കൊച്ചി: ജിഷവധക്കേസ് അന്വേഷണത്തിൽ പൊലീസിന് നിർണ്ണായകമായത് ചെരുപ്പും ഡിഎൻഎയും. കൊല നടന്നിടത്ത് നിന്ന് കിട്ടിയ ചെരുപ്പിനെ ആരും തുടക്കത്തിൽ കാര്യമായെടുത്തില്ല. പൊലീസിനെ വഴി തെറ്റിക്കാൻ നടത്തിയ നീക്കമായി പലരും അതിനെ വിലയിരുത്തി. ഇതോടെ ചെരുപ്പിനെ ആരും തിരിഞ്ഞു നോക്കിയില്ല. എന്നാൽ ലോക്‌നാഥ് ബെഹ്‌റ ഡിജിപിയായതോടെ കാര്യങ്ങൾ മാറി മറിഞ്ഞു. എങ്ങനെ ചെരുപ്പെത്തിയെന്ന് ഡിജിപി തിരിച്ചറിഞ്ഞു. കാനാലിലേക്ക് ചെരിപ്പിട്ടു പോകാനുള്ള ബുദ്ധിമുട്ടുകാരണം ചെരുപ്പ് കൊലയാളി ഉപേക്ഷിച്ചതാണെന്ന് ബെഹ്‌റയുടെ അന്വേഷണ ബുദ്ധി തിരിച്ചറിഞ്ഞു. ഇതോടെ ചെരുപ്പിലേക്ക് അന്വേഷണം നീളാൻ ഡിജിപി നിർദ്ദേശം നൽകി. ഇതോടെ ചെരുപ്പിന് പുറകെയായി പൊലീസിന്റെ അന്വേഷണം. രേഖ ചിത്രവും വ്യക്തമായി പുറത്തായതോടെ പ്രതിയിലേക്ക് ആദ്യ സൂചനയെത്തി. സ്റ്റുഡിയോയിലെ ജീവനക്കാരും രേഖ ചിത്രത്തിൽ സംശയങ്ങൾ ഉന്നയിച്ചപ്പോൾ അസം സ്വദേശിയുടെ ഒളിച്ചു കളി പൊളിഞ്ഞു.

ജിഷ കൊലക്കേസിൽ ആസാം സ്വദേശി അമീയൂർ ഇസ്ലാമിനെ നാല് ദിവസം മുമ്പ് തമിഴ്‌നാട്ടിലെ കാഞ്ചീപുരത്തു നിന്നും  പൊലീസ് പിടികൂടിയത്. പ്രതി കുറ്റം നടത്തിയത് ഒറ്റക്കല്ല എന്നാണ് പൊലീസ് നൽകുന്ന സൂചന. പിടിയിലായ അസം സ്വദേശി പെരുമ്പാവൂരിൽ മുമ്പും ജോലിചെയ്തിട്ടുണ്ടായിരുന്നു. പൊലീസിന്റെ കസ്റ്റഡിയിലുള്ളയാൾ തന്നെയാണ് ചെരിപ്പ് വാങ്ങിയതെന്ന് കടക്കാരൻ തിരിച്ചറിഞ്ഞു. കൊലപാതകിയെന്നുറപ്പിക്കാനായി ഡി.എൻ.എ സാമ്പിളുകൾ ഇയാളിൽ നിന്ന് ശേഖരിച്ച് പരിശോധനയ്ക്കയിച്ചു. കൂടാതെ രക്തവും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ജിഷയുടെ ശരീരത്തിൽ കൊലയാളി കടിച്ചതെന്ന് കരുതുന്നിടത്ത് നിന്ന് ലഭിച്ച ഡി.എൻ.എ സാമ്പിൾ പരിശോധനയ്ക്ക് നേരത്തെ നൽകിയിട്ടുണ്ട്. ഇതും ഇപ്പോൾ പിടികൂടിയ അസം സ്വദേശിയുടെ ഡി.എൻ.എ സാമ്പിളും യോജിച്ചാൽ കൊലപാതകി ഇയാൾ തന്നെ എന്ന് ഉറപ്പിക്കാനാകും.

ജിഷയെ കൊന്നത് താനാണെന്ന് അസം സ്വദേശി സമ്മതിച്ചിട്ടുണ്ട്. ജിഷയുമായി ഇയാൾക്ക് അടുത്ത ബന്ധം ഉണ്ടായിരുന്നു. എന്നാൽ ഇടയ്‌ക്കൊന്ന് പിണങ്ങി. ഇതിനെ തുടർന്നുള്ള പ്രശ്‌നങ്ങളാണ് കൊലയിലേക്ക് നയിച്ചതെന്നാണ് മൊഴി. പ്രതി കുറ്റ സമ്മതം നടത്തിയ ശേഷമാണ് ഡിഎൻഎ പരിശോധനയ്ക്കുള്ള നടപടികൾ തുടങ്ങിയത്. ഡിഎൻഎ പരിശോധനയുടെ അനൗദ്യോഗിക വിരവങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. കസ്റ്റഡിയിലുള്ള വ്യക്തിയുമായി ഈ ഡിഎൻഎഎയ്ക്ക് സാമ്യമുണ്ടെന്ന് തന്നെയാണ് സൂചന. ഈ സാഹചര്യത്തിലാണ് പ്രതി പടിയിലായ വിവരം പൊലീസ് പുറത്തു പറയുന്നത്. ഡിജിപി ലോക്‌നാഥ് ബെഹ്‌റ മുംബൈയിലാണ് ഉള്ളത്. പൊലീസ് ഡിജിപിമാരുടെ യോഗത്തിൽ പങ്കെടുക്കാനാണ് ബെഹ്‌റയുടെ യാത്ര. ഇതിനിടെയാണ് പ്രതിയുടെ ഡിഎൻഎ പരിശോധന ഫലത്തിലെ സൂചന പുറത്തുവന്നത്. ഡിജിപി കേരളത്തിലെത്തിയ ശേഷം പ്രതിയെ മാദ്ധ്യമങ്ങൾക്ക് മുന്നിൽ ഹാജരാക്കും.

കൊലപാതകത്തിൽ ഒന്നിൽകൂടുതൽ പേർ പ്രതിയായേക്കുമെന്നാണു സൂചന. ഏപ്രിൽ 28നാണു ജിഷയെ പെരുമ്പാവൂരിലെ പുറമ്പോക്കിലെ സ്വന്തം വീട്ടിൽ അതിദാരുണമായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഏപ്രിൽ 15നു പെരുമ്പാവൂരിനു പുറത്തുള്ള സ്റ്റുഡിയോയിൽ ജിഷ ഫോട്ടോ എടുക്കുന്നതിനായി ഈ ആൺസുഹൃത്തിനൊപ്പം ബൈക്കിൽ എത്തിയിരുന്നു. കൊല നടന്ന ജിഷയുടെ വീട്ടിൽനിന്നു കണ്ടെടുത്ത ചെരുപ്പുകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണവും നിർണ്ണായകമായി. വാർത്തകൾ സജീവമായതോടെ അന്യസംസ്ഥാനക്കാരൻ ഇത്തരത്തിലെ കറുത്ത ചെരുപ്പ് നൽകിയെന്ന് പൊലീസിന് മൊഴി കിട്ടി. രേഖാ ചിത്രത്തിലെ സാമ്യവും കടക്കാരൻ ഉറപ്പിച്ചു. ഇതിനൊപ്പം ബ്യൂട്ടിപാർലറും ഫോട്ടോ എടുത്ത സ്റ്റുഡിയോയിൽ നിന്നുള്ള വിവരവും നിർണ്ണായകമായി.

ചെരുപ്പിൽ സിമെന്റ് പറ്റിയിരുന്നതിനാൽ കെട്ടിടനിർമ്മാണമേഖലയുമായി ബന്ധപ്പെട്ട ആളാണു കൊലയാളിയെന്ന സംശയമുണ്ടായിരുന്നു. ചെരുപ്പു ധരിച്ചു കനാലിലേക്കു കുത്തനെ ഇറങ്ങാൻ ബുദ്ധിമുട്ടായതിനാൽ കൊലയാളി ചെരുപ്പ് ഉപേക്ഷിച്ചതാണെന്നാണ് സൂചന. അന്യസംസ്ഥാന തൊഴിലാളികൾക്കായുള്ള തെരച്ചിൽ ദിവസങ്ങളായി തുടരുന്നതിനിടെയാണ് ചെരുപ്പു വിൽപ്പന നടത്തിയ ആൾ നിർണായകമൊഴി നൽകിയത്. ഇതോടെ ഈ വ്യക്തിയിലേക്ക് എത്താൻ പൊലീസിന് കഴിയുകയായിരുന്നു. കറുത്ത ചെരുപ്പ് സാധാരണ ആരും വാങ്ങാറില്ല. ഇതു കടക്കാരന്് ഓർമ്മയിൽ നിന്ന് മൊഴി നൽകാൻ സഹായകമായി. ജിഷ കൊല്ലപ്പെടുന്നതിനു മുൻപ്, മാർച്ച് 15 നു ശേഷം പെരുമ്പാവൂരിലെ സ്റ്റുഡിയോയിൽ ഫോട്ടോ എടുക്കാൻ എത്തിയിരുന്നു. അന്ന് ഒപ്പമുണ്ടായിരുന്ന യുവാവിനെക്കുറിച്ചു ലഭിച്ച നിർണായക വിവരമാണ് അന്വേഷണ സംഘത്തിനു തുണയായി.

കൊലയാളിയുടെ ഡിഎൻഎ സാമ്പിൾ കണ്ടെത്തിയതിനാൽ അതുകൂടി പൊരുത്തപ്പെട്ടാൽ മാത്രമേ ഇയാളെ കേസിൽ പ്രതിയാക്കാൻ കഴിയൂ. കൊല്ലപ്പെട്ട ആദ്യ ദിവസങ്ങളിൽ പ്രസിദ്ധീകരിച്ച, ജിഷയുടെ കണ്ണട ധരിച്ച ഫോട്ടോയാണ് ഏറ്റവും പുതിയതെന്നായിരുന്നു ഇതുവരെയുള്ള അനുമാനം. എന്നാൽ കൊല്ലപ്പെടുന്നതിന് ഒരു മാസം മുൻപു ജിഷ ഫോട്ടോ എടുത്തിരുന്നു. ഇതിന്റെ ഒരു കോപ്പി പോലും വീട്ടിലുണ്ടായിരുന്നില്ല.