കൊച്ചി: പെരുമ്പാവൂർ കുറുപ്പംപടിയിൽ ജിഷയെന്ന നിയമവിദ്യാർത്ഥിനിയെ അതിക്രൂരമായി മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെൺകുട്ടിയുടെ മുൻ നൃത്താധ്യാപകനാണ് കസ്റ്റഡിയിലുള്ള ഒരാൾ എന്നാണ് സൂചന. മറ്റൊരാൾ പെൺകുട്ടിയുടെ അയൽവാസിയും ജിഷ മുൻപ് ജോലിചെയ്തിരുന്ന സ്ഥാപനത്തിലെ ജീവക്കാരനുമാണെന്നുമാണ് വിവരം. അയൽവാസിയായ സ്ത്രീ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്. എന്നാൽ ഇവർക്ക് സംഭവവുമായി ബന്ധമുണ്ടോയെന്നകാര്യം വ്യക്തമല്ല. അതിനിടെ, കൊലചെയ്യപ്പെട്ട ശേഷമാണ് ജിഷയുടെ ശരീരത്തിൽ മാരകമായ മുറിവുകൾ ഉണ്ടായതെന്ന് ഫോറൻസിക് വിദഗ്ദ്ധർ അന്വേഷണ സംഘത്തെ അറിയിച്ചു.

പൊലീസ് കസ്റ്റഡിയിലെടുത്ത രണ്ടുപോരെ പെരുമ്പാവൂർ ഡി.വൈ.എസ്‌പി ഓഫീസിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്. കസ്റ്റഡിയിൽ ഉള്ളവരാണ് ഐജി മഹിപാൽ യാദവ് വ്യക്തമാക്കി. രണ്ട് ദിവസത്തിനകം വഴിത്തിരിവുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഒരാളാണ് കൊലപാതകിയെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. ഡൽഹി മോഡൽ കൊലപാതകമായി ഇതിനെ വ്യാഖ്യാനിക്കേണ്ടെന്നും ഐജി വ്യക്തമാക്കി. പ്രതി ജിഷയുടെ വീട്ടിലേക്ക് കയറിപ്പോകുന്നത് കണ്ടവരില്ലെന്നും ഐ.ജി മാദ്ധ്യമങ്ങളോട് പറഞ്ഞു.

കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്യാൻ വേണ്ടിയാണ് വിളിച്ചു വരുത്തിയത്. ഇവരിൽ നിന്ന് വിവരങ്ങൾ തേടിക്കൊണ്ടിരിക്കുന്നതേയുള്ളൂ. രണ്ടു ദിവസത്തിനുള്ളിൽ തന്നെ പ്രതികളെ അറസ്റ്റു ചെയ്യുമെന്നും ഐ.ജി പറഞ്ഞു. അതേസമയം, ജിഷയുടെ മൂത്ത സഹോദരിയുടെ ഭർത്താവിനെയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. ഇയാളെ രണ്ടാംവട്ടമാണ് ചോദ്യം ചെയ്യുന്നത്. ആദ്യത്തെ മൊഴിയിൽ സംശയം തോന്നിയാണ് രണ്ടാമതും ചോദ്യം ചെയ്യുന്നത്. ഇയാളെ സംഭവ ദിവസം പ്രദേശത്ത് കണ്ടതായി പറയപ്പെടുന്നുണ്ട്.

കസ്റ്റഡിയിലെടുത്തവരെ മുഖം മറച്ചാണ് ഇവരെ സ്റ്റേഷനിലെത്തിച്ചത്. ഐ.ജി. മഹിപാൽ യാദവിന്റെ നേതൃത്വത്തിലാണ് പൊലീസ് അന്വേഷണം നടക്കുന്നത്. അതിനിടെ സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. ഇന്ന് രാവിലെ മുതൽ കേരളമൊന്നടങ്കം പ്രതിഷേധവുമായി രംഗത്തെത്തിയതൊടെയാണ് പൊലീസ് ഇക്കാര്യത്തിൽ ഉണർന്ന് പ്രവർത്തിക്കാൻ തയ്യാറായത്.

ജിഷയെ ശല്യപ്പെടുത്തിയ ബന്ധുവിനെയും മാതാവ് രാജേശ്വരിയുടെ പരാതിയിൽ പരാമർശിച്ചിട്ടുള്ള അയൽവാസികളായ ഏതാനും പേരെയും ചോദ്യം ചെയ്യലിനായി രാവിലെ കസ്റ്റഡിയിൽ എടുത്തിരുന്നു.ജിഷയുടെ സഹോദരി ഭർത്താവിനെയും ചോദ്യം ചെയ്യുമെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം .വീടിന് പിന്നിൽ നിന്നും രക്തം പുരണ്ട ഒരുജോഡി ചെരുപ്പ് കണ്ടെത്തിയിരുന്നു.ഇത് പ്രതിയുടേതാണെന്നാണ് പൊലീസ് കരുതുന്നത്.

അതേസമയം, സംഭവത്തിൽ പട്ടികജാതി ഗോത്ര കമ്മിഷൻ സ്വമേധയാ കേസെടുത്തു. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് സർക്കാരിന് നിർദ്ദേശവും നൽകി. ഡിജിപിക്കും ഹോം സെക്രട്ടറിക്കുമാണ് ജസ്റ്റിസ് പി.എൻ. വിജയകുമാറിന്റെ നിർദ്ദേശം നൽകി. ഇത്തരം അക്രമങ്ങൾ തടയാൻ പ്രത്യേക മൊബൈൽ സ്‌ക്വാഡ് ഉണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

സംഭവത്തിൽ കേരളത്തിലുടനീളം പ്രതിഷേധക്കൂട്ടായ്മകൾ സജീവമായി. ജിഷയുടെ കൊലപാതകം കേരളത്തിന്റെ മനസാക്ഷിയെ ഉണർത്തിയെന്നതിന് തെളിവാണ് സോഷ്യൽ മീഡിയകളിലും റോഡിലും നിറഞ്ഞ പ്രതിഷേധക്കൂട്ടായ്മകൾ. അഞ്ചു ദിവസം കഴിഞ്ഞു മാത്രം പുറംലോകമറിഞ്ഞ നിഷ്ഠുര കൊലപാതകത്തിലെ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ടു കേരളത്തിന്റെ വിവിധഭാഗങ്ങളിൽ പ്രതിഷേധം രൂപപ്പെടുകയാണ്. രാവിലെ സെക്രട്ടേറിയറ്റിനുമുന്നിൽ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്.

അതേസമയം, യുവതിയെ ഫോണിൽ വിളിച്ച് ശല്യപ്പെടുത്തിയ ഒരാളെക്കുറിച്ച് മുമ്പ് ജിഷയുടെ അമ്മ പരാതി നൽകിയിരുന്നു. ഒരു പഞ്ചായത്ത് അംഗത്തിന്റെ ബന്ധുവാണ് ഇയാൾ. യുവതിയോടെ അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് അന്ന് നൽകിയ പരാതി. എന്നാൽ, മാനസികാസ്വാസ്ഥ്യം ഉള്ള രാജേശ്വരി നൽകിയ പരാതി പൊലീസ് വിശ്വാസത്തിൽ എടുത്തില്ലെന്നാണ് ആക്ഷേപം. എന്നാൽ, ഇത്തരമൊരു പരാതി കിട്ടിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകം നടന്ന് അഞ്ചു ദിവസം കഴിഞ്ഞിട്ടും കുറ്റക്കാരെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. ഇതര സംസ്ഥാന തൊഴിലാളികളിലേക്കും പരിചയക്കാരിലേക്കും പൊലീസിന്റെ അന്വേഷണം നീളുന്നുണ്ട്. കൊലപാതകം നടന്ന സമയവും മൊഴികളും പരിഗണിച്ചാണ് വീട്ടുകാരെ അറിയുന്നവരാകും കൊലപാതകത്തിന് പിന്നിലെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തുന്നത്. ഡൽഹിയിൽ നിർഭയയ്ക്ക് സമാനമായ രീതിയിൽ ക്രൂരമായായിരുന്നു ജിഷയെ കൊലപ്പെടുത്തിയത്.

കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്കും അഞ്ചു മണിക്കും ഇടയിലാണ് കുറുപ്പംപടി വട്ടോലിക്കനാലിനു സമീപത്തെ ഒറ്റമുറിവീട്ടിൽ ജിഷ കൊലചെയ്യപ്പെട്ടത്. വീട്ടിലെത്തിയ ആരോടോ ജിഷ ഉച്ചത്തിൽ സംസാരിച്ചുവെന്ന് പൊലീസിന് മൊഴി ലഭിച്ചെന്നാണ് സൂചന. ഇതാണ് വീട്ടുകാരെ പരിചയമുള്ളവരിലേക്ക് അന്വേഷണം നീളാനുള്ള കാരണം. ജിഷ കൊല്ലപ്പെടുമ്പോൾ അമ്മ ജോലിക്ക് പോയിരുന്നു. വീട്ടിൽ ആരുമില്ലാത്ത സമയം മനസിലാക്കിയ ആരോ ആണ് കൊലപാതകത്തിന് പിന്നിലെന്ന് ജിഷയുടെ സഹോദരിയും സംശയിച്ചിരുന്നു. മാനഭംഗം ചെയ്യപ്പെട്ട ശേഷം ജനനേന്ദ്രീയത്തിൽ ക്രൂരമായ രീതിയിൽ പരിക്കേൽപിച്ചാണ് ജിഷയെ കൊലപ്പെടുത്തിയത്. ശരീരത്തിൽ 30 ഓളം മുറിവുകളുമുണ്ടായിരുന്നു.

കഴിഞ്ഞ വ്യാഴാഴ്‌ച്ച രാത്രി 8.30 നാണ് നാട്ടുകാർ വിളിച്ചറിയിച്ച് വിവരമറിഞ്ഞ പൊലീസ് വട്ടോളിപടിയിലുള്ള ജിഷയുടെ വീട്ടിൽ എത്തുന്നത്. കുറപ്പംപടി സി.ഐ യുടെ നേതൃത്വത്തിൽ നടന്ന ആദ്യപരിശോധനയിൽതന്നെ ക്രൂരമായ കാലപാതകത്തിന്റെ മുഖം വ്യക്തമായിരുന്നുവെങ്കിലും ഇത് പുറത്തുപറയാൻ പൊലീസ് തയ്യാറായില്ല. വിവരമറിഞ്ഞ് സംഭവസ്ഥലത്ത് എത്തിയ മാദ്ധ്യമ പ്രവർത്തകരോടും വിവരങ്ങൾ വെളിപ്പെടുത്താൻ പൊലീസ് തയ്യാറായില്ല. കൊലപാതകമെന്ന് സംശയം മാത്രമാണുള്ളതെന്നായിരുന്നു പൊലീസിന്റെ നിലപാട്. പിന്നീട് മകളുടെ മരണത്തെത്തുടർന്നുള്ള മനോവിഷമത്താൽ അവശനിലയിലായ ജിഷയുടെ മാതാവ് രാജേശ്വരിയെ പൊലീസ് പെരുമ്പാവൂർ താലൂക്ക് ആശുപ്രിയിൽ എത്തിക്കുകയായിരുന്നു. സംഭവം നടന്ന വീട് പൂട്ടി സീൽ ചെയ്യുകയും ചെയ്തു. പിറ്റേന്ന് രാവിലെ ഉന്നത പൊലീസ് സംഘമെത്തി പരിശോധിച്ചപ്പോഴും പൊലീസ് കാര്യമായ വെളിപ്പെടുത്തലിനും തയ്യാറായില്ല.

തുടർന്ന് മൃതശരിരം പോസ്റ്റുമോർട്ടത്തിനായി ആലപ്പുഴക്ക് കൊണ്ടുപായി. പൊലീസ് സർജന്റെ നേതൃത്വത്തിൽ നടന്ന പോസ്റ്റുമോർട്ടത്തിന് ശേഷം ജിഷയുടെ മൃതശരിരം മലമുറിയിലെ പൊതു സ്മശാനത്തിൽ സംസ്‌കരിച്ചു. അതിനുശേഷവും ക്രൂരമായയ ആ കൊലപാതവിവരം പൊലീസ് പുറത്തുവിട്ടില്ല. മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് അന്വേഷണം നടക്കുന്ന എന്ന മറുപടിയാണ് മിക്കപ്പോഴും ലഭിച്ചത്. അന്നുതന്നെ എസ്‌പി.യുടെ നേത്യത്വത്തിൽ ഡി.വെ.എസ്‌പി അനിൽകുമാർ, പെരുമ്പാവൂർ സി.ഐ മുഹമ്മദ് റിയാസ്, കുറുപ്പംപടി സി.ഐ രാജേഷ് എന്നിവർ ഉൾപെട്ട സംഘമാണ് അന്വേഷിക്കുന്നത്.

തുടർന്ന് തിങ്കളാഴ്‌ച്ച രാവിലെ പോസ്റ്റുമോർട്ടത്തിന്റെ ആദ്യ വിവരങ്ങൾ രഹസ്യമായി മാദ്ധ്യമങ്ങൾക്ക് ലഭിച്ചതോടെയാണ് ക്രൂരമായ കൊലപാതകത്തെകുറിച്ച് പുറം ലോകം അറിയുന്നത്. പൊലീസ് നിസാരവൽക്കരിക്കാൻ ശ്രമിച്ച സംഭവം പുറത്തറിഞ്ഞതോടെ കേസന്യോഷണം ഊർജിതമാക്കി. എറണാകുളം റേഞ്ച് ഐ.ജിയുടെ നേതൃത്വത്തിൽ അന്യോഷണത്തിനായ് മൂന്ന് സംഘങ്ങളെ നയോഗിച്ചു. അതിലൂടെ 70ഓളം പേരെ ചോദ്യം ചെയ്യുകയും ചെയ്തു. ഇതിൽനിന്നും ജിഷയുടെ വീട്ടിൽ ഷീറ്റുമേയാൻ എത്തിയ അന്യസംസ്ഥാന തൊഴിലാളികളെയും, ജിഷയുടെ അമ്മയായ രാജേശ്വരിയെ ബൈക്ക് ഇടിപ്പിച്ചതുമായി ബന്ധപ്പെട്ട് ശത്രുതയുള്ള മറ്റൊരാളെയും ചുറ്റിപ്പറ്റിയാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്.

ആഭ്യന്തരമന്ത്രി ഡിവൈഫ്‌ഐ പ്രവർത്തകർ തടഞ്ഞു, രാഷ്ട്രീയവൽക്കരിക്കാൻ നീക്കമെന്ന് ചെന്നിത്തല

അതിനിടെ, ജിഷയുടെ അമ്മയെ കാണാൻ പെരുമ്പാവൂർ ആശുപത്രിയിൽ എത്തിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കു നേരെ ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധിച്ചു. മന്ത്രിയുടെ വാഹനം ആശുപത്രിക്ക് മുന്നിൽ തടഞ്ഞ പ്രവർത്തകർ കുറ്റക്കാരെ അറസ്റ്റു ചെയ്യാത്തത് പൊലീസിന്റെ അനാസ്ഥയാണെന്ന് ആരോപിച്ചു. കുറ്റക്കാരെ ഉടൻ പിടികൂടുമെന്ന മന്ത്രിയുടെ ഉറപ്പിനെ തുടർന്നാണ് പ്രവർത്തകർ ശാന്തരായത്. പിന്നീട് ചെന്നിത്തല ജിഷയുടെ വീട് സന്ദർശിച്ചു.

അതേസമയം കൊലപാതകത്തെ രാഷ്ട്രീയവൽക്കരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പ്രതികളെ ഉടൻ പിടികൂടുമെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ ജില്ലാ കലക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. ആഭ്യന്തരവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്. അന്വേഷണം ക്രൈം ബ്രാഞ്ചിന് വിടണമെന്ന് മനുഷ്യാവകാശ കമ്മിഷൻ നിർദ്ദേശിച്ചു. കമ്മിഷൻ സ്വമേധയാ കേസെടുത്തു. അന്വേഷണ പുരോഗതി അറിയിക്കാൻ എറണാകുളം റേഞ്ച് ഐജിക്ക് നിർദ്ദേശം നൽകി. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. ജിഷയുടെ കുടുംബത്തിന് സഹായം നൽകാൻ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജിഷയുടെ കുടുംബത്തിന് വീട് നിർമ്മിച്ച് നൽകും

അതിനിടെ വിവാദം മുറുകുന്നതിനിടെ പെരുമ്പാവൂരിൽ കൊല്ലപ്പെട്ട ജിഷയുടെ കുടുംബത്തിന് വീട് നിർമ്മിച്ച് നൽകാൻ പെരുമ്പാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി തീരുമാനിച്ചു. ജിഷയുടെ മാതാവിനെ സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥിയും ജില്ലാ പഞ്ചായത്ത് മുൻ അദ്ധ്യക്ഷനുമായ അഡ്വ. എൽദോസ് കുന്നപ്പിള്ളി ആവശ്യപ്പെട്ടു.

ജിഷയുടെ കൊലപാതകം സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. നിയമ വിദ്യാർത്ഥി കൂടിയായ ദളിത് യുവതി ജിഷയുടെ നേരെയുള്ള അക്രമവും കൊലപാതകവും അപലയനീയമാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മുൻകരുതലുകൾ ഉണ്ടാകണം. സംഭവം നടന്ന വീടും ആശുപത്രിയിൽ കഴിയുന്ന ജിഷയുടെ മാതാവിനെയും എൽദോസ് കുന്നപ്പിള്ളി സന്ദർശിച്ചു.