കൊച്ചി: ജിഷ വധക്കേസിൽ പലർക്കും പണി കൊടുത്തത് പൊലീസ് പുറത്തുവിട്ട രേഖാചിത്രമായിരുന്നു. ഈ രേഖാചിത്രവുമായി സാമ്യമുള്ള ചിലരെ സോഷ്യൽ മീഡിയ അവഹേളിച്ചു. ഇതോടെ പലരുടെയും ഉറക്കം പോയി. പുറത്തിറങ്ങിയാൽ നാട്ടുകാരുടെ ആക്രമണണത്തിന് ഇരയാകുന്ന അവസ്ഥ. എന്നാൽ, ഇപ്പോൾ പിടിയിലായ പ്രതിക്ക് രേഖാചിത്രവുമായി യാതൊരു സാമ്യമുമില്ലെന്നാണ് അറിയുന്നത്. രേഖാചിത്രങ്ങളുടെ അടിസ്ഥാനത്തിൽ സ്റ്റുഡിയോക്കാരൻ അടക്കമുള്ളവർ നൽകി മൊഴിയും തെറ്റാണെന്നാണ് ഇതോടെ തെളിയുന്നത്.

അമീയൂർ ഇസ്ലാമിനെ പിടികൂടാൻ പൊലീസിനെ സഹായിച്ചത് അമീയൂർ ഇസ്ലാമിന്റെ സുഹൃത്തുക്കൾതന്നെയാണ്. ജിഷയുടെ ഫോണിൽനിന്നു അമീയൂർ ഇസ്ലാമിനെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച പൊലീസ് നാട്ടിലുള്ള സുഹൃത്തുക്കളെ കണ്ടെത്തുകയാണ് ആദ്യം ചെയ്തത്. ഇവരോട് കാര്യങ്ങൾ വ്യക്തമായി ധരിപ്പിച്ച പൊലീസ് ഒരു വിവരവും പുറത്തുപോകരുതെന്നു നിഷ്‌കർച്ചു.

പൊലീസ് നൽകിയ വിവരങ്ങൾ ഗൗരവത്തിലെടുത്ത സുഹൃത്തുക്കൾ പൂർണമായി പൊലീസിനെ സഹായിക്കുകയായിരുന്നു. അമീയൂർ ഇസ്ലാം ഫോൺ ഓണാക്കിയപ്പോൾ വിളിച്ചത് ഇവരിലൊരാളെയാണ്. ഈ വിവരം അപ്പോൾതന്നെ പൊലീസിന് കൈമാറുകയും അതുവഴി അമീയൂർ ഇസ്ലാം കാഞ്ചീപുരത്തുള്ളതായി സ്ഥിരീകരിക്കാനും സാധിച്ചു. അപ്പോഴേക്കും ഇതേ വിവരവുമായി അസമിൽപോയ പൊലീസ് സംഘവും മടങ്ങിയെത്തിയിരുന്നു.

രണ്ടു സംഘങ്ങളും ഒന്നിച്ചാണ് പിന്നീടുള്ള കാര്യങ്ങൾ നീക്കിയത്. അതേസമയം, ഒരു വിവരം പോലും മാദ്ധ്യമങ്ങൾ അറിയാതിരിക്കണമെന്ന നിർബന്ധവും പൊലീസിനുണ്ടായിരുന്നു. പല പ്രചാരണങ്ങൾ നടക്കുമ്പോഴും പ്രതിയെ വലയിലാക്കിയ വിശ്വാസത്തിലായിരുന്നു പൊലീസ്. പ്രതിയുടെ കൈവശമുണ്ടായിരുന്ന ഫോണിന്റെ ഐഎംഇഐ നമ്പർ കണ്ടെത്തുകയും സിം കാർഡ് മാറ്റിയിട്ടും അതുവഴി അമീറുൾ ഇസ്ലാമിലേക്ക് പൊലിസ് എത്തുകയുമായിരുന്നു.

നേരത്തെ രേഖാചിത്രങ്ങളുടെ അടിസ്ഥാനത്തിൽ പെരുമ്പാവൂരിൽ സ്റ്റുഡിയോക്കാരൻ ചില വിവരങ്ങൾ നൽകിയിരുന്നു. എന്നാൽ, ആ വിവരങ്ങൾ തെറ്റായിരുന്നു എന്നാണ് വ്യക്തമായത്. ജിഷയുടെ സുഹൃത്തായ ഒരു അസംകാരനിലേക്ക് അന്വേഷണം എത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ലഭ്യമായ വിവരങ്ങളുമായാണ് പൊലീസ് സംഘം കേരളത്തിൽനിന്നു പോയത്. പശ്ചിമബംഗാളിലേക്ക് ഒരു സംഘം പോയി. മറ്റൊരു സംഘം അമീയൂർ ഇസ്ലാമിനെത്തേടിയാണ് അസമിലെത്തിയത്.

അമീയൂർ ഇസ്ലാമിന്റെ നാട്ടിലെത്തിയ പൊലീസ് ഞെട്ടിയെന്നാണ് വിവരങ്ങൾ ലഭിക്കുന്നത്. അസമിലെ ഗ്രാമത്തിൽ ഒരു സ്ത്രീയെ മാരകമായ ഉപദ്രവിച്ച് നാടുവിട്ടാണ് മിൻ അമയൂർ കേരളത്തിലെത്തിയതെന്നാണ് പൊലീസിന് കണ്ടെത്താനായത്. കേരളത്തിലെത്തിയ അമീറുൾ ഇസ്ലാം പെരുമ്പാവൂരിലെ കുടിയേറ്റത്തൊഴിലാളികളുടെ കൂടെക്കഴിഞ്ഞു. വർഷങ്ങളായി നിർമ്മാണത്തൊഴിലെടുക്കുകയായിരുന്നു. അതിനിടയിലാണ് ജിഷയെ പരിചയപ്പെട്ടത്.

അസമിൽപോയ പ്രതി പെരുമ്പാവൂരിലുള്ള സുഹൃത്തിനെ വിളിക്കാൻ ഫോൺ ഓൺ ചെയ്തതാണ് പൊലീസിന് കൃത്യമായ വിവരം നൽകിയത്. ജിഷയുടെ ഫോണിലേക്കു വിളിച്ചവരിൽ കൊലപാതകത്തിന് അടുത്ത ദിവസങ്ങളിൽ ഫോൺ നിരന്തരം ഓഫ് ചെയ്തവരുടെ നമ്പരുകൾ എടുത്തിരുന്നു. പെട്ടെന്ന് അതിലൊരു നമ്പർ ഓണാവുകയും ഫോൺ കോൾ പോവുകയും ചെയ്തതോടെ പ്രതി പൊലീസിന്റെ വലയിൽ തന്നെയാവുകയായിരുന്നു.

പ്രതിയെ പിടികൂടിയെങ്കിലും പൊലീസിന് മുമ്പിൽ ഇനി കടമ്പകൾ ഏറെയണ്. പ്രോസിക്യൂഷൻ വേളയിൽ ശിക്ഷ വിധിക്കും വിധത്തിലുള്ള തെളിവുകൾ ഒരുക്കയാണ് പ്രധാന വെല്ലുവിളി. കേസ് അന്വേഷണത്തിൽ നിർണ്ണായകമായത് ഡിഎൻഎ പരിശോധാന ഫലമായിരുന്നു. കൊല്ലപ്പെട്ട ജിഷയുടെ ശരീരത്തു നിന്നും പ്രതിയുടെ ഉമിനീർ കണ്ടെത്തിയിരുന്നു. ഡിഎൻഎ പരിശോധനയ്ക്ക് ഇത് സഹായകമായി. ഇക്കാര്യം ശാസ്ത്രീയമായി തെളിയിക്കുന്ന റിപ്പോർട്ട് തന്നെയാകും അമിയൂർ ഇസ്ലാമിന് തിരിച്ചടിയാകുക. കേസിൽ ദൃക്‌സാക്ഷികൾ ഇല്ലാത്തിടത്തോളം പ്രധാനമാകുക ഡിഎൻഎ പരിശോധനാ ഫലമാണ്.