കോതമംഗലം: സാമ്പത്തീക നേട്ടം വാഗ്ദാനം ചെയ്താണ് വിവരവകാശപ്രവർത്തകൻ ജോമോൻ പുത്തൻപരയ്ക്കൽ കൊല്ലപ്പെട്ട ജിഷയുടെ പിതാവ് പാപ്പുവിനെ ചൊൽപ്പടിയിലാക്കിയതെന്ന ആരോപണം ശക്തമാകുന്നു. ജിഷയുടെ അമ്മ രാജേശ്വരിയാണ് ഈ ആക്ഷേപം ഉന്നയിക്കുന്നത്. ഭാര്യ രാജേശ്വരിക്ക് ലഭിച്ചിട്ടുള്ള സർക്കാർ ആനുകൂല്യത്തിന്റെ പങ്കുതേടി പാപ്പു കളക്ടെറെ സമീപിച്ചത് ജോമോന്റെ പ്രേരണയിലാണെന്നാണ് ആരോപണം.

ഇന്നലെ രാത്രി എട്ടേമുക്കാലോടെ പാപ്പു ഈ ആവശ്യവുമായി കളക്ടറെ കാണാൻ കടവന്ത്ര ഇൻഡോർ സ്‌റ്റേഡിയത്തിൽ എത്തുമ്പോൾ കൂടെ ജോമോനുമുണ്ടായിരുന്നു. ജിഷയുടെ പിതാവ് താൻ തന്നെയാണെന്നും അതിനാൽ ഇപ്പോൾ തന്റെ ഭാര്യ രാജേശ്വരിക്ക് ലഭിക്കുന്ന സർക്കാർ ആനൂകുല്യങ്ങൾക്ക് ദുരിതത്തിൽ കഴിയുന്ന തനിക്കും അവകാശമുണ്ടെന്നുമാണ് പാപ്പുവിന്റെ വാദം. രാജേശ്വരിയെ വിശദമായി ചോദ്യം ചെയ്താൽ കേസ്സിൽ നിർണ്ണായക വിവരങ്ങൾ ലഭിക്കുമെന്ന് പാപ്പു കളക്ടർ രാജമാണിക്യത്തെ അറിയിച്ചതായും വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്്. ഈ സാഹചര്യത്തിലാണ് പാപ്പുവിനും ജോമോനുമെതിരെ പുതിയ ആരോപണങ്ങൾ സജീവമാക്കുന്നത്.

ജിഷയെ കൊന്നത് അമീറുൽ ഇസ്ലാം ആണെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് പാപ്പു നേരത്തെ ആരോപിച്ചിരുന്നു. പക്ഷെ തന്റെ മകളെ കൊല്ലിച്ചത് മുൻ മന്ത്രി പി പി തങ്കച്ചന്റെ മകൻ വർഗീസ് തന്നെയാണ്. തനിക്ക് വധഭീഷണിയുള്ളതിനാലാണ് താൻ ഇത് പുറത്തുപറയാതിരുന്നതെന്ന് പാപ്പു വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. എനിക്ക് ആരെയും വിശ്വാസമില്ല. യുഡിഎഫും, എൽ ഡി എഫും ഒത്തുക്കളിച്ച് എന്റെ മകളെ കൊന്നവരെയും കൊല്ലിച്ചവരെയും രക്ഷപ്പെടുത്തുകയാണ്. പെരുമ്പാവൂർ മുഴുവൻ ജനങ്ങളും കൊലപാതകം ആസൂത്രണം ചെയ്തത് ജോർജുക്കുട്ടിയാണെന്ന് വിളിച്ചുപറഞ്ഞിട്ടും അതുവഴി ആരും അന്വേഷണം നടത്തിയില്ല.പൊലീസ് ഇപ്പോൾ ഒരു പ്രതിയെ കണ്ടെത്തി കേസ് ഒതുക്കാൻ നോക്കുകയാണ്. ഒരാൾക്ക് ചെയ്യാൻ കഴിയുന്ന പ്രവർത്തികളല്ല കൊലപാതകത്തിൽ നടന്നത്. ഇപ്പോൾ പിടിക്കപ്പെട്ട പ്രതി പൊലീസിന്റെ കൈയിൽ നേരത്തെ ഉണ്ടായിരുന്ന ആളാണ്. ഇയ്യാളെ പാലക്കാടുനിന്നും പിടിച്ചുവെന്ന് തന്നോട് പൊലീസ് പറഞ്ഞത് പച്ചക്കള്ളമാണെന്നും ആരോപിച്ചിരുന്നു.

മകളുടെ മരണം വിവാദത്തിലേക്ക് പോയ സാഹചര്യത്തിൽ കെപിസിസിയുടെ ഭാഗത്തുനിന്നും 15 ലക്ഷം രൂപയാണ് സഹായമാണ് എന്റെ ഭാര്യ വാങ്ങിയത്. ഇത് ലഭിച്ചതോടെ അവർ മലക്കം മറിഞ്ഞു. പണം കണ്ട് കണ്ണ് മഞ്ഞളിച്ച അവൾ എല്ലാം മറന്നു. പി പി തങ്കച്ചന്റെ വീട്ടിൽ വേലയ്ക്ക് നിന്നതും കൊലപാതകത്തിൽ അയ്യാളുടെ മകന്റെ പങ്കും അവൾ മറന്നു. ഇപ്പോൾ പെൻഷനും വീടും മൂത്തമകൾക്ക് ജോലിയും ലഭിച്ചതോടെ അവൾ കൊലപാതകികൾക്കൊപ്പം ചേർന്നു. നൊന്തു പെറ്റ മകളെ മറന്നു. ആരൊക്കെ ഏതു ചേരിയിൽ ചേർന്നാലും തന്റെ മകളുടെ കൊലപാതകവുമായി ബന്ധപ്പെട്ട മുഴുവൻ സംഭവങ്ങളും പൊലീസ് പുറത്തുക്കൊണ്ടുവരണം. എങ്കിലെ ഇനിയും ഇത്തരം കൊലപാതകങ്ങൾ തടയാൻ കഴിയുകയുള്ളു. തനിക്ക് ആരെയും വിശ്വാസമില്ല. പണം ജോലിയും ലഭിച്ചു കഴിഞ്ഞപ്പോൾ എന്റെ വീട്ടുക്കാരും ചുവടുമാറുന്നതായാണ് മനസിലാക്കാൻ കഴിയുന്നതെന്നും പാപ്പു പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കളക്ടറെ കണ്ട് ധനസഹായത്തിൽ പങ്ക് ആവശ്യപ്പെട്ടത്.

പിതൃത്വപ്രശ്‌നത്തിൽ തനിക്കെതിരെ കുറുപ്പംപടി പൊലീസിൽ നൽകിയ പരാതിയിൽ നിന്നും പാപ്പുവിനെ പിൻതിരിപ്പിക്കാൻ ജോമോൻ സാമ്പത്തീക വാഗ്ദാനവും വമ്പൻ പ്രലോഭനങ്ങളും നൽകിയിരുന്നെന്ന് നേരത്തെ പ്രചാരണമുണ്ടായിരുന്നു. ഇതിനെ പിടിച്ച് പാപ്പുവിന്റെ ആരോപണങ്ങളെ നേരിടാനാണ് മറുവിഭാഗം ശ്രമിക്കുന്നത്. പാപ്പുവിനെ നാട്ടിൽ നിന്നും കടത്തിയതും രഹസ്യകേന്ദ്രത്തിൽ താമസിപ്പിച്ചുവരുന്നതുമെല്ലാം ഇത് വ്യക്തമാക്കുന്ന അടിസ്ഥാന തെളിവുകളാണെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. പാപ്പു നാട്ടിൽ അപ്രത്യക്ഷനായ വിവരം മറുനാടനാണ് ആദ്യം പുറത്തുകൊണ്ടുവന്നത്. ഇതിനു പിന്നാലെ പാപ്പു തനിക്കൊപ്പമുണ്ടന്ന് മാദ്ധ്യമപ്രവർത്തകർക്കുമുന്നിൽ ജോമോൻ സമ്മതിക്കുകയും ചെയ്തിരുന്നു. കേസ് നടപടികൾ ശക്തമാക്കിയ അവസരത്തിലാണ് കുറുപ്പംപടി ചെറുകുന്നത്തെ വീട്ടിൽ നിന്നും പാപ്പു അപ്രത്യക്ഷനാവുന്നത്.

മകളുടെ പിതൃത്വം സംമ്പന്ധിച്ച് മനുഷ്യവകാശ പ്രവർത്തകൻ ജോമോൻ പുത്തപുരയ്ക്കലിന്റെ ആരോപണത്തിനെതിരെ കുറുപ്പംപടി പൊലീസിൽ പരാതി നൽകിയതോടെയാണ് പാപ്പു വാർത്ത മാദ്ധ്യമങ്ങളുടെ ശ്രദ്ധയിൽപ്പെടുന്നത്. പെരുമ്പാവൂരിലെ യു ഡി എഫ് നേതാവാണ് ജിഷയുടെ പിതാവെന്നും സ്വത്ത് ആവശ്യപ്പെട്ടതിനെത്തുടർന്ന് ഇയാൾ ജിഷയെകൊലപ്പെടുത്തുകയായിരുന്നെന്നുമാണ് ജോമോൻ മുഖ്യ മന്ത്രി പിണറായി വിജയന് നൽകിയ പരാതിയിൽ സൂചിപ്പിച്ചിരുന്നത്. ദളിതനായ തനിക്കെതിരെയുള്ള ആരോപണം തന്റെ പിതൃത്വത്തെ അപമാനിക്കാൻ ലക്ഷ്യമിട്ടാണെന്നും ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് പാപ്പുപൊലീസിൽ പരാതി നൽകിയത്. ഇതുപ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തി കുറുപ്പംപടി പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

അറസ്റ്റ് നടപടികൾ പുരോഗമിക്കവേ ജോമോനെതിരെയുള്ള പരാതി തന്റെ അറിവോടെയല്ലന്നും സമീപവാസിയായ അശമന്നൂർ പഞ്ചായത്ത് മെമ്പർ അനിലും പൊലീസുകാരനായ വിനോദും തന്നെ തെറ്റിദ്ധരിപ്പച്ച് വെള്ളപ്പേപ്പറിൽ ഒപ്പിട്ടുവാങ്ങുകയായിരുന്നെന്നും വെളിപ്പെടുത്തി പാപ്പു രംഗത്തെത്തി.ഇതോടെ പൊലീസ് ഈ പരാതിയിന്മേലുള്ള നടപടികൾ മരവിപ്പിച്ചു.ഇതിടെ അവശനായ പാപ്പുവിനെ ചികത്സക്കായി എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.ഇവിടെ വച്ച് മാദ്ധ്യമങ്ങളെ കണ്ടപ്പോഴും ജോമോനെതിരെയുള്ള പരാതിയിൽ താൻ കമ്പളിപ്പിക്കപ്പെട്ടതായും ജിഷയുടെ പിതാവ് താൻ തന്നെയാണെന്നും പാപ്പു ആവർത്തിച്ചിരുന്നു.

ഇതിന് ശേഷം തിരുവനന്തപുരത്ത് ജോമോൻ പുത്തൻ പുരയ്ക്കലിന്റെ ഒപ്പമാണ് പാപ്പുവിനെ മാദ്ധ്യമങ്ങൾ കണ്ടത്.ഡി ജി പിക്ക് പരാതി സമർപ്പിക്കാനെത്തിയപ്പോഴും മുഖ്യമന്ത്രിയെ കണ്ടപ്പോഴും പാപ്പുവിനൊപ്പം ജോമോനുമുണ്ടായിരുന്നു.ഇതിനടുത്ത ദിവസങ്ങളിലോ പിന്നീടോ പാപ്പു നാട്ടിലെത്തിയിട്ടില്ലന്നാണ് അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞത്.ഏതാനും ദിവസം എറണാകുളം ഗവൺമെന്റ് റസ്റ്റ് ഹൗസിൽ ജോമോൻ മുറിയെടുത്ത് താമസിച്ചിരുന്നെന്നും ഈ ദിവസങ്ങളിൽ പാപ്പുവും ഇയാൾക്കോപ്പമുണ്ടായിരുന്നെന്നും പറയപ്പെടുന്നു.ഇതിനുശേഷമാണ് ഡി ജി പിക്ക് പരാതി സമർപ്പിക്കുന്നതിനായി ഇരുവരും തിരുവനന്തപുരത്തെത്തിയത്

തനിക്കെതിരെയുള്ള കേസിൽ പാപ്പുവിന് മനം മാറ്റമുണ്ടാവുമോ എന്ന ഭയാശങ്കകൾമൂലമാണ് മദ്യപാനികൂടിയായ പാപ്പുവിനെ ജോമോൻ സംരക്ഷിക്കുന്നതെന്നാണ് ജിഷയുടെ അമ്മയും മറ്റും ആരോപിക്കുന്നത്. പാപ്പുവിനെ സ്വാധീനിച്ച് ജിഷകേസ്സിൽ് ദോഷകരമായ മൊഴി നൽകാൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും ഇത് ഒഴിവാക്കുന്നതിനാണ് താൻ പാപ്പുവിനെ കൂടെ കൂട്ടിയിട്ടുള്ളതെന്നുണ് ഇക്കാര്യത്തിൽ നേരത്തെ ജോമോന്റെ വിശദീകരണം.