കൊച്ചി: പെരുമ്പാവൂരിലെ ദളിത് നിയമവിദ്യാർത്ഥിനി ജിഷയെ ക്രൂരമായി പീഡിപ്പിച്ചുകൊന്ന കേസിൽ യുഡിഎഫ് കൺവീനർ പി പി തങ്കച്ചന്റെ മകന്റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. മൂന്നംഗ സംഘമാണ് മകൻ വർഗീസിൽനിന്ന് മൊഴിയെടുത്തത്. പെരുമ്പാവൂർ നഗരത്തിലെ മാടപ്പറമ്പിൽ ബിൽഡിങ്ങിലെ ഓഫീസിൽ എത്തിയായിരുന്നു മൊഴിയെടുത്തത്. രാവിലെ 10ന് ആരംഭിച്ച മൊഴിയെടുക്കൽ ഉച്ചവരെ നീണ്ടു. സ്ഥാപനത്തിലെ ജീവനക്കാരുടെ മൊഴിയും രേഖപ്പെടുത്തി. ആരോപണങ്ങളെല്ലാം തങ്കച്ചന്റെ മകൻ നിഷേധിച്ചു. സാമൂഹിക പ്രവർത്തകനായ ജോമോൻ പുത്തൻപുരയ്ക്കലിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

പെരുമ്പാവൂരിലെ ഉന്നത കോൺഗ്രസ് നേതാവിന്റെ മകളാണ് ജിഷയെന്നും സ്വത്ത് തർക്കമാണ് മരണത്തിന് കാരണമെന്നും ജോമോൻ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് തങ്കച്ചൻ ആരോപങ്ങൾ നിഷേധിച്ച് രംഗത്ത് എത്തുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് മകനെ ചോദ്യം ചെയ്ത്. മരണ ദിവസം ജിഷ ബസ് യാത്ര നടത്തിയിരുന്നു. ഇത് തങ്കച്ചന്റെ വീട്ടിലേക്കായിരുന്നുവെന്നും ആക്ഷേപം ഉയർന്നു. നേരത്തെ തങ്കച്ചന്റെ പിഎയേയും ചോദ്യം ചെയ്തിരുന്നു. കേസുമായി കസ്റ്റഡിയിൽ ഉള്ള വീരപ്പൻ സന്തോഷിന് തങ്കച്ചനുമായി അടുത്ത ബന്ധമുണ്ടെന്നും സൂചന പുറത്തുവന്നു. ഈ സാഹചര്യത്തിലാണ് തങ്കച്ചന്റെ മകനെ ചോദ്യം ചെയ്തത്. ആവശ്യമെങ്കിൽ തങ്കച്ചനേയും ചോദ്യം ചെയ്യാനാണ് തീരുമാനം. ജിഷയുടെ അമ്മ രാജേശ്വരി വീട്ടിൽ ജോലിക്ക് നിന്നിട്ടില്ലെന്നാണ് തങ്കച്ചന്റെ മകൻ മൊഴി നൽകിയിട്ടുള്ളത്.

അതിനിടെ ജിഷ വധയുമായി ബന്ധപ്പെടുത്തി തനിക്കെതിരെ അപകീർത്തികരമായ പ്രസ്താവന നടത്തിയതിന് വിവരാവകാശപ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കലിനെതിരെ ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് യു.ഡി.എഫ്. കൺവീനർ പി.പി.തങ്കച്ചൻ വക്കീൽ നോട്ടീസ് അയച്ചു. സത്യത്തിന്റെ ഒരു കണികപോലുമില്ലാതെ സമൂഹമധ്യത്തിൽ തന്നെ മോശക്കാരാനാക്കാനുള്ള ജോമോൻ പുത്തൻപുരയ്ക്കലിന്റെ പ്രസ്താവന നിരൂപാധികം പിൻവലിച്ച് മാപ്പുപറയണമെന്നും അല്ലാത്തപക്ഷം സിവിൽ ആയും ക്രിമിനലായും കേസുകൾ ഫയൽ ചെയ്യുമെന്നും വക്കീൽ നോട്ടിസിൽ പറഞ്ഞു. എന്നാൽ ആരോപണത്തിൽ ജോമോൻ ഉറച്ചു നിൽക്കുകയാണ്. ജിഷയുടെ അച്ഛൻ പാപ്പുവിന്റെ വെളിപ്പെടുത്തലുകളാണ് ഇതിന് ആധാരം. എന്നാൽ രാജേശ്വരി തങ്കച്ചന്റെ വീട്ടിൽ ജോലിക്ക് നിന്നിട്ടുണ്ടെന്നാണ് പാപ്പു പറയുന്നത്.

ജിഷയുടെ മരണം സംബന്ധിച്ച അന്വേഷണത്തിൽ അമ്മ രാജേശ്വരിയോട് മൃദുസമീപനം വേണ്ടെന്നും മൊഴിയെടുക്കൽ ഒഴിവാക്കി ചോദ്യം ചെയ്യാനും ഡിജിപി ലോക്‌നാഥ് ബെഹറ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വലിയ വാർത്താ പ്രാധാന്യമുണ്ടാകാത്ത വിധം ബുദ്ധിപരമായി രാജേശ്വരിയിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയാണ് ഉദ്ദേശ്യം. ഇതുവരെ ചോദ്യാവലി തയ്യാറാക്കി രാജേശ്വരിയിൽ നിന്ന് മൊഴിയെടുത്തു വരികയായിരുന്നു. ജിഷയുടെ മരണം നടന്നതിന്റെ പിറ്റേന്ന് മുതൽ രാജേശ്വരി താലൂക്കാശുപത്രിയിലെ പ്രത്യേക മുറിയിൽ കഴിയുകയാണ്. ജിഷയെ കൊലപ്പെടുത്തിയത് വാടകക്കൊലയാളിയാകാമെന്ന സംശയവും പൊലീസ് വൃത്തങ്ങൾ നൽകുന്നു. ഗുണ്ടാ ആക്രമണക്കേസുകളിലും കൊലക്കേസുകളിലും മുൻപ് പ്രതിയായിട്ടുള്ള പെരുമ്പാവൂരിന് സമീപത്തുള്ള പലരേയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്. ഇവരിൽ നിന്ന് ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട സൂചനകൾ ഒന്നും ലഭിച്ചതായി അറിവില്ല.

അതേസമയം ജിഷ കൊല്ലപ്പെട്ട ദിവസം വീടിന് സമീപത്തെ വളം മൊത്തവിൽപ്പനശാലയിലെ സിസി ടിവിയിൽനിന്ന് ജിഷയാണെന്ന് സംശയിക്കുന്ന പെൺകുട്ടിയുടെയും പിന്തുടരുന്ന യുവാവിന്റെയും ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. എന്നാൽ വീഡിയോയിലെ ദൃശ്യങ്ങൾ വ്യക്തമല്ലെന്ന് പൊലീസ്വൃത്തങ്ങൾ പറഞ്ഞു. ചുരിദാർ ധരിച്ച പെൺകുട്ടിയുടെ കാൽഭാഗം മാത്രമേ ഈ വീഡിയോയിലുള്ളൂ. അതിനു പിറകിൽ വെള്ളമുണ്ടും മഞ്ഞ ഷർട്ടും ധരിച്ച ഒരു യുവാവും നടന്നുവരുന്നുണ്ട്. ഇയാളുടെ കൈയിൽ ഒരു ബാഗും ഉണ്ട്. എന്നാൽ യുവാവിന്റെ മുഖം വ്യക്തമല്ല. ചിത്രം വ്യക്തമല്ലെങ്കിലും ഇതുസംബന്ധിച്ച് പൊലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു. ജിഷ കൊല്ലപ്പെട്ട ദിവസം വീടിനടുത്ത് മഞ്ഞ ഷർട്ട് ധരിച്ച ഒരാളെ കണ്ടതായി അയൽക്കാർ മൊഴി നൽകിയിരുന്നു.

കൊല്ലപ്പെട്ട ദിവസം ജിഷ പുറത്തുപോയിരുന്നുവെന്ന് നേരത്തെതന്നെ സമീപവാസികൾ മൊഴി നൽകിയിരുന്നു. എന്നാൽ ആദ്യ അന്വേഷണസംഘം അത് മുഖവിലയ്ക്കെടുത്തില്ല. പകൽ 10.30 ഓടെ പുറത്തുപോയ ജിഷ 1.30 ഓടെയാണ് വീട്ടിൽ തിരിച്ചെത്തിയത്. അങ്ങിനെയെങ്കിൽ ഉച്ചയ്ക്ക് ഒപ്പംവന്ന യുവാവ് ജിഷ കൊല്ലപ്പെട്ടുവെന്നു കരുതുന്ന ആറുവരെ വീട്ടിൽതന്നെ ഉണ്ടായിരുന്നിരിക്കാമെന്ന് അന്വേഷണസംഘം കരുതുന്നു. ജിഷയ്ക്ക് വളരെ അടുപ്പമുള്ള ഈ യുവാവിനെ പക്ഷെ അമ്മയും സഹോദരിയും മറ്റ് ബന്ധുക്കളും അറിയില്ലെന്നു പറയുന്നത് പൊലീസിനെ കുഴയ്ക്കുന്നു. അതിനിടെ ജിഷവധത്തിൽ ഭൂമാഫിയയുടെ പങ്കും പൊലീസ് അന്വേഷിക്കുന്നുണ്ട്.