്നിട്ടില്ല. ഇതിനിടെയാണ് ജോമോൻ പുത്തൻപുരയ്ക്കലിന്റെ പുതിയ വെളിപ്പെടുത്തൽ പുറത്തുവരുന്നത്. ഡിഎൻഎ പരിശോധന ആരു നടത്തിയെന്നത് ഉൾപ്പെടെയുള്ള സംശയങ്ങൾ ഇപ്പോഴും നിലനിൽക്കുകയാണ്.

ജിഷയുടെ കൊലക്കേസിൽ അമീറുൾ ഇസ്ലാം മാത്രമാണ് പ്രതിയെന്ന നിഗമനത്തിലാണ് പൊലീസ്. അതിനിടെയാണ് ഡിഎൻഎ പരിശോധനയിലെ ഫലത്തെ കുറിച്ച് ഊഹാപോഹമെത്തുന്നത്. അമീറുള്ളിന്റെ നിലപാട് വിശദീകരണത്തിൽ പല സംശയങ്ങളും ഉണ്ടെന്നും ജിഷയെ കൊന്നതിൽ ഉന്നതതല ഗൂഢാലോചനയുണ്ടെന്നും ആരോപണം ഉയർന്നിരുന്നു. ഇത് പരിശോധിക്കാൻ പൊലീസ് തയ്യാറായില്ല. അമീറുള്ളിന്റെ അടുത്ത കൂട്ടുകാരെ പോലും കണ്ടെത്തിയതുമില്ല. ഇതിനിടെയാണ് ഡിഎൻഎ പരിശോധനാ ഫലവുമായി ബന്ധപ്പെട്ട് ജോമോൻ വീണ്ടും പരാതിയുമായി എത്തുന്നത്. ജോമോന്റെ ആരോപണം തെറ്റാണെന്നും മറ്റും കാട്ടി തങ്കച്ചനും പൊലീസിന് പരാതി നൽകിയിരുന്നു. ഇതും പൊലീസിന്റെ പരിശോധനയിലാണ്.

ഒരു കോടിരൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പി.പി തങ്കച്ചൻ അയച്ച വക്കീൽ നോട്ടീസിന് ഹൈക്കോടതിയിൽെ സീനിയർ അഡ്വ.രാംകുമാർ മുഖേനെ ജോമോന് തങ്കച്ചൻ വക്കീൽ നോട്ടീസുമയച്ചു. താൻ ആരോപണം ഉന്നയിക്കുന്നതിനു മുൻപുതന്നെ ജിഷയുടെ കൊലപാതകം ഒതുക്കാൻ പ്രേരിപ്പിച്ചത് കോൺഗ്രസ് ഉന്നതൻ എന്ന തലക്കെട്ടോടെ വാർത്തകൾ വന്നിരുന്നു. ജിഷയുടെ കേസ് പൊലീസിനെ സ്വാധീനിച്ച് അട്ടിമറിച്ചത് തങ്കച്ചനാണെന്ന് ഒരു സ്വകാര്യ ചാനലിലൂടെ ജിഷയുടെ അമ്മ രാജേശ്വരി വെളിപ്പെടുത്തിയതായും ജോമോൻ കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിക്ക് താൻ നൽകിയ പരാതിയിൽ ഒരിടത്തും പി.പി തങ്കച്ചന്റെ പേര് പരാമർശിച്ചിരുന്നില്ല. എന്നാൽ, ആ ഉന്നത നേതാവ് താനാണ് എന്ന രിതിയിൽ പത്രസമ്മേളനം നടത്തിയത് പി.പി തങ്കച്ചൻ തന്നെയാണെന്നും ജോമോൻ മറുപടി നോട്ടീസിൽ പറയുന്നു.

ഇതോടൊപ്പം, തന്റെ ഭാര്യ രജേശ്വരി വർഷങ്ങളോളം പി.പി തങ്കച്ചന്റെ വീട്ടിൽ ജോലിചെയ്തിരുന്നതാണെന്നും രാജേശ്വരിയെ അറിയില്ലെന്ന തങ്കച്ചന്റെ വാക്കുകൾ പച്ചക്കള്ളമാണെന്നും ജിഷയുടെ അച്ഛൻ പാപ്പു പറയുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇത് മറുനാടൻ മലയാളിയാണ് ആദ്യം പുറത്തുവിട്ടത്. ജിഷ വധക്കേസ് രാഷ്ട്രീയമായ ദിശമാറിയെത്തിയതിന്റെ കയ്പറിഞ്ഞ മറ്റൊരാൾ പെരുമ്പാവൂർ മുൻ എംഎ‍ൽഎ സാജു പോളായിരുന്നു. രണ്ടു തവണ സഹായം തേടിച്ചെന്നിട്ടും എംഎ‍ൽഎ സഹായിച്ചില്ലെന്ന് ജിഷയുടെ അമ്മ പറഞ്ഞതോടെ രാഷ്ട്രീയ കോലാഹലങ്ങൾക്ക് അത് വഴിതുറക്കുകയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിലിൽ നിൽക്കെ ജിഷ വധക്കേസിന്റെ രാഷ്ട്രീയ ആരോപണങ്ങളെ ചെറുക്കാനും ജനങ്ങളെ കൈയിലെടുക്കാനും സാജു പോളിനു കഴിഞ്ഞില്ല. ഇതായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണം. ഇതെല്ലാം കൂട്ടികെട്ടിയാണ് ജോമോൻ പുത്തൻപുരയ്ക്കൽ ഡിഎൻഎയിൽ പുതിയ വിവാദമുണ്ടാക്കുന്നത്.

ജിഷാക്കേസിലെ അന്വേഷണം തുടക്കത്തിൽ അട്ടിമറിച്ചതിന് പിന്നിൽ മേൽപ്പറഞ്ഞ ഉന്നതകോൺഗ്രസ്സ് നേതാവിന്റെ മകനും മറ്റും എതിരെയുള്ള ആരോപണത്തെക്കുറിച്ച് നാട്ട'ിൽ പാട്ടാണെങ്കിലും ഭരണസ്വാധീനം ഉപയോഗിച്ച് കേസ് പൊലീസ് അട്ടിമറിക്കുകയും അന്വേഷണം വഴിതെറ്റിച്ചുവിടുകയാണെന്നാണ് ജോമോൻ പറയുന്നത്. രാജ്യത്തെ തന്നെ നടുക്കിയ കൊലക്കോസ്സായിട്ടുപോലും പൊലീസ് മൃതദേഹം ദഹിപ്പിക്കുകയാണ് ചെയ്തത്. ഉന്നതകോൺഗ്രസ്സ് നേതാവിന്റെ പിതൃത്വം തെളിയിക്കാതിരിക്കുവാൻ വേണ്ടിയാണ് പൊലീസ് മൃതദേഹം ആരെയുമറിയിക്കാതെ ദഹിപ്പിച്ചതെന്നും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു.

പോസ്‌േേറ്റുമാർട്ടം നടത്തിയതിലും ഗുരുതരമായ വീഴ്ച വന്നു. കൊലപാതകം നടന്ന വീട് തെളിവ് നശിപ്പിക്കാതിരിക്കാൻ വേണ്ടി പൊലീസ് ബന്തവസ്സിലെടുത്ത് സീൽ ചെയ്തില്ല. ഇതുമൂലം വിലപ്പെട്ട തെളിവുകൾ നശിപ്പിക്കാനിടയായി. ആരോപണ വിധേയനായ ഉന്നതകോൺഗ്രസ്സ് നേതാവ് നിയമിപ്പിച്ച കുറുപ്പുംപടിഎസ്.ഐയും സി.ഐ യും ഉൾപ്പടെയുള്ള പൊലീസ് ഉദ്യോഗസ്ഥർ പ്രാഥമിക അന്വേഷണ സംഘത്തിൽ മുഴുവൻ തെളിവും നശിപ്പിക്കാൻ കൂട്ടുനിന്നിരുന്നുവെന്നും ആരോപിച്ചിരുന്നു.