തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മാദ്ധ്യമ ഉപദേഷ്ടാവുന്ന ജോൺ ബ്രിട്ടാസ് കൈരളി ടിവിയുടെ എംഡിയായും തുടരുമെന്ന് സൂചന. ജോൺബ്രിട്ടാസിനെ മാദ്ധ്യമ ഉപദേഷ്ടാവായും മുതിർന്ന അഭിഭാഷകൻ എം.കെ.ദാമോദരനെ മുഖ്യമന്ത്രിയുടെ നിയമ ഉപദേഷ്ടാവാക്കാനും തീരുമാനിച്ചിട്ടുണ്ട്. പ്രതിഫലം കൂടാതെയാണ് ഇരുവരുടേയും നിയമനം. കൈരളി ടിവിയുടെ എംഡി സ്ഥാനത്ത് ജോൺ ബ്രിട്ടാസിന് തുടരാനാണ് ഇത്. കേന്ദ്രമന്ത്രിമാരെ കാണാൻ പിണറായി പോയപ്പോൾ ജോൺ ബ്രിട്ടാസും ഒപ്പമുണ്ടായിരുന്നു. അത് ഏറെ വിവാദവുമായി. ഈ സാഹചര്യത്തിലാണ് ഔദ്യോഗിക പദവി നൽകി ബ്രിട്ടാസിനെ ഒപ്പം നിർത്താൻ പിണറായി തീരുമാനിച്ചത്. ഇതിലൂടെ മുഖ്യമന്ത്രിയ്‌ക്കൊപ്പം എന്തിനാണ് ബ്രിട്ടാസ് കറങ്ങുന്നതെന്ന വിമർശനങ്ങൾക്ക് വിരാമമാവുകയും ചെയ്യും.

നേരത്തെ തന്നെ ബ്രിട്ടാസ് മുഖ്യമന്ത്രിയുടെ ഓഫീസിൽ ഒരു ചുമതലയുമായി എത്തുമെന്ന സൂചനകൾ പുറത്തുവന്നിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ അനുകൂല സമീപനം സ്വീകരിക്കാതെ മാറിനിൽക്കുകയായിരുന്നു ബ്രിട്ടാസ്. എന്നാൽ ഡൽഹിയാത്രയുടെ വിവാദങ്ങൾ കാര്യങ്ങൾ മാറ്റി മറിച്ചു. നേരത്തെ എല്ലാത്തിനും താനുണ്ടാകുമെന്നും സ്ഥാനമാനങ്ങൾ വേണ്ടെന്നുമായിരുന്നു ബ്രിട്ടാസിന്റെ നിലപാട്. മുഖ്യമന്ത്രിയ്‌ക്കൊപ്പം എന്തിന് ബ്രിട്ടാസ് നടക്കുന്നുവെന്നും മറ്റും ചോദ്യങ്ങളുയർന്നു. തന്റെ വിശ്വസ്തനെ അവതാരമായി ചിത്രികരിക്കാൻ നടത്തുന്ന ബോധപൂർവ്വമായ ശ്രമങ്ങളും പിണറായിയുടെ ശ്രദ്ധയിൽപ്പെട്ടു. പിന്നീടാണു നിരവധി ചർച്ചകൾക്കുശേഷം മുഖ്യമന്ത്രിക്കൊപ്പം നിന്നു പ്രവർത്തിച്ചേ മതിയെന്ന നിർദ്ദേശം ബ്രിട്ടാസിനു സിപിഐ(എം) നൽകുകയായിരുന്നു. അത് നിരസിക്കാൻ കൈരളി ടിവിയുടെ എംഡിക്ക് കഴിഞ്ഞതുമില്ല.

പിണറായിയുമായുള്ള അടുപ്പത്തിലൂടെയാണ് ജോൺ ബ്രിട്ടാസ് കൈരളി ടിവിയുടെ തലപ്പത്തും എത്തിയത്. അതിന് ശേഷം ചാനൽ ഏറെ മുന്നിലേക്ക് വരികയും ചെയ്തു. ഇതിനിടെയിൽ ഏഷ്യാനെറ്റിലേക്ക് ബ്രിട്ടാസ് മാറിയെങ്കിലും തിരിച്ച് കൈരളിയിൽ എത്തി. ഇതെല്ലാം പിണറായിയുമായുള്ള വ്യക്തിപരമായ അടുപ്പത്തിന് തെളിവായിരുന്നു. കൈരളി ടിവി നിർണ്ണായ ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. ഏഷ്യാനെറ്റിലേക്ക് ബ്രിട്ടാസ് മാറിയപ്പോൾ നാഥനില്ലാ കളരി പോലെയായി കൈരളി ടിവി. ഈ സാഹചര്യം തിരിച്ചറിഞ്ഞാണ് മലയാളം കമ്യൂണിക്കേഷൻസ് മാനേജിങ് ഡയറക്ടറെന്ന പദവിയിൽ ജോൺ ബ്രിട്ടാസ് തുടരുന്നത്. ചാനലിന്റെ ചെയർമാനായ മമ്മൂട്ടിയുമായുള്ള ബ്രിട്ടാസിന്റെ അടുപ്പവും ഇതിന് കാരണമായി. എന്നാൽ പിണറായിയ്‌ക്കൊപ്പം വെറുതെ ബ്രിട്ടാസ് കറങ്ങുന്നുവെന്ന ആരോപണം ഒഴിവാക്കുകയും വേണം. ഇതിനാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ നിയമനം.

സർക്കാരിൽ നിന്ന് ശമ്പളം പറ്റിയാൽ മറ്റ് ജോലികൾ ചെയ്യാൻ ബ്രിട്ടാസിന് കഴിയില്ല. അതുകൊണ്ടാണ് സേവനമായി ഉപദേഷ്ടാവിന്റെ ജോലിയെ മാറ്റുന്നത്. മുമ്പും ഇത്തരം കീഴ് വഴക്കങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് സ്റ്റാഫ് നിയമനത്തിൽ തുടർന്നിട്ടുമുണ്ട്. അതുകൊണ്ട് തന്നെ വിവാദങ്ങൾക്ക് സാധ്യതയുമില്ല. സമാനമായ നിയമനമാണ് അഡ്വക്കേറ്റ് എംകെ ദാമോദരനും ചെയ്യുന്നത്. പിണറായിക്ക് ഏറ്റവും വിശ്വാസമുള്ള അഭിഭാഷകനാണ് എംകെ ദാമോദരൻ. അദ്ദേഹത്തെ അഡ്വക്കേറ്റ് ജനറലാകാനായിരുന്നു പിണറായിയുടെ താൽപ്പര്യം. എന്നാൽ ലാവ്‌ലിൻ കേസിൽ പിണറായിക്കായി ഹാജരാകുന്നത് ദാമോദരനാണ്. അഡ്വക്കേറ്റ് ജനറലായാൽ അതിന് കഴിയില്ല. ഈ സാഹചര്യത്തിലാണ് സുധാകർ പ്രസാദ് അഭിഭാഷകനായത്.

നിർണ്ണായക കേസുകളിൽ ദാമോദരന്റെ അഭിപ്രായം ആരായുകയും വേണം. അതിനാലാണ് പ്രത്യേക നിയമ ഉപദേഷ്ടാവായുള്ള നിയമനം. ഭാവിയിലെ വിവാദം ഒഴിവാക്കാൻ തന്നെയാണ് ഇതും. ദാമോദരന്റെ കൂടെ അഭിപ്രായം തേടിയാണ് സുധാകർ പ്രസാദിനെ അഡ്വക്കേറ്റ് ജനറലാക്കിയത്. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനായ മഞ്ചേരി ശ്രീധരൻ നായരും ദാമോദരന്റെ അടുത്ത ആളാണ്. ലാവ്‌ലിൻ കേസിൽ ദാമോദരനെ സഹായിക്കാൻ മഞ്ചേരി ശ്രീധരൻ നായരും കോടതിയിൽ ഹാജരാകാറുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ദാമോദരന്റെ നിയമോപദേശങ്ങൾ അഡ്വക്കേറ്റ് ജനറലും ഡിജിപിയും തള്ളിക്കളയുകയുമില്ല. ദാമോദരനെ നിയമോപദേഷ്ടാവാക്കാൻ അതീവ രഹസ്യമായാണ് കരുക്കൾ നീക്കിയത്. ബ്രിട്ടാസിനും ദാമോദരനും മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എപ്പോഴും കടന്നു ചെല്ലാൻ കഴിയുന്ന തരത്തിലാണ് നിയമനങ്ങൾ.

ദേശാഭിമാനിയുടെ കണ്ണൂർ ലേഖകനായി മാദ്ധ്യമപ്രവർത്തനം ആരംഭിച്ച ബ്രിട്ടാസ് എസ്.എഫ്.ഐയിലൂടെയാണു രാഷ്ട്രീയരംഗത്തെത്തിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. വരും എല്ലാം ശരിയാകും എന്ന പ്രചാരണവാക്യത്തിന്റെ ശിൽപി ബ്രിട്ടാസായിരുന്നു. ദേശാഭിമാനി ഡൽഹി ബ്യൂറോ ചീഫായിരിക്കെയാണു കൈരളി ചാനലിന്റെ മാനേജിങ് ഡയറക്ടറായി നിയമിതനായത്. പിന്നീട് അദ്ദേഹം സ്റ്റാർ ടിവി ശൃംഖലയുടെ ഉമസ്ഥയിലുള്ള ഏഷ്യാനെറ്റ് ഗ്ലോബലിന്റെ ബിസിനസ് ഹെഡ്ഡായി ഇടക്കാലത്ത് പ്രവർത്തിച്ചെങ്കിലും പിണറായി വിജയന്റെ താൽപര്യാർഥം വീണ്ടും കൈരളിയിലേക്ക് മടങ്ങിയെത്തി. നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ പ്രചരണത്തെ അണിയറയിൽ നിന്ന് നിയന്ത്രിച്ചത് ബ്രിട്ടാസായിരുന്നു.

മാദ്ധ്യമങ്ങളോടുള്ള മുഖ്യമന്ത്രിയുടെ സമീപനവും ഇടപെടലും വളരെ നിർണായകമാണ് എന്ന തിരിച്ചറിവിനെത്തുടർന്നാണു ജോൺ ബ്രിട്ടാസിനെ കൊണ്ടുവരുന്നത്. ഇത്തവണ പിണറായി വിജയന് ഒരു മികച്ച ചിത്രം ജനങ്ങൾക്കിടയിൽ സമ്മാനിക്കുന്നതിനു വലിയ പങ്കാണു ബ്രിട്ടാസ് വഹിച്ചതും. അതുകൊണ്ടു തന്നെയാണു ഒടുവിൽ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ജോൺ ബ്രിട്ടാസ് എത്തുന്നതും. ബ്രിട്ടാസിനെക്കൂടി ഉൾപ്പെടുത്തുന്നതോടെ പിണറായി വിജയന്റെ ഓഫീസിനു കരുത്തേറുകയാണ്.