കൊല്ലം: പഠനത്തിൽ ഏറെ മിടുക്കനും സൗഹൃദങ്ങൾ കുറവുമുള്ള ഒരു കൊച്ചു മിടുക്കനായിരുന്നു ജിത്തു ജോബ്. പരീക്ഷകളിലെല്ലാം ഉയർന്ന മാർക്ക് വാങ്ങിയിരുന്നു. ക്ലാസ്സിൽ വളരെ ശാന്തശീലനും അച്ചടക്കവുമുള്ളയാളായിരുന്നു ജിത്തു എന്ന് കുണ്ടറ എം.ജി.ഡി ബോയ്സ് എച്ച്.എസിലെ സഹപാഠികളായ സുഹൃത്തുക്കൾ പറയുന്നു. എല്ലാ കളിതമാശയ്ക്കും ഒപ്പമുണ്ടങ്കിലും പഠനത്തിൽ ഏറെ ശ്രദ്ധ പുലർത്തിയിരുന്നു. കൂടാതെ സ്‌പ്പോർട്ട്‌സ് ഐറ്റങ്ങൾക്ക് പങ്കെടുത്തു സമ്മാനങ്ങളും നേടിയിട്ടുണ്ട്.

ഓമനത്തം തുളുമ്പുന്ന മുഖമായതുകൊണ്ടും പീനത്തിൽ മിടുക്കനായതുകൊണ്ടും അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഏറെ പ്രിയങ്കരനായിരുന്നു. ചുരുക്കം സുഹൃത്തുക്കൾ മാത്രമുള്ള ജിത്തുവിന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു സെനി എന്ന കസിൻ ബ്രദർ. സന്തോഷങ്ങളും ദുഃഖങ്ങളും പങ്കുവെച്ചിരുന്നത് സെനിയുമായിട്ടായിരുന്നു. പ്രാർത്ഥനകർമ്മങ്ങളുമായി മുന്നോട്ടു പോകുന്ന സെനിയുമായുള്ള ചങ്ങാത്തം ജിത്തുവിനെ ദൈവ വിശ്വാസത്തിലേക്ക് കൂടുതൽ അടുപ്പിച്ചിരുന്നു.

ഇരുവരുമൊന്നിച്ചാണ് മുഖത്തലയിലെ സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ പോയി വന്നിരുന്നത്. യാതൊരു വിഷമങ്ങളും ഉണ്ടായിരുന്നതായി ജിത്തു പറഞ്ഞിരുന്നില്ല. കാണാതായി എന്ന് പറയുന്ന ദിവസവും ഞങ്ങൾ കണ്ടിരുന്നു. അന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരുന്നതിനാൽ ഉച്ചവരെ ട്യൂട്ടോറിയിൽ പോയിട്ട് തിരികെ വന്നു. പിന്നീട് തൊട്ടടുത്തുള്ള മൈതാനത്ത് ബാഡ്മിന്റൺ കളിക്കാനായി പോയി.

ജിത്തുവിന്റെ പപ്പയുടെ അപ്പന്റെ വീട്ടിലേക്കാണ് കളി കഴിഞ്ഞ് പോയത്. അത് സ്ഥിരം സംഭവമാണ്. പിന്നെയറിയുന്നത് കാൺമാനില്ല എന്നായിരുന്നു എന്ന് സെനി പറയുന്നു. ഉറ്റ തോഴന്റെ ദേഹവിയോഗത്തിൽ മനം തകർന്നിരിക്കുകയാണ് സെനി. നാട്ടുകാർക്കും ജിത്തുവിനെ പറ്റി മറുത്തൊന്നും പറയാനില്ല. നിഷ്‌ക്കളങ്കത നിറഞ്ഞ ചിരിയോടെയുള്ള സംസാരം ഇനിയില്ല എന്ന് വിശ്വസിക്കാനാവാത്ത അവസ്ഥയിലാണ് നാട്ടുകാർ. അതുകൊണ്ട് കൂടിയാണ് കൊലയിൽ ഏറെ ദുരൂഹതകൾ നാട്ടുകാർ കാണുന്നത്. വലിയ കള്ളക്കളി നടന്നിട്ടുണ്ടെന്ന് അവർ പറയുന്നു.

ഭർതൃകുടുംബത്തിൽ പോയതിന്റെ പകയിൽ മകൻ ജിത്തു ജോബിനെ കൊലപ്പെടുത്തിയ അമ്മയുടെ അറസ്റ്റ് ഇന്നലെ വൈകിട്ടാണ് രേഖപ്പെടുത്തിയത്. പ്രതിയെ ഇന്നലെ തെളിവെടുപ്പിന് വീട്ടിലെത്തിച്ചപ്പോൾ ജനങ്ങൾ പ്രകോപിതരായ സാഹചര്യത്തിൽ കനത്ത സുരക്ഷ ഏർപ്പാടാക്കാൻ സിറ്റി പൊലീസ് കമ്മീഷ്ണർ നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ പ്രതി നൽകിയിരിക്കുന്ന മൊഴി വിശ്വസനീയമാണെന്നാണ് പൊലീസ് കരുതുന്നത്. എന്നാൽ കൊലപാതകത്തിന് കാരണമാകാൻ കുട്ടി എന്താണ് പ്രകോപനമായി പറഞ്ഞതെന്നാണ് പൊലീസ് പരിശോധിക്കുന്നത്. ജിത്തുവിന്റെ സഹോദരിയേയും പിതാവിനേയും മുത്തച്ഛനേയും ചോദ്യം ചെയ്യുമെന്ന് സിറ്റി പൊലീസ് കമ്മീഷ്ണർ ഡോ.എസ് ശ്രീനിവാസ് പറഞ്ഞു

മകനെ കൊന്ന് കത്തിച്ചത് എങ്ങനയെന്ന് കൃത്യമായിട്ടാണ് തെളിവെടുപ്പിൽ പ്രതിയായ ജയമോൾ പൊലീസിന് കാട്ടികൊടുത്തത്. ആളുകൾ കൂവി വിളിച്ചെങ്കിലും അസഭ്യം പറഞ്ഞെങ്കിലും ഒരു പതർച്ചയും പ്രതിയുടെ ഭാഗത്ത് നിന്നുണ്ടായില്ല. വൈകിട്ട് നാലരയോടെയാണ് തിങ്ങിനിറഞ്ഞ ജനങ്ങൾക്കിടയിലൂടെ പ്രതിയായ ജയമോളെ കൊലപാതകം നടത്തിയ സ്വന്തം വീട്ടിലെത്തിച്ചത്. ജയ പടി കടന്ന് മുറുക്കുള്ളിലേക്ക് പോകുമ്പോൾ അച്ഛൻ നിർവികാരനായി സമീപത്ത് നിൽപ്പുണ്ടായിരുന്നു.