ലണ്ടൻ: ഒരു വീട്ടിലെ രണ്ടു ചേട്ടനിയന്മാർ മന്ത്രിസഭയിൽ ഇരിക്കുന്നത് അപൂർവമാണ്. എന്നാൽ ആ അപൂർവ്വതയാണ് ഇപ്പോൾ ബ്രിട്ടണിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത്. കാമറോൺ മന്ത്രി സഭയിൽ യുവ നേതൃ നിരയിൽ നിന്നും മന്ത്രി ആയ ജോ ജോൺസൺ നിലനിൽക്കെ തന്നെ തെരേസ മേ തന്റെ പ്രധാനമന്ത്രി പദത്തിന് ഒരു പരിധി വരെ കാരണക്കാരൻ കൂടിയായ മുൻ ലണ്ടൻ മേയർ ബോറിസ് ജോൺസൺ സുപ്രധാന പദവിയിൽ തന്നെ നിയോഗിച്ചതോടെയാണ് ഈ അപൂർവത പിറന്നിരിക്കുന്നത്.

പ്രധാനമന്ത്രി സ്ഥാനത്തേക്ക് ബ്രെക്‌സിറ്റ് ഫലം വന്നപ്പോൾ ഏറ്റവും സാധ്യത കൽപ്പിക്കപ്പെട്ടിരുന്ന ബോറിസിന് കൂടെ ഉണ്ടായിരുന്ന മൈക്കേൽ ഗോവിന്റെ ചതി പ്രയോഗം മൂലമാണ് കപ്പിനും ചുണ്ടിനും ഇടയിൽ നിന്നോണം പ്രധാനമന്ത്രി പദവി നഷ്ടമായത്. അവസാന നിമിഷം ഗോവ് സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചപ്പോൾ ബോറിസ് മാന്യതയുടെ പേരിൽ പിന്മാറുക ആയിരുന്നു. ഈ ഘട്ടത്തിൽ പാർട്ടിയിൽ ഉണ്ടായ ഭിന്നിപ്പിൽ നിന്നാണ് സർവ്വ സമ്മത സ്ഥാനാർത്ഥി ആയി തെരേസ ഉയർന്നു വരുന്നത്. ഇതോടെ ബ്രെക്‌സിറ്റ് പ്രചാരണത്തിന് ചുക്കാൻ പിടിച്ച ബോറിസിനെ തന്നെ വിദേശ മന്ത്രാലയ ചുമതല ഏൽപ്പിക്കുക ആയിരുന്നു തെരേസ.

അതേ സമയം ചേട്ടൻ കാബിനറ്റ് റാങ്കിൽ ഇരിക്കുമ്പോൾ അനിയൻ ജോ ജോൺസൺ ഇപ്പോഴത്തെ മന്ത്രിക്കസേരയിൽ തുടരുമോ എന്ന തൽക്കാലം വ്യക്തമല്ല. കാരണം തെരേസ ഇപ്പോഴും മന്ത്രി സഭ അഴിച്ചു പണിയുകയാണ്. ഡേവിഡ് കാമറോണിന്റെ നയരൂപീകരണ ടീമിൽ രണ്ടു വർഷം പ്രവർത്തിച്ച ശേഷമാണ് അദ്ദേഹം മന്ത്രിസഭയുടെ ഭാഗമാകുന്നത്. തുടക്കത്തിൽ മിനിസ്റ്റർ ഓഫ് സ്റ്റേറ്റ് പദവിയിൽ പ്രവർത്തിച്ചു കഴിവ് തെളിയിച്ച ജോയെ അധികം വൈകാതെ യൂണിവേഴ്സ്റ്റിറ്റി സയൻസ് മന്ത്രാലയത്തിൽ സ്വതന്ത്ര ചുമതലയോടെ നിയമിക്കുക ആയിരുന്നു. ഇന്ത്യയുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവ് എന്ന വിശേഷണവും ജോയോടൊപ്പം ഉണ്ട്. ഇതേ കാര്യത്തിൽ ചേട്ടൻ ബോറീസും പിന്നിലല്ല. ലണ്ടൻ മേയർ ആയിരിക്കെ ഇന്ത്യയുമായി വ്യാപാര ബന്ധം മെച്ചപ്പെടുത്താൻ ഡൽഹിയിലും മുംബൈയിലും ബിസിനസ് ഓഫീസുകൾ ആരംഭിക്കുന്നതിൽ ബോറിസിന്റെ റോൾ ചെറുതല്ല.

ലണ്ടനിൽ പതിവായി മേയറുടെ പേരിൽ തന്നെ ദീപാവലി ആഘോഷത്തിന് ചുക്കാൻ പിടിക്കുന്ന ബോറിസ് ഇത്തവണ ആഘോഷത്തിന് പ്രധാന സ്‌പോൺസർ ആയി കേരള ടൂറിസത്തെ തിരഞ്ഞെടുത്തത് മലയാളികൾക്കും ഏറെ ആഹ്ലാദം പകരുന്ന വാർത്ത ആയിരുന്നു.

എന്നാൽ ചേട്ടനും അനിയനും ഒരേ പാർട്ടിയിൽ മന്ത്രിസഭയുടെ ഭാഗം ആകുമ്പോഴും ഒരേ അഭിപ്രായക്കാർ ആണെന്നൊന്നും കരുതല്ലേ. അമേരിക്കയിൽ നിന്നും കുടിയേറിയ കുടുംബത്തിലെ മൂത്തവനും ഇളയവനും തമ്മിൽ ബ്രെക്‌സിറ്റ് വിഷയത്തിൽ നേർക്കു നേർ പോരാട്ടമാണ് നടന്നത്. ഇരുവരുടെയും പിതാവ് സ്റ്റാലിനും സഹോദരി റേച്ചലും ജോയോടൊപ്പം ബ്രെക്‌സിറ്റ് വേണ്ടെന്നു പറഞ്ഞപ്പോൾ ബോറിസ് യൂറോപ്പിനെ ഉപേക്ഷിക്കാൻ ബ്രിട്ടീഷ് ജനതയുടെ അഭിപ്രായം രൂപീകരിക്കുന്നതിൽ ഏറ്റവും മുന്നിൽ നിന്നു നയിക്കുന്ന ദേശീയ നേതാവായി മാറുക ആയിരുന്നു. ബ്രെക്‌സിറ്റ് സംഭവിച്ച ശേഷവും ബിബിസി അടക്കമുള്ള ദേശീയ മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട സ്റ്റാലിൻ മുഖം നോക്കാതെയുള്ള ആക്ഷേപമാണ് മൂത്ത മകന് എതിരെ നടത്തിയത്. ഇതിനർത്ഥം ചേട്ടനും അനിയനും ഒക്കെ വീട്ടിൽ മതി, രാഷ്ട്രീയത്തിൽ അത്ര അടുപ്പം ഒന്നും വേണ്ടെന്നു തന്നെയാണ്. ഏതായാലും ചേട്ടന് മുന്നേ തന്നെ മന്ത്രിക്കസേരയിൽ എത്തിയതിനാൽ ബോറിസ് സീനിയർ പദവി വഹിക്കുന്നതിൽ ജോ ജോൺസൺ അനിഷ്ടം കാണിക്കാൻ ഇടയിലെന്നാണ് രാഷ്ട്രീയ ഇടനാഴിയിലെ സംസാരം.

രണ്ടു വട്ടം സന്ദർശനം നടത്തിയിട്ടും കാര്യമായ പ്രയോജനം ഇല്ലാതെ വന്ന സാഹചര്യത്തിൽ 2013 ഏപ്രിലിൽ ഇന്ത്യയുടെ പ്രീതി പിടിച്ചു പറ്റാൻ വഴി എന്തെന്ന് തിരഞ്ഞു നടന്ന കാമറോന്റെ മനസ്സിൽ ഉദിച്ച ആശയമാണ് ജോ ജോൺസന്റെ രാഷ്ട്രീയ ഗ്രാഫ് ഉയർത്തിയത്. തനിക്കു ശരിയായ ഉപദേഷ്ടാവ് ഇല്ലാത്തതാകും പ്രശ്‌നങ്ങൾക്ക് കാരണമെന്ന തിരിച്ചറിവിൽ എത്തിയ ഡേവിഡ് കാമറോൺ പുതിയ ഉപദേഷ്ടാവ് ആയി നിയമിച്ചത് കാലങ്ങളായി ഇന്ത്യയുടെ സുഹൃത്ത് എന്നു വിശേഷിപ്പിക്കപ്പെടുന്ന ജോ ജോൺസനെ ആയിരുന്നു. ബോറിസ് ജോൺസന്റെ സഹോദരന എന്ന ലേബൽ മാറ്റി വച്ചാണ് ജോ കാമറോന്റെ ഇഷ്ടക്കാരൻ ആയി മാറിയത്. പ്രധാനമന്ത്രി പദം ഏറ്റെടുത്ത ഉടനെയും 2013 തുടക്കത്തിലും ഇന്ത്യ സന്ദർശനം നടത്തിയ കാമറോൺ തൻ ലക്ഷ്യമിട്ട നേട്ടം കണ്ടെത്താൻ സാധിക്കാതെ വന്നതോടെയാണ് ''ഇന്ത്യ പാക്കേജ് '' നടപ്പാക്കാൻ ജോയെ ചുമതല ഏൽപ്പിച്ചത്. ഇതിനായി തനിക്കു ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്ന ആൾ എന്ന നിലയിലാണ് ഈ നിയമനം വിലയിരുത്തപ്പെട്ടത്. ഇതു ഒരു പരിധി വരെ വിജയകരമായി നടപ്പിലാക്കാൻ ഇന്ത്യൻ നേതാക്കളിൽ തനിക്കുള്ള സ്വാധീനം ഉപയോഗിച്ചു ജോ ശ്രമിക്കുകയും ചെയ്തു.

എടോൻ കോളേജിൽ പഠിക്കുന്ന കാലം മുതൽ തന്നെ ജോൺസന്റെ സുഹൃത്താണ് കാമറോൺ. കാമറോൺ ആദ്യമായി ഇന്ത്യ സന്ദർശിച്ചപ്പോലും ജോൺസൻ സംഘത്തിൽ അംഗം ആയിരുന്നു. ജോൺസൻ എഴുതിയ ''Reconnecting Britain and India: Ideas for an Enhanced Partnership'' എന്ന പുസ്തകത്തില ഇന്ത്യയുമായി പുലർത്തേണ്ട സൗഹാർദം അടിവര ഇട്ടു പറയുന്നുണ്ട്. ബ്രിട്ടൺ മാത്രമല്ല ജനാധിപത്യം പുലരുന്ന എല്ലാ രാഷ്ട്രങ്ങളും ഇന്ത്യയുമായി കൂടുതൽ അടുക്കണം എന്നാണ് ജോൺസൻ പുസ്തകത്തിൽ പറയുന്നത്. ഇക്കാര്യത്തിനായി മറ്റു രാഷ്ട്രങ്ങളെ പ്രോത്സാഹിപ്പിക്കാൻ ഉള്ള ചുമതല കൂടി ബ്രിട്ടൺ ഏറ്റെടുക്കണം എന്നാണ് ജോൺസൻ പുസ്തകത്തിൽ ആവശ്യപ്പെടുന്നത്.

അതേ സമയം ഇന്ത്യയോട് അടുപ്പം ഒക്കെ ഉണ്ടെങ്കിലും സായിപ്പിന്റെ പുച്ഛ മനോഭാവം ഒരിക്കൽ ബോറിസിന് വിനയാവുകയും ചെയ്തിരുന്നു. അഞ്ചു വർഷം മുൻപ് കൺസർവേറ്റീവ് പാർട്ടി സമ്മേളനത്തിൽ ഗാന്ധിജിക്കു എതിരെ പരാമർശം നടത്തിയ ബോറിസിന് ചുട്ട മറുപടി ഇന്ത്യൻ മാദ്ധ്യമങ്ങൾ നൽകിയപ്പോൾ പാർട്ടിയിലെ സഹപ്രവർത്തകർ പോലും പിന്തുണ നൽകാൻ ഉണ്ടായില്ല എന്നതാണ് ശ്രദ്ധേയമായത്. ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിൽ ആണെന്ന് ഗാന്ധിയൻ ചിന്താധാര ശുദ്ധ പൊള്ളത്തരം ആണെന്ന ബോറിസ് ജോൺസന്റെ കണ്ടു പിടിത്തം സ്വയം വിഡ്ഢി വേഷം കെട്ടാൻ മാത്രമേ സഹായിച്ചുള്ളൂ. ഇന്ത്യയുടെ വികസനം ഗ്രാമ വികസനത്തിലൂടെ മാത്രം സാധിക്കുന്ന ഒന്നാണെന്ന ഗാന്ധിയൻ ആശയത്തെയാണ് ബോറിസ് ഇന്ത്യൻ വികസനം ചൂണ്ടിക്കാട്ടി അന്ന് വിമർശിച്ചത്. ''അടുത്ത കാലത്ത് ഇന്ത്യ സന്ദർശിച്ച ആർക്കും ബോധ്യമാകും ആ രാജ്യത്തിന്റെ വികസനം എവിടെയാണെന്ന്. നൂറ് കണക്കിന് പട്ടണങ്ങളാണ് അനുദിനം വികസിതം ആയിക്കൊണ്ടിരിക്കുന്നത്. എന്നാൽ ഇന്ത്യയിലെ ഗ്രാമങ്ങൾക്ക് കാര്യമായ മാറ്റം ഉണ്ടായതായി കാണുന്നില്ല. ഇതിനർത്ഥം 1948 ഇൽ ഗാന്ധി മുന്നോട്ടു വച്ച ഗ്രാമ വികസന സങ്കൽപ്പം തെറ്റാണെന്ന് തന്നെ ആണ്'' 2011 ലെ സമ്മേളനത്തിൽ ബോറിസ് ജോൺസൻ ചൂണ്ടിക്കാട്ടി. ഇന്ത്യൻ വംശജയായ ഭാര്യ മാതാവിൽ നിന്നും താൻ ആ രാജ്യത്തെ പറ്റി കൂടുതൽ മനസ്സിലക്കിയിട്ടുണ്ടെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു. മാഞ്ചസ്റ്ററിൽ നടന്ന ഭരണകഷിയുടെ വാർഷിക സമ്മേളനത്തിൽ നൂറ് കണക്കിന് രാഷ്ട്രീയ തന്ത്രജ്ഞരെ സാക്ഷിയാക്കിയാണ് ജോൺസൻ വിഡ്ഢിത്തം വിളിച്ചു കൂവിയതെന്നു ഇന്ത്യയിലെ പ്രമുഖ മാദ്ധ്യമങ്ങൾ ഒന്ന് പോലെ വിമർശനവുമായി രംഗത്തെത്താൻ കൂടി ഈ പരാമർശം കാരണമാക്കി. ടൈംസ് ഓഫ് ഇന്ത്യ, ഡെക്കാൻ ഹെരൽദ്, ദി ഹിന്ദു, ഹിന്ദുസ്ഥാൻ ടൈംസ്, ദി പയനീർ തുടങ്ങിയ മുൻനിര പത്രങ്ങൾ ഒക്കെ അതിശക്ത വിമർശനവുമായാണ് പുറത്തിറങ്ങിയത്. ബോറിസ് ജോൺസനെ വിടുവായൻ എന്നാണ് ടൈംസ് വിമർശിച്ചത്. ലണ്ടൻ കലാപം കത്തിപ്പടർന്നപ്പോൾ വിദേശത്ത് വിനോദ സഞ്ചാരത്തിൽ മുഴുകിയിരുന്ന ജോൺസൻ താൻ രാജ്യത്ത് അടിയന്തിരമായി മടങ്ങി എത്തേണ്ട സാഹചര്യം നിലനിൽക്കുന്നില്ലെന്ന് പറഞ്ഞതും വിവാദമായിരുന്നു.