കുണ്ടറ: മകൻ ജിത്തുജോബിനെ അടുക്കളയിൽവച്ച് അരുംകൊല നടത്തിയത് താൻ ഒറ്റയ്ക്കായിരുന്നുവെന്ന് മാതാവ് ജയമോൾ പൊലീസിന് മൊഴി നൽകി. മകനെ കഴുത്തിൽ ഷാൾ മുറുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ജയമോൾ പൊലീസിനോട് പറഞ്ഞത്. ഇത്രയുംനാൾ പോറ്റി വളർത്തിയ മകനെ കൊന്ന് കത്തിച്ചത് ഒറ്റയ്ക്കായിരുന്നുവെന്നാണ് രാവിലെ നടത്തിയ ചോദ്യം ചെയ്യലിൽ ജയ പൊലീസിനോട് പറഞ്ഞിരിക്കുന്നത്.

അടുക്കളയിൽ സ്‌ളാബിന് മുകളിൽ ഇരിക്കുകയായിരുന്നു ജിത്തു. കഴുത്തിൽ ഷാൾ മുറുകിയപ്പോൾ താഴെ വീണു. പിന്നീടാണ് കൈയും കാലും വെട്ടിമാറ്റാൻ നോക്കിയത്. നടക്കുന്നില്ലെന്ന് കണ്ടപ്പോൾ മൃതദേഹം വലിച്ചിഴച്ച് കുടുംബ വീടിന്റെ പറമ്പിലെത്തിച്ച് കത്തിക്കുകയായിരുന്നുവെന്നും ചോദ്യം ചെയ്യലിൽ ജയമോൾ പറഞ്ഞു. എന്നാൽ ഇത് പൂർണ്ണമായും പൊലീസ് വിശ്വസിച്ചിട്ടില്ല. പര സഹായം ഉണ്ടായിരുന്നോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. ചോദ്യം ചെയ്യുമ്പോൾ ജയമോൾക്ക് ഭാവവ്യത്യാസങ്ങൾ ഇല്ലായിരുന്നു. പൊലീസിന്റെ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടികളാണ് നൽകുന്നത്.

അതിനിടെ ദേഷ്യം വന്നപ്പോൾ മകനെ തീയിലേക്ക് പിടിച്ചിട്ടു എന്ന് ജയ പറഞ്ഞതായി ഭർത്താവ് ജോബും മാധ്യമങ്ങളോട് പറഞ്ഞു. ജയമോൾക്ക് മാനസിക പ്രശ്നങ്ങളുണ്ടായിരുന്നെന്നും ഭർത്താവ് പറഞ്ഞു. അമ്മയ്ക്ക് വട്ടാണെന്ന് പറഞ്ഞ് മകൻ കളിയാക്കിയത് പ്രകോപനമായെന്നും അച്ഛൻ കൂട്ടിച്ചേർക്കുന്നു. മകനും അമ്മയും തമ്മിൽ എപ്പോഴും വഴക്കുണ്ടാകാറുണ്ട്. ആരും കളിയാക്കുന്നത് ജയയ്ക്ക് ഇഷ്ടമല്ല അങ്ങനെ കളിയാക്കിയാൽ ഇവർ വയിലന്റാകും. ഇതാകും മകന്റെ മരണത്തിന് കാരണമെന്നും അച്ഛൻ പറയുന്നു. താൻ പോലും വളരെ കരുതലോടെ മാത്രമേ ഭാര്യയോട് പെരുമാറാറുള്ളൂ. കഴിഞ്ഞ ഒരു വർഷത്തിനിടെയാണ് ഭാര്യയുടെ സ്വഭാവത്തിൽ ഇത്തരത്തിൽ മാറ്റം വന്നതെന്നും ജോബ് പറയുന്നു.

അമ്മയും മകനും തമ്മിൽ മുന്പും വഴക്ക് സ്ഥിരമാണെന്നും അച്ഛൻ പറയുന്നു. കൊല നടക്കുമ്പോൾ ജോബ് വീട്ടിൽ ഉണ്ടായിരുന്നില്ല. സംഭവം തനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് ജോബ് മറുനാടനോട് പറഞ്ഞു. അമ്മയും മകനുമായി സ്ഥിരം വഴക്കായിരുന്നു. ഇത് തടയാൻ പല തവണ ജോബ് ശ്രമിച്ചിരുന്നു. മകനെ താക്കീത് ചെയ്യുകയും ചെയ്തു. പക്ഷേ ഇതൊന്നും ഫലം കണ്ടിരുന്നില്ല. ഇതാണ് മകന്റെ മരണത്തിലെത്തിച്ചതെന്ന് വിശ്വസിക്കുകയാണ് ജോബ്. താൻ ഹൃദയം നുറുങ്ങിയ അവസ്ഥയിലാണെന്നും ജോബ് മറുനാടനോട് പറഞ്ഞു.

കുടുംബവീടിനോടു ചേർന്നുള്ള പുരയിടത്തിലാണ് ജിത്തുവിന്റെ മൃതദേഹം കണ്ടെത്തിയത്. ഒരു കാൽ വെട്ടിമാറ്റിയ നിലയിലും മറ്റേകാൽ വെട്ടേറ്റുതൂങ്ങിയ നിലയിലുമാണ് മൃതദേഹം. പൊലീസിന്റെ ചോദ്യംചെയ്യലിൽ അമ്മ ജയ കുറ്റം മ്മതിച്ചു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. അതിന് ശേഷമാണ് കുറ്റസമ്മത മൊഴി കിട്ടിയത്. ജയ കുറ്റം സമ്മതിച്ചെങ്കിലും ശാസ്ത്രീയ അന്വേഷണത്തിലൂടെയേ കൊലപാതകകാരണവും കൂടുതൽപേർ കൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നും വ്യക്തമാകൂവെന്ന് അന്വേഷണസംഘം പറഞ്ഞു. വീടിനു പിന്നിലെ നടവഴിയിൽനിന്നു കുട്ടിയുടെ ശരീരാവശിഷ്ടങ്ങൾ പൊലീസിനു കിട്ടി. മൃതദേഹം വലിച്ചിഴച്ചു കൊണ്ടുപോയപ്പോൾ വഴിയിൽ വീണതാകാം ഇതെന്നാണു കരുതുന്നത്.

തിങ്കളാഴ്ച രാത്രിയാണു ജിത്തുവിനെ കാണാതായത്. സ്‌കെയിൽ വാങ്ങാൻ 50 രൂപയുമായി കടയിൽ പോയ ജിത്തു രാത്രി െവെകിയും വീട്ടിലെത്തിയില്ലെന്നുകാട്ടി കുടുംബം ചാത്തന്നൂർ പൊലീസിൽ പരാതി നൽകി. പൊലീസ് പിറ്റേന്നുതന്നെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി. ബന്ധുക്കൾ പത്രപ്പരസ്യവും നൽകി. അന്വേഷണത്തിനിടെ ജിത്തുവിന്റെ വീട്ടിലെത്തിയ സി.ഐ: അജയ്നാഥും സംഘവും വീട്ടുകാരെ ചോദ്യം ചെയ്തപ്പോഴാണ് ജയയുടെ മൊഴിയിൽ െവെരുധ്യം തോന്നിയത്. വിശദമായി ചോദ്യം ചെയ്തപ്പോൾ കൊലപാതകം സംബന്ധിച്ചും സുഹൃത്തിന്റെ സഹായം സംബന്ധിച്ചും പൊലീസിനു സൂചന ലഭിച്ചു.

തുടർന്നു നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. തറവാട് വീടിനോടു ചേർന്ന് ആളൊഴിഞ്ഞ പറമ്പിലെ ഉപയോഗശൂന്യമായ കുളിമുറിക്കു സമീപമാണു മൃതദേഹം കിടന്നത്. കത്തിച്ചശേഷം ഇവിടെ കൊണ്ടിട്ടതാകാമെന്നു സംശയിക്കുന്നു. സംഭവമറിഞ്ഞ് വൻ ജനാവലി എത്തിയതോടെ പൊലീസ് വടം കെട്ടിയാണ് ഇവരെ നിയന്ത്രിച്ചത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധനകൾ നടത്തി.