തിരുവനന്തപുരം: ജിഷയെ കൊന്നത് അമീറുൽ ഇസ്ലാം അല്ലെന്നും സുഹൃത്തായ അനാറുൽ ഇസ്ലാമാണെന്നും വെളിപ്പെടുത്തലുമായി അമീറുലിന്റെ സഹോദരൻ ബദറുൽ ഇസഌമും അമീറുലിന്റെ അഡ്വക്കേറ്റ് രാജനും. കേസിൽ അമീറുൽ മാത്രമാണ് പ്രതിയെന്നും പഴുതുകളില്ലാത്തതെന്നും വ്യക്തമാക്കി അന്വേഷണസംഘം ഇന്നലെ നൽകിയ കുറ്റപത്രം ഇതോടെ തുടക്കത്തിലേ ചോദ്യംചെയ്യപ്പെടുന്ന അവസ്ഥയായി.

അമീറിന് ഈ കൊലപാതകവുമായി ബന്ധമില്ലെന്നും അനാറുലാണ് കൊല നടത്തിയതെന്നും ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് സഹോദരൻ ബദറുലിന്റെ വെളിപ്പെടുത്തൽ. അനാറുൽ അമീറിന്റെ സുഹൃത്തായിരുന്നു. ഇയാൾക്ക് ജിഷയുടെ നേർക്കുണ്ടായിരുന്ന പൂർവവൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. കൊല നടത്താൻ പോയപ്പോൾ അമീറുലിനേയും കൂടെ കൂട്ടുകയായിരുന്നുവെന്നും ഇക്കാര്യം കഴിഞ്ഞദിവസം ജയിലിൽ സന്ദർശിച്ചപ്പോഴും അമീറുൽ തന്നോട് പറഞ്ഞതായുമാണ് ബദറുലിന്റെ പ്രതികരണം. അമീറിന് ജിഷയുമായി മുൻ പരിചയമില്ലെന്നും ബദറുൽ പറയുന്നു.

ഇതേ കാര്യങ്ങൾ അമീറുൽ ഇസ്‌ളാം തന്നോടും വെളിപ്പെടുത്തിയതായി പ്രതിഭാഗം വക്കീൽ അഡ്വ. രാജനും ചാനലിനോട് വ്യക്തമാക്കുകയായിരുന്നു. കൃത്യം നടത്തിയ ശേഷം മുങ്ങിയ  അനാറുലിനെ തേടി പൊലീസ് അന്വേഷണം നടത്തിയതായും അയാളെ കണ്ടെത്താൻ കഴിയാതായതോടെ അമീറുലിനെ പ്രതിയാക്കി കുറ്റപത്രം നൽകുകയായിരുന്നുവെന്നുമാണ് ഇപ്പോൾ വാദമുയരുന്നത്.

അന്വേഷണത്തിന്റെ ഒരു ഘട്ടത്തിൽ അമീറുൽ അറസ്റ്റിലായി ആദ്യഘട്ട ചോദ്യംചെയ്യൽ പൂർത്തിയായപ്പോൾത്തന്നെ ഇയാളുടെ ഒരു സുഹൃത്തിനായി പൊലീസ് അന്വേഷണം നടത്തിയിരുന്നതായി വാർത്തകൾ പുറത്തുവന്നിരുന്നു. അനാറുൽ ഇസഌം എന്ന സുഹൃത്തിനെ തേടി പൊലീസ് സംഘം അസമിൽ എത്തിയിരുന്നതായും ഇങ്ങനെയൊരാളെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നുമുള്ള വിവരങ്ങളും ആയിടക്ക് പുറത്തുവന്നു. പക്ഷേ, ഈ കഥ അമീറുൽ കേസിൽ നിന്ന് രക്ഷപ്പെടാൻ കെട്ടിച്ചമച്ചതാണെന്നാണ് ഇപ്പോൾ അന്വേഷണ സംഘം കരുതുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അമീറുൽ മാത്രമാണ് പ്രതിയെന്ന നിഗമനത്തിലേക്ക് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ അവർ എത്തുന്നതും.

അതേസമയം, പ്രതി അമീറുലിനെ പരിചയമില്ലെന്ന മുൻ നിലപാട് മാറ്റി അവന് തന്റെ മകളോട് വൈരമുണ്ടായിരുന്നെന്നും മുമ്പും വഴക്കുണ്ടായിരുന്നെന്നും ജിഷയുടെ അമ്മ രാജേശ്വരി ഇടയ്ക്ക് വെളിപ്പെടുത്തിയതും ചർച്ചയായിട്ടുണ്ട്. പക്ഷേ, വീടു പണിയാൻ വന്ന ചില ഹിന്ദിക്കാരുമായി വഴക്കുണ്ടായിരുന്നെന്നും അതിൽ അമീറുൽ ഇല്ലായിരുന്നെന്നുമാണ് സഹോദരി ദീപ വ്യക്തമാക്കുന്നത്.

വീടിന് പരിസരത്തുവച്ച് വണ്ടിയിടിച്ച് ആക്‌സിഡന്റ് ഉണ്ടായപ്പോൾ ഒരു വഴക്കുണ്ടായിരുന്നെന്നും ഞാനില്ലാത്ത സമയം നോക്കി മകൾക്കെതിരെ പ്രതികാരം ചെയ്യുകയായിരുന്നെന്നും രാജേശ്വരി പറയുന്നു. ജിഷ കൊല്ലപ്പെട്ടതിന് തലേന്ന് ടിവി കണ്ടുകൊണ്ടിരിക്കെ വീടിനുനേർക്ക് കല്ലേറുണ്ടായിരുന്നു. പിറ്റേന്ന് വീടിന് പുറത്തുനിന്ന് ഹിന്ദിക്കാർ ഉപയോഗിക്കുന്ന ബീഡിയുടെ പാക്കറ്റും ലൈറ്ററും കണ്ടിരുന്നുവെന്നും രാജേശ്വരി പറയുന്നു.

പുതിയ വെളിപ്പെടുത്തലുകൾ വന്നതോടെ ഒരാൾ ഒറ്റയ്ക്കല്ല ജിഷയെ കൊലപ്പെടുത്തിയതെന്ന വാദത്തിലൂന്നിയാകും അമീറുലിന് അനുകൂലമായ നീക്കങ്ങൾ നടത്തുകയെന്ന് വ്യക്തമാകുന്നതായി നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ പഴുതടച്ചതെന്നു പറയുന്ന കുറ്റപത്രം സമർപ്പിച്ച ശേഷം ഇത്തരം വെളിപ്പെടുത്തലുകൾ വരുന്നതോടെ കേസിൽ പുനരന്വേഷണം വേണമെന്ന വാദവും ഉയരുമെന്ന സ്ഥിതിയാണ് ഉണ്ടാകുന്നത്. കുറ്റപത്രം വിശദമായി പരിശോധിക്കുമ്പോൾ ഇത്തരത്തിൽ പഴുതുകൾ ഉണ്ടോയെന്ന കാര്യം വരുംദിവസങ്ങളിൽ കൂടുതൽ ചർച്ചയാകുമെന്നും ഉറപ്പായി.

ഒന്നിൽ കൂടുതൽ പേർ കുറ്റകൃത്യത്തിൽ പങ്കെടുത്തുവെന്നതിന് തെളിവൊന്നും ലഭിക്കാതിരുന്ന സാഹചര്യത്തിലാണ് അമീറുലാണ് കേസിലെ ഏക പ്രതിയെന്ന് വ്യക്തമാക്കിയും 195 സാക്ഷികളെ അണിനിരത്തിയും അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചതെന്ന് എറണാകുളം റൂറൽ എസ്‌പി പിഎൻ ഉണ്ണിരാജൻ വ്യക്തമാക്കിയിരുന്നു. പ്രതി അമീറുൽ ഇസഌമിനെതിരെ സാങ്കേതികമായും ശാസ്ത്രീയമായും തെളിവുകളുണ്ടെന്നും കുറ്റപത്രത്തിൽ പറഞ്ഞിട്ടുണ്ട്.

ജിഷ പുറത്തുപോയി ഭക്ഷണം കഴിച്ചെന്നും ഒരാൾക്കൊപ്പം തിരിച്ചുവന്നുവെന്നുമെല്ലാം അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ വിവരങ്ങൾ പുറത്തുവന്നിരുന്നു. വീട്ടിലേക്കുള്ള വഴിയരികിലെ കടകളിലെ സിസിടിവി ദൃശ്യങ്ങളും ഇതിനായി പരിശോധിച്ചിരുന്നു. എന്നാൽ ജിഷ പുറത്തുപോയി ഭക്ഷണം കഴിച്ചതിന് തെളിവില്ലെന്നും വീട്ടിൽ നിന്ന് കഴിച്ച ഭക്ഷണത്തിന്റെ അംശമാണ് കണ്ടെത്തിയതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. പ്രതി അമീറുൽ ഇസ്‌ളാം ലൈംഗിക വൈകൃതമുള്ളയാളാണെന്നും ബലാത്സംഗത്തെ എതിർത്തപ്പോൾ ജിഷയെ പ്രതി ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നെന്നുമാണ് കണ്ടെത്തൽ.

വധശ്രമത്തിനായി വീട്ടിൽ അതിക്രമിച്ച് കടക്കൽ, അന്യായമായി തടഞ്ഞുവയ്ക്കൽ, ബലാത്സംഗം, കൊലപാതകം, തെളിവുനശിപ്പിക്കൽ, പട്ടികവിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമം തടയൽ എന്നീ വകുപ്പുകൾ പ്രകാരമാണ് അമീറുലിനെതിരെ കുറ്റങ്ങൾ ചുമത്തിയിട്ടുള്ളത്.