കണ്ണൂർ: കീഴാറ്റൂരിൽ ബൈപ്പാസ് നിർമ്മാണത്തിന് തടസം നിൽക്കുന്ന വയൽകിളികളെ മെരുക്കാൻ പാർട്ടി ഗ്രാമങ്ങളിലെ ഊരുവിലക്ക് തന്ത്രം പുറത്തെടുത്ത് സിപിഎം. സമരക്കാരെ നേരിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കിയതോടെയാണ് പാർട്ടി കേന്ദ്രങ്ങളുടെ അറിവോട് ഊരു വിലക്ക് തന്ത്രം പുറത്തെടുത്തത്. വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന്റെ സഹോദരനും വയൽക്കിളി പ്രവർത്തകനുമായി രതീഷ് ചന്ദ്രോത്തിനാണ് വിലക്കു വന്നത്. തൊഴിലെടുക്കുന്നതിൽ നിന്നും വിലക്കേർപ്പെടുത്തിയത് അദ്ദേഹം അംഗമായ സിഐടിയു യൂണിയനാണ്.

പാർട്ടി വിരുദ്ധമായി കീഴാറ്റൂരിൽ സമരം ചെയ്യുന്ന രതീഷ് ഇനി ജോലിക്ക് പ്രവേശിക്കണമെങ്കിൽ പാർട്ടിയോട് മാറ്റു പറയണമെന്നാണ് യൂണിയൻകാരുടെ പക്ഷം. മാപ്പ് പറഞ്ഞതിന് ശേഷം ജോലിക്ക് കയറിയാൽ മതിയെന്ന് ഭീഷണി മുഴുക്കിയെന്നാണ് പരാതി. കഴിഞ്ഞ ഒരു മാസമായി രതീഷിന് ജോലിയിൽ പ്രവേശിക്കാൻ അനുവാദമില്ല.

ചുമട്ടുതൊഴിലാളിയായ രതീഷ് കഴിഞ്ഞ മാസം 12ാം തിയതി വരെ ജോലി ചെയ്തിരുന്നു. വയൽക്കിളികളുടെ ബൈപ്പാസ് സമരം ശക്തമായതോടെയാണ് രതീഷിന് തൊഴിൽ വിലക്ക് നേരിടേണ്ടിവന്നത്. വിലക്കിനെതിരെ അസിസ്റ്റന്റ് ലേബർ ഓഫീസർക്ക് പരാതി നൽകിയിരുന്നെന്നും എന്നാൽ നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നും രതീഷ് പറയുന്നു.

സംഭവവുമായി ബന്ധപ്പെട്ട് രണ്ട് തവണ ലേബർ ഓഫീസർ ചർച്ചയ്ക്ക് വിളിച്ചെങ്കിലും സിഐടിയു പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തിരുന്നില്ല. മാപ്പ് എഴുതി നൽകിയ ശേഷം ജോലിയിൽ പ്രവേശിച്ചാൽ മതിയെന്നാണ് സിഐടിയു നേതാക്കൾ പറഞ്ഞതെന്നും രതീഷ് പറയുന്നു. മാപ്പ് എഴുതി നൽകാൻ തയ്യാറല്ലെന്നും സമരം തുടരുമെന്നും രതീഷ് വ്യക്തമാക്കി. അതേസമയം ജോലിയിൽ വീഴ്ചവരുത്തിയതിനാലാണ് രതീഷിനെ മാറ്റിനിർത്തിയതെന്നാണ് സിപിഎമ്മിന്റെ നിലപാട്.

അതേസമയം വയൽക്കിളി കർഷക കൂട്ടായ്മയുടെ രണ്ടാംഘട്ട സമരത്തിനു തുടക്കം കുറിച്ചു പരിസ്ഥിതി പ്രവർത്തകരുടെ നേതൃത്വത്തിൽ പിന്തുണ പ്രവഹിക്കുന്നുണ്ട്. മാർച്ചിന് പിന്തുണയുമായി കീഴാറ്റൂർ എക്സ്‌പ്രസ് കണ്ണൂരിലെത്തും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പരിസ്ഥിതി പ്രവർത്തകർ ഇന്റർസിറ്റി എക്സ്‌പ്രസിൽ കണ്ണൂരിലെത്തുമെന്നു കീഴാറ്റൂർ സമര ഐക്യദാർഢ്യ സമിതി പറഞ്ഞു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തുന്നവർ തളിപ്പറമ്പിൽ കേന്ദ്രീകരിച്ചു ടൗൺ സ്‌ക്വയർ പരിസരത്തുനിന്ന് ഉച്ചയ്ക്കു രണ്ടു മണിയോടെ കീഴാറ്റൂരിലേക്കു മാർച്ച് തുടങ്ങും. കീഴാറ്റൂർ വയലിലെത്തി സമരപ്പന്തൽ പുനഃസ്ഥാപിച്ചശേഷം പൊതുയോഗവുമുണ്ടാവും. സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും.

സാമൂഹിക പ്രവർത്തക ദയാ ബായ്, കർണാടകയിലെ കർഷക സമര നേതാവ് അനുസൂയാമ്മ, പ്രഫ. സാറാ ജോസഫ്, കോൺഗ്രസ് നേതാവ് വി എം. സുധീരൻ, പി.സി. ജോർജ് എംഎൽഎ, സുരേഷ് ഗോപി എംപി, കെ.കെ. രമ, ഗ്രോ വാസു, എവൈവൈഎഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത്, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ. സുബൈർ, എം. ഗീതാനന്ദൻ, മാഗ്ലിൻ പീറ്റർ, ഹരീഷ് വാസുദേവൻ തുടങ്ങിയവർ പങ്കെടുക്കും. 'കേരളം കീഴാറ്റൂരിലേക്ക്' എന്ന മാർച്ചിൽ രണ്ടായിരത്തോളം പേർ പങ്കെടുക്കുമെന്നാണു കരുതുന്നത്. കോൺഗ്രസും മുസ്ലിംലീഗും അടക്കമുള്ളവർ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.