കൊച്ചി: ജിഷ കൊലക്കേസിൽ പ്രതിയെ കണ്ടുപിടിച്ച കേരള പൊലീസിന്റെ തലവേദന ഉടനെങ്ങും അവസാനിക്കുമെന്നു തോന്നുന്നില്ല. ഒന്നിനു പുറകെ ഒന്നായി വിവാദങ്ങളും കൊഴുക്കുകയാണ് ജിഷ വധക്കേസിൽ.

പൊലീസ് നേരത്തെ പുറത്തിറക്കിയ രേഖാചിത്രം ഇപ്പോൾ പിടിയിലായ അമിറുൾ ഇസ്ലാമുമായി പുലബന്ധം പോലുമില്ലെന്ന ആരോപണമാണ് ഒടുവിൽ വന്നത്. അമീറുളിനെ മുഖംമൂടിയില്ലാതെ പുറത്തുകൊണ്ടുവന്നപ്പോഴാണ് പുതിയ വിവാദം ഉയർന്നത്.

ഇപ്പോഴിതാ, ജിഷയുടേതെന്ന പേരിൽ സൂക്ഷിച്ചുവച്ചിട്ടുള്ള ആന്തരിക അവയവങ്ങൾ ജിഷയുടേതു തന്നെയാണോ എന്ന ചോദ്യമാണ് ഉയരുന്നത്. ജിഷയുടെ അച്ഛൻ കെ വി പാപ്പുവാണ് ഇക്കാര്യത്തിൽ സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്‌റയ്ക്കു പരാതി നൽകിയിരിക്കുന്നത്.

ജിഷയുടെ ആന്തരികാവയവങ്ങൾ തന്നെയാണു എടുത്തിട്ടുള്ളത് എന്നു പരിശോധിക്കണമെന്നാണു പാപ്പുവിന്റെ ആവശ്യം. ഇതിനായി തന്റെ ഭാര്യ രാജേശ്വരിയുടെ രക്തസാമ്പിൾ എടുത്തു ഡിഎൻഎ പരിശോധന നടത്തണമെന്നും പാപ്പു ആവശ്യപ്പെട്ടു.

ഏപ്രിൽ 28നാണു പെരുമ്പാവൂരിൽ നിയമവിദ്യാർത്ഥിനിയായ ജിഷ കൊല്ലപ്പെടുന്നത്. മകളെ അതിദാരുണമായി കൊലപ്പെടുത്തിയിട്ട് അഞ്ചുദിവസം പുറംലോകം അറിയാതെ മൂടിവച്ചത് തെളിവു നശിപ്പിക്കാനും പ്രതികളെ സഹായിക്കാനും വേണ്ടിയാണെന്നാണു പാപ്പു പറയുന്നത്. മെയ് രണ്ടിനാണ് ഈ സംഭവം പുറംലോകത്തിന്റെ ശ്രദ്ധയിൽ എത്തുന്നത്.

ജിഷ കൊല്ലപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസമായ ഏപ്രിൽ 29ന് രാത്രി ഒമ്പതിനു മൃതദേഹം പെരുമ്പാവൂർ മലമുറിയിലുള്ള മുനിസിപ്പൽ ശ്മശാനത്തിൽ ദഹിപ്പിക്കുകയായിരുന്നു. മൃതദേഹം ദഹിപ്പിക്കരുതെന്നു കാലുപിടിച്ച് അപേക്ഷിച്ചിട്ടും താഴ്ന്ന ജാതിക്കാരനായ എന്റെ അപേക്ഷ കൂട്ടാക്കാതെ അസമയത്തു ദഹിപ്പിക്കുകയായിരുന്നുവെന്നു പാപ്പു പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. അതിനാൽ വീണ്ടുമൊരു പോസ്റ്റ്‌മോർട്ടത്തിനുള്ള അവസരം നഷ്ടമായെന്നും പാപ്പു പറയുന്നു.

അതുകൊണ്ട് രാജേശ്വരിയുടെ രക്തസാമ്പിൾ എടുത്തു ഡിഎൻഎ പരിശോധന നടത്തി ആന്തരികാവയവങ്ങൾ ജിഷയുടേതു തന്നെയാണോ എന്നു ഉറപ്പിക്കണമെന്നാണു പാപ്പുവിന്റെ ആവശ്യം.