കൊല്ലം: അമ്മയും മകനും തമ്മിലെ തർക്കങ്ങൾ സാധൂകരിക്കുന്ന മൊഴിയാണ് ജോബ് നൽകിയത്. അതുകൊണ്ട് തന്നെ പ്രകോപനത്തിൽ പൊലീസിന് വ്യക്തത വന്നു കഴിഞ്ഞു. തീർത്തും സ്വാഭാവികമെന്ന് തോന്നും വിധമാണ് അമ്മ പൊലീസിന് മൊഴി കൊടുത്തത്. പക്ഷേ പതിനാലു കാരനായ മകനെ ഈ പറയുന്നതു പോലെ കൊന്നുവെന്നത് വിശ്വസിക്കാൻ പൊലീസിന് കഴിയുന്നില്ല. ആരുടെയെങ്കിലും സഹായം കിട്ടിയിട്ടുണ്ടാകാമെന്ന് ഇപ്പോഴും പൊലീസ് ഉറച്ച് വിശ്വസിക്കുന്നു. ശാസ്ത്രീയ തെളിവ് കിട്ടിയാലേ ഇക്കാര്യത്തിൽ വ്യക്തത വരുത്താനാകൂ. ഇതിനുള്ള കാത്തിരിപ്പിലാണ് അന്വേണഷ സംഘം.

നെടുമ്പന കുരീപ്പള്ളി സെബദിയിൽ ജോബ്.ജി.ജോണിന്റെ മകൻ ജിത്തു ജോബി (14)നെ കൊലപ്പെടുത്തിയത് അമ്മ ഒറ്റയ്ക്കാണെന്നാണ് പ്രാഥമിക നിഗമനം. ഇതിന് ബലമേകുന്ന മൊഴികൾ പൊലീസിന് ലഭിച്ചു. ആരും കളിയാക്കുന്നത് ജയമോൾക്ക് ഇഷ്ടമല്ലായിരുന്നുവെന്ന് കൊല്ലപ്പെട്ട ജിത്തുവിന്റെ അച്ഛൻ ജോബ് പറയുന്നു. ആരെങ്കിലും കളിയാക്കിയാൽ ജയമോൾ അക്രമാസക്തയാകും. തന്നെ മകൻ കളിയാക്കിയെന്ന് ജയമോൾ പറഞ്ഞിരുന്നു. ദേഷ്യം വന്നപ്പോൾ മകനെ തീയിലേക്ക് വലിച്ചിട്ടുവെന്നാണ് ജയ തന്നോട് പറഞ്ഞതെന്ന് ജോബ് പറയുന്നത്. മകനും അമ്മയും തമ്മിൽ എപ്പോഴും വഴക്കുണ്ടാക്കിയിരുന്നു എന്ന് ജോബ് പറയുന്നു.

ഭർത്താവ് ജോബിന്റെ കുടംബക്കാരുമായി ജയമോൾ അകൽച്ചയിലായിരുന്നു. എന്നാൽ, ജിത്തു പിതാവ് ജോബിന്റെ കുടംബവുമായി നല്ല ബന്ധമാണ് പുലർത്തിയിരുന്നത്. ഭർത്താവിന് ലഭിക്കേണ്ട സ്വത്ത് അദ്ദേഹത്തിന്റെ മാതാപിതാക്കൾ നിഷേധിച്ചതിനെ തുടർന്നായിരുന്നത്രെ അകൽച്ച. ജോബിയുടെ കുടംബ വീട്ടിൽ നിത്യസന്ദർശകനായിരുന്ന ജിത്തു സംഭവ ദിവസം അവിടെ പോയി വന്ന് അമ്മയെ കുറ്റപ്പെടുത്തി സംസാരിച്ചു. അച്ഛന്റെ വീട്ടുകാരെ ന്യായീകരിക്കുകയും ചെയ്തു. ഇതായിരുന്നത്രെ പ്രകോപനത്തിന് കാരണം.

ജയമോൾ നൽകുന്ന ഈ വിവരണം പൊലീസ് പൂർണമായും വിശ്വസിച്ചിട്ടില്ല. അവരുടെ മൊബൈൽ നമ്പറിന്റെ കോൾ വിവരങ്ങൾ സൈബർ സെൽ മുഖേന വിശകലനം ചെയ്യുകയാണ് പൊലീസ്. കൂടാതെ പോസ്റ്റുമോർട്ടം റിപ്പോർട്ടിനെയും ശാസ്ത്രീയ പരിശോധന ഫലങ്ങളെയും ആശ്രയിക്കുകയാണ് അന്വേഷണ സംഘം. ഇതിനിടെ ജയമോളുടെ കുടംബവുമായി നല്ല അടുപ്പമുള്ള യുവാവിനെ സംശയത്തെ തുടർന്ന് പൊലീസ് കൂട്ടി കൊണ്ടു പോയി. ട്യൂട്ടോറിയൽ അദ്ധ്യാപകനാണ് ഇയാൾ.

വീട്ടിനുള്ളിൽ അടുത്ത് ബന്ധുക്കളെ കൂടാതെ സംഭവമറിഞ്ഞ് ആദ്യം എത്തിയ ആൾ എന്ന നിലയിലാണ് യുവാവിനെ ചോദ്യം ചെയ്യാനായി കൂട്ടി കൊണ്ടു പോയത്. ഇദ്ദേഹത്തിന് ജയമോളുമായി മറ്റ് രീതിയിലുള്ള അടുപ്പമുള്ളതായി പറയാറായിട്ടില്ലെന്ന് ചാത്തന്നൂർ എ.സി.പി യുടെ ചുമതലയുള്ള കൊല്ലം സിറ്റി ക്രൈം റെക്കാർഡ്‌സ് ബ്യൂറോ എ.സി.പി എം .ആർ.സതീഷ് കുമാർ പറഞ്ഞു. സാദ്ധ്യമായ എല്ലാ തെളിവുകളും ശേഖരിക്കുന്നുണ്ട്. അതിന് ശേഷം മാത്രമേ അന്തിമ നിഗമനങ്ങളിലേക്ക് പൊലീസ് എത്തൂ.

മകനെ ഷാളുപയോഗിച്ച് കൊലപ്പെടുത്തിയതിന് ശേഷം തീയിലിട്ടുവെന്നാണ് ജയമോൾ പറയുന്നത്. എന്നാൽ 14 വയസുള്ള ഒരു കുട്ടിയെ ജയമോൾക്ക് ഒറ്റയ്ക്ക് കൊലപ്പെടുത്താൻ സാധിക്കില്ല എന്ന നിഗമനത്തിലാണ് പൊലീസ്. സംഭവത്തിൽ മറ്റാളുകൾക്ക് പങ്കുണ്ടെന്നാണ് പൊലീസ് കരുതുന്നത്. വീട്ടിൽ നിന്ന് കുറയധികം ദുരത്തിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇത്രയും ദൂരത്തേക്ക് ഇവർക്ക് ഒറ്റയ്ക്ക് മൃതദേഹം എത്തിക്കാൻ സാധിക്കില്ല എന്നാണ് പൊലീസ് നിഗമനം. എന്നാൽ മറ്റാരും ഇക്കാര്യത്തിൽ പങ്കാളികല്ല എന്നാണ് ജയമോൾ പൊലീസിനോട് ആവർത്തിക്കുന്നത്.

ബുധനാഴ്ച വൈകിട്ടാണ് മുഖത്തലയിലെ വീടിനു സമീപത്തെ വാഴത്തോട്ടത്തിൽ ജിത്തുവിന്റെ മൃതദേഹം കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. തുടർന്ന് ജയമോളുടെ കൈയിലെ പൊള്ളിയ പാടുകൾ കണ്ട് കൂടുതൽ ചോദ്യം തെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തുവരുന്നത്. രണ്ടിടത്തുവച്ചാണ് മൃതദേഹം കത്തിച്ചത്. വീടിനു പിന്നിലും സമീപത്തെ റബർ തോട്ടത്തിലുമാണിത്. കത്തിച്ച മൃതദേഹം അവർ രണ്ടു ദിവസം പരിശോധിച്ചെന്നും പൊലീസ് വ്യക്തമാക്കുന്നു.

ഇന്നലെ വൈകിട്ട് വീടിനു സമീപത്തെ വാഴത്തോട്ടത്തിലാണ് കുട്ടിയുടെ മൃതദേഹം കരിഞ്ഞ നിലയിൽ കണ്ടത്. കഴുത്തും രണ്ടു കൈകളും കാലുകളും വെട്ടേറ്റ നിലയിലും കാൽപാദം വെട്ടിമാറ്റിയ നിലയിലുമായിരുന്നു. ഒരു കാലിന്റെ മുട്ടിനു താഴെ വെട്ടി നുറുക്കിയിട്ടുമുണ്ട്. മുഖം കരിഞ്ഞ് വികൃതമായ നിലയിലാണ്. സംഭവത്തിൽ പങ്കുണ്ടെന്ന സംശയത്തിൽ കുട്ടിയുടെ അമ്മയ്‌ക്കൊപ്പം ഒരു യുവാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ ടൂട്ടേറിയൽ അദ്ധ്യാപകനായ യുവാവിനു സംഭവത്തിൽ പങ്കില്ലെന്നു കണ്ടെത്തിയതിനെ തുടർന്ന് ഇന്നലെ രാത്രി വൈകി വിട്ടയച്ചു.

തിങ്കൾ രാത്രി എട്ടോടെ കുണ്ടറ എംജിഡിഎച്ച്എസിലെ ഒൻപതാംക്ലാസ് വിദ്യാർത്ഥിയായ ജിത്തു ജോബ് സ്‌കെയിൽ വാങ്ങാൻ വീട്ടിൽ നിന്ന് ഇറങ്ങുകയായിരുന്നു. ഏറെ വൈകിയിട്ടും തിരിച്ചെത്തിയില്ല. ഈ സമയം വീട്ടിൽ അമ്മ മാത്രമെ ഉണ്ടായിരുന്നുള്ളു. മെഡിക്കൽ സ്റ്റോറിലെ ജീവനക്കാരനായ പിതാവ് ജോബ് ജോലിക്കു പോയിരുന്നു. ഏക സഹോദരി ടീന അമ്മയുടെ ബന്ധുവീട്ടിലായിരുന്നു. ജോലി കഴിഞ്ഞെത്തിയ ജോബ് മകനെ അന്വേഷിച്ചപ്പോൾ കടയിൽ പോയിട്ടു തിരികെ വന്നില്ലെന്ന് ജയമോൾ പറഞ്ഞു. ഉടൻ ബന്ധുക്കളും സുഹൃത്തുക്കളുമായി രാത്രി മുഴുവൻ തിരച്ചിൽ നടത്തി. ചൊവ്വ രാവിലെ 9.30നു ജോബ് ചാത്തന്നൂർ പൊലീസിൽ പരാതി നൽകി. പൊലീസ് എത്തി വിവരങ്ങൾ ശേഖരിച്ചു. ഇന്നലെ കൊട്ടിയം സിഐ അജയ്‌നാഥും സംഘവും വീണ്ടും വീട്ടിലെത്തി ജയമോളെ ചോദ്യം ചെയ്തു. പരസ്പരവിരുദ്ധമായ കാര്യങ്ങളാണു ജയമോൾ പറഞ്ഞത്. മൂന്നു മണിക്കുറോളം ചോദ്യം ചെയ്യൽ തുടർന്നു. വീടും പരിസരവും സിഐയും സംഘവും പരിശോധിച്ചു.

വീടിനു സമീപത്തെ ചുറ്റുമതിലിനോടു ചേർന്നു കണ്ട ചെരുപ്പുകൾ ജിത്തുവിന്റെതാണെന്നു കണ്ടെത്തി.. വീടിനു സമീപം തീ കത്തിച്ചതിന്റെ പാടുകളും ജയമോളുടെ കൈയിൽ പൊള്ളിയ പാടും കണ്ടതോടെ സംശയം ബലപ്പെട്ടു. ഡോഗ് സ്‌ക്വാഡ് എത്തിയെങ്കിലും സമീപത്തെ റോഡിലേക്ക് വരെച്ചെന്നു തിരികെപ്പോയി. വീട്ടിനു സമീപം ഇവരുടെ വാഴത്തോട്ടത്തിൽ കാക്കകൾ വട്ടമിട്ടു പറക്കുന്നതു ശ്രദ്ധയിൽപ്പെട്ട് പരിശോധിച്ചപ്പോഴാണ് ജിത്തുവിന്റെ കത്തികരിഞ്ഞ മൃതദേഹം കണ്ടത്. വെട്ടുകത്തിയും ഇതിനു സമീപം കണ്ടെത്തി.