തൃശ്ശൂർ: പാമ്പാടി നെഹ്രു കോളേജ് വിദ്യാർത്ഥി ജിഷ്ണുവിന്റെ മൃതദേഹത്തിലെ മുറിവ് ഏവരും കണ്ടതാണ്. മൂക്കിനും കണ്ണിനും ഇടയിലെ മുറിവ് വളരെ വ്യക്തവുമായിരുന്നു. എന്നിട്ടും ശരീരത്തിലെ മുറിവുകൾ സംബന്ധിച്ച വിവരങ്ങൾ പല രേഖകളിലുമില്ല. എഫ്.ഐ.ആറിനു പുറമെ, ഇൻക്വസ്റ്റ് റിപ്പോർട്ടിലും ഈ മുറിവുകൾ പറയുന്നില്ല. മൃതദേഹപരിശോധനാ റിപ്പോർട്ടും മുറിവുകളില്ല. ഇതോടെ ജഷ്ണുവിന്റെ മരണത്തിൽ ദുരൂഹത ഏറെയാണെന്ന് അന്വേഷണ സംഘം വിലയിരുത്തുന്നു.

ഈ സാഹചര്യത്തിൽ തെളിവ് ശേഖരിക്കാൻ വീണ്ടും മൃതദേഹപരിശോധന നടത്തുക മാത്രമാണ് വഴിയെന്നാണ് പൊലീസും വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നത്. അന്വേഷണസംഘം ഇതുസംബന്ധിച്ച ആലോചനകൾ ആരംഭിച്ചതായും സൂചനയുണ്ട്. ജിഷ്ണുവിന്റെ മൂക്കിനും കണ്ണിനുമിടയിലുള്ള മുറിവാണ് വേണ്ടത്ര പരിഗണിക്കാതെ പോയവയിൽ പ്രധാനം. മരണത്തിനു മുമ്പാണ് മുറിവ് പറ്റിയതെന്നത് ഇതിലെ ചോര വ്യക്തമാക്കുന്നതായി ഫോറൻസിക് വിദഗ്ദ്ധർ പറയുന്നു. തൂങ്ങിയതിനുശേഷമാണ് മുറിവ് പറ്റുന്നതെങ്കിൽപ്പോലും ശരീരത്തിന് ഈ രീതിയിൽ പ്രതികരിക്കാനാവില്ലെന്നാണ് ഇവരുടെ വിലയിരുത്തൽ.

കാൽവെള്ളയിലും വയറിലും അടിച്ച പാടുകൾ ഉണ്ടായിരുന്നതായും പറയപ്പെടുന്നു. ജിഷ്ണുവിന്റെ ബനിയൻ കീറിയ നിലയിലായിരുന്നെന്നും ദൃക്സാക്ഷികൾ പറയുന്നു. കേസിന്റെ ഗൗരവം കണക്കിലെടുത്ത് പ്രേരണക്കുറ്റമോ മാനസിക പീഡനമോ ചുമത്താനും പൊലീസ് ആലോചിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കൊലപാതകത്തിന്റെ പരിധിയിൽ കേസ് വരുമോ എന്നും അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്. ജിഷ്ണുവിന്റെ അമ്മ നൽകിയ പരാതി ഗൗരവത്തോടെ കണ്ടാണ് അന്വേഷണം നടക്കുന്നത്.

അസ്വാഭാവിക മരണം എന്ന നിലയിലാണ് ഇപ്പോൾ കേസ് എടുത്തിരിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗവും മുറിവുകളിലെ അസ്വാഭാവികത ചർച്ചചെയ്തുവെന്നാണ് അറിയുന്നത്. നോർത്ത് സോൺ എ.ഡി.ജി.പി. സുദേഷ്‌കുമാർ, തൃശ്ശൂർ റേഞ്ച് ഐ.ജി. എം.ആർ. അജിത്കുമാർ, റൂറൽ എസ്‌പി. എൻ. വിജയകുമാർ, അന്വേഷണ ഉദ്യോഗസ്ഥ കിരൺ നാരായണൻ തുടങ്ങിയവരാണ് യോഗത്തിൽ പങ്കെടുത്തത്. ഇതുവരെയുള്ള മൊഴികളും തെളിവുകളും വിലയിരുത്തി. അതിന് ശേഷമാണ് മൃതദേഹ പരിശോധനയുടെ സാധ്യത തേടാൻ തീരുമാനിച്ചത്.

എന്തുകൊണ്ട് എഫ് ഐ ആറിൽ മുറിവുകൾ രേഖപ്പെടുത്തിയില്ലെന്നത് അന്വേഷണ സംഘത്തേയും ഞെട്ടിപ്പിച്ചിട്ടുണ്ട്. ജിഷ്ണുവിന്റേത് വെറുമൊരു ആത്മഹത്യയായി ചിത്രീകരിക്കാൻ ശ്രമം നടന്നതിന് തെളിവാണിതെന്ന വിലയിരുത്തലും സജീവമാണ്.