വാഷിങ്ടൺ: ട്രംപ് അനുകൂലികൾ അമേരിക്കൻ പാർലമെന്റ് മന്ദിരമായ ക്യാപിറ്റോളിൽ നടത്തിയ ആക്രമണത്തിൽ കർശന നടപടിയുണ്ടാകും. ആക്രമണം സംബന്ധിച്ച് സമ​ഗ്രമായ അന്വേഷണത്തിന് പ്രസിഡന്റ് ജോ ബൈഡൻ ഉത്തരവിട്ടു. രാജ്യത്ത് ആഭ്യന്തര കലാപത്തിന് സാധ്യതയുള്ള ആശയ പ്രചരണം നടക്കുന്നുണ്ടോ എന്ന കാര്യവും അന്വേഷണ ഏജൻസികൾ അന്വേഷിക്കും. ഇത് സംബന്ധിച്ച് ഇന്റലിജൻസ് ഏജൻസികൾക്കും പൊലീസിനും ജോ ബൈഡൻ നിർദ്ദേശം നൽകി.

‘വസ്തുതാപരമായ വിലയിരുത്തലുകളാണ് നമുക്ക് ആവശ്യം. ഇത്തരം വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലേ നമുക്ക് നയങ്ങൾ രൂപീകരിക്കാൻ കഴിയൂ.' വൈറ്റ് ഹൗസ് സെക്രട്ടറി ജെൻ സാകി മാധ്യമങ്ങളോട് പറഞ്ഞു. എഫ്.ബി.ഐയുടെയും ഹോംലാന്റ് സെക്യൂരിറ്റിയുടെയും സഹകരണത്തോടെ നാഷണൽ ഇന്റലിജൻസ് ഡയറക്ടർക്കാണ് അന്വേഷണ ചുമതലയെന്നും ജെൻ സാകി അറിയിച്ചു. ആഭ്യന്തര കലാപ ഭീഷണികൾ അന്വേഷിച്ച് കണ്ടെത്തുന്നതിനും വിലയിരുത്തുന്നിതിനും പുറമെ ഇത്തരം തീവ്ര ഗ്രൂപ്പുകളെ നേരിടാൻ ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനം നൽകാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനങ്ങൾക്ക് ഇത്തരം ഗ്രൂപ്പുകളെ കുറിച്ചുള്ള വിവരങ്ങൾ നേരത്തെ തന്നെ കൈമാറാൻ സാധിക്കും വിധം നയങ്ങളിൽ മാറ്റം വരുത്താനും സർക്കാർ തീരുമാനിച്ചു.

വളർന്നുവരുന്ന അക്രമാസക്തരായ തീവ്ര ഗ്രൂപ്പുകൾ രാജ്യസുരക്ഷക്ക് ഭീഷണിയാണെന്നത് ക്യാപിറ്റോൾ ആക്രമണം അടിവരിയിട്ടു കാണിച്ചു തന്നുവെന്നും ജെൻ സാകി കൂട്ടിച്ചേർത്തു. അതേസമയം ഭരണഘടന അനുവദിക്കുന്ന അഭിപ്രായസ്വാതന്ത്ര്യത്തിനോ രാഷ്ട്രീയ പ്രവർത്തനത്തെയും ബഹുമാനിച്ചു കൊണ്ടു തന്നെയായിരിക്കും പുതിയ നയങ്ങൾ നടപ്പിലാക്കുകയുമെന്നും അവർ കൂട്ടിച്ചേർത്തു. തീവ്ര നിലപാടുകളുള്ളവർ ജനങ്ങളെ അക്രമത്തിനായി പ്രേരിപ്പിക്കുന്നത് രാജ്യസുരക്ഷക്ക് ഭീഷണിയാണെന്ന പൊലീസിന്റെ നിരീക്ഷണങ്ങളെ ശരിവെക്കുന്നതാണ് സർക്കാരിന്റെ പുതിയ പ്രസ്താവനകൾ.

അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടായിരുന്നു ക്യാപിറ്റോൾ ഹിൽ ആക്രമണം. ജോ ബൈഡന്റെ വിജയം ഔദ്യോ​ഗികമായി പ്രഖ്യാപിക്കുന്നതിനായി കോൺഗ്രസിന്റെ ഇരുസഭകളും കൂടുന്നതിനിടെ ക്യാപിറ്റോൾ മന്ദിരത്തിൽ നിലവിലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ അനുകൂലികൾ ഇരച്ചു കയറി. അയിരക്കണക്കിന് റിപബ്ലിക്കൻ അനുയായികളുടെ തേർവാഴ്ചയാണ് അമേരിക്കൻ പാ‌ർലമെന്റ് മന്ദിര‍ത്തിൽ അരങ്ങേറിയത്. ട്രമ്പ് അനുകൂലികളുടെ അഴിഞ്ഞാട്ടത്തിൽ ലോക നേതാക്കളും അപലപിച്ചു.