കൊച്ചി: കോളിളക്കം സൃഷ്ടിച്ച ജിഷയുടെ കൊലപാത കേസിൽ അറസ്റ്റിലായ അസം സ്വദേശി അമിയൂർ ഇസ്ലാം ലൈംഗിക വൈകൃതമുള്ള വ്യക്തിയാണെന്ന് പൊലീസ്. ജിഷയും ഇയാളും തമ്മിൽ നേരത്തെ തന്നെ പരിചയമുണ്ടായിന്നതായും പൊലീസ് വ്യക്തമാക്കി. 23 വയസ് മാത്രം പ്രായമേ അമിയൂറിനുള്ളൂ. ഇരുവരും തമ്മിൽ നിരന്തരമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു എന്നുമാണ് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ജിഷയുടെ വീടിനു സമീപത്തു തന്നെയാണ് ഇയാൾ താമസിച്ചിരുന്നതെന്നും വ്യക്തമായിട്ടുണ്ട്. കൊല നടന്ന ദിവസം രാവിലെ ഇയാൾ ജിഷയുടെ വീട്ടിൽ എത്തിയിരുന്നു.

വൈകുന്നേരം നാലു മണിക്ക് മദ്യപിച്ച് എത്തിയാണ് കൊല നടത്തിയതെന്നും പൊലീസിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്. ജിഷയെ കൊല്ലാൻ പ്രതിയെ പ്രേരിപ്പിച്ചത് ലൈംഗിക ചോദനയാണെന്നാണ് വ്യക്തമാകുന്നത്. ജിഷയുടെ നിലവിലെ വീടിന്റെ നിർമ്മാണത്തൊഴിലാളിയായിരുന്നു ഇയാൾ. സംഭവദിവസം രാവിലെ ലൈംഗിക താൽപ്പര്യം വച്ച് ജിഷയുടെ വീട്ടിൽ ഇയാൾ വന്നിരുന്നതായും ജിഷ രൂക്ഷമായി ഇതിനോട് പ്രതികരിക്കുകയും ചെയ്തതായി ഇയാൾ പൊലീസിന് മൊഴി നൽകിയതായിട്ടാണ് വിവരം. രാവിലെ 9 മണിക്ക് ജിഷ ഇപ്പോൾ താമസിച്ചിരുന്ന വീട്ടിലെത്തിയ ഇയാൾ ജിഷയെ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയും ജിഷ രൂക്ഷമായി പ്രതികരിക്കുകയും ചെയ്തു. വാക്കുതർക്കത്തിനിടെ ജിഷ അമിയൂറിനെ തല്ലിയതായും സൂചനയുണ്ട്. ഇതിലുള്ള പ്രകോപനമാണ് കൊലയ്ക്ക് പിന്നിലെന്നാണ് റിപ്പോർട്ട്. തുടർന്ന് നാലു മണിയോടെ മദ്യപിച്ച് വീണ്ടുമെത്തി.

മദ്യത്തിന്റെ ലഹരിയിലെത്തിയ പ്രതി ജിഷയെ കീഴ്‌പ്പെടുത്തി പീഡിപ്പിച്ചു. ഒരായുധം കരുതിയിരുന്ന ഇയാൾ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷവും ബലാത്സംഗം ചെയ്തു. തെളിവ് നശിപ്പിക്കാൻ വേണ്ടിയാണ് സ്വകാര്യഭാഗം കീറി മുറിച്ച് വികൃതമാക്കിയത്. പിന്നീട് മൃതദേഹം ചിന്നഭിന്നമാക്കി. കൊലപാതകത്തിന് ശേഷം വീട്ടിൽ നിന്നും ഇറങ്ങിപ്പോകുമ്പോൾ ആയുധം വലിച്ചെറിഞ്ഞു. ആയുധം കണ്ടെത്താനായിട്ടില്ല. വീടു നിർമ്മാണവുമായി ബന്ധപ്പെട്ടായിരുന്നു അസം സ്വദേശിയായ പ്രതി ജിഷയുമായി പരിചയത്തിലാകുന്നത്. ജിഷയുടെ വീടിന് സമീപം താമസിച്ചിരുന്ന ഇയാൾക്ക് ജിഷയിൽ ലൈംഗിക താൽപ്പര്യം ഉണ്ടായിരുന്നു. ഇതാണ് കൊലയിലേക്ക് കാര്യങ്ങളെത്തിച്ചത്. പ്രതി മദ്യത്തിനും മയക്കുമരുന്നിനും അടിമയാണെന്നാണ് പൊലീസ് നൽകുന്ന സൂചന.

ഒന്നര മാസത്തോളം നീണ്ട ജിഷാവധക്കേസ് അന്വേഷണത്തിൽ പ്രതിയിലേക്ക് പൊലീസ് നടത്തിയ നീക്കങ്ങൾ അതീവ രഹസ്യമായി. കേസിലെ ശാസ്ത്രീയ തെളിവുകൾ എല്ലാം തന്നെ നേരത്തേ കണ്ടെടുത്ത പൊലീസ് സംശയമുള്ള ആൾക്കാരെ ചോദ്യം ചെയ്തിരുന്നത് വളരെ സൂഷ്മതയോടെയായിരുന്നു. കൊലപാതകത്തിന്റെ രീതി വച്ച് അന്യസംസ്ഥാന തൊഴിലാളികളെ ആദ്യം തന്നെ സംശയിച്ച പൊലീസ് ജിഷയുടെ വീട് നിർമ്മാണത്തിനെത്തിയ തൊഴിലാളികളെ ആദ്യമേ സംശയിച്ചാണ് അന്വേഷണം മുമ്പോട്ട് കൊണ്ടുപോയത്. പെരുമ്പാവൂരിന് സമീപത്തെ ഉൾനാടൻ പ്രദേശങ്ങളിലും മറ്റുമാണ് പ്രതികളെ പൊലീസ് ചോദ്യം ചെയ്തിരുന്നത്. ആൾക്കാർ അധികം എത്താത്ത പ്രദേശങ്ങളിലും ഉൾകാടുകളിലും ഫോറസ്റ്റ് ഗസ്റ്റ് ഹൗസിലും പെരുമ്പാവൂരിലെ ഉൾ പ്രദേശങ്ങളിൽ വീട് വാടകയ്ക്ക് എടുത്തുപോലും പൊലീസ് ചോദ്യം ചെയ്യൽ നടത്തിയാണ് വിവര ശേഖരണം നടത്തിയത്. സാഹചര്യ തെളിവുകളെല്ലാം ലഭ്യമായിരിക്കെ ഇനി തെളിവെടുക്കേണ്ടത് പ്രതി ആയുധം ഒളിപ്പിച്ച സ്ഥലം പോയ ഇടങ്ങൾ കണ്ടയാൾക്കാർ എന്നിവയാണ്.

ജിഷയുമായി നല്ല പരിചയം ഉള്ള ഒരാളായിരിക്കാം പ്രതിയെന്ന് പൊലീസ് നേരത്തേ സംശയിച്ചിരുന്നു. ജിഷയുടെ വീടിന്റെ നിർമ്മാണത്തൊഴിലാളിയായിരുന്ന ഇയാൾ ജിഷയുടെ വീട്ടിൽ നിന്നും 200 മീറ്റർ അകലെ താമസിച്ചിരുന്നയാളുമാണ്. നാട്ടുകാർ ഉപദ്രവിക്കുമെന്ന് ഭയന്ന് പ്രതിയെ ഒളിവ് സങ്കേതത്തിൽ പാർപ്പിച്ചിരിക്കുകയാണ്. ഏപ്രിൽ 28നാണു ജിഷയെ പെരുമ്പാവൂരിലെ പുറമ്പോക്കിലെ സ്വന്തം വീട്ടിൽ അതിദാരുണമായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഡിഎൻഎ പരിശോധനാ ഫലം പുറത്തുവന്നപ്പോഴും അമീനുൽ ഇസ്ലാമിന് എതിരാണ്. അമിനുല്ലിന്റെ ചെരുപ്പിൽ നിന്നും രക്തകോശം കണ്ടെത്തിയിരുന്നു. ജിഷയുടെ മൃതദേഹത്തിൽ ഇയാളുടെ ഉമിനീരും കണ്ടെത്തുകയുണ്ടായി. ഇതെല്ലാം പരിശോധിച്ചപ്പോഴാണ് അമിനുൽ തന്നെയാണ് പൊലീസ് പ്രതിയെന്ന് പൊലീസ് ഉറപ്പിച്ചത്.

ജനനേന്ദ്രിയം തകർക്കപ്പെട്ട നിലയിലും കുടൽമാല പുറത്തുവന്ന നിലയിലും അതിക്രൂരമായിരുന്നു കൊലപാതകം. അമിനുൽ ജിഷയ്ക്ക് മേൽ ലൈംഗിക വൈകൃതത്തിന് ശ്രമിച്ചുവെന്നും അതിനെ ജിഷ ചെറുത്തപ്പോൾ കൊലപ്പെടുത്തി എന്നുമാണ് ഇപ്പോൾ വ്യക്തമാകുന്നത്. സംഭവം നടന്ന ശേഷം കൊലപാതക വിവരം പൊലീസ് മൂടിവയ്ക്കാൻ ശ്രമിച്ചതും മൃതദേഹം അടക്കം ചെയ്യുന്നതിനു പകരം ദഹിപ്പിച്ചതും വിവാദമായിരുന്നു. കേസ് ഒതുക്കിത്തീർക്കാൻ അന്നു പൊലീസ് ശ്രമിച്ചതായി ആരോപണമുയർന്നു. പുതിയ സർക്കാർ അധികാരത്തിലെത്തിയ ശേഷമാണ് അന്വേഷണം എഡിജിപി സന്ധ്യയ്ക്ക് കൈമാറിയത്. ഇതിനുശേഷം അന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ടായത്.

രണ്ടു നിർണായക മൊഴികളാണ് കേസിൽ വഴിത്തിരിവായത്. ഇതിൽ ഒന്നു പെരുമ്പാവൂരിനു പുറത്തെ ഒരു സ്റ്റുഡിയോ നടത്തുന്നയാളുടേതാണ്. കൊല്ലപ്പെടുന്നതിനു രണ്ടാഴ്ച മുമ്പ് ജിഷ ഇവിടെ ഫോട്ടോ എടുക്കാനായി വന്നിരുന്നു. അന്ന് ഇയാളോടൊപ്പം ബൈക്കിലാണ് എത്തിയത്. ഇയാളെ സ്റ്റുഡിയോക്കാരൻ തിരിച്ചറിഞ്ഞിട്ടുണ്ട്. കൂടാതെ ജിഷയുടെ വീട്ടിൽ നിന്ന് കണ്ടെടുത്ത ചെരുപ്പും വഴിത്തിരിവായി. ചെരുപ്പ് വാങ്ങിയ കടക്കാരന്റെ മൊഴി നിർണായകമായിരുന്നു. ചെരുപ്പുകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണു കൊലയാളിയിലേക്ക് അന്വേഷണസംഘത്തെ എത്തിച്ചത്. ചെരുപ്പ് വിറ്റ കുറുപ്പംപടിയിലെ കടയുടമ നിർണായക വിവരങ്ങൾ അന്വേഷണസംഘത്തിനു കൈമാറിയിരുന്നു.

സിമെന്റ് പറ്റിപ്പിടിച്ച ഏഴ് ഇഞ്ചിന്റെ സ്ലിപ്പോൺസ് ചെരുപ്പാണ് ജിഷയുടെ വീട്ടിൽനിന്നു ലഭിച്ചത്. തിരുവനന്തപുരത്തെ ഫൊറൻസിക് സയൻസ് ലാബിൽ നടത്തിയ പരിശോധനയിൽ ഈ ചെരുപ്പിൽ ജിഷയുടെ രക്തകോശങ്ങൾ കണ്ടെത്തിയിരുന്നു. ഇതുകൂടിയായതോടെ ചെരുപ്പിന്റെ ഉടമയാണ് കൊലയാളി എന്ന നിഗമനത്തിലേക്ക് പൊലീസ് എത്തി. അങ്ങനെയാണ് കുറുപ്പംപടിയിലെ ചെരുപ്പ് കടക്കാരനിൽ നിന്നും മൊഴി രേഖപ്പെടുത്തിയത്.