കോതമംഗലം: പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതത്തിനു തുമ്പുതേടി സംസ്ഥാന പൊലീസ് ബംഗാളിൽ നടത്തിവരുന്ന അന്വേഷണം പാതിവഴിയിൽ മുടങ്ങാൻ സാദ്ധ്യത. ജിഷയുടെ കുടുംബവുമായി പലതരത്തിൽ ഇടപെട്ട ഏഴ് ബംഗാളികളെത്തേടിയാണ് ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംസ്ഥാന പൊലീസ് സംഘം കഴിഞ്ഞ ദിവസം ബംഗാളിലെത്തിയത്. ഡാർജിലിംഗിലെത്തിയ സംഘം ഇവിടെ തങ്ങി ആദ്യഘട്ടതിരച്ചിൽ നടത്തിയെങ്കിലും ഇവരിൽ ഒരാളെപ്പോലും കണ്ടെത്താനായില്ലെന്നാണ് ലഭ്യമായ വിവരം.

ബംഗാളിലെത്തിയ അന്വേഷകസംഘത്തിലെ ഭൂരിപക്ഷത്തിനും സ്ഥലപരിചയവും വേണ്ടത്ര ഭാഷപാടവവും ഇല്ലാത്തത് അന്വേഷണത്തെ ദോഷകരമായി ബാധിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കോൽക്കത്തയിൽനിന്നും ഒന്നര ദിവസത്തോളം യാത്രചെയ്താണ് അന്വേഷകസംഘം ഡാർജിലിംഗിലെത്തിയത്. ലിസ്റ്റിലുള്ള ഓരോരുത്തരുടെയും താമസകേന്ദ്രങ്ങളിലേക്ക് പ്രധാന പട്ടണങ്ങളിൽനിന്നു ദിവസങ്ങളോളം യാത്ര ചെയ്യണമെന്നതാണ് സ്ഥിതി.

കേസന്വേഷണത്തിൽ സംസ്ഥാന ആഭ്യന്തരവകുപ്പ് ബംഗാൾ പൊലീസ് നേതൃത്വത്തോട് സഹായം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ നിന്നെത്തുന്ന അന്വേഷകസംഘത്തിന് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കണമെന്ന് ബംഗാൾ പൊലീസ് മേധാവി പ്രദേശിക പൊലീസ് ഘടകങ്ങൾക്ക് നിർദ്ദേശവും നൽകിയിരുന്നു. ഇതുപ്രകാരം തിരച്ചിൽ നടത്തേണ്ട മേഖലകളിലെ പൊലീസ് ജിഷ കേസന്വേഷകസംഘത്തിന് ആവശ്യമായ സഹായവും നൽകുന്നുണ്ട്.

എന്നാൽ അന്വേഷകസംഘം ശേഖരിച്ച ബംഗാളികളുടെ വിലാസം കൃത്യമാണോ എന്ന കാര്യം ഇപ്പോഴും വ്യക്തമല്ല. ഇക്കാര്യത്തിൽ ബംഗാൾ പൊലീസിനും സംശയമുണ്ടെന്നാണ് അറിയുന്നത്. വ്യാജമായി സംഘടിപ്പിക്കുന്ന തിരിച്ചറിയൽ രേഖകളുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് തങ്ങി ജോലിചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികൾ ധാരാളമുണ്ടെന്നും ഇത്തരത്തിൽപെട്ടവരെയാണ് അന്വേഷകസംഘം തേടുന്നതെങ്കിൽ കണ്ടെത്തുക ദുഷ്‌കരമായിരിക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

ജിഷയുടെ മാതാവ് രാജേശ്വരിയെ ബൈക്കിടിപ്പിച്ചു കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ പൊലീസ് പ്രതി ചേർക്കപ്പെട്ട യുവാവും ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. ആദ്യഘട്ടത്തിൽ ഇയാളെക്കുറിച്ച് പൊലീസ് സംഘം അന്വേഷണം നടത്തിയിരുന്നു. പെരുമ്പാവൂരിലെ കോഴിക്കടയിൽ ജോലി ചെയ്തിരുന്ന ഇയാൾ നാട്ടിൽ പോയെന്നായിരുന്നു നേരത്തെ സ്ഥാപനം ഉടമയുടെ വെളിപ്പെടുത്തൽ. ഇതേത്തുടർന്ന് ഇയാൾ നൽകിയ ഫോൺ നമ്പറിൽ പൊലീസ് വിളിച്ചപ്പോൾ താൻ നാട്ടിലാണെന്ന് യുവാവ് വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

പൊലീസ് തിരയുന്ന മറ്റ് ആറുപേർ ജിഷയുടെ വീട് നിർമ്മാണജോലികൾക്കായി എത്തിയവരാണ്. ജിഷയും അമ്മയും ഇവരിൽ ചിലരുമായി വഴക്കിട്ടിരുന്നതായുള്ള വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇവരെത്തിരയുന്നത്. സംഭവസമയം ഇവിടെയില്ലങ്കിലും മറ്റാരെയെങ്കിലും ചുമതലപ്പെടുത്തി ഇവർ കൃത്യം നിർവ്വഹിച്ചിരിക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ലന്നാണ് അന്വേഷകസംഘത്തിന്റെ നിലപാട്.